Author
ലോറൻസ് ഫെർണാണ്ടസ്
ബാല്യ സ്മൃതികളുടെയും വീടോർമകളുടെയും ചോറ്റുപാത്രം എവിടെയോ വച്ചു മറന്നത് തിരയുന്നതിനിടയിലാണ് ശ്രീ.ജേക്കബ് തോമസ് എന്ന ബഹുമുഖ പ്രതിഭ കേരള നാദത്തിൻ്റെ ദശാവതാരവുമായി നമുക്ക് മുന്നിലെത്തുന്നത്. മഴവിൽ തൊങ്ങലുകൾ ചാർത്തിയ ആ ചിമിഴിനുള്ളിൽ കൈരളിയുടെ സാംസ്കാരികാവബോധത്തെയും അതിൻ്റെ മൂല്യശേഷിപ്പുകളുടെ ശിഥിലാവസ്ഥയെയും അതിസൂക്ഷ്മമായി രേഖപ്പെടുത്തുന്നുണ്ട്. വ്യക്തി ജീവിതത്തിൻ്റെ നിത്യവുമുള്ള സമസ്യകളെയും സാമൂഹിക ജീവി എന്ന ഉത്തരവാദിത്വങ്ങളെയും തൊഴിൽപരമായ കടമകളെയും പുനർവായനയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു.
കേരളീയം തത്കാലം വിശകലനത്തിൽ നിന്നും ഒഴിവാക്കാമെന്നു തോന്നുന്നു. അതിൻ്റെ ക്ലാസിക് സ്വഭാവത്തെക്കുറിച്ച് നമുക്ക് മുൻധാരണയുണ്ട്. എന്നാൽ പ്രതീക്ഷാനിർഭരമായ ചില അടയാളപ്പെടുത്തലുകൾ, സാഹിത്യ ലോകത്തിന് കൈയൊപ്പു ചാർത്തുന്ന പുതിയ പ്രവണതകൾ, കേരള നാദത്തെ ഭാവാനാ സമ്പുഷ്ടമാക്കുന്നുണ്ട് എന്നത് അടിവരയിടേണ്ട വസ്തുതയാണ്.
ഇംഗ്ലീഷിലും മലയാളത്തിലുമായി പതിനാലു കഥകൾ, പതിമൂന്നു കവിതകൾ, ഒൻപത് ലേഖനങ്ങൾ, രണ്ടു നർമകഥകൾ, ഒന്നു വീതം പുസ്തക നിരൂപണവും വ്യക്തി സ്മരണയും. ആഹ്ലാദാഭിമാനപൂർവം പറഞ്ഞുകൊള്ളട്ടെ, കൈരളിക്കു മുമ്പിൽ സാഹിത്യം കൊണ്ടു നടത്തിയ ഹൃദയാർച്ചന യാണ് ഓരോ സൃഷ്ടിയും. തിരഞ്ഞെടുത്ത വിഷയത്തിൻ്റെ ശക്തി കൊണ്ടും യുക്തി ഭദ്രമായ ഘടനാ രീതികൊണ്ടും ഗഹനമായ ചിന്തയിലൂന്നിയ പ്രതിപാദന രീതി കൊണ്ടും ഒൻപത് ലേഖനങ്ങളും നിലവാരം പുലർത്തി.
കഥാപാരമ്പര്യത്തിൻ്റെ ചട്ടക്കൂടുകളെ അതിലംഘിക്കാതെ നമ്മുടെ നവയുവ കഥാകൃത്തുക്കൾ ഹൈടെക് ജീവിതത്തെ പരിഹസിച്ചും പരിപാലിച്ചും വിമർശിച്ചും വിലാപത്തോടെ സമീപിച്ചും ആകർഷകമായ കഥകൾ എഴുതിയിട്ടുണ്ട്. പലതും ഇരുത്തംവന്ന കഥകൾ .മനസ്സിൽ വിങ്ങലുകൾ തീർക്കുന്ന ആഖ്യാനരീതി.
