പുസ്തക പരിചയം

‘ഏറ്റവും അപകടകാരിയായ മനുഷ്യൻ’

Author

‘ആരാണ് ലോകത്തിലെ എറ്റവും അപകടകാരിയായ മനുഷ്യൻ?’ എന്ന  ചോദ്യത്തിനു ലഭിക്കുന്ന ഉത്തരം പലരിൽ നിന്നും പല തരത്തിലായിരിക്കും. കിരാതനായ ഒരു എകാധിപതിയുടെ പേരായിരിക്കും ചിലർ പറയുക; മറ്റു ചിലർ ക്രൂരനായ ഒരു തീവ്രവാദിയുടെ പേരു പറഞ്ഞേക്കാം, കുപ്രസിദ്ധനായ ഒരു കുറ്റവാളിയുടെ പേരാവാം മറ്റൊരാൾ പറയുക. എന്നാൽ, മനഃശാസ്ത്ര വിദഗ്‌ദ്ധയും എഴുത്തുകാരിയുമായ Mary L Trump  ഈ ചോദ്യത്തിനു നൽകുന്ന ഉത്തരം നമുക്ക് ഞെട്ടൽ ഉളവാക്കിയേക്കാം. തന്റെ പിതൃസഹോദരനും ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യമായ അമേരിക്കയുടെ പ്രസിഡന്റുമായ ഡൊണാൾഡ് ട്രമ്പ് എന്നായിരിക്കും മേരി നൽകുന്ന ഉത്തരം. ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റും ഉള്ള Mary L Trump രചിച്ച, “TOO MUCH AND NEVER ENOUGH” എന്ന പുസ്തകത്തിന്റെ പുറംചട്ടയിൽ തന്നെ ഗ്രന്ഥകാരി ഈ കാര്യം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. ഈ ചോദ്യത്തിന് ഇങ്ങനെ ഒരു ഉത്തരം നൽകാനുള്ള കാരണങ്ങൾക്കൊപ്പം, ഇത്ര അപകടകാരിയായ ഒരു വ്യക്തിയെ വാർത്തെടുത്ത തന്റെ കുടുംബത്തിന്റെ കുത്തഴിഞ്ഞതും നിഗൂഢവുമായ ചരിത്രമാണ് 2020-ൽ Simon & Schuster പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ലോകത്തിലെ ഏറ്റവും വലിയ അണ്വായുധ ശക്തിയായ അമേരിക്കയുടെ അണ്വായുധ ശേഖരത്തിന്റെ നിയന്ത്രണ ബട്ടൺ അമേരിക്കയുടെ സർവ്വ സൈന്യാധിപനായ പ്രസിഡന്റിന്റെ കൈകളിലാണ്. ട്രമ്പിനേപ്പോലെ വൈകാരിക നിയന്ത്രണമില്ലാത്ത, പൊങ്ങച്ചക്കാരനും ക്രൂരനുമായ ഒരു വ്യക്തിയുടെ കൈവശം ഈ അധികാരം കഴിഞ്ഞ നാലു വർഷമായി നിലനിന്നിരുന്നു എന്ന യാഥാർത്ഥ്യമാണ് ‘ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യൻ’ എന്ന്  ഗ്രന്ഥകാരി അദ്ദേഹത്തെ വിശേഷിപ്പിക്കുവാൻ പ്രധാന കാരണം.

അമേരിക്കയുടെ ചരിത്രത്തിൽ ഇത് ആദ്യമായിട്ടായിരിക്കാം, ഒരു പ്രസിഡന്റിന്റെ വളരെ അടുത്ത ബന്ധു എഴുതിയ ജീവചരിത്രത്തിൽ, ആ വ്യക്തിക്ക് തന്റെ രാജ്യത്തിന്റെ പ്രസിഡന്റാകാൻ യാതൊരു യോഗ്യതയുമില്ല എന്നു വിളിച്ചു പറയുന്നതും, ഒരു തവണ കൂടി അദ്ദേഹം പ്രസിഡന്റായാൽ അമേരിക്കയ്ക്കും ലോകത്തിനും ഉണ്ടാകാവുന്ന അപകടത്തെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതും. ഡൊണാൾഡ് ട്രമ്പിന്റെ വ്യക്തിത്വത്തിലും സ്വഭാവത്തിലുമുള്ള  വൈകല്യങ്ങളെ പല മാദ്ധ്യമപ്രവർത്തകരും സാമൂഹ്യ പ്രവർത്തകരുമൊക്കെ മുൻ കാലങ്ങളിൽ തുറന്നുകാട്ടിയിട്ടുണ്ട്. എങ്കിലും, ഈ വിഷയത്തിൽ ട്രമ്പിന്റെ ഒരേ ഒരു അനന്തിരവളായ മേരിയുടെ സമീപനം ഒരു കുടുംബാംഗത്തിന്റെ ഉൾക്കാഴ്ചയോടെ ആണെതിനാലും സത്യം തുറന്നു പറയാൻ തയ്യാറായ ഏക കുടുംബാംഗമാണെതിനാലും ഈ പുസ്തകം മുൻ കാലങ്ങളിലെ വെളിപ്പെടുത്തലുകളിൽ നിന്നൊക്കെ തികച്ചും വേറിട്ടു നിൽക്കുന്നു.

പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ സിംഹഭാഗവും കുടുംബത്തിലെ അംഗമെന്ന നിലയിൽ ഗ്രന്ഥകാരിയുടെ അനുഭവങ്ങളും സ്മരണകളുമാണ്. മറ്റു കുടുംബാംഗങ്ങളുമായുള്ള സംഭാഷണങ്ങളും അഭിമുഖങ്ങളും അവരിൽ പലരിൽ നിന്നുമെന്നതുപോലെ സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ലഭിച്ച രേഖകളും ഈ പുസ്തക രചനയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്. Washington Post, New York Times, തുടങ്ങിയ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള പല ലേഖനങ്ങളും പല വെബ്സൈറ്റുകളിൽ നിന്നും എടുത്ത വിവരങ്ങളും ഉള്ളടക്കത്തിന്റെ സ്രോതസ്സുകളായി ഗ്രന്ഥകാരി ഉപയോഗിച്ചിട്ടുണ്ട്. ലളിതമായ ഭാഷയും, നാടകീയവും വശ്യവുമായ ആഖ്യാന ശൈലിയും കൊണ്ട്, ഒരു നോവൽ വായിക്കുന്ന ലാഘവത്തോടെ വായിച്ചുപോകാവുന്ന ഈ പുസ്തകം, സാധാരണ ജീവചരിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ വായനാനുഭവം പ്രദാനം ചെയ്യുന്നു.

അമേരിക്കയിലെന്നപോലെ ലോകമെമ്പാടും വമ്പിച്ച കോളിളക്കം സൃഷ്ടിച്ച ഈ പുസ്തകം ഒരു സാഹിത്യ സൃഷ്ടി എന്ന നിലയിലും മികച്ച നിലവാരം പുലർത്തുന്നു. 2020 ജൂലൈ മാസം 14- തീയതി പ്രകാശനം ചെയ്ത ഈ പുസ്തകത്തിന്റെ 1 മില്ല്യൻ (പത്തു ലക്ഷം) കോപ്പികൾ ആദ്യ ദിവസം തന്നെ വിറ്റഴിഞ്ഞു. കാലിക പ്രസക്തി കൊണ്ടും ഉള്ളടക്കത്തിന്റെ മൗലികത കൊണ്ടും ശ്രദ്ധേയമായ ഈ ഗ്രന്ഥത്തിന്റെ ലക്ഷക്കണക്കിനു കോപ്പികൾ അമേരിക്കയ്ക്കു പുറത്ത് പല രാജ്യങ്ങളിലുമുള്ള വായനക്കാർ ഇതിനോടകം വാങ്ങി വായിച്ചു കഴിഞ്ഞിരിക്കുന്നു.

പുസ്തകത്തിലുടനീളം തന്റെ പിതൃസഹോദരനായ അമേരിക്കൻ പ്രസിഡന്റിനെപ്പറ്റി പരാമർശിക്കുമ്പോഴൊക്കെ ‘പ്രസിഡന്റ് ടമ്പ്’ എന്ന് ഒരിക്കൽപ്പോലും പറയാതെ ‘ഡൊണാൾഡ്’ എന്നു മാത്രം പറയാൻ നിഷ്‌കർഷിക്കുന്നത്, അദ്ദേഹത്തോട് തനിക്കുള്ള ബഹുമാനക്കുറവിന്റെ പ്രതീകമായിട്ടാണെന്ന് ഒരു ആസ്‌ട്രേലിയൻ ടെലിവിഷൻ ചാനലുമായി നടത്തിയ അഭിമുഖത്തിൽ മേരി തുറന്നടിച്ചു പറയുകയുണ്ടായി. ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്ന സ്ഫോടനാത്മകമായ എല്ലാ കാര്യങ്ങളും സത്യം മാത്രമാണെന്നും, അവയിലെല്ലാം താൻ പൂർണ്ണമായും ഉറച്ചു നിൽക്കുന്നു എന്നും ആ അഭിമുഖത്തിൽ ഗ്രന്ഥകാരി ഉറപ്പിച്ചു പറഞ്ഞു.

സ്ഫോടനാത്മകവും ഉദ്വേഗജനകവും നിഗൂഢവുമായ പല രഹസ്യങ്ങളും വസ്തുതകളും ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിലൂടെ ചുരുളഴിയുന്നുണ്ട്.

