Author
ഡോ. ആനന്ദ് ആന്റണി
എഴുത്തുകാരന്‍ തന്‍റെ രാഷ്ട്രീയനിലപാടുകള്‍ രചനകളില്‍ പ്രതിഫലിപ്പിക്കണമോ? ഇതോടു കൂടെച്ചേര്‍ന്നു പോകുന്ന മറ്റൊരു ചോദ്യമാണ് “എഴുത്തുകാരന്‍ സാമൂഹ്യപ്രശ്നങ്ങളില്‍ ഉള്ള നിലപാടുകള്‍ തന്‍റെ രചനകളില്‍ ഉൾപ്പെടുത്തണമോ?” എന്നുള്ളത്. കാരണം രാഷ്ട്രീയവ്യവസ്ഥ എന്നുള്ളത് ഒരു ഭൂപ്രദേശത്ത്, അവിടുത്തെ ആളുകളുടെ സാമൂഹിക ജീവിതത്തെ ചില ചട്ടങ്ങള്‍ക്കുള്ളില്‍ നടത്തിക്കൊണ്ടുപോകുന്ന പോകുന്ന ഒരു പ്രക്രിയയാണ് എന്നതു തന്നെ..
അപ്പോള്‍ നമ്മുടെ മുന്നിലുള്ള ചോദ്യം ഇതാണ്. എഴുത്തുകാരന്‍ രാഷ്ട്രീയ-സാമൂഹ്യ ചിന്തകള്‍ തന്‍റെ എഴുത്തില്‍ കൊണ്ട് വരണമോ? പൊതുവേ ഈ ചോദ്യത്തിന് മൂന്നു അഭിപ്രായങ്ങളാണുള്ളത്. “വേണ്ട”, “ഒരു പരിധിക്കുള്ളില്‍ മാത്രം ആവാം”, “വേണം” എന്നിങ്ങനെ. ഈ അഭിപ്രായങ്ങള്‍ പരിശോധിച്ചുകൊണ്ട് ഞാന്‍ എന്‍റെ നിലപാടിലേയ്ക്കു വരാം.
വേണ്ട എന്ന അഭിപ്രായം ആദ്യം നോക്കാം. പല കാരണങ്ങള്‍ കൊണ്ടാവാം ഒരാളില്‍ ഈ അഭിപ്രായം രൂപപ്പെടുക. “നമുക്കു നമ്മുടെ കാര്യം നോക്കി സമാധാനപരമായി അങ്ങു ജീവിച്ചാല്‍ പോരെ? രാഷ്ട്രീയം ഒക്കെ രാഷ്ട്രീയക്കാര്‍ നോക്കിക്കൊള്ളും. നമ്മളെന്തിനാ വെറുതേ വഴക്കിനും വക്കാണത്തിനും പോകുന്നത്? എന്തായാലും തിരഞ്ഞെടുപ്പു വരുമ്പോള്‍ നമ്മള്‍ക്ക് വിലയിരുത്തി വോട്ടു ചെയ്യാമല്ലോ?” എന്നീ രീതിയിലുള്ള അരാഷ്ട്രീയ ചിന്താഗതിയാണ് ഇത്തരക്കാരെ പ്രചോദിപ്പിക്കുന്ന പ്രധാന ഘടകം. ഒരുതരം ‘സമാധാന ചിന്ത’. ഇതിന്‍റെ ഒരു അനുബന്ധമാണ് എഴുത്തുകാര്‍ അവരുടെ രചനകളിലൂടെ സമൂഹത്തില്‍ സംഘര്‍ഷം ഉണ്ടാവാതിരിക്കുവാന്‍ ശ്രദ്ധിക്കണം എന്നത്. അപ്പോള്‍ പിന്നെ എന്തൊക്കെ ആവാം എഴുത്തിന്‍റെ പ്രമേയം എന്നു ചോദിച്ചാല്‍ മനസ്സിനു കുളിര്‍മ്മയും മനുഷ്യരാശിക്കു നമ്മയും പ്രദാനം ചെയ്യുന്ന കാര്യങ്ങള്‍ എഴുതാമല്ലോ എന്നാവും മറുപടി. ഉദാഹരണത്തിന് “രാത്രിസമയം നിലാവ് ഭൂമിദേവിയുമായി