Author
ജിതേഷ് പൊയിലൂർ
1)
കുറച്ചു ദിവസങ്ങളായി പെയ്യുന്ന മഴയും മൂടിക്കെട്ടിയ ആകാശവും മാറി നല്ല വെയിൽ തിളങ്ങി നിൽക്കുന്ന പ്രസരിപ്പുള്ള ഒരു ദിവസമായതു കൊണ്ടാവാം താഴെ തെരുവിൽ പതിവിലും തിരക്കുണ്ട്. അല്ലെങ്കിലും രാവിലെ പത്തു മണിക്ക് മുൻപ് സ്‌കൂളിലും കോളേജിലും പോകുന്ന കുട്ടികളും ഓഫീസിലേക്ക് ധൃതി പിടിച്ചോടുന്നവരും പതിവ് കച്ചവടക്കാരോടൊപ്പം ചേരുമ്പോൾ വലിയ ബഹളം തന്നെയായിരിക്കും. ഏഴാമത്തെ നിലയിലുള്ള തങ്ങളുടെ ഫ്ലാറ്റിൽ നിന്നും താഴെ വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത തെരുവിലെ, ഒത്തിരി മുഖങ്ങളുടെ നടുവിൽ മുഖം നഷ്‌ടമാവുന്ന ഈ ആൾക്കൂട്ടത്തെ നോക്കിയിരിക്കുക ഇഷയുടെ പ്രധാന നേരമ്പോക്കുകളിൽ ഒന്നാണ്. ബാങ്ക് മാനേജർ ആയ ഭർത്താവ് ഗോവിന്ദ് ഒൻപതു മണിക്ക് മുന്നേ ജോലിക്കു പോകും. അനാഥനായ ഗോവിന്ദിന് ജീവിതത്തിൽ വിജയങ്ങൾ എത്തിപ്പിടിച്ചു കൊണ്ടിരിക്കണമെന്നത് വലിയ വാശിയായിരുന്നു. ആ ശുഷ്‌കാന്തിയും ശുഭാപ്തിവിശ്വാസവും തന്നെയാണ് അച്ഛന് അവനിൽ വലിയ താൽപര്യം ജനിപ്പിക്കാനിടയായത്. കല്യാണത്തിന് ഒരു കണ്ടീഷനേ വെച്ചുള്ളൂ. കല്യാണം കഴിഞ്ഞാൽ അച്ഛനും തങ്ങളോടൊപ്പം താമസിക്കും. അമ്മ മരിച്ചതിനു ശേഷം തറവാട്ടിൽ അച്ഛനെ ഒറ്റയ്ക്ക് വിടുന്നത് എനിക്കും ഇഷ്ടമല്ലായിരുന്നു. ബന്ധുക്കളായി ആരും ഇല്ലാതിരുന്ന ഗോവിന്ദിനാകട്ടെ ഈ ആവശ്യം ഇരട്ടിമധുരം പോലെയായിരുന്നു.
ചേട്ടൻ ഒരു തമാശയ്ക്ക് വീട്ടിന്റെ പേരായി പുറത്ത് എഴുതിവെച്ചിട്ടുള്ളതു പോലെ ഇത് ഒരു ‘ഏഴാം സ്വർഗ്ഗം’ തന്നെയാണ് എന്ന് ആദ്യദിവസങ്ങളിൽ തോന്നിയിരുന്നു. ഇപ്പോഴും പുറത്തു നിന്ന് നോക്കുന്നവർക്ക് അവളുടെ ജീവിതം അസൂയപ്പെടുത്തുന്നതാണ്. അല്ലെങ്കിലും മറ്റുള്ളവരുടെ കാഴ്ചപ്പാടിലാണല്ലോ പലപ്പോഴും നമ്മൾ നമ്മുടെ ജീവിതത്തിന്റെ സുഖവും സന്തോഷവും തീരുമാനിക്കുന്നത് !!. എങ്കിലും എന്തോ ഒരു അപൂർണ്ണത ഈയിടെയായി തോന്നുന്നുണ്ട്.
നല്ല മഴ പെയ്യുന്ന ദിവസങ്ങളിൽ മുകളിൽ നിന്നും നോക്കുമ്പോൾ തെരുവ് കറുത്ത കുടകളുടെ ഒരു നദിയായിരിക്കും. അതിൽ ഒഴുകി നടക്കുന്ന വർണ്ണപ്പൂക്കൾ പോലെ മനോഹരമായ നിറങ്ങൾ കൊണ്ടലങ്കരിച്ച ചുരുക്കം ചില കുടകൾ കാണുമ്പോൾ അതിന്റെ താഴെ അഴകുള്ള ഒരു പെൺമുഖം (തന്നെപ്പോലെ!) തീർച്ചയായും ഉണ്ടാവുമെന്ന് ഇഷ തീരുമാനിക്കും. കാറ്റിൽ മുഖത്ത് തെറിച്ചു വീഴുന്ന തണുത്ത മഴത്തുള്ളികൾ തുടച്ചു കൊണ്ട് വർണ്ണക്കുട കാറ്റിനെതിരെ തിരിച്ചു പിടിച്ചു ധൃതിയിൽ നടന്നു പോകുന്ന അവൾ ഞാൻ തന്നെയായിരുന്നെങ്കിൽ എന്ന് നിരാശയോടെ ഓർക്കും. മഴ രോമാഞ്ചം പകർന്നു നനഞ്ഞൊട്ടിയ ശരീരവുമായി ആഹ്ളാദത്തോടെ നടന്നു വീടണഞ്ഞ്, ചെറിയൊരു കുളിയും കഴിഞ്ഞു പുതച്ചു മൂടി അൽപനേരം കിടക്കാനെന്തു രസമായിരിക്കും !!.
