Author
സന്തോഷ് ജോസഫ്
എഴുത്തച്ഛന്‍ പുരസ്ക്കാരത്തിലൂടെ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ പോൾ സക്കറിയ ആദരിക്കപ്പെടുമ്പോള്‍ മലയാള സാഹിത്യവും കൂടി ആദരിക്കപ്പെടുകയാണ്. എഴുപത്തഞ്ച് വയസ്സിന്റെ നിറവില്‍, തലയെടുപ്പോടെ മലയാള സാഹിത്യ ലോകത്തെ നിറ സാന്നിധ്യമാകുന്നു പോള്‍ സക്കറിയ എന്ന പ്രിയപ്പെട്ട കറിയാച്ചൻ. സക്കറിയ എന്ന എഴുത്തുകാരന്‍ ഒരു ഫിക്ഷന്‍ രചയിതാവ് മാത്രമല്ല എന്നതാണ് ആദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. എഴുത്തിലും പ്രവൃത്തിയിലും സക്കറിയ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ക്ക് കൃത്യമായ ഒരു നൈരന്തര്യവും വിട്ടു വീഴ്ച്ചയില്ലാത്ത നിലപാടുകളുമുണ്ട്.
ചിന്തയിലും എഴുത്തിലും പഴമയുടേയൊ പാരമ്പര്യത്തിന്റേയോ കെട്ടുപാടുകള്‍ സക്കറിയ ഉള്‍ച്ചേര്‍ക്കാറില്ല. പൊതുധാരകളുടെ സൗകര്യങ്ങളില്‍ മയങ്ങിപ്പോയ ഭൂരിപക്ഷം മലയാള എഴുത്തുകാരില്‍ നിന്നും മാറിനടക്കുകയും എഴുത്തുകാരുടെ അടിമ ബോധത്തെക്കുറിച്ച് നിരന്തരം കലഹിക്കുകയും ചെയ്യും. രാഷ്ട്രീയത്തേയും മതത്തേയും വര്‍ഗീയതേയും വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കും. വിശ്വാസത്തിലെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാണിക്കും. പൗരസ്വാതന്ത്ര്യം പരമപ്രധാനമെന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തും.
ജാതീയതയും വര്‍ണ്ണബോധവും ആപല്‍ക്കരമാം വിധം വര്‍ദ്ധിക്കുന്ന കേരളക്കരയില്‍ എഴുത്തുകാരന്റെ രാഷ്ട്രീയമെന്തായിരിക്കണമെന്ന നിരന്തര ഓര്‍മ്മപ്പെടുത്തലുകള്‍ സക്കറിയ നടത്തിക്കൊണ്ടിരിക്കുന്നു. എഴുത്തിലാകട്ടെ, സമകാലീന ശൈലികളും പുതുമകളും പരീക്ഷണങ്ങളും ആവര്‍ത്തിക്കുന്ന ‘യുവ’ എഴുത്തുകാരന്‍ കൂടിയാകുന്നുണ്ട് സക്കറിയ.
കേരളനാദത്തിന്റെ ചിരകാല സുഹൃത്തും മലയാളത്തിന്റെ അഭിമാനവുമായ പ്രിയപ്പെട്ട സക്കറിയയ്ക്ക് സ്നേഹാദരങ്ങൾ.
0 Comments