അമേരിക്കയുടെ നാൽപ്പത്തിയഞ്ചാമത്തെ പ്രസിഡന്റായ ഡൊണാൾഡ് ട്രമ്പിന്റെ വ്യക്തിത്വത്തിലും ജീവിത വീക്ഷണത്തിലും പ്രവർത്തനശൈലിയിലുമൊക്കെ പ്രകടമാകുന്ന നിരവധി വൈകല്യങ്ങളിൽ ഭൂരിഭാഗവും തന്റെ പിതാവായ ഫ്രെഡ് സീനിയറിൽ നിന്ന് പൈത്യകമായി ലഭിച്ചതാണ്. മൂത്ത പുത്രനെ തഴഞ്ഞ്, തന്റെ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനാക്കിയ, രണ്ടാമത്തെ പുത്രനായ ഡൊണാൾഡിലേക്ക് തന്റെ ‘killer instinct’- ഉം ഗർവ്വും ദുശ്ശാഠ്യവുമൊക്കെ തന്നേക്കാൾ കൂടിയ അളവിൽ ആ പിതാവ് പകർന്നു കൊടുത്തു. “Working refs, lying, cheating – as far as Fred was concerned, those were all legitimate business tactics.” പണവും അധികാരവും ആണ് ജീവിതത്തിൽ ഏറ്റവും പ്രധാനമെന്നും, അവ നേടാനായി നികുതി വെട്ടിപ്പ് ഉൾപ്പടെയുള്ള ഏതു കുൽസിത മാർഗ്ഗങ്ങളും ഉപയോഗിക്കാമെന്നും അദ്ദേഹം തന്റെ രണ്ടാമത്തെ മകനെ പഠിപ്പിച്ചു. “The more you have, the more you have” എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിത വീക്ഷണം.” If your only currency is money, that is the only lens through which you determine worth.”

എന്നാൽ അച്ഛനേക്കൾ ഒരു പടി കൂടി ഉയർന്ന ധനമോഹവും അധികാരമോഹവും വിജയിക്കാനുള്ള ത്വരയുമാണ് മകനായ ഡൊണാൾഡിനെ നയിക്കുന്നത്. പിതാവിന്റെ വിൽപ്പത്രത്തിൽ കൃത്രിമമായി ഒരു അനുബന്ധം എഴുതിച്ചേർത്ത് അദ്ദേഹത്തിന്റെ സ്വത്തു മുഴുവൻ തന്റെ നിയന്ത്രണത്തിലാക്കാൻ ഡൊണാൾഡ് നടത്തിയ വിഫല ശ്രമം ഇതിന് മകുടോദാഹരണമാണ്. മറ്റു സഹോദരങ്ങൾ തക്ക സമയത്ത് ഈ തട്ടിപ്പ് തിരിച്ചറിഞ്ഞ് നിയമ നടപടി സ്വീകരിച്ചില്ലായിരുന്നെങ്കിൽ അവർക്കൊന്നും പിതാവിന്റെ സ്വത്തിൽ ഒരു ചില്ലിക്കാശു പോലും ലഭിക്കുകയില്ലായിരുന്നു.

തന്റെ പിതാവ് നാൽപ്പത്തിരണ്ടാമത്തെ വയസ്സിൽ മാരണാസന്നനായി കിടന്ന രാത്രിയിൽ, അദ്ദേഹത്തെ സന്ദർശിക്കുന്നതിനു പകരം ഡൊണാൾഡ് സിനിമ കാണാൻ പോയ കാര്യം മേരി തന്റെ പുസ്തകത്തിൽ വളരെ വ്യസനത്തോടേ രേഖപ്പെടുത്തിയിട്ടുണ്ട്. പിതാവിന്റെ മൃതശരീരം ഒരു നോക്കു കാണാനുള്ള അവസരം പോലും ഹതഭാഗ്യയായ ആ മകൾക്ക്, വലിയച്ഛനും പിതൃസഹോദരനും ചേർന്ന് നിഷേധിച്ചു എന്നു മാത്രമല്ല, മരണ ശേഷം ചിതാഭസ്മം മറവു ചെയ്യാൻ പാടില്ല എന്ന അദ്ദേഹത്തിന്റെ ആഗ്രഹം പോലും അവർ അംഗീകരിച്ചില്ല. തന്റെ വലിയഛന്റേയും പിത്യസഹോദരന്റേയും മനുഷ്യത്വരഹിതമായ സമീപനത്തിന് ഇതിൽപ്പരം എന്തു ദൃഷ്ടാന്തമാണ് വേണ്ടതെന്ന് മേരി ചോദിക്കുന്നു.