2)
രാവിലെ ബ്രേക്‌ഫാസ്റ്റും കഴിച്ചു ഗോവിന്ദ് ഇറങ്ങിയാൽ ഒപ്പം തന്നെ പ്രഭാത സവാരിക്കിറങ്ങുന്ന അച്ഛൻ മാർക്കറ്റിലൊക്കെ കറങ്ങി വരുമ്പോഴേക്കും പത്തര പതിനൊന്നു മണിയാകും, അതുവരെയുള്ള സമയം ഇഷ തനിച്ചായിരിക്കും. തനിച്ച് എന്നു പറയാൻ വരട്ടെ!! ഈ മൂന്ന് പേരെ കൂടാതെ അവൾക്കു മാത്രമറിയാവുന്ന മറ്റൊരാൾ കൂടിയുണ്ട് ഈ കോൺക്രീറ്റ് കൂട്ടിൽ അവൾക്കു കൂട്ടായി, ദിവസവും മുടങ്ങാതെ അവരുടെ പ്രാർത്ഥന കേൾക്കുന്ന കുടുംബ ദൈവം. പെണ്ണുകാണാൻ വന്നപ്പോൾ ചേട്ടന്റെ പ്രധാന നിർബന്ധമായിരുന്നു വീട്ടിൽ ദിവസവും മുടങ്ങാതെ പൂജ ചെയ്യണമെന്നത്, ഇഷയ്ക്കാകട്ടെ അത് ഏറ്റവും ഇഷ്ടമുള്ള കാര്യവുമായിരുന്നു. അവൾ രണ്ടു നേരം – പൂർവ്വ പശ്ചിമ സന്ധ്യകളിൽ വിളക്കു കത്തിച്ച് എന്തെങ്കിലും മധുരം പ്രസാദമായി വച്ച് പ്രാർത്ഥിക്കും, വയ്യാതാവുന്ന സമയത്തൊഴികെ. ആ ദിവസങ്ങളിൽ ചേട്ടനായിരിക്കും പ്രസാദം ഉണ്ടാക്കുന്നതും വിളക്ക് കൊളുത്തുന്നതുമെല്ലാം. അങ്ങനെയുള്ള ഒരു ദിവസം ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയ ഉച്ച തിരിഞ്ഞ നേരം തലയിൽ ഒരു ചെറുതലോടലായിട്ടായിരുന്നു ആദ്യം മുന്നിൽ പ്രത്യക്ഷമായത്. അച്ഛൻ പുറത്തു പോയിരുന്ന സമയമാണെന്ന് ഓർമ്മയുണ്ടായിരുന്നിട്ടു കൂടി ആ സ്‌പർശം തന്നെ ഞെട്ടിയുണർത്തിയില്ല. അത്രയ്ക്ക് സുഖമുള്ള മൃദുവായ ഒന്നായിരുന്നു അത്. ചുറ്റിലും അമ്മയുടെ ഗന്ധവും സാമീപ്യവും നിറയുന്നത് പോലെ. പതിയെ കണ്ണ് തുറന്നു നോക്കിയപ്പോൾ പൂജാമുറിയിലെ വിഗ്രഹം ആൾരൂപം പൂണ്ടതു പോലെ തേജസ്സാർന്ന ഒരു മുഖം. മന്ത്രിക്കുന്ന സ്വരത്തിൽ അദ്ദേഹം ഓരോ കാര്യങ്ങൾ പറയാൻ തുടങ്ങി “രാവിലെ വലിയ രുചിയില്ലാത്ത പ്രസാദവും വെച്ച് ഗോവിന്ദ് പൂജ നടത്തിയപ്പോഴേ എനിക്ക് തോന്നി മോൾ സുഖമില്ലാതെ കിടക്കുകയായിരിക്കുമെന്ന്. പതിവുള്ള അസുഖമല്ലേ!? രണ്ടു ദിവസം കൊണ്ട് സുഖമാവും, തണുത്ത സാധനങ്ങളൊന്നും കഴിക്കേണ്ട, എന്തെങ്കിലും ഉപയോഗിച്ച് വയറിനു ചൂട് പിടിച്ചാൽ സുഖം ഉണ്ടാകും….എന്നിങ്ങനെ ആശ്വസിപ്പിച്ചു ഓരോന്ന് പറയുന്നത് കേട്ടുകൊണ്ട് അന്ന് ഞാൻ സുഖമായി ഉറങ്ങിപ്പോയി. പിന്നീട് ഒറ്റയ്ക്കായിരിക്കുമ്പോൾ പലപ്പോഴും വരും. എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയുന്നത് കൊണ്ട് എന്തു ചോദിച്ചാലും ഉത്തരം കാണും, പിന്നെ തമാശകളും. സമയം പോകുന്നതേ അറിയില്ല, പക്ഷെ മറ്റാരുടെയെങ്കിലും ശബ്ദം കേട്ടാൽ ഉടൻ സ്ഥലം വിടും. മറ്റുള്ളവരെ കാണാൻ മൂപ്പർക്ക് അത്ര ഇഷ്ടമല്ലെന്നാണ് പറയുക.
