Author
ലോറൻസ് ഫെർണാണ്ടസ്
മഴുവിനാൽ നേടിയ നാടല്ലോ
കേരങ്ങൾ തിങ്ങുമീ മലയാള നാട്
ഇവിടെ നിന്നൊരു നാടു മാഞ്ഞു പോയ്
കറയറ്റ കനിവിന്റെ നിറമുള്ള മലയാളം
നാരായമുന കൊണ്ടു നാമാക്ഷരം ചെയ്ത
ശാരിക പാടുന്ന നാട്
തുഞ്ചനും കുഞ്ചനും മലയാള ഭാഷയ്ക്ക്
നവയൗവനം തന്ന നാട്
പഴശ്ശിയും പിന്നെ പകൽ പോലെ മായാത്ത
നേരുള്ള ചേകവന്മാർ വാണ നാട്
മാവേലിയെന്നൊരു നാമാക്ഷരത്തിൽ നി-
ന്നുതിരുന്ന നന്മതൻ നാട്
ജാതിഭേദം മതദ്വേഷമെന്നിങ്ങനെ
ഏതുമില്ലാ സോദരത്വം
പാടിയ പാവന ഗീതവും ചേതന
പുൽകിയ കാറ്റും മറഞ്ഞു
നമ്മളെ നമ്മളല്ലാതാക്കുമോരോരോ
വാക്കും വഴിയും വിളിക്കേ
എങ്ങോട്ടു പോകേണമെന്നറിയാതെയീ
നാൾവഴിയോരത്തു നിൽക്കെ
പിന്നെയും വന്നുവോ, കാലം മുഖം പൊത്തി
മെയ് മറന്നോടും ഭയങ്ങൾ
മനസ്സിന്റെ മാറാല മാറ്റാതെ നമ്മളും
മുഖമറ തീർക്കും തിരക്കിൽ
എവിടെന്റെ കാവുകൾ പൂരപ്പറമ്പുകൾ
പുഴയോര ഗ്രാമം വരയ്ക്കും പടങ്ങൾ
എവിടെന്റെ തോടുകൾ മായാവരമ്പുകൾ
മായം കലരാച്ചിരികൾ
എവിടെന്റെ മുത്തശ്ശി പാടുന്ന പാട്ടുകൾ
മുക്കുറ്റി പൂക്കും തൊടികൾ
എവിടെന്റെ ദൈവങ്ങൾ തെയ്യം തിമിർക്കുന്ന
പടയണിക്കോലത്തളങ്ങൾ
എവിടെന്റെ രസനയിൽ രുചിവരക്കൂട്ടുകൾ
എവിടെന്റെ നാൽമണിപ്പൂക്കൾ
എവിടെന്റെ പാടവരമ്പത്തു തോൾചേർത്ത
ചങ്ങാത്തഴമ്പുള്ള കൈകൾ
എവിടെന്റെ ചോറ്റുപാത്രം കൊണ്ടൊരോണത്തിൻ
സ്നേഹം വിളമ്പും തുടികൾ
എവിടെന്റെ തേങ്ങലിനുത്തരം നൽകുമൊ-
രയലത്തെ റാന്തൽത്തിരികൾ
സത്യത്തിനിത്തിരി കാൽവയ്പു നൽകാത്ത
കാനനഗർത്തങ്ങളെങ്ങും
ഇരകളെ തിരയുന്ന നായാട്ടു വനമെന്ന
ഇരുളാണ്ട തീരാവഴികൾ
ഇരുനൂലിൽ തൂങ്ങിപ്പിടയുവാൻ മാത്രമോ
പെൺപൂവിൻ ചിരിയുള്ള ബാല്യം
ഇടവഴി പേക്കോലമുറയുന്ന നാദമോ
ഇടറുന്ന പിഞ്ചിളം നെഞ്ചിൽ
എരിയുന്ന കാടിന്റെ വൻ ഞരക്കങ്ങളോ
നിലവിളിച്ചോടുന്ന കാറ്റിൽ
നീതി ചോദിക്കുന്നു
പാൽ മണം മാറാത്ത
ചുടുചോര ജന്മങ്ങളിന്നും
സത്യധർമ്മങ്ങൾക്ക് ചിതകൂട്ടി ചുറ്റിലും
തീ കാഞ്ഞിരിക്കുന്നു കാലം
ജീവ സർഗാത്മകോപാസകശാലയിൽ
വ്യഥ പൂണ്ടിരിക്കുന്നു ദൈവം
കടലും പുഴകളും സഹ്യാദ്രിസാനുവും
ഗതി തേടിയലയും പ്രയാണം
ഇവിടെ നിന്നാ നാടു മാഞ്ഞു പോയ് നന്മ തൻ
കേളീകലയുടെ നാട്
കുഞ്ഞേ ജനിച്ചതിൻ പാഴ് വാക്കു മാറ്റിയാൽ
കുന്നോളമുണ്ടു നിൻ ദൂരം
കുഞ്ഞേ ഒരിക്കലും കാണാതിരിക്കട്ടെ
കഴുകന്മാർ പാറുമാകാശം
കുഞ്ഞേ ഒരിക്കലും കാണാതിരിക്കട്ടെ
കള്ളം കുഴിച്ചിട്ട വെട്ടം
കുഞ്ഞേ ഒരിക്കലും മായാതിരിക്കട്ടെ
നന്മ തൻ മണമുള്ളൊരുള്ളം
കുഞ്ഞേ ഒരിക്കലും മായാതിരിക്കട്ടെ
മാമ്പൂവിൻ മണമുള്ള ബാല്യം
കുഞ്ഞേ ഒരിക്കലും തേടാതിരിക്കട്ടെ
മായക്കെണികൾ തൻ ലോകം
കുഞ്ഞേ ഒരിക്കലും തളരാതിരിക്കട്ടെ
സന്മാർഗ്ഗപഥികന്റെ പാദം
കുഞ്ഞേ ഒരിക്കലും വറ്റാതിരിക്കട്ടെ
കടലോളം സ്നേഹിക്കുമുള്ളം
സ്നേഹിക്ക നിന്നോളമീക്കൊച്ചു ഭുമിയെ
ജീവാത്മചൈതന്യ സർവ്വം
സ്നേഹമാം വാക്കിനു മതമില്ല മതിലില്ല
സ്നേഹിക്ക നിന്നോളമെന്തും!!!
0 Comments