Author
മാടമ്പ് വാസുദേവൻ
ഈയിടെ ആയിട്ട് രമേശൻ തന്നെ കണ്ടാൽ ഒഴിഞ്ഞു മാറുന്നു. ചിലപ്പോൾ എന്തെങ്കിലും ഒന്നോ രണ്ടോ വാക്കുകൾ പറഞ്ഞെന്നു വരും, അത്ര തന്നെ. കോയമ്പത്തൂരിലെ പണിയും വിട്ടു നാട്ടിലേക്ക് തിരിച്ചു വന്ന ബൈജുവും അങ്ങനെ തന്നെ. രണ്ടു പേർക്കും തന്നോട് എന്തോ വൈരാഗ്യം ഉള്ളത് പോലെ. ഇവന്മാർക്കു രണ്ടുപേർക്കും എന്തു പറ്റി? ഒന്നും മനസ്സിലാവുന്നില്ല. രമേശന് ഒരു പണിക്കാരനെ ഏർപ്പാടാക്കി കൊടുക്കാൻ ഇറങ്ങി പുറപ്പെട്ടതാണ് ഈ അപകടം മുഴുവൻ വരുത്തി വെച്ചത് എന്ന് തോന്നുന്നു.
കാണുമ്പോഴൊക്കെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചോണ്ടാണ് രമേശന്റെ കാര്യത്തിൽ താൻ ഇടപെട്ടത്. എന്നിട്ട് ഒടുക്കം ഇങ്ങനെയും! ഒന്നും വേണ്ടിയിരുന്നില്ല.
രമേശന്റെ ആവശ്യം കേട്ടാൽ അതത്ര വലിയ കാര്യമാണോ എന്ന് ആരും സംശയിച്ചു പോകും. പക്ഷെ ശരിക്കും കാര്യത്തോടടുക്കുമ്പോഴല്ലേ അതിന്റെ വിഷമം മനസ്സിലാവൂ. കാര്യം എന്താന്നു വച്ചാൽ, രമേശന് ഒരു ജോലിക്കാരനെ വേണം. വെറും ഒരു ജോലിക്കാരനെ അല്ല. പല ജോലികളും ചെയ്യണം. നല്ല ശമ്പളവും കൊടുക്കും. ദിവസവും രണ്ടു പേർക്കുള്ള ഭക്ഷണം ഉണ്ടാക്കണം. വീടും പരിസരവും എന്നും വൃത്തിയാക്കി വെക്കണം. കടയിൽ പോയി ആവശ്യമുള്ള സാധനങ്ങൾ വാങ്ങണം. പറമ്പിലെ പണികൾ വല്ലതുമുണ്ടെങ്കിൽ അതും ചെയ്യണം – ചെയ്യിക്കണം. പിന്നെ വിശ്വസ്തനായിരിക്കണം. വീട്ടിൽ രമേശനും ഭാര്യയും മാത്രമേ ഉള്ളു. ഇതുവരെയും അവർക്കു കുട്ടികളായിട്ടില്ല. പ്രശ്നം ഗുരുതരമാണ്.
ഈ അടുത്ത കാലത്താണ് നഗരത്തിൽ ജനിച്ചു പഠിച്ച് നഗരത്തിൽ തന്നെ ഉദ്യോഗം നോക്കുന്ന രമേശനും ഭാര്യയും കൂടെ കറിയാച്ചന്റെ നാട്ടിൽ നല്ലൊരു വീടും പറമ്പും വാങ്ങി താമസം തുടങ്ങിയത്. നഗരത്തിലെ ജീവിതം രണ്ടു പേർക്കും മടുത്തു. തിക്കും തിരക്കും ബഹളവും. എന്തിനു പറയുന്നു, ശുദ്ധവായുവും വെള്ളവും ഒന്നും നഗരത്തിൽ ഇല്ലല്ലോ? കിണറ്റിൽ നിന്നും വെള്ളം കോരി കുളിക്കുന്ന സുഖമൊന്നും പൈപ്പ് വെള്ളത്തിൽ തല നനച്ചാൽ കിട്ടില്ലല്ലോ? അതുകൊണ്ടൊക്കെയാണ് അവർ ഈ നാട്ടിൻപുറത്തേക്കു താമസം മാറ്റിയത്. ഒരു ബ്രോക്കറു വഴിയാണ് കച്ചവടം നടന്നത്. കച്ചവടം കഴിഞ്ഞ് രണ്ടു പേരും കൂടെ താമസം തുടങ്ങുന്നതിനു മുൻപ് ബ്രോക്കർ അവരെ രണ്ടു പേരെയും കൂട്ടി കറിയാച്ചനെ വന്നു കണ്ടു പരിചയപ്പെടുത്തിക്കൊടുത്തിട്ടു പറഞ്ഞു “നിങ്ങൾക്കു ഈ നാട്ടില് എന്ത് ആവശ്യമുണ്ടെങ്കിലും കറിയാച്ചനോട് ഒരു വാക്കു പറഞ്ഞാൽ മതി. ഒക്കെ വേണ്ടവിധത്തിൽ കറിയാച്ചൻ ശരിയാക്കിത്തരും. നിങ്ങളുടെ സ്വന്തം ആളാണ് കറിയാച്ചൻ എന്ന് കൂട്ടിക്കോ.” താമസം തുടങ്ങാൻ വേണ്ട അല്ലറ ചില്ലറ സഹായമൊക്കെ അവർക്കു കറിയാച്ചൻ ചെയ്തു കൊടുക്കുകയും ചെയ്തു.
