Author

രഞ്ജിത് രഘുപതി
നഗരത്തിന്റെ മധ്യത്തിലെങ്കിലും നാഗരികതയുടെ കോലാഹലങ്ങളിൽ നിന്നൊഴിഞ്ഞു മാറി നിൽക്കുന്ന ഒരിടത്താണ് പ്രഭാത് മാൻഷൻ എന്ന മാളിക സ്ഥിതി ചെയ്യുന്നത്. ഒരു പഴയ ഇരുനിലക്കെട്ടിടമാണ്. ഈയടുത്തെപ്പോഴോ നിറങ്ങൾ പൂശി അതിനെ മോടിപിടിപ്പിച്ചിരിക്കുന്നു. ടാക്സി വീട്ടുമുറ്റം വരെ ചെല്ലുമെന്നറിഞ്ഞിട്ടും അവളെന്തോ ഗേറ്റിനരികിൽ ഇറങ്ങി നടക്കാൻ തീരുമാനിച്ചു. ഗേറ്റ് മുതൽ വീടു വരെ ക്രമം തെറ്റി വളർന്നു കിടക്കുന്ന ചെടികളും കിഴവന്മാരെപ്പോലെ ആണ്ടുകളുടെ കടങ്കഥകൾ പുലമ്പി നിൽക്കുന്ന മരങ്ങളുമാണ്. വഴി മൂടിക്കിടക്കുന്ന കരിയിലകൾക്കു മീതെ ചവിട്ടി നടക്കാൻ ശുഭാംഗിക്ക് ഒരു കൗതുകം തോന്നി. ഇന്നലെകളിലെപ്പോഴോ അനുഭവിച്ച ഏതോ ഒരു സുഖത്തിന്റെ ഓർമ്മ കാൽച്ചുവടുകളിൽ ഞെരിഞ്ഞമരുന്ന കരിയിലകളുടെ ശബ്ദത്തിനുണ്ടായിരുന്നു.
അവളെ പ്രതീക്ഷിച്ചു നിൽക്കുന്നതു പോലെ അഡ്വക്കേറ്റ് സാംബശിവൻ വീട്ടുമുറ്റത്തു തന്നെയുണ്ടായിരുന്നു. ബനിയനും ലുങ്കിയുമണിഞ്ഞ അയാൾ പുഞ്ചിരിച്ചപ്പോൾ അയാളൊരു പാവത്താനാണെന്ന് ശുഭാംഗിക്ക് തോന്നി. ഇന്നലെ സഫാരി സ്യൂട്ടും കറുത്ത കണ്ണടയുമായി അയാളെ ബ്യൂറോവിൽ വെച്ച് കണ്ടപ്പോൾ ഒരു കർക്കശ സ്വഭാവക്കാരനെന്നുറപ്പിച്ചതാണ്. എന്നാൽ ഒരു പ്രച്ഛന്നവേഷ മത്സരം കഴിഞ്ഞ് വസ്ത്രങ്ങളൂരിക്കളഞ്ഞ കുട്ടിയെപ്പോലെയുണ്ട് അയാളിപ്പോൾ.
സ്വാഗതമോതാതെ വീട്ടിനുള്ളിലേക്ക് കയറിയ അയാളെ അനുഗമിക്കാൻ ശുഭാംഗിക്ക് തോന്നി. ഇടയ്ക്ക് ഒന്ന് ശങ്കിച്ചുവെങ്കിലും മുകളിലത്തെ നിലയിലേക്കുള്ള കോണിപ്പടികൾ കയറുന്നതിനു മുൻപ് സാംബശിവൻ തിരിഞ്ഞു നോക്കി അവൾ പിന്നിലുണ്ടെന്ന് ഉറപ്പ് വരുത്തിയപ്പോൾ തന്റെ ചലനങ്ങൾ തെറ്റിയില്ല എന്ന് ശുഭാംഗി മനസിലാക്കി. പടികൾ കടന്ന് ഇടതുവശത്തുള്ള രണ്ടാമത്തെ മുറിയുടെ അരികിലെത്തിയപ്പോൾ ശുഭാംഗി തിരിച്ചറിഞ്ഞു ആ മുറിയിലാണ് താൻ പരിചരിക്കാൻ പോകുന്ന വൃദ്ധയുണ്ടാവുക എന്ന്. കാരണം അവൾക്ക് പരിചിതമായ ഗന്ധം ആ മുറിയുടെ ചുവരുകളെ ഭേദിച്ച് പുറത്തേക്ക് വ്യാപിച്ച് നിന്നിരുന്നു. വിസർജ്ജ്യങ്ങളുടെയും മരുന്നിന്റെയും മരണത്തിന്റെയും ഗന്ധം. ഓരോ മനുഷ്യ ശരീരത്തിനും ഓരോ ഗന്ധമാണ്. പക്ഷെ വാർദ്ധക്യത്തിലെത്തിയാൽ എല്ലാ ശരീരങ്ങൾക്കും ഒരേ വൃത്തികെട്ട ഗന്ധമാണെന്ന് അവൾ ഇതിനു മുൻപ് പരിചരിച്ചിരുന്നവരിൽ നിന്ന് തിരിച്ചറിഞ്ഞിരുന്നു.
മുറിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് സാംബശിവൻ തന്റെ ചലനങ്ങളിൽ കൃത്രിമമല്ലാത്ത ചില മാറ്റങ്ങൾ വരുത്തി. ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് അകത്തേക്ക് കയറിയ അയാളുടെ നിഴൽ പോലെ ശുഭാംഗിയും ഉള്ളിലേക്ക് പ്രവേശിച്ചു. വിശാലമായ ഒരു മുറിയുടെ നടുവിൽ തൊണ്ണൂറോളം വയസ്സ് പ്രായമുള്ള വൃദ്ധ കിടക്കുന്നു. അരികിലെ മേശപ്പുറത്ത് ഗുളികകളും മരുന്നുകളും. സാംബശിവൻ കിടക്കയിൽ ഇരുന്നപ്പോൾ അവർ സാവധാനം മുഖം ചരിച്ച് അയാളെയും പുതിയ സന്ദർശകയെയും നോക്കി പുഞ്ചിരിച്ചു. അതോ അവർ പുഞ്ചിരിക്കുന്നതായി തനിക്ക് തോന്നിയതാണോ. എന്നവൾ ഒരു നിമിഷം ശങ്കിച്ചു. അവരുടെ മാംസളമായ മുഖത്തിലെ ചുളിവുകൾ സൃഷ്ടിക്കുന്ന ഭാവങ്ങൾ തിരിച്ചറിയുക അസാധ്യമാണെന്നവൾക്ക് തോന്നി.
“പൊടിയനെക്കണ്ടോ?” അവർ അവശതയുള്ള സ്വരത്തിൽ സാംബശിവനോടാരാഞ്ഞു.
“ഇല്ല” അയാൾ നിരാശയോടെ സ്വരം താഴ്ത്തിപ്പറഞ്ഞു. എന്നിട്ട് പിന്നിൽ നിൽക്കുന്ന ശുഭാംഗിയോട് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: “പൊടിയൻ ഒരു പൂച്ചക്കുട്ടിയാണ്. ഈ വീട്ടിലുണ്ടായിരുന്ന പൂച്ച പ്രസവിച്ചതാണവനെ. അമ്മയ്ക്ക് അവനെ ജീവനായിരുന്നു. എപ്പോഴും അവൻ ഈ കിടക്കയിൽ അമ്മയോടൊപ്പം കളിക്കുമായിരുന്നു. മിനിഞ്ഞാന്ന് രാത്രി അവന്റെ തള്ള വന്ന് അവനെ എങ്ങോ കൂട്ടിക്കൊണ്ട് പോയി. പിന്നെ അവനെ ആരും കണ്ടിട്ടില്ല. ഞാനും ശംഭുവും ചേർന്ന് എല്ലായിടത്തും നോക്കി. അവനെ പിന്നെ കണ്ടില്ല. തള്ളപ്പൂച്ച ഇപ്പോഴും ഒന്നുമറിയാത്ത പോലെ അടുക്കളയുടെ പിന്നിലിരിപ്പുണ്ട്.”
സാംബശിവൻ മുറിയിൽ നിന്ന് പോയ ശേഷം ശുഭാംഗി വൃദ്ധയുടെ അരികിലിരുന്നു. വൃദ്ധ അവളെ നോക്കി പുഞ്ചിരിച്ചു. ഇപ്പോൾ അവളുടെ സംശയമകന്നു. അവർ തന്നെ നോക്കി പുഞ്ചിരിക്കുക തന്നെയാണ്.
നേരമിരുട്ടിയപ്പോൾ പരിചാരകൻ ശംഭു ഒരു പ്ലറ്റിൽ വൃദ്ധയ്ക്കുള്ള ഭക്ഷണം കൊണ്ടുവന്ന് വെച്ചു. ശുഭാംഗി വൃദ്ധയെ സാവധാനം എഴുന്നേൽപ്പിച്ച് ഒരു തലയിണയിൽ ചായ്ച്ചിരുത്തി. അരിയും പരിപ്പുമിട്ട് വേവിച്ച കുഴമ്പ് പോലെയുള്ള ഭക്ഷണം അവൾ വൃദ്ധക്ക് ഒരു കരണ്ടിയിൽ കൊടുത്തു. അവർ അത് താൽപ്പര്യത്തോടെ കഴിക്കുന്നത് കണ്ടപ്പോൾ അവൾക്ക് സമാധാനം തോന്നി.
അത്താഴത്തിനിടയിൽ വൃദ്ധ അവ്യക്തമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. പകുതി ശുഭാംഗിയോടും പകുതി തന്നോട് തന്നെയും എന്ന മട്ടിലാണ് അവർ പിറുപിറുത്തിരുന്നത്. പൊടിയൻ എന്ന തിരോഭവിച്ച പൂച്ചയെക്കുറിച്ചാണ് അവർ വേവലാതി പൂണ്ട് വാചാലയാകുന്നതെന്നവൾക്കു തോന്നി.
അത്താഴത്തിനു ശേഷം ചെറുപ്പക്കാരനും സുമുഖനുമായ ഒരു ഡോക്ടർ വന്നു. അയാൾ നിശബ്ദനായി മുറിയിലേക്കു കടന്ന് വൃദ്ധയുടെ ഇടത് കരത്തിലെ ചുളിഞ്ഞ തൊലി കൊണ്ടാവരണം ചെയ്ത പേശിയിൽ ഇൻജെക്·ഷൻ ചെയ്തു. പ്രത്യേകിച്ച് ഭാവഭേദമൊന്നും കൂടാതെ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അവർ പ്രതികരിച്ചു. ഡോക്ടർ പോയയുടനെ സാംബശിവൻ വന്നു. ശുഭാംഗിയും അയാളുടെ അമ്മയും പെട്ടെന്ന് ഇണക്കത്തിലായതിന്റെ ചാരിതാർഥ്യം ഒരു മന്ദഹാസത്തിലൊതുക്കി അയാൾ പറഞ്ഞു: “ഇൻജെക്·ഷൻ കഴിഞ്ഞാൽ നാല് മണിക്കൂർ അമ്മ ഉറങ്ങാൻ പാടില്ല” അയാൾ ഒച്ച വെച്ച് തിരിയുന്ന ഘടികാരത്തിന്റെ സൂചികളിൽ നോക്കി:” ഇപ്പോൾ എട്ട് മുപ്പത്തിയഞ്ച്. പന്ത്രണ്ട് മുപ്പത്തിയഞ്ചാവുമ്പോൾ അമ്മ ഉറങ്ങട്ടെ. പിന്നെ തനിക്കും കിടക്കാം.”
