Author
എം. എൻ. കാരശ്ശേരി
അതൊരു പഴയ ചോദ്യമാണ്:
എഴുത്തുകാർ രാഷ്ട്രീയത്തിൽ നേരിട്ട് പങ്കെടുക്കാമോ? ഏതെങ്കിലും പാർട്ടിയുടെ നേതാക്കളോ അംഗങ്ങളോ അനുയായികളോ അനുഭാവികളോ ആയി പ്രവർത്തിക്കാമോ?
ഇരുപതാം നൂറ്റാണ്ടിലെ വലിയ എഴുത്തുകാരിൽപ്പെടുന്ന ഗാന്ധിയും നെഹ്രുവും കോൺഗ്രസ് പാർട്ടിയുടെ നേതാക്കളായിരുന്നു. അബ്‌ദുൾ കലാം ആസാദ് തുടങ്ങി എത്രയോ എഴുത്തുകാർ ആ പാർട്ടിയിലുണ്ടായിരുന്നു. രാഷ്ട്രീയപ്രവർത്തകരാണ് എന്നത് അവരുടെ എഴുത്തിനെ പ്രയാസപ്പെടുത്തുകയല്ല, പ്രചോദിപ്പിക്കുകയാണുണ്ടായത്.
ഓ, ഇവരൊക്കെ അടിസ്ഥാനപരമായി രാഷ്ട്രീയനേതാക്കളാണ്. ആ പൊതുപ്രവർത്തനത്തിന്റെ ഭാഗമായി അവർ എഴുതി എന്നേയുള്ളു. ഇവരുടെ കാര്യമല്ല, അടിസ്ഥാനപരമായി എഴുത്തുകാരായ വ്യക്തികളുടെ കാര്യമാണ് നമ്മൾ പറയുന്നത്.
ശരി, രവീന്ദ്രനാഥടാഗോറിനും സരോജിനി നായിഡുവിനും പ്രകടമായി രാഷ്ട്രീയമുണ്ടായിരുന്നില്ലേ? നോബൽ സമ്മാനം ലഭിച്ചതിനെ (1912) തുടർന്ന് ബ്രിട്ടീഷ് സർക്കാർ നൽകിയ ‘സർ’ പദവി, ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലയിൽ (1919) പ്രതിഷേധിച്ച് ടാഗോർ തിരിച്ചേൽപ്പിച്ച ഉദാഹരണം മതി അദ്ദേഹത്തിന് രാഷ്ട്രീയം ഉണ്ടായിരുന്നു എന്നതിന് തെളിവ്.
കേരളത്തിലെ അനുഭവം എടുത്തുനോക്കാം. മഹാകവി വള്ളത്തോൾ കോൺഗ്രസുകാരനായിരുന്നില്ലേ? ഖദർ-ധാരിയായിരുന്ന അദ്ദേഹമല്ലേ ‘എന്റെ ഗുരുനാഥൻ’ എന്ന പേരിൽ ഗാന്ധിയെപ്പറ്റി കാവ്യം എഴുതിയത്? വൈക്കം മുഹമ്മദ് ബഷീർ ദേശീയപ്രസ്ഥാനത്തിൽ പങ്കെടുത്ത് പലവട്ടം ജയിലിൽ പോയ ആളല്ലേ? അദ്ദേഹത്തിന്റെ സമകാലികരായിരുന്ന തകഴി ശിവശങ്കരപ്പിളളയും പി. കേശവദേവുമൊക്കെ കമ്മ്യുണിസ്റ്റുകാരായിരുന്നില്ലേ? തോപ്പിൽ ഭാസി, വയലാർ രാമവർമ്മ, പി. ഭാസ്കരൻ, ഓ. എൻ. വി. കുറുപ്പ് തുടങ്ങിയവരൊക്കെ എഴുത്തുകാർ എന്ന പോലെ കമ്മ്യൂണിസ്റ്റു പാർട്ടി പ്രവർത്തകരായിരുന്നില്ലേ?
