Author

സക്കറിയ
തൊലിപ്പുറത്തെ രാജ്യസ്നേഹ പ്രദര്‍ശനത്തിന്റെ പല്ലവികളിലൊന്നാണ്, “ഇന്ത്യയ്ക്കു വേണ്ടി നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും?” എന്ന ചോദ്യം. ഉപരിപ്ലവവും അമിതമായ ഉപയോഗം കൊണ്ട് മുഷിഞ്ഞു നാറിയതും ആയ ഈ ചോദ്യത്തിനെ അങ്ങനെ അല്ലാതാക്കിത്തീര്‍ക്കുവാന്‍ എഴുത്തുകാരന്‍ തയ്യാറാവേണ്ട ഒരു കാലം വന്നിരിക്കുന്നു. കാരണം ഇന്ത്യ എന്ന രാഷ്ട്രത്തില്‍ നമുക്കുള്ളത് നാം കൊണ്ടു നടക്കുന്ന ദൈവങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും കാളും മഹനീയവും ഔദാര്യപൂര്‍വ്വവും ആയ ഒരു ജനാധിപത്യമാണ്. അത് സ്വേച്ഛാധിപത്യത്തിലേക്ക് വീണു പോകാന്‍ നാം അനുവദിക്കരുത്.
എഴുത്തുകാരൻ രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കണമോ എന്ന ചോദ്യത്തിന് എന്‍റെ വ്യക്തിപരമായ ഉത്തരം ഇതാണ്. എഴുത്തുകാരനായ ഞാന്‍ ഏറ്റവും വിശിഷ്ടമായ കഥയോ കവിതയോ നാടകമോ എഴുതിയതുകൊണ്ടോ പ്രശസ്തിയും പദവികളും പുരസ്കാരങ്ങളും സമ്പാദിച്ചതു കൊണ്ടോ ഇന്ത്യയോടുള്ള എന്‍റെ കടമ നിര്‍വ്വഹിച്ചു എന്നു കരുതരുത്. ഞാന്‍ എഴുത്തിലൂടെ സൗന്ദര്യവും അര്‍ത്ഥവും സൃഷ്ടിക്കുമ്പോള്‍ത്തന്നെ, എന്‍റെ സമൂഹത്തിനു സംഭവിക്കുന്നതിനെപ്പറ്റി ജാഗരൂകനായിരിക്കേണ്ടതുണ്ട്. ഞാന്‍ ജനാധിപത്യവിരുദ്ധവും മതേതരത്വവിരുദ്ധവും മനവികതാവിരുദ്ധവും ആയ ശക്തികള്‍ക്കു കീഴടങ്ങിയാല്‍ എന്‍റെ സമൂഹത്തിന്‍റെ യാഥാര്‍ത്ഥ്യത്തെപ്പറ്റി എങ്ങനെ ഞാന്‍ എന്‍റെ വായനക്കാരെ അറിയിക്കും? എന്‍റെ എഴുത്തില്‍ സൗന്ദര്യമുണ്ടായേക്കാം, പക്ഷെ സത്യമുണ്ടാവില്ല. ഞാന്‍ ഒളിഞ്ഞിരിക്കുന്ന മറ്റാരുടെയോ വ്യക്താവായിത്തീരും. അല്ലെങ്കില്‍ മാധ്യമങ്ങളും രാഷ്രീയ-ജാതി-മത താല്‍പ്പര്യങ്ങളും എന്‍റെ ചെവിയിലേയ്ക്ക് കോരിയൊഴിക്കുന്ന നുണകളെല്ലാം വിശ്വസിക്കുന്ന ഒരു മൂഢനായിത്തീരും. സമൂഹത്തെയും രാഷ്ട്രത്തെയും പറ്റി എന്‍റെ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ ഞാന്‍ അവരെ ആപത്തിലേക്ക് നയിക്കുന്ന വഞ്ചകന്‍ ആയിത്തീരുന്നു. അങ്ങനെയുള്ള ഒരു വഞ്ചകന് ഒരിക്കലുമൊരു യഥാര്‍ത്ഥ എഴുത്തുകാരനാവാന്‍ സാധ്യമല്ല – മഹാനായ എഴുത്തുകാരനാവില്ലയെന്ന് പറയാനുമില്ല.
ഇന്ന് ഇന്ത്യയിലെ ഒരെഴുത്തുകാരന്, അവന് ഇന്ത്യയുടെ ആകാശത്തിലെ സൂര്യനു കീഴിലൊരിടം നല്‍കിയ, ആശയപ്രകാശന സ്വാതന്ത്ര്യം നല്‍കിയ, എഴുത്തുകാരെ ആദരിക്കുക മാത്രമല്ല; ആരാധിക്കുകയും കൂടി ചെയ്യുന്ന, ഈ രാഷ്ട്രത്തിനുവേണ്ടി സാഹിത്യമെഴുതുന്നതിനപ്പുറത്ത് ചെയ്യാന്‍ കഴിയുന്ന ഏറ്റവും പ്രധാനകര്‍ത്തവ്യം ബോധപൂര്‍വ്വം, നിഷ്ക്കര്‍ഷാപൂര്‍വ്വം സ്വതന്ത്രനായിരിക്കുക എന്നതാണ്. ‘സ്വതന്ത്രന്‍’ എന്നത് വലിയ സ്വര്‍ണ്ണ അക്ഷരങ്ങളില്‍ വേണം എഴുതേണ്ടത്..