“എന്താ പേര്?”- വൃദ്ധ അപ്രതീക്ഷിതമായി അവളോട് ചോദിച്ചു.
അവൾ പേര് പറഞ്ഞു.
“എന്താ അമ്മയുടെ പേര്?”
“എന്റെയോ ?…” ഗൃഹപാഠം ചെയ്യാത്ത ഒരു കുട്ടിയെപ്പോലെ അവർ ആ ചോദ്യത്തിന് മുന്നിൽ പരുങ്ങി.
“എന്റെ പേര് കവിത…അല്ല പദ്മജ…അതോ വനജയോ?”
ഓർമ്മകൾ ഒളിച്ചുകളി നടത്തുന്നതോർത്ത് അവർ വികൃതമായി ചിരിച്ചു. അവർ സ്വന്തം പേരു പോലും മറന്നിരിക്കുന്നു. ഒരു പക്ഷെ തന്റെ ഭൂതകാലം മുഴുവനും അവർ മറന്നിരിക്കാം. ഇന്നലെകൾ ഇരുളിൽ ആണ്ട് പോയി ശൈശവം, ബാല്യം കൗമാരയൗവനങ്ങൾ എല്ലാം കണ്ടു മറന്ന സ്വപ്‌നങ്ങൾ പോലെ മാഞ്ഞു കഴിഞ്ഞിരിക്കാം.
കൃത്യം പന്ത്രണ്ട് മുപ്പത്തിയഞ്ചിന് ശുഭാംഗി വൃദ്ധ ചാരിയിരുന്ന തലയണ യഥാസ്ഥാനത്ത് വെച്ച് അവർക്ക് ഉറങ്ങാൻ നിർദ്ദേശം കൊടുത്തു. അവർ അണിഞ്ഞിരുന്ന അയഞ്ഞ നിശാവസ്ത്രമുയർത്തി പഴയ ഡയപ്പർ മാറ്റി വൃത്തിയാക്കിയ ശേഷം പുതിയൊരെണ്ണം അവൾ ഇട്ടു കൊടുത്തിരുന്നു. വൃദ്ധയുടെ കിടക്കയുടെ തെല്ലരികിലായി ചുവരിനോട് ചേർന്ന് ശുഭാംഗിക്കായി ഒരുക്കിയിരുന്ന ഒരു ചെറിയ കട്ടിലിൽ കിടന്ന് അവൾ കണ്ണുകളടച്ചു.
രാത്രിയിലെപ്പോഴോ മഴ പെയ്യുന്നതായി ശുഭാംഗിക്ക് തോന്നി. അത് നനയിച്ച മണ്ണിന്റെ മണം ജാലകങ്ങളിലൂടെ കയറി വന്ന് മുറിയിലെ മരുന്നിന്റെ ഗന്ധവുമായി ഇണ ചേർന്നു. മരണം കാക്കുന്നവരുടെ കാവലാളാണ് താൻ എന്ന് ശുഭാംഗി പരിഹാസത്തോടെ ഓർത്തു. പേരറിയാത്ത ഈ വൃദ്ധയ്ക്ക് മുൻപ് പരിചരിച്ചിരുന്ന രണ്ട് വയസ്സന്മാരും അവളുടെ കണ്മുൻപിൽ വച്ചാണ് ജീവൻ വെടിഞ്ഞത്.
മരണത്തിന്റെ കാലൊച്ചകൾ ശുഭാംഗിക്ക് പരിചിതമായിത്തുടങ്ങിയിരുന്നു. ചിലപ്പോൾ ശബ്ദമുയർത്താതെ മൃദുവായൊരു കാറ്റായി ജനാലകളിലെ നേർത്ത കർട്ടനുകളെ തഴുകിക്കൊണ്ട് അലസമായി കടന്നു വരും. മറ്റ് ചിലപ്പോൾ പേമാരിയായി ഇടിമുഴക്കത്തിന്റെ അകമ്പടിയോടെ താണ്ഡവമാടിക്കൊണ്ട് ചുവരുകൾ പിളർന്ന് വരും.