കഥയുടെ നവഭാവുകത്വം കാണിച്ചു തന്ന ഷാജി കരട്ടിയാറ്റിൽ, സിമി ഗീത, സത്യരാജ്, ശ്രീകാന്ത് കർത്താ, ജീവിത വൈവിധ്യങ്ങളെ ആലങ്കാരികതയില്ലാതെ തുറന്നു കാട്ടിയ ജിതേഷ് പൊയിലൂർ, കഥയിലൂടെ ദൃശ്യകലയുടെ കാൻവാസ് തുറന്നിട്ട വി.പി.ഗംഗാധരൻ, ഒരു ചെറിയ കഥ പറഞ്ഞ് വലിയ വിസ്മയം തീർത്ത ഡോ.അവനീഷ് പണിക്കർ, കഥാലോകത്തെ പുതിയ വാഗ്ദാനങ്ങളായ സതീഷ് ഹരിപ്പാട്, കവലയൂർ സ്വാതി, മികച്ച രചനാരീതിയാൽ അനുസ്മരണത്തെ അനുഭവമാക്കിയ സിന്ധു ഉണ്ണി രാജൻ , വസ്തുനിഷ്ഠമായ വിലയിരുത്തലിലൂടെ മനോഹരമായി പുസ്തക നിരൂപണം നടത്തിയ ഡോ. ആനി ബഞ്ചമിൻ,
നർമത്തിൽ ചാലിച്ച് ജീവിത സാക്ഷ്യങ്ങളെ അവിസ്മരണീയമായ അനുഭവമാക്കി മാറ്റിയ നർമ കഥാകാരൻമാരായ ജോണി .സി .മറ്റം, ഡോ.എബ്രഹാം തോമസ് എന്നിവരെ അഭിനന്ദിക്കേണ്ടതുണ്ട്.
നാട്ടുമുദ്ര പതിഞ്ഞ വാക്കുകളും തെളിഞ്ഞ കാവ്യ ഭാഷയും മയവും ലയവുമുള്ള പദങ്ങളും കൊണ്ട് മനുഷ്യ ജീവിതത്തിൻ്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്ന കവിതകളാണ് ഇതിലേറെയും. ഗുണിച്ചും ഹരിച്ചും കണക്കെടുത്താൽ ജീവിത മൂല്യങ്ങൾ വെറുംവട്ടപ്പൂജ്യമായി തോന്നുന്ന പ്രവാസ നൈരന്തര്യത്തെക്കുറിച്ചെഴുതിയ രതീഷ് നായരും ‘മൗനത്തിലാണ് നാം തിരിച്ചറിയുന്നത്…’ എന്നു പാടി കവിതയിലെ അഴകിൻ്റെ വാതിലുകൾ നമുക്കായ് തുറന്നു തന്ന ബെനില അംബികയും നന്മ മനസ്സിൽ വിളയുന്ന ദൈവത്തിൻ നാട് സ്വപ്നം കണ്ട് കാത്തിരിക്കുന്ന ചിത്ര അനൂപും തേൻ പുരട്ടിയ മുള്ളുകൾ കരളിലെറിയുന്ന മധുരനൊമ്പരമുണർത്തുന്ന വരികളെഴുതിയ എൽമ ടി കുര്യനും ദുരന്തങ്ങളുടെ ഭാണ്ഡം പേറുന്ന മണ്ണിനും പ്രകൃതിക്കുമായ് കേഴുന്ന ആഫ്ര ചൂരപ്പുളക്കലും മലയാള കാവ്യ ദീപികയെ ആസ്വാദക ഹൃയങ്ങളിൽ കൊളുത്തി വച്ച ഡോ.രവീന്ദ്ര കുമാറും കാവ്യ വിരുന്നൊരുക്കു കയായിരുന്നു. ഷിനോജ് കല്യാടൻ്റെ മെഹ് ലൂഖാനെ വിസ്തരിക്കണം എന്നതിൽ എത്തുമ്പോൾ പ്രതീക്ഷാ രാഹിത്യത്തിൻ്റെ ഏകാന്ത വിഹ്വലതകളുടെയും വിശ്വാസ നഷ്ടങ്ങളുടെയും പാറയിടുക്കിൽ സ്വയം നിക്ഷേപിച്ച് തിരിച്ചു നടക്കുന്ന കവിയെ കാണാം.വ്യവസ്ഥകളുടെ ഇരകളായ് മാറുന്ന മനുഷ്യരെ സംബന്ധിച്ച് തങ്ങൾ നേരിടാൻ പോകുന്ന വിപത്തിനെക്കുറിച്ചോ, നേരിട്ടിരിക്കുന്ന സ്വാതന്ത്ര്യ നഷ്ടത്തെക്കുറിച്ചോ അറിയണമെന്നില്ല. തങ്ങളുടെ ആത്മബലവും ഇച്ഛാശക്തിയും കൊണ്ട് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള അവസാന പിടച്ചിലിൻ്റെ ഞരക്കം ഇപ്പോഴും കാതിൽ പതിക്കുന്നുണ്ട്.