പ്രണയത്തിലാവുന്നതും, തുടര്‍ന്ന് സൂര്യനുദിക്കുമ്പോള്‍ അവന്‍ വിരഹദുഃഖം മൂലം വീഴ്ത്തുന്ന കണ്ണീര്‍ള്ളികളാണ് പുല്‍ത്തകിടയില്‍ കാണുന്ന മഞ്ഞുതുള്ളികള്‍” എന്നീ രീതിയില്‍ നിഷ്ക്കളങ്കവും അതേ സമയം നമ്മുടെ ബൌദ്ധിക സ്റ്റാറ്റസ് ‘കീപ്പു’ ചെയ്യുന്നതുമായ രചനകളാവാം. പക്ഷെ, ബഹുഭൂരിപക്ഷത്തിനും ഇത്തരം എഴുത്തുകളില്‍ വലിയ താല്‍പ്പര്യം കാണില്ല. കൂടുതല്‍ ജനപ്രിയം മണ്ണിന്‍റെ ഗന്ധമുള്ള സാഹിത്യമാണ്. സമ്പന്ന കുടുംബത്തിലെ ഏക സന്താനമായ ജോണിക്കുഞ്ഞ് കോളേജില്‍ വച്ചു കണ്ട സ്റെല്ലായുമായി പ്രണയത്തിലാകുന്നു. ഇതു നടക്കുന്ന കാര്യമേയല്ലെന്നു, ജോണിക്കുഞ്ഞിന്റെ അപ്പനും ഉഗ്രപ്രതാപിയുമായ ഈപ്പച്ചന്‍ മുതലാളി പ്രഖ്യാപിക്കുന്നു. തന്‍റെ സ്വത്തിനെക്കാള്‍ വലുത് അനശ്വരപ്രണയമാണെന്ന് തിരിച്ചറിഞ്ഞ ജോണിക്കുഞ്ഞ് സ്റെല്ലായോടൊപ്പം ഒളിച്ചോടുന്നു. മിടുക്കിയായ സ്റെല്ലാ, എം ബി ബി എസ് പാസ്സായ ശേഷം, ഒരു ദിവസം ഹാര്‍ട്ട് അറ്റാക്ക് വന്ന ഈപ്പച്ചനെ അത്ഭുതകരമായി രക്ഷപെടുത്തുന്നു. തന്‍റെ തെറ്റു മനസ്സിലാക്കിയ ഈപ്പച്ചന്‍ മാപ്പപേക്ഷിച്ചു മരുമോളെ ആശ്ലേഷം ചെയ്യുന്നു – ശുഭം. ഇത് രാഷ്ട്രീയം അല്‍പ്പം പോലും കലരാത്ത ജനകീയ സാഹിത്യത്തിന്‍റെ ഒരു സാമ്പിള്‍ ആണ്. വേറെ ഉദാഹരണങ്ങളും ഉണ്ട്. തിന്മകള്‍ ലോകത്തു സംഭവിക്കുമ്പോള്‍, നമ്മള് “നിയമം കയ്യിലെടുക്കാതെ” എല്ലാം ജഗദീശ്വരനു വിട്ടുകൊടുക്കുകയാണ് അഭികാമ്യം എന്ന സന്ദേശം നല്‍കുന്ന രചനകള്‍ ധാരാളം ഉണ്ട്. ഹിന്ദുപുരാണങ്ങള്‍, ബൈബിള്‍, ഖുറാന്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സാഹിത്യങ്ങള്‍ വേറെയും. ഇതുപോലെയുള്ള രചനകള്‍ മാത്രം മതിയെന്നാണോ പറഞ്ഞു വരുന്നത് എന്നു ചോദിച്ചാല്‍, ചിരിച്ചു കൊണ്ട്, അയ്യോ അങ്ങനെയൊന്നുമല്ല ഉദ്ദേശിച്ചത് എന്നാവും ഉത്തരം വരുക! അപ്പോള്‍ എന്തുകൊണ്ടാണ് ഇവര്‍ എഴുത്തിലെ രാഷ്ട്രീയത്തിനെ എതിര്‍ക്കുന്നത് എന്നൊന്നു നോക്കാം?