ശുഭാംഗി ആദ്യം കാവലിരുന്നത് റിട്ടയേർഡ് മേജർ കൃഷ്ണപ്പൊതുവാളിന്റെ അന്ത്യനിമിഷങ്ങൾക്കായിരുന്നു. മരുന്നുകൾ കൊണ്ട് മാത്രം ജീവൻ നിലനിർത്തിപ്പോന്നിരുന്ന ഒരചേതന വസ്തു മാത്രമായിരുന്നു അയാൾ. ഡയപ്പറുകൾ മാറ്റുകയും ദന്ത രഹിതമായ ചുളുങ്ങിയ വായിലൂടെ ഒലിച്ചിറങ്ങുന്ന വഴുവഴുപ്പുള്ള ഉമിനീരിനെ തുടച്ചു മാറ്റുകയും ചെയ്യുന്നത് മാത്രമായിരുന്നു ശുഭാംഗിയുടെ ജോലി. ഒരു ദിവസത്തിൽ അയാൾ പല വട്ടം മരിക്കുന്നതായി അവൾക്കനുഭവപ്പെട്ടു. ശ്വാസവും നാഡിയും നിലച്ച് കണ്ണുകൾ പതിയടച്ച് വാ പൊളിച്ച് കിടക്കുമ്പോൾ അവൾ തിടുക്കത്തിൽ ബന്ധുക്കളെയാരെയെങ്കിലും വിവരമറിയിക്കും. പക്ഷെ അവർ വന്ന് കുലുക്കിയുണർത്തുമ്പോൾ പൊതുവാൾ കണ്ണുകൾ തുറക്കും.
ഒരു രാത്രി സംഹാരതാണ്ഡവമാടി പേമാരി തിമിർത്തപ്പോൾ പൊതുവാൾ ശ്വാസം കിട്ടാതെ ഞെരിപിരി കൊണ്ടു. വായിലൂടെയും മൂക്കിലൂടെയും വായുവിനെ വലിച്ചെടുക്കാനയാളുടെ ദുർബല ശരീരം നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. തകർത്ത് പെയ്യുന്ന മഴയത്ത് വരാൻ ഡോക്ടർ വിസമ്മതിച്ചത് കാരണം വയസൻ നേരം വെളുക്കുന്നത് വരെ ഒരിറ്റ് വായുവിന് വേണ്ടി പോരടിച്ചുകൊണ്ടിരുന്നു. വീട്ടുകാർ ചുറ്റും കൂടി നിന്ന് ഗദ്ഗദത്തോടെ പരസ്പരം നോക്കി. പുലർച്ചെ മഴയൊന്നടങ്ങിയപ്പോൾ ഡോക്ടറെത്തി. അതിന് തൊട്ട് മുൻപ് തന്റെ തൊണ്ണൂറ്റിയേഴാമത്തെ വയസ്സിൽ കൃഷ്ണപ്പൊതുവാൾ ശ്വാസം വേണ്ടാത്തൊരിടത്തേക്ക് കുടിയേറിയിരുന്നു.
ഉറക്കത്തിനിടെ വൃദ്ധയൊന്നു ചുമച്ചു. ശുഭാംഗി എഴുന്നേറ്റ് ജാറിലെ വെള്ളം ഗ്ലാസ്സിലേക്കു പകർന്ന് അവർക്കരികിലെത്തി. അവർ ഗാഢനിദ്രയിലാണ്. നിദ്രയിൽ അവർ പുഞ്ചിരിക്കുന്നു. കുഞ്ഞുങ്ങളെപ്പോലെ. തന്റെ ഗതകാലം മുഴുവനും വിസ്മരിച്ച ഇവർ എന്താണ് സ്വപ്നങ്ങളിൽ കാണുന്നത്? ഒരുപക്ഷെ ഉണർന്നിരിക്കുമ്പോൾ ഓർമ്മിച്ചെടുക്കാൻ കഴിയാത്ത ഇന്നലെകൾ അവർക്ക് നിദ്രയിൽ കാണാൻ കഴിയുന്നുണ്ടാവാം.
നേരം പുലർന്ന് വൃദ്ധയുണർന്നാൽ സോപ്പുവെള്ളമുപയോഗിച്ച് അവരുടെ ശരീരം തുടച്ച് വൃത്തിയാക്കി പുതിയൊരു ഡയപ്പറും നിശാവസ്ത്രവുമണിയിച്ചാൽ ശുഭാംഗിയുടെ ഒരു ദിവസത്തെ ജോലി പൂർത്തിയാവുന്നു. സാംബശിവൻ അവളെ പ്രാതലിന് ക്ഷണിച്ചുവെങ്കിലും ഔപചാരികപൂർവം അതൊഴിവാക്കി അവൾ പ്രഭാത് മാൻഷന് പുറത്തിറങ്ങി.
രാവിലെ സാംബശിവനോടൊപ്പം അൻപതിനടുപ്പിച്ച് പ്രായമുള്ള വെളുത്ത നിറവും ചുരുണ്ട മുടിയുമുള്ള ഒരു സ്ത്രീയുമുണ്ടായിരുന്നു. സാംബശിവൻ വിഭാര്യനാണെന്നും അയാളുടെ അമ്മയും പരിചാരകനും മാത്രമേ ആ വീട്ടിലുള്ളു എന്നുമാണ് ശുഭാംഗിക്ക് ലഭിച്ചിരുന്ന അറിവ്. തന്റെ ആഗമന വേളയിൽ ഇല്ലാതിരുന്ന ആ സ്ത്രീ ഇന്ന് കാലത്ത് എവിടെ നിന്ന് പ്രത്യക്ഷപ്പെട്ടു? വീട്ടിലെ ഒരംഗത്തെപ്പോലെ സ്വാതന്ത്ര്യമെടുക്കുന്ന ആ സ്ത്രീ ആരായിരിക്കും?
എന്തിനീ അനാവശ്യ ചിന്തകൾ? അവർ ആരായിരുന്നാലും തനിക്കെന്താണ്?
