Author
Jacob Thomas
“ലോറി കയറിയ മലയാളം” എന്ന ഹാഷ് ടാഗിൽ ശ്രീ. അവനീശ് പണിക്കർ തുടങ്ങിവച്ച ചർച്ചയാണ് ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. മലയാള വർത്തമാന പത്രങ്ങളിലും മറ്റു ചില ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലുമൊക്കെ പ്രചുര പ്രചാരം നേടിക്കൊണ്ടിരിക്കുന്ന, വ്യാകരണ ശുദ്ധിയും ഭാഷാശുദ്ധിയുമില്ലാത്ത, ഉള്ളടക്കത്തെക്കുറിച്ച് വ്യക്തമായ സുചന നൽകാത്ത, വായനക്കാർക്ക് ചിന്താ കുഴപ്പം ഉളവാക്കുന്ന “തലക്കെട്ടുകളെക്കുറിച്ച്” ആയിരുന്നു ആ ചർച്ച. ശുദ്ധമായ മലയാള ഭാഷയെ ഇത്തരം തലക്കെട്ടുകൾ വികലമാക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ധാരാളം ആളുകൾ അദ്ദേഹത്തോട് യോജിച്ച് കമന്റുകൾ ഇടുകയുമുണ്ടായി. മലയാള ഭാഷയോടുള്ള ഇത്തരം സമീപനം കാണുമ്പോൾ “ഭാഷയെ വ്യഭിചരിക്കരുത്” എന്ന് വർഷങ്ങൾക്കു മുൻപ് നമ്മുടെ സാഹിത്യനായകന്മാരിൽ ഒരാൾ ഒരിക്കൽ പറഞ്ഞാതായി കേട്ടിട്ടുള്ളത് ഓർമ്മ വരുന്നു.
എന്നാൽ, മറ്റു ഭാഷകളെപ്പോലെ സമകാലീന മലയാള ഭാഷയും രുപാന്തരം പ്രാപിക്കുന്നതിന്റെ പ്രതിഫലനമാണ് ഇത്തരം മാറ്റങ്ങളെന്നും, ആയതിനാൽ അവ ആധുനിക മലയാള ഭാഷയ്ക്ക് ഗുണകരമായി ഭവിക്കുമെന്നും ശക്തമായി വാദിക്കുന്ന ഭാഷാസ്നേഹികളും ധാരാളമുണ്ട്. ഇന്റർനെറ്റിന്റെയും, സാമൂഹ്യ മാദ്ധ്യമങ്ങളുടേയുമൊക്കെ അതിപ്രസരത്തിന്റെ ഈ യുഗത്തിൽ ഇത്തരം മാറ്റങ്ങൾ കാലത്തിന്റെ അനിവാര്യത ആണെന്ന് ഇവർ വാദിക്കുന്നു. ഭാഷയുടെ ഉപയോഗത്തെക്കുറിച്ച് old school” വക്താക്കളുടെ കർക്കശമായ യാഥാസ്ഥിക ബോധമാകാം ഒരു പരിധിവരെ ഇതിനു കാരണം എന്ന് അവർ ഭയപ്പെടുന്നു. ഭാഷയിൽ കാലാന്തരത്തിൽ ഉണ്ടാകുന്ന നൈസർഗ്ഗികവും ഗുണപരവുമായ മാറ്റങ്ങൾക്കെതിരെ പുറം തിരിഞ്ഞു നിൽക്കുന്ന നിഷേധാത്മകമായ പ്രവണത പ്രവാസി മലയാളികളുടെ ഇടയിലാണ് കൂടുതൽ പ്രകടമായി കാണപ്പെടുന്നത് എന്നും ഇക്കൂട്ടർക്ക് പരാതിയുണ്ട്.