ഇഷ താഴെ നിന്നും നോട്ടം മുകളിലേക്ക് മാറ്റി, ഒറ്റ മേഘങ്ങളും ഇല്ലാതെ ഇളവെയിലിൽ വെട്ടിത്തിളങ്ങുന്ന നീലാകാശം. ദൂരെ പൊട്ടുപോലെ ചില പക്ഷികൾ പറക്കുന്നത് കാണാം. ഒരു പൂമ്പാറ്റയോ, കുരുവിയോ ആയി മാറിയിരുന്നെങ്കിൽ അങ്ങിനെ പറന്നു രസിക്കാമായിരുന്നു. “എന്താ ഇഷമോളെ ആലോചിക്കുന്നത്?” അവന്റെ പരിചിതസ്വരം പിറകിൽ. “എന്തും ചെയ്യാൻ കഴിയുന്ന ആളല്ലേ?! എന്നെ ഒരു ചെറുപക്ഷിയോ ചിത്രശലഭമോ ആക്കി മാറ്റിത്തരുമോ, കുറച്ചു നേരത്തേക്ക്…” “അയ്യോ അത് വലിയ അപകടമാവും, നീ വിചാരിക്കുന്നതു പോലെ സുന്ദരമല്ല ഈ ആകാശത്തിന്റെ ആഴങ്ങൾ, നിന്നെ കരിച്ചു കളയുന്നത്ര ചൂടുണ്ടാകും, പിന്നെ, തക്കം പാർത്തിരിക്കുന്ന കഴുകന്മാരും… വേണ്ട വേണ്ട, അരുതാത്തതൊന്നും ചിന്തിക്കേണ്ട…”
“ഇഷാ വാതിൽ തുറക്ക്…” പ്രഭാതസവാരി കഴിഞ്ഞെത്തിയ അച്ഛന്റെ ശബ്ദം താഴെ നിന്നും കേട്ട ഉടനെ ദേ അച്ഛൻ വന്നു, ഇനി ഞാൻ ഇവിടെ നിൽക്കുന്നതു ശരിയല്ലെന്ന് പറഞ്ഞു അപ്രത്യക്ഷനായി. ഉള്ളിൽ ചിരി വന്നു “പേടിത്തൊണ്ടൻ!!”
3)
“മോളെ ഒരു ചായ…” എന്ന് പറയുമ്പോഴേക്കും, പതിവുള്ള കാര്യമായതു കൊണ്ട് ചായയുമായി അവൾ അച്ഛന്റെയടുത്ത് എത്തിയിരുന്നു. പിന്നെ, വിശാലമായ പേപ്പർ വായനയോടെയുള്ള ചായ കുടി. മൂന്നാമത്തെ പേജാണ് ആദ്യം വായിക്കുക. “ദേ, കണ്ടോ ഇന്നും രാജസ്ഥാനിൽ പത്തു വയസ്സുള്ളൊരു പിഞ്ചുകുട്ടിയെ….., ഇത് ദൂരെയൊന്നുമല്ല നമ്മുടെ കേരളത്തിൽ തന്നെ ഒരു മതപുരോഹിതൻ….. ദൈവമേ ഇങ്ങനെ പോയാൽ പെൺകുട്ടികൾ എങ്ങനെ ജീവിക്കും… ഇവനെയൊക്കെ പച്ചയ്ക്കു കത്തിക്കണം……” ആ വാർത്തകൾ വായിച്ച് അച്ഛൻ രോഷം കൊള്ളും. അത്തരം വാർത്തകളൊന്നും ഇല്ലാത്ത ദിവസങ്ങളിൽ “ഹാവൂ ഇന്ന് വലിയ കുഴപ്പങ്ങളൊന്നും ഇല്ല…” എന്ന് ദീർഘനിശ്വാസത്തോടെ പറയുമ്പോൾ അതിൽ ചെറിയ നിരാശയുണ്ടോ എന്ന് ഇഷയ്ക്കു തോന്നാറുണ്ട്. അത്തരം ക്രൂരവാർത്തകളിൽ താല്പര്യം ഉളവാക്കുന്ന എന്തോ മാനസിക വൈകൃതം തന്റെ അച്ഛനുണ്ടോ എന്ന സംശയവും. പിന്നീട് ഉപദേശങ്ങളാണ്. “മോളെ, നീ വളരെ സൂക്ഷിക്കണം, പുറത്തിറങ്ങുമ്പോൾ പ്രത്യേകിച്ചും, ചുറ്റും നിറയെ രാക്ഷസന്മാരാണ്…” എന്നിങ്ങനെ കല്യാണം കഴിഞ്ഞിട്ടും പിന്തുടരുന്ന ഒരച്ഛന്റെ വേവലാതികൾ പോലെ ഓരോ ഓർമ്മപ്പെടുത്തലുകൾ… ഇഷ എല്ലാത്തിനും തലയാട്ടി മൂളും. അച്ഛൻ ചിലപ്പോൾ വീണ്ടും ഉച്ച കഴിഞ്ഞു പുറത്തു പോകും. പിന്നെ ഗോവിന്ദ് വരുന്നത് വരെ സമയം പോക്കിനുള്ള ഒരേയൊരുപാധിയായ ടീവിയും അവളും മാത്രമാവും. കല്യാണത്തിന് മുൻപേ മനോഹരമായി ചിത്രങ്ങൾ വരയ്ക്കുന്ന സ്വഭാവമുണ്ടായിരുന്നു. ആരെയും ആകർഷിക്കുന്ന അവളുടെ പെയിന്റിങ്ങുകൾ ഒത്തിരി സമ്മാനങ്ങളും നേടിക്കൊടുത്തിട്ടുണ്ട്. ഒരു തവണ ചേട്ടനോട് ഈക്കാര്യം പറഞ്ഞപ്പോൾ വാങ്ങിച്ചു കൊണ്ടുവന്നത് സ്ഥിരം ഉപയോഗിക്കുന്ന ടൈപ്പ് പെയിന്റും മറ്റും ആയിരുന്നില്ല. പിന്നീട് ഒപ്പം പോയി വാങ്ങാമെന്നു പറഞ്ഞു നീണ്ടു നീണ്ടു പോയി. ഇപ്പോൾ അതിലുണ്ടായിരുന്ന താൽപ്പര്യവും നഷ്ടമായി.