ഓരോരോ നാൾ കഴിയുന്തോറും വൃദ്ധ തന്നോട് കൂടുതൽ ഇണങ്ങുന്നതായി ശുഭാംഗിക്ക് തോന്നി. ഒരു രാത്രിയിൽ അവർ ടോയ്‌ലെറ്റിൽ പോകാൻ ആഗ്രഹം പ്രകടിപ്പിച്ചു. ശുഭാംഗി അവരുടെ ഗൗണുയർത്തി നോക്കി. ഡയപ്പറിൽ അവർ വിസർജിച്ചിട്ടില്ല. അവൾ വൃദ്ധയുടെ ഇംഗിതം പോലെ അവരെ താങ്ങിയെടുത്ത് ശൗചാലയത്തിലേക്ക് കൊണ്ടു പോയി. മൂത്രമൊഴിച്ച ശേഷം വീണ്ടും അവരെ കിടക്കയിലിരുത്തിയപ്പോൾ അവർ സ്വകാര്യമെന്നോണം ശുഭാംഗിയുടെ ചെവിയിലോതി: “നീ സുന്ദരിയാണ്.”
ആദ്യം ഒന്നമ്പരന്നുവെങ്കിലും പിന്നീടവൾ പൊട്ടിച്ചിരിച്ചു. ജീവിതത്തിൽ ആദ്യമായാണൊരാൾ തന്നെക്കുറിച്ചിങ്ങനെ പറയുന്നത്. വൃദ്ധ മയങ്ങിയതിനു ശേഷം അവൾ ശൗചാലയത്തിലെ കണ്ണാടിയിൽ സ്വന്തം പ്രതിബിംബത്തെ നോക്കി. ഇരുണ്ട നിറം, ഒട്ടിയ കവിളുകൾ, ചെറിയ കണ്ണുകൾ, പരന്ന നാസിക. കിഴവിയുടെ തിമിരം ബാധിച്ച കാഴ്ചയിൽ താനെങ്ങനെ സൗന്ദര്യവതിയായി? കറുമ്പിയെന്നും പൊട്ടക്കണ്ണിയെന്നും വിളികൾ കേട്ട് വളർന്ന ബാല്യ – കൗമാരങ്ങളിൽ തന്റെ കോലത്തെയോർത്ത് രഹസ്യമായി വിതുമ്പിയത് മനസ്സിൽ നിന്നും തികട്ടി വരുന്നു.
ചില ദിവസങ്ങളിൽ സാംബശിവന്റെ സ്‌നേഹനിർഭരമായ അപേക്ഷയ്ക്കു വശംവദയായി ശുഭാംഗി അയാൾക്കൊപ്പം പ്രാതലിൽ പങ്കു ചേർന്നു. രുചികരമായ വിഭവങ്ങൾ വിളമ്പിയ ശേഷം അപരിചിതയായ ചുരുണ്ടമുടിക്കാരിയും അവർക്കൊപ്പം ഭക്ഷണം കഴിച്ചു. ആ വേളയിൽ സാംബശിവൻ ശുഭാംഗിയെ വികാരവായ്‌പോടെ നോക്കിയിരുന്നു. അതിൽ ഒരു തരം അസ്വസ്ഥത തോന്നിയതു കൊണ്ട് അവൾ എന്തെങ്കിലും കഴിച്ചെന്നു വരുത്തി മടങ്ങിപ്പോകാൻ തിടുക്കമഭിനയിക്കും. കിഴവിയെപ്പോലെ മകനും തന്റെ കോലത്തിൽ അഴകിന്റെ അണുക്കൾ കണ്ടെത്തിത്തുടങ്ങിയോ എന്നവൾ പരിഹാസത്തോടെ ചിന്തിച്ചു.
വൃദ്ധക്ക് ഡയപ്പർ അണിയിക്കുന്ന പതിവ് ശുഭാംഗി ക്രമേണ ഒഴിവാക്കി. അതാത് നേരങ്ങളിൽ അവർ ശൗചാലയം ഉപയോഗിച്ചു. തുടക്കത്തിൽ അവൾ അതിനവരെ സഹായിച്ചിരുന്നുവെങ്കിലും പിന്നെപ്പിന്നെ വൃദ്ധ പരസഹായം കൂടാതെ അത് നിർവ്വഹിച്ചു തുടങ്ങി. ഒരു പ്രഭാതത്തിൽ ശുഭാംഗി ഇക്കാര്യം സന്തോഷത്തോടെ സാംബശിവനെ അറിയിച്ചപ്പോൾ അയാൾ ആഹ്ലാദിക്കും എന്നാണവൾ കരുതിയത്. പക്ഷെ വൃദ്ധയുടെ ആരോഗ്യനില മെച്ചപ്പെട്ടതറിഞ്ഞ സാംബശിവന്റെ മുഖത്തൊരു നിരാശയാണ് ശുഭാംഗി കണ്ടത്.
സോപ്പുപയോഗിച്ച് ശരീരം വൃത്തിയാക്കുന്ന ശീലം മാറ്റി ഒരു പ്രഭാതത്തിൽ വൃദ്ധയെ കുളിപ്പിക്കാൻ ശുഭാംഗി തീരുമാനിച്ചു. വൃദ്ധയെ വിവസ്ത്രയാക്കി കുളിമുറിയിലെ ഒരു സ്റ്റൂളിൽ ഇരുത്തി ഇളം ചൂടുവെള്ളം ചുക്കിച്ചുളിഞ്ഞ ദേഹത്തൊഴിച്ചപ്പോൾ അവർ ആനന്ദിച്ചു. അസ്ഥികളിൽ നിന്നും വേർതിരിഞ്ഞു നിൽക്കുന്ന പേശികളിൽ സോപ്പ് തേച്ചപ്പോൾ അവർ ഇക്കിളി കൊള്ളുന്നതു പോലെ കുലുങ്ങിച്ചിരിച്ചു. നീരാട്ട് കഴിഞ്ഞ് അലക്കിയ വസ്ത്രങ്ങളണിഞ്ഞ് കിടക്കയിലിരുന്നപ്പോൾ അവർക്ക് പത്ത് വയസ്സ് കുറഞ്ഞത് പോലെ ശുഭാംഗിക്ക് തോന്നി.