എന്നാൽ, നമ്മുടെ ദൈനംദിന സംസാര ഭാഷയിലും ചില സാമൂഹ്യ മാധ്യമ ചർച്ചകളിലുമൊക്കെ ഈയിടെയായി ധാരാളം ഉപയോഗിക്കപ്പെടുന്ന, വളരെ ഗുരുതരമായി “ലോറി കയറിയ” ഒരു മലയാള വാക്കിനെക്കുറിച്ചാണ് ഈ കുറിപ്പ്; “ഭയങ്കരം” എന്ന വാക്കാണത്. മലയാളത്തിലെ അടിസ്ഥാന വ്യാകരണ ഗ്രന്ഥമായ ശബ്ദതാരാവലിയിലും മറ്റു നിഘണ്ടുകളിലുമൊക്കെ “ഭയങ്കരം” എന്ന വാക്കിന്റെ അർത്ഥം ‘ഭയം ഉണ്ടാക്കുന്ന, പേടി ഉണ്ടാക്കുന്ന, ഭയം അങ്കുരിപ്പിക്കുന്ന, ആപൽക്കരമായ, ക്രുരമായ, ഞെട്ടിപ്പിക്കുന്ന’ എന്നൊക്കെയാണ്. ആംഗലേയ ഭാഷയിൽ ഭയങ്കരം എന്ന വാക്കിന് സമാനമായ പദം “horrible, horrific, frightening, alarming, formidable, dreadful, hazardous, cruel” എന്നൊക്കെ ആണെന്നും ഓർക്കുക. വളരെ യുക്തിരഹിതമായും പലപ്പോഴും വിപരീതമായ അർത്ഥത്തിലും ഈ വിശേഷണ പദം ദുരുപയോഗം ചെയ്യപ്പെടുന്ന സമകാലിക പ്രവണതയ്ക്ക് ധാരാളം ഉദാഹരണങ്ങളുണ്ട്. അവയിൽ ചിലവ താഴെ കൊടുക്കുന്നു.
ഭയങ്കര സുഖം
ഭയങ്കര സ്നേഹം
ഭയങ്കര ഇഷ്ടം
ഭയങ്കര അടുപ്പം
ഭയങ്കര സൗന്ദര്യം
ഭയങ്കര വാക്ചാതുര്യം
ഭയങ്കര പ്രഭാഷണം
ഭയങ്കര ഭംഗി
ഭയങ്കര ആലസ്യം
ഭയങ്കര കടപ്പാട്
ഭയങ്കര ചാരിതാർഥ്യം
ഭയങ്കര ബഹുമാനം, ആദരവ്
ഭയങ്കര കഴിവ്
ഭയങ്കര ദുഃഖം
ഭയങ്കര ആരാധന
ഭയങ്കര ആസ്വാദനം
ഭയങ്കര നിർവൃതി
മേൽപ്പറഞ്ഞ വാക്കുകൾ ഒന്നും തന്നെ ഭയം ജനിപ്പിക്കുന്നവ അല്ലെന്ന് ഓർക്കുക. തന്നെയുമല്ല അവയെല്ലാം തന്നെ positive ആയ വാക്കുകളാണെന്നുന്നതും പ്രസക്തമാണ്. ഇത്തരം സന്ദർഭങ്ങളിൽ “ഭയങ്കരം” എന്ന വാക്കിനു പകരമായി അർത്ഥ സംപൂർണമാമായി ഉപയോഗിക്കാവുന്ന നല്ല വാക്കുകൾ നമ്മുടെ ഭാഷയിൽ ധാരാളമുണ്ട്. അവ ഉപയോഗിച്ചാൽ ഈ വാക്കിന്റെ ദുരുപയോഗം ഒരു പരിധി വരെ കുറച്ചുകൊണ്ടുവരാമെന്ന് തോന്നുന്നു:
“വളരെ, പെരുത്ത, ഏറെ, ഒത്തിരി, അതീവ,ധാരാളമായ, തീവ്രമായ, ആത്മാർത്ഥമായ, അസംഭാവ്യമായ, അസാധാരണമായ, അസാധ്യമായ, അവർണ്ണനീയമായ, അവാച്യമായ, അതിയായ, അനർഘമായ, അഗാധമായ, അനിർവചനീയമായ”.