ഉച്ചഭക്ഷണം കഴിഞ്ഞു ചെറുതായൊന്നു മയങ്ങാമെന്നു കരുതിയപ്പോഴാണ് തങ്ങളുടെ വിവാഹവാർഷികമാണ് നാളെ എന്ന കാര്യം അവൾക്കോർമ്മ വന്നത്. കഴിഞ്ഞ രണ്ടു തവണയും വലിയ പാർട്ടി ആയിരുന്നു. ഇത്തവണയും എന്തെങ്കിലും ചേട്ടൻ പ്ലാൻ ചെയ്യാതിരിക്കില്ല. അതുകൊണ്ടു മുറികളൊക്കെ ഒന്ന് വൃത്തിയാക്കാമെന്ന് അവൾ തീരുമാനിച്ചു.
ഡൈനിങ് ഹാളും സ്വീകരണമുറിയും ഒക്കെ അടിച്ചു വാരി, സോഫയും മേശയും കസേരകളും തുടച്ചു വൃത്തിയാക്കി അടുക്കി വെച്ചു. രണ്ടു ബെഡ്‌റൂമിലും വിരികളും തലയണയുറകളും മാറ്റി. തങ്ങളുടെ കിടക്കയിൽ ഇളം നീല ബെഡ്ഷീറ്റിടുമ്പോൾ “മണിയറ പോലെയാക്കിയിട്ടുണ്ടല്ലോ?!” എന്ന ചേട്ടന്റെ സ്ഥിരം ചോദ്യം ഉണ്ടാവും. ഇത്തിരി നാണത്തോടെ അവൾ ഓർത്തു. അപ്പോൾ ഒരു ഗ്ലാസ് പാലും എടുത്തു പോയി “എന്നാൽ ആദ്യരാത്രി തന്നെയായിക്കോട്ടെ” എന്ന് പറഞ്ഞു ഞെട്ടിക്കണം!!.
അവസാനം പൂജാമുറിയിലെത്തി. ഇടംകണ്ണിട്ടു നോക്കുന്ന വിഗ്രഹത്തോട് “ഇന്നൊത്തിരി ജോലിയുണ്ട്, നിന്നോട് കിന്നരിക്കാനൊന്നും നേരമില്ല” എന്ന് പറഞ്ഞു നിലവിളക്കുകളെല്ലാം തുടച്ചു വെക്കാൻ തുടങ്ങി. പഴയ വിളക്കുതിരികൾ, കത്തിത്തീർന്ന ചന്ദനത്തിരികൾ, തീപ്പെട്ടിക്കൊള്ളികൾ എല്ലാം എടുത്തു കളഞ്ഞു. വിഗ്രഹത്തിനു മുന്നിൽ ഇടതു വശത്തുള്ള ചില്ലുകൂട്ടിനുള്ളിൽ വെച്ചിരിക്കുന്ന വലിയ നെയ്യപ്പം പോലെയുള്ള വിശിഷ്ടമായ നിവേദ്യം അൽപനേരം നോക്കി നിന്നു.
ആ ചില്ലുകൂടിന്റെ ഉൾഭാഗം മാത്രമാണ് വീട്ടിനകത്ത് അവളുടെ കയ്യെത്താത്ത, തൊടാനനുവാദമില്ലാത്ത ഒരേ ഒരിടം. സിദ്ധനും സ്വാമിയും ഒക്കെയായി ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു മഹാത്മാവാണ് ചേട്ടന് വളരെ ദിവ്യമായ ആ പ്രസാദം കൊടുത്തത്. എല്ലാവരും ഗുരുജി എന്ന് മാത്രം വിളിക്കുന്ന അദ്ദേഹം പറഞ്ഞിരിക്കുന്നത് ഒരു വർഷം കഴിഞ്ഞു ചേട്ടന്റെ നക്ഷത്രം വരുന്ന നാൾ അടുത്തുള്ള ശിവക്ഷേത്രത്തിൽ ആ ചില്ലുകൂടും നിവേദ്യവും സമർപ്പിക്കണം എന്നാണ്. പറ്റുമെങ്കിൽ ഗുരുജിയും ആ ദിവസം വന്നെത്തും. പറ്റുമെങ്കിൽ എന്നാണു പറഞ്ഞതെങ്കിലും തീർച്ചയായും അദ്ദേഹം എത്തുമെന്നാണ് ചേട്ടന്റെ വിശ്വാസം. “അത്രയും നാൾ കൊണ്ട് അത് കേടായി പോവില്ലേ” എന്ന് ചോദിച്ചപ്പോൾ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന രീതിയിലാണ് അത് ഉണ്ടാക്കുന്നതെന്ന് ഗുരുജി പറഞ്ഞു, യഥാർത്ഥത്തിൽ ദിവസങ്ങൾ കഴിയുംതോറും ഗുണം കൂടി വരികയാണ് ചെയ്യുക. “സ്ത്രീകൾ അത് തൊടാൻ പാടില്ലെന്നും, ചില്ലുകൂടു വരെ വൃത്തിയാക്കുന്നത് ഗോവിന്ദ് മാത്രമായിരിക്കണമെന്നും” പ്രത്യേകം പറഞ്ഞിട്ടുണ്ട്. തന്റെ ഇതുവരെയുള്ള ഐശ്വര്യത്തിനെല്ലാം കാരണം അദ്ദേഹത്തിന്റെ വാക്കുകൾ അക്ഷരം പ്രതി അനുസരിക്കുന്നതാണെന്നു ഇടയ്ക്കിടെ ഗോവിന്ദ് ഓർമിപ്പിക്കും. ഒരിക്കൽ മാത്രം വൃത്തിയാക്കാനോ മറ്റോ ചേട്ടൻ ആ കൂടു തുറന്നപ്പോൾ അഭൗമമായ, ആരെയും കൊതിപ്പിക്കുകയും മയക്കുകയും ചെയ്യുന്ന ഗന്ധം അവിടെ പരന്നിരുന്നു. അതേപ്പറ്റി കുടുംബ ദൈവത്തോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം വിചിത്രമായിരുന്നു. “ചില പ്രസാദം കഴിക്കണമെങ്കിൽ ദൈവത്തിനു പോലും ഭക്തരുടെ അനുവാദം ആവശ്യമാണ്” എന്നായിരുന്നു പറഞ്ഞത്, കൂടുതൽ ചോദ്യം ഉണ്ടാവുന്നതിനു മുന്നേ വിഷയം മാറ്റിക്കളഞ്ഞു.