‘നമ്മുടെ കാലത്തെ വായന എല്ലാവർക്കും ആവശ്യമായ പ്രവൃത്തിയാണ് ‘ എന്ന് ഉമ്പർട്ടോ എക്കോയുടെ അഭിപ്രായത്തെ സാധൂകരിക്കുകയാണ് കേരള നാദം. To read is to write future എന്ന അഡോണിസിൻ്റെ വരികൾ പ്രകാരം ഭാവിയെ വായിക്കുന്ന വിധത്തിൽ വായന രൂപപ്പെടുത്താനുള്ള വിഭവ സമാഹരണം നടത്തിയിട്ടുമുണ്ട്. വൈകാരികതയിലൂന്നിയ തീപ്പൊരി ഉല്പന്നങ്ങൾ പ്രസിദ്ധീകരണങ്ങളായി കൂമ്പാരം കൂടുന്ന കാലത്ത് ഭാഷയും സാഹിത്യവും അതിൻ്റെ തനിമക്കും പാരമ്പര്യത്തിനും ഒരു കോട്ടവും തട്ടാതെ കൈകളിലേന്തി ദൂരങ്ങളിൽ നിന്ന് പ്രകാശം ചൊരിയുകയാണ്. മുഖ്യ പത്രാധിപരുടെ ഈ ധൈര്യവും ഭാഷാ സ്നേഹവും നിശ്ചയദാർഢ്യവും എത്ര അഭിനന്ദിച്ചാലും മതിവരില്ല! പത്തു വർഷങ്ങൾ … കൈരളിയുടെ കൈ മുദ്ര പതിഞ്ഞ സുവർണ്ണ രേഖകൾ…. ശ്രീ ജേക്കബ് തോമസ് തൻ്റെ ഹൃദയരക്തം കൊണ്ട് വരച്ചിട്ട വാങ്മയ ചിത്രങ്ങൾ. കൂടെ ആത്മാർപ്പണമുള്ള എഡിറ്റോറിയൽ അംഗങ്ങൾ,കവർ പെയിൻ്റിംഗ് നടത്തിയ ഷീജ ഗോവിന്ദൻ, മാഗസിൻ ഡിസൈൻ ചെയ്ത ബിനു വർഗ്ഗീസ്,ഇല്ലുസ്ട്രേഷൻ നിർവഹിച്ച രഞ്ജിത് രഘുപതി… നിങ്ങൾക്കു കൂടിയാവട്ടെ നിറഞ്ഞ കൈയടി .ഈ മഹാമാരിയിലും ഡോ.രവീന്ദ്രകുമാർ പാടും പോലെ “അന്ധകാരത്തിൻ്റെ ആഴക്കുഴികളിൽ നറുനിലാവെട്ടം കൊളുത്തി വച്ച് ” – കേരള നാദം സാഹിത്യ നഭസ്സിൽ പ്രശോഭിക്കുന്നുവെന്ന് പറയാതെ വയ്യ!
0 Comments