പുസ്തകത്തിന്റെ ആരംഭം മുതൽ ട്രമ്പ് കുടുംബത്തിന്റെ തലവനായ ഫ്രെഡ് സീനിയറിന്റെ മൗഷ്യത്വമില്ലായ്മയേക്കുറിച്ച് മേരി വാചാലയാകുന്നു. അതുകൊണ്ടു തന്നെ, കലുഷിതമായ ആ കുടുംബാന്തരീക്ഷം മക്കളുടെ ശരിയായ വളർച്ചയ്ക്കും സ്വഭാവ രൂപീകരണത്തിനും തടസ്സമായിരുന്നു. അറുപിശുക്കനായിരുന്ന ഫ്രെഡ് വലിയ പൊങ്ങച്ചക്കാരനുമായിരുന്നു. ‘fantastic, perfect’ എന്നൊക്കെ തന്റെ നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നു. പിതാവിനേപ്പോലെ തന്നെ പൊങ്ങച്ചത്തിന്റെ  ആശാനായ ഡൊണാൾഡ്, ബിസിനസ്സുകാരനെന്ന നിലയിലും പ്രസിഡന്റെന്ന നിലയിലും തന്റെ നേട്ടങ്ങളേക്കുറിച്ച് ഇത്തരം സ്വയം പുകഴ്ത്തൽ പ്രയോഗങ്ങൾ നിരന്തരം ഉപയോഗിച്ചുപോരുന്നു. അതുകൊണ്ടായിരിക്കാം “His supporters still confuse his arrogance for strength, his false bravado for accomplishment.”

കുട്ടികൾ നുണ പറയുന്നത് ട്രമ്പ് കുടുംബത്തിൽ ഒരു ജീവിത ശൈലി ആയിരുന്നു എന്ന് മേരി പറയുന്നു. നുണ പറയുന്നതിൽ കുഴപ്പമില്ല എന്നും തെറ്റുകൾ അംഗീകരിക്കുന്നതും മാപ്പു പറയുന്നതും ബലഹീനതയാണെന്നുമായിരുന്നു ആ കുടുംബത്തിലെ പരമ്പരാഗതമായ വിശ്വാസപ്രമാണം. താൻ ആയിരിക്കുന്നതിനേക്കാൾ കൂടുതൽ മിടുക്കനാണെന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനുള്ള ഒരു ഉപാധിയായിട്ടാണ് ഡൊണാൾഡ് ചെറുപ്രായത്തിൽ നുണപറയൽ ഉപയോഗിച്ചിരുന്നത്. “For Donald, lying was primarily a mode of self – aggrandizement, meant to convince other people that he was better than what he actually was. Donald’s displays of confidence, his belief that society’s rules did not apply to him and his exaggerated display of self – worth drew some people to him.” യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ, ഡൊണാൾഡ് പണം നൽകി മറ്റൊരാളെക്കൊണ്ട് തനിക്കുവേണ്ടി എഴുതിപ്പിച്ചു എന്നത് നുണ പറയുന്നതിൽ കുഴപ്പമില്ല എന്ന ചിന്താഗതിയിൽ നിന്നും ഉളവെടുത്തതാവാം. പ്രസിഡന്റായ ശേഷം ട്രമ്പ് പറഞ്ഞിട്ടുള്ള അസംഖ്യം നുണകളുടെ ഉറവിടവും ഈ വികലമായ ചിന്താഗതിയാവാം.

ട്രമ്പ് കുടുംബാംഗങ്ങൾ ആരും തന്നെ ഡൊണാൾഡിന്റെ ഒപ്പം പ്രാധാന്യമുള്ളവരായി കരുതപ്പെട്ടിരുന്നില്ല. പ്രസിഡന്റു പദവിയിൽ എത്തിയപ്പോഴും ഈ പാരമ്പര്യം അദ്ദേഹം തുടർന്നു പോന്നു. തന്നോടു കൂറു പുലർത്താത്തവരെയും തന്നെ എതിർക്കുന്നവരെയുമൊക്കെ ചവിട്ടി പുറത്താക്കുക എന്ന ശൈലി അനുവർത്തിക്കാനുള്ള കാരണം ഇതായിരിക്കാം എന്ന് ഗ്രന്ഥകാരി അനുമാനിക്കുന്നു.  പുരുഷമേധാവിത്വം മുഖമുദ്രയായിരുന്ന ട്രമ്പ് കുടുംബത്തിൽ സ്ത്രീകൾ എന്നും രണ്ടാംതരക്കാരായി കരുതപ്പെട്ടിരുന്നു. ആ പാരമ്പര്യം ഏറ്റവും കൂടുതൽ പ്രകടമാകുന്നത് ഡൊണാൾഡ് ട്രമ്പ് എന്ന വ്യക്തിയിലാണെന്ന് മേരി നിരീക്ഷിക്കുന്നു.സ്‌ത്രീകളെക്കുറിച്ചു പറയുമ്പോൾ “dogs, disgusting animals… grab’em by the pussy” എന്നൊക്കെയുള്ള പ്രകോപനപരവും നികൃഷ്ടവുമായ വിശേഷണങ്ങൾ പല സന്ദർഭങ്ങളിലും ഉപയോഗിച്ചിട്ടുള്ള കാര്യം ഗ്രന്ഥകാരി ചൂണ്ടിക്കാണിക്കുന്നു.