എഴുത്തുകാരായ രാഷ്ട്രീയക്കാരും രാഷ്ട്രീയക്കാരായ എഴുത്തുകാരും ഉണ്ട് എന്നർത്ഥം. എഴുത്തിലെ മികവിനെ രാഷ്ട്രീയമോ, രാഷ്ട്രീയത്തിലെ മികവിനെ എഴുത്തോ ബാധിച്ചില്ല എന്നും അർത്ഥം.
ഇതൊക്കെ പഴയ കാര്യങ്ങൾ. ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യസമരം നടത്തുന്ന ചരിത്രസന്ദർഭം ഒരു പ്രത്യേക കാലാവസ്ഥയാണ്. അന്നത്തെപ്പോലെയാണോ പിൽക്കാലത്ത്?
പിൽക്കാലത്തും സ്ഥിതി ഇതൊക്കെത്തന്നെയാണ്. ജോസഫ് മുണ്ടശ്ശേരി മന്ത്രി (1957) ആയില്ലേ? 1959 -ലാണ് വിമോചനസമരം. ആദ്യത്തെ കമ്മ്യൂണിസ്ററ് സർക്കാരിനെതിരെ നടന്ന (1957) പിന്തിരിപ്പൻ മുന്നേറ്റം. അതിൽ, സി. ജെ. ജോസഫ്, എൻ. പി. മുഹമ്മദ് തുടങ്ങി പ്രഗത്ഭരായ എത്രയോ എഴുത്തുകാർ പങ്കെടുത്തു! പ്രസിദ്ധ കഥാകൃത്ത് ടി. പദ്മനാഭൻ അന്ന് സമരത്തിൽ പങ്കെടുത്ത് 15 ദിവസം ജയിലിൽ കിടന്നു.
അതു കഴിഞ്ഞും പല പ്രശസ്ത സാഹിത്യകാരന്മാരും പ്രത്യക്ഷരാഷ്ട്രീയത്തിൽ ഉണ്ടായിട്ടുണ്ട്. 1962-ൽ തലശ്ശേരി ലോക്സഭാമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച സുകുമാർ അഴീക്കോട്, കമ്മ്യൂണിസ്റ്റ് പിന്തുണയുള്ള സ്ഥാനാർഥി എസ്. കെ. പൊറ്റെക്കാടിനോട് തോറ്റു. തിരുവനന്തപുരം ലോക്സഭാ സീറ്റിൽ ഓ. എൻ. വി. തോറ്റു. കടമ്മനിട്ട രാമകൃഷ്ണനും എം. കെ. സാനുവും നിയമസഭാംഗങ്ങളായിരുന്നിട്ടുണ്ട്.
കുറച്ചുകൂടി പഴയ കഥയെടുത്തോളൂ – കുമാരനാശാൻ (1873 – 1924) തിരുവിതാംകൂറിലെ ശ്രീമൂലം സഭയിൽ അംഗമായിരുന്നു.
അപ്പോൾ എന്താണ് നമുക്ക് എത്തിച്ചേരാവുന്ന നിഗമനം? എഴുത്തുകാരന് രാഷ്ട്രീയപ്രവർത്തനം വേണമെന്നോ, വേണ്ടെന്നോ?
ഇതിന് അങ്ങനെയൊരു കണക്കും കുറിയും ഉണ്ടാക്കി വയ്ക്കാൻ പറ്റില്ല. ചില എഴുത്തുകാർ എഴുത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ വിജയിക്കും. നല്ല ഉദാഹരണമാണ് കുമാരനാശാൻ. അദ്ദേഹത്തിന്റെ രചനാജീവിതം വൻ വിജയമായി എന്നത് ആരും സമ്മതിക്കും. ഇന്ന് കാണുന്ന തരം രാഷ്ട്രീയപ്പാർട്ടികളിലല്ല ആശാൻ പ്രവർത്തിച്ചത്. അദ്ദേഹം എസ്. എൻ. ഡി. പി. യോഗത്തിന്റെ സെക്രട്ടറിയായിരുന്നു (1903). ആ വകുപ്പിലാണ് അദ്ദേഹം ശ്രീമൂലം സഭയിൽ അംഗമായത്.