പ്രാതൽ വിളമ്പുന്ന ചുരുണ്ടമുടിക്കാരി പൊടിയൻ പൂച്ചയെപ്പോലെ ഒരു നാൾ അപ്രത്യക്ഷയായി. അക്കാരണത്താലാണെന്ന് തോന്നുന്നു സാംബശിവൻ വിഷണ്ണനും മൗനിയുമായിത്തീർന്നു. അയാൾ പിന്നീടൊരിക്കലും ശുഭാംഗിയെ പ്രാതലിന് ക്ഷണിക്കുകയോ കുശലാന്വേഷങ്ങൾ നടത്തുകയോ ചെയ്തില്ല. അപരിചിതയുടെ തിരോധാനത്തെക്കുറിച്ച് ശംഭുവിനോട് ആരാഞ്ഞാലോ എന്ന് ശുഭാംഗി ചിന്തിച്ചുവെങ്കിലും പിന്നീടെന്തോ അവളതിൽ നിന്ന് പിന്മാറി. പ്രഭാത് മാൻഷനിലെ ചുവരുകൾക്കുള്ളിൽ എന്തൊക്കെയോ രഹസ്യങ്ങൾ വീർപ്പുമുട്ടുന്നതായി ശുഭാംഗിക്ക് തോന്നി.
ഒരു രാത്രിയിൽ ഇൻജെക്·ഷൻ കഴിഞ്ഞുള്ള ഉണർന്നിരിക്കൽ പ്രക്രിയയ്ക്ക് ശേഷം വൃദ്ധ അപേക്ഷാസ്വരത്തിൽ ശുഭാംഗിയോട് ചോദിച്ചു: “ഒന്ന് പുറത്തേക്കിറങ്ങാമോ?”
അവൾ ആശയക്കുഴപ്പത്തിലായി. നേരം വെളുത്തിട്ട് പോകാം എന്ന അവളുടെ നിർദേശം വകവെക്കാതെ വൃദ്ധ ഒരു കുഞ്ഞിനെപ്പോലെ വാശിപിടിച്ചു. മണി ഒന്ന് കഴിഞ്ഞിരിക്കുന്നു. ഗാഢ നിദ്രയിലായിരിക്കുന്ന സാംബശിവനെ എങ്ങനെ വിളിച്ചുണർത്തി അനുവാദം തേടും?
അവളുടെ അനുമതിക്കായി കാത്തു നിൽക്കാതെ വൃദ്ധ കിടക്കയിൽ നിന്ന് ചാടിയിറങ്ങി വാതിലിന് നേരെ നടന്നപ്പോൾ അവരെ പിന്തുടരുകയല്ലാതെ മറ്റ് ഉപാധികളൊന്നും ശുഭാംഗിക്കില്ലായിരുന്നു.
പേടിപ്പിക്കുന്ന രാത്രി നിലാവുടുത്ത് മുറ്റത്ത് നിൽക്കുകയാണ്. പടിക്കെട്ടിൽ നിന്ന് വൃദ്ധ കരിനീല വർണമുള്ള ആകാശത്തെയും നക്ഷത്രങ്ങളെയും നോക്കി. എന്നിട്ട് മുറ്റത്തേക്കിറങ്ങി അലക്ഷ്യമായി നടന്നു. സാംബശിവന്റെ ശയനമുറിയിലേക്കായിരുന്നു ശുഭാംഗിയുടെ ശ്രദ്ധ. ഉണർന്ന് വന്ന് വൃദ്ധയെ നടുമുറ്റത്ത് കണ്ടാൽ എന്തായിരിക്കും അയാളുടെ പ്രതികരണം?
“വരൂ… നമുക്ക് പോകാം” അവൾ യാചനാഭാവത്തിൽ വൃദ്ധയോട് പറഞ്ഞു.
അവളുടെ വാക്കുകൾ കേട്ട ഭാവം നടിക്കാതെ ഒരാത്മാവിനെപ്പോലെ കിഴവി വിശാലമായ മുറ്റത്ത് അലഞ്ഞു നടന്നു.
ചുറ്റും രാത്രിജീവികൾ എന്തിനൊക്കെയോ പരിഭവം ചൊല്ലുന്ന സ്വരം. മുറ്റത്ത് പൂത്തു നിൽക്കുന്ന പാരിജാതപ്പൂക്കളുടെ മണം. ശുഭാംഗിക്ക് പേടി തോന്നിത്തുടങ്ങി. പെട്ടെന്ന് പിന്നിലൊരു കാലൊച്ച കേട്ടവൾ തിരിഞ്ഞ് നോക്കി. ഉറക്കത്തിന് തടസ്സം നേരിട്ടതിൽ ഒരു തുറിച്ച് നോട്ടം കൊണ്ട് പരാതി പറയുന്ന ശംഭുവാണ്. നിസ്സഹായതയും അപേക്ഷയും കലർന്ന ഒരു ഭാവം മുഖത്ത് വരുത്തി ശുഭാംഗി അയാളെ നോക്കി. നക്ഷത്രങ്ങൾ എണ്ണി നടക്കുന്ന കിറുക്കിക്കിഴവിയെ അൽപ്പനേരം നോക്കി നിന്ന ശേഷം അയാൾ നിശബ്ദനായി തിരിച്ചു പോയി.