വീടും പറമ്പും ഒക്കെ വാങ്ങി താമസം തുടങ്ങിയപ്പോൾ രണ്ടു പേർക്കും വളരെ സന്തോഷമായി.
വീടും പരിസരവുമൊക്കെ രണ്ടു പേരും കൂടെ അടിച്ചു തുടച്ചു വൃത്തിയാക്കി. മുറ്റത്തു കുറെ പൂച്ചട്ടികളൊക്കെ വെച്ചു. അങ്ങനെ സന്തോഷമായി ദിവസങ്ങൾ നീങ്ങിക്കൊണ്ടിരിക്കെ ലീവ് മുഴുവൻ തീർന്നു. രണ്ടു പേരും കൂടെ വീണ്ടും ജോലിക്കു പോകാൻ തുടങ്ങി. പതുക്കെ പതുക്കെ ആദ്യത്തെ ഉത്സാഹമൊക്കെ പമ്പകടന്നു. കാറുമെടുത്തു രണ്ടുപേരും കൂടെ നഗരത്തിൽ ജോലിക്കു പോകും. മടങ്ങി എത്തുമ്പോഴേക്കും സന്ധ്യ കഴിയും. പിന്നെ ചായ കുടിക്കണം, കുളിക്കണം, ഭക്ഷണം പാകം ചെയ്യണം. എല്ലാം കഴിഞ്ഞു ഒരു വിധത്തിൽ ഒന്ന് നടു നിവർന്നു മയങ്ങുമ്പോഴേക്കും നേരം വെളുക്കും. വീണ്ടും ഓട്ടം തന്നെ.
ഈ നാട്ടിൽ നിന്നും നഗരത്തിലെ ഓഫീസിൽ എത്തണമെങ്കിൽ ഒന്നൊന്നര മണിക്കൂറിൽ കൂടുതൽ കാറ് ഓടിക്കണം. വഴിക്കു വച്ച് വല്ല ട്രാഫിക് ബ്ലോക്കും വന്നാൽ നേരം വൈകും. ഇവിടെ വീടെടുത്തു താമസം തുടങ്ങിയതിൽ പിന്നെ എന്നും ലേറ്റ് ആണ്. രണ്ടു പേരും ഓഫീസിൽ ഒരിക്കലും സമയത്തിന് എത്തിയിട്ടില്ല.
രമേശനും ഭാര്യയും കൂടെ പ്രാരാബ്ധത്തിന്റെ കെട്ടഴിക്കാൻ തുടങ്ങി. എന്തെങ്കിലും ഒരു പോംവഴി കണ്ടേ തീരു. കറിയാച്ചൻ ഒന്ന് മനസ്സ് വെക്കണം. കറിയാച്ചൻ മനസ്സ് വെച്ചാൽ എന്ത് കാര്യത്തിനും പരിഹാരം ഉണ്ടാവുംന്നാ അന്ന് ബ്രോക്കർ പറഞ്ഞത്. ഞങ്ങൾക്ക് നേരാം നേരത്തു കഴിക്കാൻ വേണ്ട ഭക്ഷണം ഉണ്ടാക്കിത്തരണം, വീടും പരിസരവും ഒക്കെ വൃത്തിയാക്കി വയ്ക്കണം, കടയിൽ പോയി വേണ്ട സാധനങ്ങൾ എന്താച്ചാ അത് ഒക്കെ മേടിക്കണം. ചുരുക്കത്തിൽ എല്ലാം വേണ്ട പോലെ കൊണ്ടു നടക്കണം. നല്ല ശമ്പളോം കൊടുക്കാം. ഞങ്ങൾക്ക് കുട്ടികൾ ആയിട്ടില്ല എന്നും കറിയാച്ചന് അറിയാലോ?