4)
എല്ലായിടവും വൃത്തിയാക്കിക്കഴിഞ്ഞ് ചെറുതായൊന്നു മയങ്ങി. ആരോ തോണ്ടി വിളിച്ചപ്പോഴാണ് ഉണർന്നത്. അടുത്ത് ഒരു ബോക്സിൽ നല്ല വലിപ്പമുള്ള പാവക്കുട്ടി. വിവാഹ വാർഷിക ആശംസകൾ എന്ന് എഴുതിയിരിക്കുന്നു. ആ പെട്ടി എടുത്തു നോക്കുമ്പോൾ ഒളിച്ചിരുന്ന ഗോവിന്ദ് “സർപ്രൈസ്” എന്ന് പറഞ്ഞു ചാടി വീണു. “എങ്ങിനെയുണ്ട്, ഇഷ്ടമായോ?” എന്ന് ചോദിച്ചപ്പോൾ അവൾ ചിരിച്ചു കൊണ്ട് തലയാട്ടി. “അത് വെറും പാവയല്ല, നിന്റെ കൂടെ സംസാരിക്കാനും നടക്കാനും ഡാൻസ് കളിക്കാനും ഒക്കെ കഴിയുന്ന സൂപ്പർ പാവയാണ്, കാണിച്ചു തരാം.”
അയാൾ ശ്രദ്ധിച്ചു പെട്ടി തുറന്ന് പാവയെ എടുത്ത് അവളുടെ കൈകളിൽ വച്ചു കൊടുത്തു പറഞ്ഞു “ഇനി എന്തെങ്കിലും അതിനോട് ചോദിച്ചു നോക്കൂ.”
കുറച്ചു നേരം അതിനെ എടുത്തു താലോലിച്ചു മടിയിൽ വെച്ച് അതിന്റെ നീലക്കണ്ണുകളിലേക്കു നോക്കി വാത്സല്യത്തോടെ ഇഷ ചോദിച്ചു “എന്താ നിന്റെ പേര് ?”
“യൂറോപ്പിൽ നിന്നും വന്ന ഈ സുന്ദരിക്ക് നിന്റെ മലയാളം എങ്ങിനെ മനസ്സിലാവും, ഇംഗ്ലീഷിൽ വേണം ചോദിക്കാൻ??”
തെറ്റ് മനസ്സിലായ ഇഷ മാറ്റി ചോദിച്ചു,
“വാട്‍സ് യുവർ നെയിം?”
“ഏയ്ഞ്ചൽ”
രൂപം പോലെ തന്നെ മനോഹരമായ ശബ്‌ദത്തിൽ പാവ ഉത്തരം നൽകി.
“ഹൌ ഓൾഡ് ആർ യു?”
“റ്റു ഇയർസ് !”
“വെയർ ആർ യു ഫ്രം?”
“ഇംഗ്ലണ്ട് !”
ഇഷയുടെ ഓരോ ചെറിയ ചെറിയ ചോദ്യങ്ങൾക്കും ഡോൾ കൃത്യമായി ഉത്തരം നൽകിക്കൊണ്ടിരുന്നു.
അവസാനമായി അതിനെ കൈകളിൽ എടുത്തു അല്പസമയം കണ്ണുകളിലേക്കു നോക്കി ചോദിച്ചു.
“ആർ യു ഹാപ്പി?!”
കുറെ കാലമായി മനസ്സിൽ പ്രതിധ്വനിച്ചു കൊണ്ടിരിക്കുന്ന ചോദ്യമായതിനാലാവാം ആകാംക്ഷ കൊണ്ട് ഇഷയുടെ ശബ്ദം വിറച്ചിരുന്നു.
രണ്ടു നിമിഷത്തെ ഇടവേളയ്ക്കു ശേഷം അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് പാവ ഉത്തരം പറയുന്നതിന് പകരം അതെ ചോദ്യം ആവർത്തിച്ചു. “ആർ യു ഹാപ്പി??!”
ഒന്ന് വല്ലാതായ അവൾ പിറകിൽ നിന്നും പൊട്ടിച്ചിരിക്കുന്ന ഗോവിന്ദിനെ സംശയത്തോടെ നോക്കി.
“അതാണ് മറ്റൊരു സർപ്രൈസ്, അതിന് അറിയാത്ത ചോദ്യം ചോദിച്ചാൽ അതേ ചോദ്യം നമ്മോടു ആവർത്തിക്കും, ടെക്‌നോളജിയുടെ കാര്യത്തിൽ ഈ യൂറോപ്യന്മാരുടെ അടുത്തൊന്നുമല്ല നമ്മൾ…!! അല്ലെ”
ഇഷ സമ്മതിച്ചു തലയാട്ടി. പിന്നെ എയിഞ്ചലിനെ രണ്ടു കൈ കൊണ്ടുമെടുത്തു നെറ്റിയിൽ മൃദുവായി ഉമ്മ വെച്ചു. അതേ സമയം അവളുടെ മുഖം അൽപ്പം ഇരുണ്ടു, കാര്യം മനസ്സിലായതു പോലെ ഗോവിന്ദ് പറഞ്ഞു.