ഡൊണാൾഡ് തന്റെ തിരഞ്ഞെടുപ്പു പ്രചാരണ വേളയിൽ മതവിശ്വാസം എന്ന തുറുപ്പുചീട്ട് ജനപിന്തുണ നേടുന്നതിനുള്ള ഉപാധിയായി ദുരുപയോഗം ചെയ്തു എന്ന് മേരി പറയുന്നു. അദ്ദേഹത്തിന്റെ സ്വന്തം സഹോദരിയായ മേരിആന്റെ വാക്കുകൾ ഈ വസ്തുത സാക്ഷ്യപ്പെടുത്തുന്നു. “The only time Donald went to church was when the cameras were there, It’s mind boggling. He has no principles, None.” തനിക്ക് ഇല്ലാത്ത പല കഴിവുകളും ഗുണങ്ങളും ഉണ്ട് എന്ന് പ്രചരിപ്പിച്ച് മുതലെടുക്കുന്ന പ്രവണതയ്ക്ക് മറ്റൊരു ഉദാഹരണമാണിത്. “I know more about (anything) than anybody else” എന്ന് തന്റെ പ്രസംഗങ്ങളിൽ വീമ്പു പറയാറുള്ള ഡൊണാൾഡിന് ഒന്നിനേക്കുറിച്ചും കാര്യമായി ഒന്നും അറിയില്ല എന്ന് മേരി സാക്ഷ്യപ്പെടുത്തുന്നു. “Donald is not simply weak; his ego is fragile and he knows deep down that he is nothing of what he claims to be. His real skills (self – aggrandizement, lying) were interpreted as strengths unique to his brand of success.”

ഡൊണാൾഡിനെ ഒരു ‘narcissist’ എന്നു വിളിക്കുന്നതിന് മേരിക്ക് ഒരു സങ്കോചവുമില്ല. ‘Diagnostic and Statistical Manual of Mental Disorders’ -ൽ പറയുന്ന ഈ അവസ്ഥയുടെ ഒൻപതു ലക്ഷണങ്ങളും ഡൊണാൾഡിൽ കാണുന്നു എന്ന് മനഃശാസ്ത്രജ്ഞയായ മേരി പറയുന്നു. “Antisocial Personality Disorder”, “Dependant personality disorder” എന്നീ അവസ്ഥകളുടെ ചില ലക്ഷണങ്ങളും തന്റെ പിതൃസഹോദരനിൽ പ്രകടമാണെന്നും മേരി കരുതുന്നു.

അമേരിക്കൻ പ്രസിഡന്റെന്ന നിലയിൽ നാലു വർഷക്കാലമായി ഉണ്ടായ സമ്മർദ്ദത്തിന്റെ ഫലമായി ഡൊണാൾഡിന്റെ കഴിവുകേടും രാജ്യഭരണത്തിനാവശ്യമായ വൈദഗ്ദ്ധ്യവും തമ്മിലുള്ള അഗാധമായ വിടവ് വളരെ വർദ്ധിച്ചു. കോവിഡ് മഹാമാരിക്കു മുൻപ് ഗൗരവമായ പ്രശ്നങ്ങളൊന്നും തന്നെ നേരിടേണ്ടി വന്നിട്ടില്ലാത്തതിനാൽ, അപ്രതീക്ഷിതമായി എത്തിയ ഈ മഹാമാരിയെ നേരിടാനുള്ള കെൽപ്പില്ലാതെ പകച്ചു നിന്ന നിഷ്‌ക്രിയനും നിരുത്തരവാദിയുമായ ഒരു ഭരണാധികാരിയെയാണ് അമേരിക്കൻ ജനതയ്ക്ക് കാണാൻ കഴിഞ്ഞത് എന്ന് മേരി പറയുന്നു. തന്റെ പിതൃസഹോദരൻ സ്വയം നടിക്കുന്ന വ്യക്തിപ്രഭാവം വെറും മിഥ്യയാണെന്നും, ധാരാളം അമേരിക്കക്കാർ അതിന്റെ മായാവലയത്തിൽ പെട്ടുപോയെന്നും മേരി വിശ്വസിക്കുന്നു. “To this day, the lies, misrepresentations, and fabrications that are the sum total of who my uncle is, are perpetuated by the Republican Party and white evangelical Christians.”