മേല്‍പ്പറഞ്ഞ തരത്തിലുള്ള അരാഷ്ട്രീയ സാഹിത്യത്തെ പിന്താങ്ങുന്നവരില്‍ ഭൂരിഭാഗവും സാമൂഹിക നന്മ ആശിക്കുന്നവരും എന്നാല്‍ രാഷ്രീയം എന്നാല്‍ എന്തോ അധമപ്രവര്‍ത്തിയാണ് എന്നു മനസ്സില്‍ കരുതുന്നവരുമാണ് എന്നാണെന്‍റെ നിരീക്ഷണം. ഇവര്‍ ഒരുമാതിരി നിഷ്കളങ്കരാണെന്നു വേണമെങ്കില്‍ പറയാം. എന്നാല്‍, അത്ര ചെറുതല്ലാത്ത ഒരു കൂട്ടം ആളുകള്‍, ഗതകാലത്തിലേക്ക് പോകണമെന്ന ആഗ്രഹം ഉള്ളില്‍ പ്രകടിപ്പിക്കുന്നവരാണ് എന്നതും ഇവിടെ ഞാന്‍ വിസ്മരിക്കുന്നില്ല. ഒരിക്കല്‍ രസകരമായ ഒരനുഭവമുണ്ടായി. എണ്‍പതുകളില്‍ ആണ്. അന്ന് കോഴിക്കോടു ഭാഗത്തൊക്കെ അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരെ ജനകീയവിചാരണ ചെയ്യുന്ന ഒരു പരിപാടി ഉണ്ടായിരുന്നു. ജനകീയവേദി എന്നപേരില്‍ ഒരുപറ്റം ആളുകള്‍ ആയിരുന്നു ഇതു നടപ്പാക്കിയിരുന്നത്. അന്നൊരിക്കല്‍ എന്‍റെ വീട്ടില്‍ വന്ന വയോധികനായ ഒരു കത്തോലിക്കാ പുരോഹിതന്‍ എന്നോടു പറഞ്ഞു, “ഈ ജനകീയവേദി പിള്ളേര്‍ ചെയ്യുന്നത് ഇന്നത്തെ ഒരാവശ്യമാണ്. ഓരോ നഗരത്തിലും ഇമ്മാതിരി വിചാരണ വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു” എന്നൊക്കെ. പോകാന്‍നേരം അദ്ദേഹം ഒരുകാര്യം കൂടി പറഞ്ഞു. “ദേ, ആ വീട്ടിലെ ജോസഫ് സാറുണ്ടല്ലോ, കുഴപ്പമില്ല…പക്ഷെ ആളൊരു കമ്യൂണിസ്റ്റ് ആണ്. നിരീശ്വരവാദിയാണ്”. ഈ ജനകീയവേദി എന്നത് ഒരുപറ്റം തീവ്രകമ്മ്യൂണിസ്റ്റ് ആളുകളുടെ കൂട്ടായ്മ ആണെന്ന് അച്ചനറിയില്ലായിരുന്നു. അറിഞ്ഞിരുന്നുവെങ്കില്‍ അവരെ സപ്പോര്‍ട്ട് ചെയ്യുമായിരുന്നുമില്ല, തീര്‍ച്ച. പറഞ്ഞുവരുന്നതെന്താണെന്നു വച്ചാല്‍ അരാഷ്ട്രീയവാദികളില്‍ സിംഹഭാഗവും സമൂഹത്തില്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവരാണ്; പക്ഷെ പല കാരണങ്ങള്‍ കൊണ്ട് രാഷ്ട്രീയം എന്നത് ഏതാണ്ട് വികലമായ ഒന്നാണെന്നു ധരിച്ചുവശായവരാണ്. ആ ധാരണ ഇന്നത്തെ രാഷ്ട്രീയപ്രക്രിയയുടെ അപചയം മൂലമാണെന്ന് വരുത്തിത്തീര്‍ക്കുവാന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ കുറേപ്പേര്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ത്തന്നെ അതത്ര ശരിയുമല്ല. കാരണം ഇപ്പറഞ്ഞ രാഷ്ട്രീയപ്രക്രിയയുടെ ഗുണഭോക്താക്കള്‍ തന്നെയാണ് ഇപ്പറഞ്ഞ അരാഷ്ട്രീയവാദികളില്‍ മുഖ്യപങ്കും.