“നീ ഇപ്പോൾ ആലോചിക്കുന്നത് എന്താണെന്ന് എനിക്കറിയാം, കുറച്ചു കൂടി ക്ഷമിക്കണം, രണ്ടു മാസത്തിനുള്ളിൽ പ്രതീക്ഷിച്ച പ്രമോഷൻ കയ്യിൽ വരും, പിന്നെ ഒരു വർഷത്തിനുള്ളിൽ നിനക്ക് ഇതിനേക്കാൾ സുന്ദരിയായ ഒരു കുട്ടിയെ ഞാൻ തീർച്ചയായും തരും!”
“സുന്ദരിയായ കുട്ടി നമുക്കുണ്ടാകും എന്ന് പറഞ്ഞാൽ പോരെ”, ഇഷ ചിരിച്ചു കൊണ്ട് അയാളെ തിരുത്തി.
“ശരി പൊന്നേ, ഇനി അതിനൊരു വഴക്കു വേണ്ട, വേഗം ചോറെടുത്തു വെക്കാൻ നോക്ക്, നേരത്തെ കിടക്കണം…” അവളെ നോക്കി കണ്ണിറുക്കി അയാൾ തുടർന്നു.
5)
“നാളെയൊരു പാർട്ടി എന്ന് പറഞ്ഞപ്പോൾ അച്ഛന്റെ താല്പര്യം കണ്ടില്ലേ?! രണ്ടു പേരും കൂടി എനിക്ക് പണിയുണ്ടാക്കാതിരുന്നാൽ മതി.” അർദ്ധതാര്യമായ നീല നിശാവസ്ത്രത്തിനുള്ളിലെ അവളുടെ അഴക് ആസ്വദിക്കുന്നതിനിടയിൽ അയാൾ ഇഷ പറഞ്ഞത് പകുതിയേ കേട്ടുള്ളൂ. “അതൊക്കെ നാളെ പറയാം. നമുക്ക് വേഗം കിടക്കാൻ നോക്കാം!” അവന്റെ വെപ്രാളം കണ്ട് അവൾക്കു ചിരി വന്നു.
വിശന്നു വലഞ്ഞ വേട്ടനായ സ്വാദിഷ്ഠമായ മാംസക്കഷണം കണ്ടതു പോലെ അയാൾ ചാടി വീണു. അയാളുടെ വിയർപ്പിന്റെ ദുർഗന്ധവും പട്ടിയെപ്പോലെ അണയ്ക്കുന്ന നിശ്വാസങ്ങളുടെ ശബ്ദവും അവളിൽ വിരക്തിയാണുണ്ടാക്കിയത്. നനവാറ്റിക്കൊണ്ടിരുന്ന ശരീരഭാരത്തിനടിയിൽ ഞെരിഞ്ഞമർന്നു കിടക്കുമ്പോൾ അവൾക്കെന്തുകൊണ്ടോ അന്ന് സമ്മാനമായി കിട്ടിയ നീലക്കണ്ണുകളും സ്വർണ്ണമുടിയും ഉള്ള സുന്ദരിപ്പാവയെ ഓർമ്മവന്നു.
6)
രാവിലെ എഴുന്നേൽക്കുമ്പോഴേക്കും ഗോവിന്ദ് കുളി കഴിഞ്ഞു ജോലിക്കു പോകാൻ തയ്യാറാവുകയായിരുന്നു.
“നിനക്ക് നല്ല ക്ഷീണമുണ്ടാവുമെന്ന് അറിയാവുന്നതു കൊണ്ട് വിളിക്കാതിരുന്നതാണ്. അച്ഛൻ നടക്കാൻ പോകുന്നതിനു മുന്നേ ഞങ്ങൾ രണ്ടു പേരും ഓരോ ചായ ഉണ്ടാക്കി കഴിച്ചു. നിനക്കുള്ളത് ഗ്ലാസ്സിൽ ഒഴിച്ചുവച്ചിട്ടുണ്ട്. ബ്രേക്‌ഫാസ്റ്റ് ഞാൻ പുറത്തുനിന്നും കഴിക്കും.”
അവൾ തലയാട്ടി.
“പിന്നെ ഉച്ച കഴിഞ്ഞു അച്ഛൻ പുറത്തു പോകും, സുഹൃത്തുക്കളെയൊക്കെ വിളിച്ചു വൈകിട്ടേ എത്തുകയുള്ളൂ. ഉച്ചയ്ക്ക് ശേഷം ലീവെടുത്തു ഞാൻ ഓടിയെത്താം, മനസ്സിലായില്ലേ” അവളുടെ കവിളിൽ ഒന്ന് നുള്ളി അയാൾ ധൃതിയിൽ നടന്നുപോയി.
അവൾ കുളിച്ചു വരുമ്പോഴേക്കും അച്ഛൻ കുറെ നല്ല മീനും ചിക്കനും ഒക്കെ വാങ്ങി വന്നിരുന്നു.
“എല്ലാം മുറിച്ചു ഫ്രൈ ചെയ്യാൻ പാകത്തിലുള്ളതാണ്. കാര്യമായ പണിയൊന്നും ഇല്ല. വെറുതെ മസാല ചേർത്ത് വറുത്തെടുത്താൽ മതി. വരുന്നവർക്ക് എന്തെങ്കിലും നമ്മൾ ഉണ്ടാക്കിയതും കൊടുക്കണ്ടേ, മാത്രമല്ല നിനക്ക് ഇപ്പോഴും ഉച്ചയ്ക്കും കഴിക്കാനുള്ളതും വാങ്ങിച്ചിട്ടുണ്ട്.”
അച്ഛൻ കാര്യമായ തയ്യാറെടുപ്പിൽ തന്നെയാണ്.