മുറ്റത്ത് കുത്തിയിരുന്ന് വൃദ്ധ എന്തോ വാരിത്തിന്നുന്നു. വരാന്തയിൽ നിന്ന് തിടുക്കപ്പെട്ട് ശുഭാംഗി അവരുടെയടുത്ത് ചെന്നു. മുറ്റത്തെ മണ്ണ് ആർത്തിയോടെ വൃദ്ധ വാരിത്തിന്നുന്നു. തടയാൻ ശ്രമിച്ചപ്പോൾ അവളുടെ കൈകളെ തട്ടി മാറ്റി അവർ അത് തുടർന്നു. ശുഭാംഗി നിരാശയോടെ നിലത്തിരുന്നു. വാശിയിൽ വൃദ്ധർ കുട്ടികളെക്കാൾ കഷ്ടമാണ്. ഇതിന് മുൻപ് ശുഭാംഗി പരിചരിച്ചിരുന്ന സെബാസ്റ്റ്യൻ എന്ന അർബുദ രോഗിയായ വൃദ്ധൻ ഒരു രാത്രിയിൽ രഹസ്യമായി തന്റെ മകന്റെ പക്കൽ നിന്ന് ചുരുട്ട് മോഷ്ടിച്ച് കൊണ്ട് വരാൻ പറഞ്ഞു. സർവ ഡോക്ടർമാരും കയ്യൊഴിഞ്ഞ് മരണ ദൂതരെയും കാത്ത് കിടക്കുന്ന വയസ്സനാണ്. അവളുടെ നിരാകരണം അയാളെ പ്രകോപിപ്പിച്ചു.
അയാൾ അവളെ അസഭ്യം പറയാൻ തുടങ്ങി. ഒടുവിൽ സഹിക്ക വയ്യാതെ അവൾ ചുരുട്ടുകൾ മോഷ്ടിച്ച് അയാൾക്ക് നൽകി. സെബാസ്റ്റ്യൻ ഏതാണ്ട് ഒരാഴ്ച്ച രഹസ്യമായി ചുരുട്ട് വലിച്ചാനന്ദിച്ചു. പിന്നെ ഒരു പുകയായി വായുവിലലിഞ്ഞു. മണ്ണ് തിന്ന് പള്ള വീർത്ത കിഴവി വീട്ടിനുള്ളിലേക്ക് കയറി. അവർ കോണിപ്പടികൾ കയറി മുറിക്കുള്ളിൽച്ചെന്ന് കിടന്നപ്പോഴാണ് ശുഭാംഗിയുടെ ഹൃദയമിടിപ്പുകൾ സാധാരണ ഗതിയിലായത്.
അടുത്ത ദിവസത്തെ പ്രഭാതത്തിൽ യാത്ര പറയാൻ സാംബശിവന്റെ മുന്നിൽ ചെന്നപ്പോൾ അവൾക്കൊരു വിറയൽ അനുഭവപ്പെട്ടു. അതിരാവിലെ ഉണരുന്ന അയാൾ ശംഭുവിൽ നിന്ന് രാത്രിയിലെ വിശേഷം ഗ്രഹിച്ചിട്ടുണ്ടാവാം. ഇതേ വരെ സൗമ്യനായി കണ്ടിട്ടുള്ള അയാളുടെ പുതിയൊരു മുഖം കാണാൻ എല്ലാ തയ്യാറെടുപ്പുകളും ശുഭാംഗി നടത്തിയിരുന്നു. പത്രം വായിച്ചുകൊണ്ടിരുന്ന അയാളോട് യാത്ര പറഞ്ഞപ്പോൾ സ്വതവേയുള്ള ഭാവം കൈവിടാതെ അയാൾ ഒന്ന് മൂളുക മാത്രം ചെയ്തു. പരിചാരകൻ ശംഭു രാത്രിക്കാഴ്ചകൾ തന്റെ യജമാനനെ എന്തുകൊണ്ട് അറിയിച്ചില്ല? അതോ വിവരമറിഞ്ഞിട്ടും സാംബശിവന് അവയിൽ അസ്വാഭാവികതകളൊന്നും കാണാൻ കഴിയാത്തതോ? തോട്ടത്തിൽ ചെടികൾക്ക് വെള്ളം നനയ്ക്കുന്ന ശംഭുവിനോട് ഒരു മന്ദഹാസം കൊണ്ടവൾ കൃതജ്ഞത രേഖപ്പെടുത്തിയെങ്കിലും അത് കണ്ടില്ലെന്ന മട്ടിൽ അയാൾ തന്റെ ജോലിയിൽ വ്യാപൃതനായി ഭാവിച്ചു.