ഒരു എഴുത്തുകാരന്‍ സ്വതന്ത്രനായിരിക്കണമെങ്കില്‍ തീവ്രമായ ആത്മപരിശോധന നടത്തേണ്ടതായിട്ടുണ്ട്. സ്വന്തം വിശ്വാസ സംഹിതകളെ ആസൂത്രിതമായി ചോദ്യം ചെയ്യേണ്ടതുണ്ട്. കാരണം ഈ വിശ്വാസസംഹിതകളെല്ലാം തന്നെ അവയെ ചോദ്യം ചെയ്യാനും വസ്തുനിഷ്ഠമായി പരിശോധിക്കാനുമുള്ള ത്രാണി നമുക്കില്ലാതിരുന്ന കാലത്തിലും പ്രായത്തിലും നമ്മുടെ തലച്ചോറുകളില്‍ മുദ്രണം ചെയ്യപ്പെട്ടവയാണ്. മതം തന്നെ ഏറ്റവും വലിയ ഉദാഹരണം. ആദ്യശ്വാസം മുതല്‍ നമുക്കുള്ളില്‍ സ്ഥാനം പിടിക്കുന്ന അത് അന്ത്യശ്വാസം വരെ പിടിവിടുന്നില്ല. ജാതിയും അതു പോലെ തന്നെ. മുലപ്പാലിനോടൊപ്പം ഉള്ളില്‍ പ്രവേശിക്കുന്ന, ‘പുരുഷന്‍ സ്ത്രീയെക്കാളും മെച്ചപ്പെട്ടവൻ’ എന്ന വിശ്വാസം വേറെയും! സ്വതന്ത്രനായ ഒരെഴുത്തുകാരന്റെ കടമ ഈ ചങ്ങലകളില്‍ നിന്നൊക്കെ മോചിതനാകുക മാത്രമല്ല, ഇവയ്ക്കെല്ലാം എതിരേ തന്‍റെ തൂലിക നിരന്തരം ചലിപ്പിക്കുക കൂടി വേണം എന്നതാണ്. അതിനാല്‍ത്തന്നെ, എഴുത്തുകാരന്‍, രാഷ്ട്രീയ വിഷയങ്ങളില്‍ സംഭാവന തന്‍റെ കൃതികളിലൂടെയും മറ്റു പ്രവര്‍ത്തനങ്ങളിലൂടെയും നിരന്തരമായി നല്‍കണം. അതോടൊപ്പം അവന്‍, നേരത്തേ ഞാന്‍ പറഞ്ഞതുപോലെ, ബോധപൂര്‍വ്വമായും നിഷ്ക്കര്‍ഷാപൂര്‍വ്വമായും സ്വതന്ത്രനായിരിക്കുകയും വേണം. ഇനി ഇതു കൊണ്ടെന്തു പ്രയോജനമാണ് സമൂഹത്തിനുണ്ടാവുക എന്നു കൂടി സൂചിപ്പിച്ചു കൊണ്ടു ഈ എഴുത്ത് നിര്‍ത്താം.
എഴുത്തുകാരന്‍ സ്വതന്ത്രനാണെങ്കില്‍ അവന്‍റെ വായനക്കാരും ഒരുപക്ഷെ സ്വാതന്ത്ര്യം തേടിയേക്കാം എന്ന സാധ്യതയുണ്ടാകുന്നു. കാരണം എഴുത്തുകാരന്റെയുള്ളില്‍ ജ്വലിക്കുന്ന സ്വാതന്ത്യത്തിന്റെ പ്രകാശം വായനക്കാരിലേക്കും എത്തും. ആ സ്വാതന്ത്ര്യബോധമാണ് ഇന്ത്യയുടെ മനോഹരമായ ജനാധിപത്യത്തെ നിലനിര്‍ത്തേണ്ടതും, സ്വേച്ഛാധിപതികളില്‍ നിന്ന് രക്ഷിക്കേണ്ടതും. അത് അതിപ്രധാനമാണ്, കാരണം, ഇവിടുത്തെ കോടാനുകോടി സാധുജനങ്ങളുടെ ഒരേയൊരു പ്രത്യാശയാണ് ജനാധിപത്യം. ആയതിനാല്‍ ഇന്ത്യയിലെ എഴുത്തുകാര്‍ ഇന്ത്യയുമായി പ്രണയത്തിലാവേണ്ട സമയമാണിത്. ഒരു പ്രണയിനിയെ എന്നപോലെ അവന്‍ ഇന്ത്യയെ തൊടണം, അറിയണം, സ്വാതന്ത്ര്യത്തിന്‍റെ സൗന്ദര്യവും സത്യവും അവന്‍ ഇന്ത്യയുമായി പങ്കുവയ്ക്കണം. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്‍റെയും സത്യങ്ങള്‍ അവന്‍ എഴുത്തില്‍ അരക്കിട്ടുറപ്പിക്കണം. ഇന്ത്യയെ കണ്ടില്ലെന്നു നടിച്ചുകൊണ്ടവന്‍ എഴുതരുത്.
0 Comments