ആയതിനാൽ ഭാഷാസ്നേഹികളായ എല്ലാവരും നമ്മുടെ സംസാര ഭാഷയിലും മാദ്ധ്യമ ഭാഷയിലുമൊക്കെ “ഭയങ്കരം” എന്ന പദത്തിന്റെ “ഭയങ്കരമായ” ദുരുപയോഗം കഴിയുന്നതും ഒഴിവാക്കാനുള്ള ആത്മാർത്ഥമായ ശ്രമം നടത്തുവാൻ ഈ കുറിപ്പ് പ്രചോദനമാകുമെന്ന് പ്രത്യാശിക്കുന്നു.
വളരെ “ഭയങ്കരമായ” രീതിയിൽ ലോറി കയറി നാശമായ “ഭയങ്കരം” എന്ന വാക്കിനെക്കുറിച്ചാണ് ഈ കുറിപ്പെങ്കിലും സമീപകാല മലയാള ദൃശ്യ മാദ്ധ്യമ രംഗത്ത് ഇടം പിടിച്ചിട്ടുള്ള വികലമായ ചില ഭാഷാ പ്രയോഗങ്ങളെക്കുറിച്ച് ഒന്ന് സൂചിപ്പിക്കാതെ ഇത് അവസാനിപ്പിക്കുന്നത് ഉചിതമല്ലെന്നു തോന്നുന്നു. അത്തരം പ്രയോഗങ്ങൾ നിരന്തരം ആവർത്തിക്കപ്പെടുമ്പോൾ അത് ശരിയായ ഭാഷാ ശൈലി ആണെന്ന തോന്നൽ കേഴ്വിക്കാരിൽ ഉളവാക്കിയേക്കാം എന്ന അപകടവും ഇവിടെ പതിയിരിക്കുന്നു.
വിപരീതമായ അർത്ഥത്തിൽ ചാനൽ ചർച്ചകളിൽ പരക്കെ ഉപയോഗിച്ച് വരുന്ന ഒരു വാക്കാണ് “സ്വരച്ചേർച്ച”. ഉദാഹരണം: “ആ ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള സ്വരച്ചേർച്ച കാരണം ആ വീട്ടിൽ എന്നും വഴക്കാണ് “ഇവിടെ യഥാർത്ഥത്തിൽ “സ്വരച്ചേർച്ച ഇല്ലായ്മ” യാണ് വഴക്കിനു കാരണം എന്നാണ് പറയേണ്ടിയിരുന്നത്.
സമകാലീന മലയാളം ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കുന്നവരും, ചിലപ്പോൾ അവതാരകർ പോലും ചർച്ചയിലുടനീളം ആവർത്തിക്കുന്ന വികലമായ ഒരു പ്രയോഗമുണ്ട്. “കേരളം ഇന്ന് ചർച്ച ചെയ്യപ്പെടുന്ന സ്ത്രീധന സമ്പ്രദായവും ആത്മഹത്യയും എന്ന വിഷയം വളരെ സുപ്രധാനമാണ്” (ഏതു വിഷയവുമാകാം). “കേരളം” എങ്ങിനെയാണ് “ചർച്ച ചെയ്യപ്പെടുക”? “കേരളത്തിലെമ്പാടും” എന്നോ കേരളത്തിൽ “പരക്കെ” എന്നോ പറയുന്നതാവും ശരിയായ ഭാഷാ ശൈലി.
ആധുനികവൽക്കരണത്തിന്റെ പേരിലാണെങ്കിൽ തന്നെയും സംസാര ഭാഷയിലും സാമൂഹ്യ മാദ്ധ്യമങ്ങളിലുമൊക്കെ മലയാള ഭാഷാഭാഷാ ശൈലിയിൽ ഇത്തരം അപകടകരമായ പ്രവണതകൾ വർദ്ധിച്ചുവരുന്ന സാഹചര്യം, ശുദ്ധമായ മലയാള ഭാഷതന്നെ അന്യം നിന്ന് പോകുന്ന ദുരവസ്ഥയിലേക്ക് നയിക്കുമോ എന്നുപോലും ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
0 Comments