വൃദ്ധയുടെ ദിനചര്യകളിലെ പരിണാമങ്ങൾ തിരിച്ചറിഞ്ഞ വിധം ശംഭു അവർക്കുള്ള ഭക്ഷണത്തിൽ മാറ്റങ്ങൾ വരുത്തിത്തുടങ്ങി. എളുപ്പത്തിൽ ദഹിക്കാൻ പാകത്തിലുള്ള ചോറും പരിപ്പും മാത്രമുപയോഗിച്ചുള്ള ഭക്ഷണക്രമത്തിൽ നിന്നും മാറി അയാൾ ഇലക്കറികളും മുട്ടയും അൽപ്പസ്വൽപ്പം മാംസവുമൊക്കെ ഉൾപെടുത്താൻ തുടങ്ങി. രാത്രിയിൽ പതിവാക്കിത്തുടങ്ങിയിരുന്ന മണ്ണുതീറ്റയാണോ അതോ ശംഭുവിന്റെ കൈപ്പുണ്യമാണോ എന്നറിയില്ല, വൃദ്ധയുടെ ആരോഗ്യത്തിൽ പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങി. ഒരു ദിവസം മുടി കഴുകുന്നതിനിടയിൽ അവരുടെ നരച്ച തലമുടിയിഴകൾക്കിടയിൽ കറുത്ത രോമങ്ങൾ കിളിർത്തു വരുന്നത് കണ്ട് ശുഭാംഗി അമ്പരന്നു. അതറിയിച്ചപ്പോൾ അവർ ഒരു കൗമാരക്കാരിയുടെ ലജ്‌ജ കലർന്ന മന്ദസ്മിതം തൂകി. അപ്പോൾ അവരുടെ കവിളുകളിൽ നിന്ന് ജരകൾ അപ്രത്യക്ഷമാകുന്നതായും അവിടം രക്തശോണിമ കൊണ്ട് തുടുക്കുന്നതായും അവൾ കണ്ടു.
അനുദിനം വൃദ്ധയിൽ പ്രകടമായിക്കൊണ്ടിരുന്ന മാറ്റങ്ങൾ ശുഭാംഗിക്ക് ഉൾക്കൊള്ളാൻ പ്രയാസം തോന്നി. യൗവനം വാടകക്കെടുത്ത യയാതിയുടെ കഥയവൾക്ക് ഓർമ വന്നു. ഏതോ ഒരു വിചിത്ര സ്വപ്നം കണ്ട് അതിൽ നിന്നുണർന്ന് യാഥാർഥ്യത്തിലേക്കെത്താൻ കഴിയാത്ത ഒരവസ്ഥയിൽ താനകപ്പെട്ടുപോയി എന്നവൾക്ക് തോന്നി. ചിലപ്പോൾ ഈ വൃദ്ധ നാളെ ഒരു മദ്ധ്യവയസ്കയും പിന്നീടൊരു യുവതിയുമായി മാറിയേക്കാം. പിന്നീടവർക്ക് എന്ത് സംഭവിക്കും? അവർ പൊടിയനെയോ ചുരുണ്ടമുടിക്കാരിയെയോ പോലെ അപ്രത്യക്ഷയാവുമോ?
സുമുഖനായ ഡോക്ടർ ഇനി മുതൽ വരില്ല എന്നറിയിക്കാൻ ഒരു നാൾ സാംബശിവൻ മുറിയിലേക്ക് വന്നു. അമ്മയുടെ ആരോഗ്യനിലയിലെ പുരോഗതി കണ്ട് ഡോക്ടർ ഇനി തന്റെ ആവശ്യമില്ലെന്ന് സ്വയം പറഞ്ഞുവത്രേ. ശുഭാംഗിയുടെ ശുശ്രൂഷയാണ് അമ്മയെ ഈ നിലയിലേക്കെത്തിച്ചതെന്ന് പറഞ്ഞ് സാംബശിവൻ അവളെ പ്രശംസിച്ചു. ഡോക്ടറെപ്പോലെ താനും ഇനി വരേണ്ടതില്ലെന്ന ധ്വനി അയാളുടെ വാക്കുകളിലുള്ളതായി അവൾക്ക് തോന്നി.
വൃദ്ധയുടെ മുറിക്കിപ്പോൾ വാർദ്ധക്യത്തിന്റെയും മരുന്നിന്റെയും മരണത്തിന്റെയും മണമില്ല. പകരം ശുഭാംഗിക്ക് അപരിചിതമായ ഏതോ ഒരു പുതിയ മണമാണ്. ഈ പുതിയ ഗന്ധം തനിക്കുള്ളതല്ല. അഥവാ തനിക്കിവിടം വിടാനുള്ള നേരമെത്തി എന്ന സൂചനയാണ് ഈ ഗന്ധം. ഏറെ വൈകാതെ ബ്യൂറോ ചീഫ് മറ്റൊരു കിഴവന്റെയോ കിഴവിയുടെയോ മേൽവിലാസം തന്നെ ഏൽപ്പിക്കും. അവിടെ വീണ്ടും തനിക്ക് പരിചയമുള്ള ആ ഗന്ധം തന്നെക്കാത്ത് നിൽപ്പുണ്ടാവും.
അന്ന് രാവിലെ പ്രഭാത് മാൻഷൻ വിട്ടിറങ്ങുമ്പോൾ വൃദ്ധയും ശുഭാംഗിയെ അനുഗമിച്ചു. മുറ്റത്തെത്തി യാത്ര പറഞ്ഞത് വക വെയ്ക്കാതെ അവർ അവളോടൊപ്പം ഗേറ്റ് വരെ നടന്നു. നിരത്തിലേക്കിറങ്ങാൻ നേരം വൃദ്ധ സ്വരം താഴ്ത്തി ചോദിച്ചു: “മോൾക്കെന്റെ പേരറിയേണ്ടേ?”
ശുഭാംഗി കൗതുകപൂർവ്വം അവരെ നോക്കി.
“ഗായത്രി… അതാണെന്റെ പേര്.”
0 Comments