പഴയ കഥയൊക്കെ പോട്ടെ. ഇന്നത്തെ കാര്യം മാത്രം എടുത്താലോ? എഴുത്തുകാർക്ക് രാഷ്ട്രീയം പാടുണ്ടോ? സാഹിത്യകാരന്മാർ നിഷ്പക്ഷരായിരിക്കേണ്ടേ? ഇപ്പോൾ പ്രശ്നം ലളിതമായൊരു സംഗതിയായിത്തീരുന്നു. എന്താണ് രാഷ്ട്രീയം? രാഷ്ട്രീയം എന്നതുകൊണ്ട് നമ്മൾ എന്താണ് ഉദ്ദേശിക്കുന്നത്? എന്താണ് നിഷ്പക്ഷത?
രാഷ്ട്രീയം എന്നത് നീതിബോധമാണ്. അന്യായമോ അക്രമമോ അനീതിയോ എവിടെ കണ്ടാലും അതിനെതിരെ നിലപാട് എടുക്കുന്നതിനെയാണ് രാഷ്ട്രീയബോധം എന്ന് പറയുന്നത്. അത് നിഷ്പക്ഷതയല്ല. നിഷ്പക്ഷത എന്നൊന്നില്ല. മർദ്ദകനും മർദ്ദിതനും ഉണ്ട്. ചൂഷകനും ചൂഷിതനും ഉണ്ട്. അക്രമിയും ആക്രമിക്കപ്പെട്ടവനും ഉണ്ട്. നിങ്ങൾ ആരുടെ പക്ഷത്താണ്? അക്രമിയുടെ പക്ഷത്തോ, ആക്രമിക്കപ്പെട്ടവന്റെ പക്ഷത്തോ? സാഹിത്യകാരന്മാർ, സാധാരണനിലയ്ക്ക്, മർദ്ദിതന്റെ, ചൂഷിതന്റെ, ആക്രമിക്കപ്പെട്ടവന്റെ പക്ഷത്തായിരിക്കും. അവർ നിഷ്പക്ഷരല്ല. നിഷ്പക്ഷരല്ല എന്നു പറഞ്ഞ് ആക്രമിക്കപ്പെട്ടവർക്കുവേണ്ടി ഒരക്ഷരവും മിണ്ടാത്തവർ ഫലത്തിൽ അക്രമിയുടെ പക്ഷത്താണ് – വാക്കുകൊണ്ട് അനുകൂലിക്കുന്നതിനു പകരം മൗനം കൊണ്ട് അക്രമം അനുവദിക്കുകയാണവർ ചെയ്യുന്നത്.
അപ്പോൾ എഴുത്തുകാർ ഏതെങ്കിലും പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കണം എന്നാണോ?
അല്ല അല്ല. കക്ഷിരാഷ്ട്രീയത്തെപ്പറ്റിയല്ല, പാർട്ടി പൊളിറ്റിക്സിനെപ്പറ്റിയല്ല ഞാൻ പറയുന്നത്. കക്ഷി രാഷ്ട്രീയം വേറെ, ‘രാഷ്ട്രീയം’ വേറെ. കക്ഷിരാഷ്ട്രീയത്തിൽ ചേർന്നാൽ സ്വന്തം പാർട്ടിയുടെ ഗവൺമെന്റോ ഉദ്യോഗസ്ഥന്മാരോ കാണിക്കുന്ന ഏത് അനീതിയെയും ന്യായീകരിക്കേണ്ടി വരും. ചുരുങ്ങിയ പക്ഷം മൗനം പാലിക്കേണ്ടിയെങ്കിലും വരും. ഉദാഹരണം: നിങ്ങൾ ഒരു ഇടതുപക്ഷ സാഹിത്യകാരനാണെങ്കിൽ ഉത്തർപ്രദേശിലെ ഹത്രാസിൽ നടന്ന സ്ത്രീപീഡനത്തെപ്പറ്റി ഘോരഘോരം പ്രസംഗിക്കും. കേരളത്തിലെ വാളയാറിൽ നടന്ന സ്ത്രീപീഢനത്തെപ്പറ്റി മൗനം പാലിക്കും!