യാതൊരു മൂല്യബോധവുമില്ലാത്ത ഡൊണാൾഡ് ട്രമ്പ് തന്റെ പിതാവിനെപ്പോലെ സൂത്രശാലിയായ ഒരു ബിസിനസ്സുകാരൻ മാത്രമാണെന്നും, ബാങ്കുകളെ പറ്റിച്ചും നികുതിവെട്ടിപ്പു നടത്തിയും വലിയ പണക്കാരനായി മാദ്ധ്യമശ്രദ്ധ പിടിച്ചു പറ്റി രാഷ്ട്രീയത്തിൽ വന്ന് പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ മാത്രം തനിക്ക് തികച്ചും അനർഹമായ പ്രസിഡണ്ട് പദവി നേടിയെടുത്തതാണെന്നും മേരി തന്റെ പുസ്തകത്തിലൂടെ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിക്കുന്നു. ഈ പുസ്തകത്തെക്കുറിച്ച് The Guardian പത്രത്തിന്റെ വിലയിരുത്തൽ മേരി ഉദ്ധരിക്കുന്നത് ഇവിടെ വളരെ പ്രസക്തമാണ്. “As viewed by Mary, he is an underdeveloped human being who instantly passed from winny infancy to doddery old age, missing out the intermediate age of reason and responsibility.”

മനുഷ്യജീവന് പുല്ലുവില കൊടുക്കാത്ത ബിസിനസ്സുകാരൻ മാത്രമായ ഡൊണാൾഡ് ട്രമ്പിന്റെ വികലമായ വ്യക്തിത്വത്തെക്കുറിച്ചുള്ള ഈ പുസ്തകത്തിലെ ഏററവും ശ്രദ്ധേയമായ വിശകലനം അതിശക്തമായ ഈ വാക്കുകളിലുണ്ട്. “While thousands of Americans die alone, Donald touts stock market gains. As my father lay dying alone, Donald went to the movies. If you can in anyway profit from your death, he will facilitate it and then he will ignore the fact that you died. The simple fact is that Donald is incapable of acknowledging the sufferings of others.” സ്വന്തം പിതാവിന് മറവിരോഗം പിടിപെട്ടപ്പോൾ അദ്ദേഹം തനിക്കു ചെയ്ത ഉപകാരങ്ങൾ എല്ലാം മറന്ന് അവജ്ഞയോടെ അദ്ദേഹത്തോട് പെരുമാറിയ ഡൊണാൾഡ്, പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ നടത്തിയ അനുസ്മരണം പോലും സ്വന്തം മഹത്വം വിളമ്പാനായി ഉപയോഗിച്ചു എന്നത്, “fantastic, amazing, tremendous, phenomenal”, എന്നിങ്ങനെ ചെറുപ്പം മുതലേ സ്വയം പുകഴ്ത്തുന്ന സ്വഭാവത്തിന് മറ്റൊരു ഉദാഹരണമായി ഗ്രന്ഥകാരി പരാമർശിക്കുന്നു.

2016-ൽ തന്റെ പിതൃസഹോദരൻ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ തനിക്കുണ്ടായ ഞെട്ടലും, നിരാശയും മേരി വർണ്ണിക്കുന്നത് ഇങ്ങനെയാണ്. “It felt as though 62,979,638 voters had chosen to turn this country into a macro version of my malignantly dysfunctional family” തന്റെ വലിയച്ഛൻ കുടുംബത്തിൽ ഉണ്ടാക്കിയ അനൈക്യത്തിന്റെയും വിഭാഗീയതയുടെയും അരാജകത്വത്തിന്റെയും ജലത്തിൽ നീന്തിത്തുടിച്ച ഡൊണാൽഡ്, അവയെല്ലാം ഭരണത്തിൽ ഉപയോഗിച്ച് അമേരിക്കൻ ജനതയെ വിഭജിക്കുകയും ദ്രോഹിക്കുകയുമാണ് ചെയ്തതെന്ന് ഗ്രന്ഥകാരി സമർത്ഥിക്കുന്നു. ലോകരാജ്യങ്ങൾ എക്കാലവും ഉറ്റുനോക്കുന്ന അമേരിക്കയെന്ന പ്രബലമായ ജനാധിപത്യ രാജ്യത്തിന്റെ പ്രസിഡന്റായി നാലു വർഷം അധികാരത്തിലിരുന്നിട്ടും ഒരു പ്രസിഡന്റിനു വേണ്ട നേതൃത്വപാടവവും ഭരണനൈപുണ്യവും നേടിയെടുക്കനോ പ്രകടമാക്കാനോ ഡൊണാൾഡ് ട്രമ്പിന് കഴിയാതെ പോയി എന്ന നഗ്നസത്യം ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരി തുറന്നു കാട്ടുന്നു.