ഒരു കാര്യം വ്യക്തമാണ്. അരാഷ്ട്രീയവാദികളില്‍ മിക്കവരും മാറ്റങ്ങള്‍ സമൂഹത്തില്‍ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. ആ ആഗ്രഹപൂര്‍ത്തീകരണമല്ലേ രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ചാവിഷയമാക്കുന്നതിലൂടെ ഒരെഴുത്തുകാരന്‍ നിര്‍വഹിക്കുന്നത്? അങ്ങനെവരുമ്പോള്‍ എഴുത്തുകാരന്‍ തന്‍റെ എഴുത്തില്‍ രാഷ്ട്രീയം പ്രതിപാദനവിഷയമാക്കണം എന്നുതന്നെയാണ് ഭൂരിപക്ഷ ജനഹിതം. അതിന്‍റെ കാരണം അവര്‍ ഉള്ളിന്റെയുള്ളില്‍ സാമൂഹ്യനമ്മയ്ക്കുതകുന്ന മാറ്റങ്ങള്‍ വരണമെന്ന് ആഗ്രഹിക്കുന്നു എന്നതു തന്നെയാണ്.
ഇനി “രാഷ്ട്രീയം എഴുത്തില്‍ ആവാം, പക്ഷെ ഒരു പരിധിക്കുള്ളില്‍ വേണം” എന്നുള്ള അഭിപ്രായത്തെ സ്പര്‍ശിച്ചുകൊണ്ട് ഈ അച്ചടി നിര്‍ത്തിയേക്കാം. ഇന്നത്തെ ഈ “അനുവദനീയമായ പരിധി” എന്നു പറയുന്നത് പതിറ്റാണ്ടുകള്‍ മുന്‍പ് വളരെ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു നേടിയ ഒന്നായിരുന്നു എന്നോര്‍ക്കണം. അന്ന് കാര്‍ന്നോന്മാരുടെയോ ഇടവക വികാരിയുടെയോ അനുഗ്രഹാശിസ്സുകള്‍ വാങ്ങിയല്ല വിപ്ലവപ്രവര്‍ത്തനം നടത്തിയതും, മാറ്റങ്ങള്‍ കൊണ്ടുവന്നതും. ഇത്രയും മനസ്സിലാക്കിയാല്‍ ഈ “പരിധി” നിശ്ചയത്തില്‍ വലിയ കഴമ്പില്ലെന്നു കാണാം.
ഇത്രയും എഴുതിയതില്‍ നിന്നും എഴുത്തുകാരന്‍ തന്‍റെ എഴുത്തില്‍ രാഷ്ട്രീയം പ്രതിപാദനവിഷയമാക്കുന്നത് ഒരു സ്വാഭാവികചര്യ മാത്രമാണെന്നും, ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചചെയ്യണമെന്നുതന്നെയാണ് ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും ഉള്ളിന്‍റെയുള്ളില്‍ ആഗ്രഹിക്കുന്നതെന്നും എന്‍റെ വായനക്കാര്‍ക്ക് വ്യക്തമായെന്നു കരുതട്ടേ? ഇവിടെ എഴുത്തുകാരനും വ്യക്തമായ ഒരു കടമയുണ്ട്. അതായത്, അഭിപ്രായം കാര്യകാരണസഹിതം വ്യക്തമായ രീതിയില്‍ എഴുതേണ്ടതുണ്ട്. അവ്യക്തത, അഹങ്കാരം, അതിസ്തുതി, അസത്യം എന്നിവ എഴുത്തുകാര്‍ ഉപയോഗിച്ചാല്‍, മറ്റേതു ആവിഷ്‌ക്കരണത്തിനും ബാധകമെന്നപോലെ, ജനം പ്രതികരിക്കും. അത് ഒരു പൊതുതത്വം മാത്രമാണ്. അതിനെ എഴുത്തിലെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നതായി കരുതേണ്ടതില്ല.
The pen is mightier than the sword, as the saying goes. So in my opinion, any writer with a social conscience is duty bound to support positive changes in society in writings. Whether you call it politics or not is immaterial.
Kerala is a very classical example of writers / poets instigating social changes. Kerala People’s Arts Club (KPAC) comes to mind in this context.