“ഞാൻ വീണ്ടും പുറത്തു പോകുകയാണ്. കുറച്ചു സുഹൃത്തുക്കളെ കൂടി വിളിക്കാനുണ്ട്, പിന്നെ സ്‌പെഷൽ ആയി കുറച്ചു സാധനം വാങ്ങാനും ഏൽപിച്ചിട്ടുണ്ട് നിന്റെ ഭർത്താവ്.” കൈ കൊണ്ട് കുടിക്കുന്ന ആംഗ്യം കാണിച്ചു ചിരിച്ചു കൊണ്ട് അച്ഛൻ പറഞ്ഞപ്പോൾ തനിക്കു ക്ഷണിക്കാൻ മാത്രം ചങ്ങാതികളൊന്നും അടുത്തെവിടെയും ഇല്ലെന്ന കാര്യം നിരാശയോടെ ഇഷ ഓർത്തു.
ചായ കുടിച്ചു കഴിഞ്ഞു തനിച്ചായപ്പോൾ വീണ്ടും അവൾ മുറികളൊക്കെ വൃത്തിയായിട്ടു തന്നെയില്ലേ എന്ന് നോക്കി. പൂജാമുറിയിൽ ഗോവിന്ദ് കത്തിച്ചു വെച്ചിരുന്ന നിലവിളക്കു കെടുത്തിയപ്പോൾ അറിയാതെ അവൾ വിശിഷ്ടമായ നിവേദ്യം വച്ച ചില്ലുകൂട്ടിനുള്ളിലേക്കു നോക്കിപ്പോയി. അങ്ങിനെ നോക്കിയിരിക്കെ അതിൽ അൽപ്പം ഒന്ന് രുചിച്ചു നോക്കിയാലോ എന്നു ഇതുവരെ തോന്നാത്ത വിധം ശക്തമായ ഒരാഗ്രഹം ഉണർന്നു. മനസ്സിന്റെ പകുതി അതിന്റെ ഭവിഷ്യത്തുകളെ ഓർമ്മപ്പെടുത്തി പിന്തിരിപ്പിച്ചുകൊണ്ടിരുന്നെങ്കിലും, വിലക്കുകൾ ലംഘിക്കാനുള്ള മനുഷ്യസഹജമായ സ്വഭാവം തന്നെ ഒടുവിൽ വിജയം കണ്ടു. ഇപ്പോൾ ഇവിടെ ആരും ഇല്ല, വിഗ്രഹത്തിലേക്കു നോക്കിയപ്പോൾ അതിന്റെ കണ്ണുകൾ അടഞ്ഞുകിടക്കുന്നു. ഒരു പക്ഷേ ഉറക്കമായിരിക്കും, ഇത്തിരി എടുത്തു ആ ഭാഗം പിറകിലേക്ക് തിരിച്ചു വെച്ചാൽ ആരും അറിയാനും പോകുന്നില്ല, ആദ്യമേ അങ്ങിനെ തന്നെയായിരുന്നു എന്നേ വിചാരിക്കു.
അവൾ ശ്രദ്ധാപൂർവ്വം ചില്ലുകൂട് തുറന്നു വെള്ളിത്തളികയിൽ വെച്ചിരുന്ന ആ ദിവ്യപദാർത്ഥം പുറത്തെടുത്തു. അവിടമാകെ മയക്കുന്ന സുഗന്ധം പരന്നു. അവൾ കണ്ണുകളടച്ചു മൃദുവായി ആ നിവേദ്യത്തിന്റെ ഒരു ചെറിയ ഭാഗം കടിച്ചെടുത്തു. പെട്ടെന്ന്………
7)
ഒരു പകൽരതിയുടെ സാധ്യത വിതച്ച പ്രലോഭനത്തിൽ ധൃതിയിൽ ഉച്ചഭക്ഷണം കഴിച്ചു വീട്ടിലേക്ക് ഓടിയെത്തിയ ഗോവിന്ദിന് വാതിൽ ഉള്ളിൽ നിന്നും ലോക്ക് ചെയ്‌തിട്ടില്ലെന്നു കണ്ടു ചെറുതായി ദേഷ്യം വന്നു. “ഇവളോടെപ്പോഴും പറയുന്നതാണ് വാതിൽ നല്ലവണ്ണം അടയ്ക്കാൻ, കള്ളന്മാർക്ക് പകലെന്നോ രാത്രിയെന്നോ ഇല്ലാത്ത സമയമാണ്, എന്തായാലും ഇപ്പോഴൊന്നും പ്രശ്നമാക്കി മൂഡ് കളയണ്ട” അയാൾ ഉള്ളിൽ തീരുമാനിച്ചു. പിന്നെ അവൾ അടുക്കളയിൽ എന്തെങ്കിലും എടുക്കുകയായിരിക്കും എന്ന് കരുതി “ഡാർലിംഗ്!” എന്ന് വിളിച്ചുകൊണ്ട് അടുക്കളയിലേക്കു ഓടിച്ചെന്നു. അവിടെ പുറത്തു വെച്ചിരുന്ന ഇറച്ചിയും മീനും കേടായി മണക്കാൻ തുടങ്ങിയിരുന്നു. ഇപ്പോൾ അയാൾക്ക് ശരിക്കും ദേഷ്യം വന്നു തുടങ്ങി. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയതാണോ എന്ന് വിചാരിച്ചു ബെഡ്റൂമിലും അവിടെ കാണാതായപ്പോൾ മറ്റു മുറികളിലും ബാൽക്കണിയിലും എല്ലാം അയാൾ ശരിക്കും നോക്കി. അവളുടെ മൊബൈലിൽ വിളിച്ചപ്പോൾ അടുക്കളയിൽ നിന്ന് തന്നെ അതിന്റെ റിങ്‌ടോൺ കേട്ടു. അല്ലെങ്കിലും മൊബൈൽ അവളെ ഒരിക്കലും ആകർഷിച്ചിരുന്നില്ല. അയാൾക്ക് ദേഷ്യത്തോടൊപ്പം പരിഭ്രമവും വന്നു.