ഒരു ഭരണാധികാരി എന്ന നിലയിൽ ഡൊണാൾഡ് ട്രംപിന്റെ പരാജയ കാരണങ്ങൾ ഗ്രന്ഥകാരി ഇങ്ങനെ വിശദീകരിക്കുന്നു. “He understands nothing about history, constitutional principles, geopolitics, diplomacy (or anything else really) and was never pressed to demonstrate such knowledge. He has evaluated all of his country’s alliances and all our social programmes through the prism of money, just as his father taught him to do”.  ഇതിന് ഉപോത്ബലകമായി അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലും അഭിമുഖങ്ങളിലും പ്രസ്സ് മീറ്റുകളിലുമൊക്കെ പ്രകടമായ മറ്റൊരു കാര്യം മേരി ചൂണ്ടിക്കാണിക്കുന്നു. “Donald is incapable of growing, learning or evolving, unable to regulate his emotions, moderate his response or take in and synthesise information. റിയൽ എസ്റ്റേറ്റ് ബിസിനസ്, ഹോട്ടൽ ബിസിനസ് എന്നിവ നടത്തിക്കൊണ്ടുപോകുന്നതു പോലെയല്ല ഒരു രാജ്യം വിജയകരമായി ഭരിച്ചുകൊണ്ടുപോകുന്നതെന്ന യാഥാർത്ഥ്യം സ്വതവേ മടിയനായ ഡൊണാൾഡിന് ഒരിക്കലും മനസ്സിലായിരുന്നില്ല എന്നതും അദ്ദേഹത്തിന്റെ ഭരണ പരാജയത്തിന് മറ്റൊരു കാരണമായി ഗ്രന്ഥകാരി കണ്ടെത്തുന്നു.

സാമ്പത്തിക താൽപ്പര്യങ്ങളോ പ്രശസ്തിയോ പ്രതികാരബുദ്ധിയോ ഒന്നുമല്ല ഈ പുസ്തകം എഴുതാൻ തനിക്ക് പ്രേരണയായത് എന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ ഗ്രന്ഥകാരി വളരെ വ്യക്തമായി പറയുന്നു. തന്റെ പിതൃസഹോദരനും പ്രസിഡന്റുമായ ഡൊണാൾഡ് ട്രമ്പിന്റെ വികലമായ വ്യക്തിത്വം ലോകത്തിനു മുൻപിൽ തുറന്നു കാട്ടുകയും അതിനു കാരണമായ താനുൾപ്പെടുന്ന കുടുംബത്തിന്റെ അരാജകത്വവും അധാർമ്മികതയും വെളിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ പുസ്തക രചനയിലൂടെ താൻ ലക്ഷ്യമിടുന്നതെന്ന് മേരി പറയുന്നു. “The events of the last three years have forced my hand and I can no longer remain silent. If he is afforded a second term, it would be the end of American democracy. Donald, following the lead of my grandfather and with the complicity, silence and inaction of his siblings, destroyed my father, I can’t let him destroy my country.” എൺപതു മില്യൻ (എട്ടു കോടി) അമേരിക്കക്കാർ തങ്ങളുടെ സമ്മതിദാന അവകാശം ബുദ്ധിപരമായി ഉപയോഗിച്ച്, അമേരിക്കയെയും ലോകത്തെയും നശിപ്പിക്കുവാൻ തുനിഞ്ഞിറങ്ങിയ അപകടകാരിയായ ഈ മനുഷ്യനെ അധികാരത്തിൽ നിന്ന് തൂത്തെറിഞ്ഞു. അതിൽ ഒരു ചെറിയ ശതമാനം ജനങ്ങൾക്കെങ്കിലും ഈ പുസ്തകത്തിൽ നിന്ന് പ്രചോദനം ലഭിച്ചിരിക്കാമെന്നതിലും, തന്റെ പിതൃസഹോദരന്റെ കരാള ഹസ്തങ്ങളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുവാൻ തന്റേതായ എളിയ കടമ നിർവ്വഹിച്ചു എന്നതിലും ഗ്രന്ഥകാരിക്ക് അഭിമാനിക്കാൻ വകയുണ്ട്. തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടിട്ടും, മുൻ പ്രസിഡന്റുമാരെപ്പോലെ അന്തസ്സായി തോൽവി സമ്മതിച്ച് പുതിയ പ്രസിഡന്റിനു വഴിമാറിക്കൊടുക്കുന്നതിനു പകരം, തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നു എന്ന് രാജ്യമെമ്പാടും ഓടി നടന്ന് നുണപ്രചരണം നടത്തുന്ന ട്രംപിന്റെ വർത്തമാനകാല ജല്പനങ്ങളും പ്രവർത്തികളും, മേരി തന്റെ പുസ്തകത്തിലൂടെ ലോകത്തോട് വിളിച്ചുപറഞ്ഞ കാര്യങ്ങളെല്ലാം പൂർണ്ണമായും ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