രാഷ്ട്രീയം എന്ന് പറയുന്നത് ഇതിനെ രണ്ടിനെയും ഒരു പോലെ എതിർക്കലാണ്. സാഹിത്യകാരൻമാക്ക് ഭരണ-പ്രതിപക്ഷ ഭേദമില്ല. അതാണ് അവരുടെ രാഷ്ട്രീയം. അതുകൊണ്ടാണ് വൈലോപ്പിള്ളി പറഞ്ഞത് ‘എഴുത്തുകാർ എന്നും പ്രതിപക്ഷമാണ്’ എന്ന്. ആര് ഭരിക്കുമ്പോഴും ഭരണത്തെ നിരീക്ഷിക്കുകയും വേണ്ടിവന്നാൽ നിശിത വിമർശനത്തിന് വിധേയമാക്കുകയും ചെയ്യുക എന്നതാണ് സാഹിത്യകാരന്റെ രാഷ്ട്രീയം. ശ്രീരാമചന്ദ്ര മഹാരാജാവിന്റെ പത്നീനിരാസത്തെ വിമർശിച്ചുകൊണ്ട് ‘രാമായണ’കാവ്യം എഴുതിയ ആദികവി വാല്മീകിയിൽ തുടങ്ങുന്നു സാഹിത്യകാരന്മാരുടെ ആ പാരമ്പര്യം.
ഭരണാധികാരികളുടെ പ്രീതി നേടാനോ, അവരെ പേടിച്ചിട്ടോ അധാർമ്മികമായ പ്രവർത്തികളെ പിന്തുണയ്ക്കുന്ന കെട്ട പണി എഴുത്തുകാർ എടുത്തിട്ടില്ലേ? ഉണ്ട്. ധാരാളമായുണ്ട്. മുസ്സോളിനി, ഹിറ്റ്ലർ, സ്റ്റാലിൻ മുതലായ ഏകാധിപതികളെ പേടിച്ച് മൗനം പാലിച്ചവരും എഴുത്തുകാർക്കിടയിൽ പലരുണ്ട്. ഫാസിസത്തെയും നാസിസത്തെയും സയണിസത്തെയും താത്വികമായും പ്രായോഗികമായും പിന്താങ്ങിയ സാഹിത്യകാരന്മാർക്കും ചരിത്രത്തിൽ ക്ഷാമമില്ല. രാജാക്കന്മാരെ വെള്ള പൂശി കാണിക്കുന്ന പണി കാളിദാസൻ എടുത്തിട്ടുണ്ടെന്ന് മുണ്ടശ്ശേരി ‘കാളിദാസനും കാലത്തിന്റെ ദാസൻ’ എന്ന ലേഖനത്തിൽ (‘കാലത്തിന്റെ കണ്ണാടി’), വിമർശിച്ചിട്ടുണ്ട്.
എഴുത്തുകാർ, ആക്രമിക്കപ്പെട്ടവരുടെ പക്ഷത്തെന്ന പോലെ, കഷ്ടം, അക്രമികളുടെ പക്ഷത്തും നിന്നിട്ടുണ്ട്!
നമുക്ക് എഴുത്തുകാരോട് അപേക്ഷിക്കാനുള്ളത് ഇതാണ്: നിങ്ങൾ നീതി ബോധത്താൽ പ്രചോദിതരായി അക്രമത്തിനെതിരെ നില കൊള്ളുക. പാർട്ടിബന്ധം കൊണ്ടോ നിഷ്പക്ഷതാനാട്യം കൊണ്ടോ മൗനം പാലിക്കാതിരിക്കുക. അപ്പോൾ നിങ്ങൾ ഏതു പാർട്ടിയിൽ അംഗമാണ് എന്നതോ, ഒരു പാർട്ടിയിലും അംഗമല്ല എന്നതോ വിഷയമാവില്ല.
കർക്കശമായ നീതിബോധത്തിന്റെ പേരാണ് രാഷ്ട്രീയം. അത് ഉള്ളവരെയാണ് ക്രിസ്തു ആശ്വസിപ്പിക്കുന്നത്: ‘നീതിക്കു വേണ്ടി വിശക്കുന്നവർ ഭാഗ്യവാന്മാർ!’
0 Comments