അടുത്തുള്ള ഒട്ടു മിക്ക ഫ്ലാറ്റുകളും ജോലിദിവസമായതു കൊണ്ട് അടഞ്ഞു കിടക്കുകയായിരുന്നു. വലിയ അടുപ്പമില്ലാതിരുന്നിട്ടു കൂടി ചില വീടുകളിൽ അയാൾ മുട്ടിവിളിച്ച് അന്വേഷിച്ചു. അവർക്കൊന്നും ഇഷയെ പരിചയം പോലുമില്ലെന്നറിഞ്ഞു നിരാശ തോന്നി. അവളുടെ സുഹൃത്തുക്കളായി ആരെയും തനിക്കും പരിചയമില്ലെന്ന കാര്യം നിസ്സഹായാവസ്ഥ ഇരട്ടിപ്പിച്ചു.
സമയം അതിക്രമിച്ചുകൊണ്ടിരിക്കുന്നതിനനുസരിച്ച് അയാൾ കൂടുതൽ വിവശനായി. അച്ഛനെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ എന്തു ചെയ്യണമെന്ന് ഒരു ഊഹവുമില്ലെങ്കിലും “എന്റെ മോൾ ഒരപകടത്തിലും പെടില്ല, അവളെ ഞാൻ അങ്ങനെയാണ് വളർത്തിയത്, അവളിങ്ങു വരും….” എന്നിങ്ങനെ സ്വയം ആശ്വാസം പകർന്നു കൊണ്ട് സംസാരിക്കുക മാത്രമാണ് ചെയ്തത്. അയാൾക്ക് അത് മാത്രമേ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. രണ്ടു പേരും ക്ഷണിച്ചവരെയും മറ്റും വിളിച്ച് ഇഷയ്ക്കു സുഖമില്ലാത്തതു കൊണ്ട് പാർട്ടി പിന്നൊരു ദിവസത്തേക്ക് മാറ്റിയെന്ന് അറിയിച്ചു. വൈകുംതോറും എന്തു ചെയ്യണമെന്ന് അറിയാതെ ഇരിക്കുന്ന രണ്ടു പേരിലും ആധി പെരുകികൊണ്ടിരുന്നു. ബെഡ്‌റൂം മുഴുവൻ അരിച്ചുപെറുക്കിയിട്ടും എങ്ങോട്ടായിരിക്കും അവൾ പോയത് എന്നതിനെക്കുറിച്ച് ഒരു സൂചനയും ഗോവിന്ദിന് ലഭിച്ചില്ല. അച്ഛനാകട്ടെ “അവൾക്കു നമ്മൾ മാത്രമായിരുന്നു ലോകം, പട്ടാളച്ചിട്ടയിലാണ് അവളെ ഞാൻ വളർത്തിയത്….” എന്നിങ്ങനെ പുലമ്പിക്കൊണ്ടിരുന്നു.
ഇതിനിടയിൽ പുറത്ത് എന്തൊക്കെയോ ബഹളം നടക്കുന്നുവെന്ന് കണ്ട് അരൂപിയായി വിഗ്രഹം വിട്ടിറങ്ങിയ ദൈവത്തിനും ഇഷയുടെ തിരോധാനം ഞെട്ടലുണ്ടാക്കി. അദ്ദേഹം ബാൽക്കണിയിൽ നിന്ന് പുറത്തു അന്തിസൂര്യൻ ഋതുവാക്കിത്തീർത്ത ചെമപ്പുരാശി പടർന്ന വാനത്തിന്റെ ആഴങ്ങളിലേക്ക് സൂക്ഷിച്ചു നോക്കി.
ഒന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും അതിനിടയിൽ എവിടെയോ അവളുണ്ടാവും എന്ന് തീർച്ചയാക്കി. എന്നിട്ടു തന്നെക്കാൾ മുതിർന്ന ദൈവങ്ങളോട് “എന്റെ കുട്ടിക്ക് ഒന്നും വരുത്തരുതേ..!” എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
ചാരിവെച്ച വാതിൽവിടവിലൂടെയും വെന്റിലേറ്ററിലൂടെയും ബാൽക്കണി വഴിയും ഒക്കെ കടന്നു വന്ന ഇരുട്ട് ഒരു പർദ്ദ പോലെ വീടിന്റെ അകം മുഴുവൻ മൂടുവാൻ തുടങ്ങി. അന്യോന്യം കാണാൻ ഉള്ള വൈമുഖ്യം കാരണം രണ്ടു പേരും ലൈറ്റൊന്നും ഇടാൻ തുനിഞ്ഞില്ല. കുറച്ചു കൂടി കഴിഞ്ഞപ്പോൾ അച്ഛൻ ഗോവിന്ദിന്റെ അടുത്ത് വന്നു പറഞ്ഞു “ ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല, എങ്കിലും നമുക്ക് പോലീസിൽ അറിയിക്കാം, അതാണ് നല്ലത്” അതു തന്നെയാലോചിച്ചിരുന്ന ഗോവിന്ദും സമ്മതിച്ചു. എഴുന്നേറ്റ് വീടു പൂട്ടി നിർജ്ജീവമായ രണ്ടു നിഴലുകൾ പോലെ തെരുവിന്റെ അറ്റത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് അവർ നടന്നു.
വെളിച്ചമന്വേഷിച്ചുകൊണ്ടുള്ള ഇഷയുടെ യാത്രയെപ്പറ്റി ഒന്നുമറിയാതെ….!!
0 Comments