തനിക്കും കുടുംബത്തിനും വലിയ അപമാനം വരുത്തുവാനും, അതിലൂടെ രണ്ടാമതും പ്രസിഡന്റാകാനുള്ള തന്റെ അതിമോഹത്തിന് അന്ത്യം കുറിക്കുവാനും ഈ പുസ്തകം കാരണമായേക്കുമെന്ന ഭീതിയാൽ, പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടയുവാനായി സഹോദരൻ റോബർട്ട് വഴി, ഡൊണാൾഡ് ട്രമ്പ് നടത്തിയ നിയമ നടപടികളെല്ലാം അൻപേ പരാജയപ്പെട്ടു. എങ്കിൽത്തന്നെയും, സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ തന്റെ സഹോദര പുത്രിയെയും ഈ പുസ്തകത്തെയും താറടിക്കാൻ ഡൊണാൾഡ് ശ്രമിക്കാതിരുന്നില്ല. “A book that is so stupid and so vicious and it is a lie; she ought to be ashamed of herself” തുടങ്ങിയ പരാമർശങ്ങൾ കൊണ്ടൊന്നും ഈ ഗ്രന്ഥത്തിന്റെ പ്രസിദ്ധിയോ പ്രചാരമോ ഒട്ടും തന്നെ കുറയ്ക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. ഈ കുൽസിത ശ്രമങ്ങളെല്ലാം പാഴ്‌വേകളായി പരിണമിച്ചു എന്നു മാത്രമല്ല, നേരെ മറിച്ച് അവയെല്ലാം ഈ പുസ്തകത്തെ ആമസോണിന്റെ 2020-ലെ ബെസ്റ്റ് സെല്ലർ ആകാൻ സഹായിച്ചു എന്നതാണ് യാഥാർത്ഥ്യം.

ഇരുത്തം വന്ന ഒരു എഴുത്തുകാരിയുടേതുപോലെയുള്ള രചനാവൈഭവം തന്റെ ആദ്യ രചനയിലൂടെ തന്നെ വെളിപ്പെടുത്തുന്ന ഈ എഴുത്തുകാരിക്ക് എഴുത്തിന്റെ ലോകത്ത് അത്യന്തം ശോഭനമായ ഒരു ഭാവി ഉണ്ടാവും എന്നതാണ്, വിവാദവിഷയമായ ഈ പുസ്തകത്തിന് ഇതിനോടകം ലോകമെമ്പാടും ലഭിച്ച വമ്പിച്ച സ്വീകാര്യത സൂചിപ്പിക്കുന്നത്. ഇത്രയും ശക്തനും അൽപ്പനും അഹങ്കാരിയും ക്രൂരനുമായ ഒരു ഭരണാധികാരിയെ പ്രകോപിപ്പിക്കാനും വെല്ലുവിളിക്കാനും ശേഷിയുള്ള ഒരു പുസ്തകം രചിക്കുന്നതിലൂടെ ഗ്രന്ഥകാരി പ്രകടമാക്കിയ ചങ്കുറപ്പും ആത്മധൈര്യവും ശ്ലാഘനീയമാണ്.മാനസിക വൈകല്യങ്ങളുടെയും അഹംഭാവത്തിന്റെയും കാപട്യത്തിന്റെയും അജ്ഞതയുടെയും വൈകാരിക അസന്തുലിതാവസ്ഥയുടെയും ആലസ്യത്തിന്റെയുമൊക്കെ ആകെത്തുകയായ ഒരു വ്യക്തി എങ്ങനെ അമേരിക്ക പോലെയുള്ള ഒരു ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരിയായി നാലു വർഷത്തേക്ക് മാത്രമാണെങ്കിൽപ്പോലും തിരഞ്ഞെടുക്കപ്പെട്ടു എന്നത്, എന്നെപ്പോലെതന്നെ ഭൂരിഭാഗം വായനക്കാർക്കും ഒരു  സമസ്യയായി തോന്നിയേക്കാം.

0 Comments

Punnackal Financial Services

* * * Gateway to a secure life  * * * Contact: 0421 430 068  

WallStreet Australia

If you need to Refinance, Its time to talk to us! Contact: 0415 255 915

Move Realty

* * * *  Making your move easy * * * * Contact: 0410 066 578  

Indian Beauty Secrets

* * * * Beauty | Hair | Spa | Laser * * * * Contact: 02 9672 4448

Neil Lawyers

* * * * * * Solicitors & Notary * * * * * * Contact: 02 9636 9224 / 9636 9664

P J Taxation

* * * * Income Tax & GST Returns * * * Contact: 0414 424 980  

Pixela Print

Digital, Offset & Wide format Printing Contact: 0403 993 399

Micro Precision Manufacturing Pty Ltd

Precision Engineers & Toolmakers Contact: 02 9829 8224

Councillor Susai Benjamin

Best Compliments  

Councillor Sameer Pandey

Best Compliments