കുട്ടൻ നായരുടെ ചായക്കടയിൽ നിന്ന് ചായയും കുടിച്ച് ഇറങ്ങുമ്പോൾ കറിയാച്ചന്റെ മനസ്സിനകത്ത് നിറയെ ഇക്കാര്യം തന്നെ ആയിരുന്നു. എന്താണൊരു പോംവഴി? പറ്റിയ ഒരു ആളിനെ എവിടെനിന്നു സംഘടിപ്പിക്കും? പ്രശ്നം ഗുരുതരമാണ്. നാല് കാര്യങ്ങൾക്കാണ് പ്രതിവിധി കാണണ്ടത്. ഒന്നാമതായി ഭക്ഷണം പാകം ചെയ്യണം. രണ്ടാമതായി വീടും പരിസരവും വൃത്തിയായി കൊണ്ടുനടക്കണം, മൂന്നാമതായി കടയിൽ പോയി ആവശ്യം വേണ്ടുന്ന സാധനങ്ങൾ മേടിച്ചു കൊണ്ടുവരണം. പിന്നെ രമേശനു കുട്ടികൾ ഇല്ല.
ഇങ്ങനെ പലതും ചിന്തിച്ചു നടക്കുന്നതിനിടയിൽ മുൻപിൽ വന്നു പെട്ടയാളെ കറിയാച്ചൻ ശ്രദ്ധിച്ചില്ല.
“ഏയ് കറിയാച്ചോ, ഇതെങ്ങോട്ടാ മ്മളെ കണ്ടിട്ട് ഒരു മൈന്റില്ലാതെ പോണേ.”
കറിയാച്ചൻ മുൻപിൽ വന്നു പെട്ട ആളെ അടിമുടി ഒന്ന് നോക്കി. തടിച്ചു കൊഴുത്തു ഒരു സുന്ദര കുട്ടപ്പൻ. ആളെ തീരെ മനസ്സിലായില്ല.
“കറിയാച്ചന് മ്മളെ കണ്ടിട്ട് മനസ്സിലായില്യാ അല്ലെ?”
“ഇല്ല്യ ഒരു പിടിം കിട്ടിണില്യല്ലോ.”
പയ്യൻ സ്വയം പരിചയപ്പെടുത്തി “ഇമ്മള് സുഗതന്റെ ഒടുക്കത്തെ മോൻ ബൈജു.”
പണ്ട് ഇവടെ കൂലിപ്പണിക്ക് നടന്നിരുന്ന കോല് പോലത്തെ ചെക്കനോ? ഇവൻ ആള് ആകെ മാറീലോ!
“എടാ നെനെക്കു കോയമ്പത്തൂര് എന്തോ പണി ആണെന്നാണല്ലോ കേട്ടത്?
“സംഗതി കറിയാച്ചൻ കേട്ടതൊക്കെ ശരി തന്യാ. പക്ഷെ മ്മള് ആ പണി വിട്ടു. ഇനി ഇവടെ തന്നെ എന്തെങ്കിലും ഒരു പണി നോക്കണം. പഴയ പോലെ കൂലിപ്പണി ആയാലും കുഴപ്പല്യ. ഇമ്മള് ഇനി കോയമ്പത്തൂരിലെക്കോന്നും പോണില്ല ന്റെ കറിയാച്ചോ! മ്മക്ക് നല്ലതു മ്മടെ നാട് തന്ന്യാ.”
“അത് ശര്യാ. പക്ഷെ അവടെ എന്ത് പണ്യാ നീയ്യ് ചെയ്തേർന്നെ?”
“അങ്ങനെ ചോദിച്ചാ അത്ര വല്യ പണീ ഒന്നും അല്ല. മ്മള് ഒരു വീട്ടില് ജോലിക്കു നിക്കാർന്നു.. അവര് ഒരു ഭാര്യേം ഭർത്താവും മാത്രേള്ളൂ. രണ്ടാളും വല്യേ ജോലിക്കാര്. കല്യാണം കഴിഞ്ഞിട്ട് പതിനഞ്ചു കൊല്ലായീ. ന്നട്ടും അവര്ക്കു കുട്ട്യോളൊന്നും ആയിട്ടില്യാന്നേ. അതില് അവർക്ക് ത്തിരി മനഃപ്രയാസോക്കെ ഇണ്ടാർന്നു. അപ്പളാ മ്മള് അവടെ എത്തിപ്പെടണേ. മ്മടെ പണീ എന്താച്ചാല് കാലത്തു രണ്ടാൾക്കും വേണ്ട പ്രാതല് എന്താ വേണ്ടേച്ച അത് ഇണ്ടാക്കണം. ഉച്ചക്കുള്ള ഭക്ഷണം – ടിഫ്ഫിൻ – ഓഫീസിലേക്ക് കൊടുത്തു വിടണം. പിന്നെ വൈകുന്നേരം അവര് വരുമ്പോഴേക്ക് ചായയും കടിയും ഉണ്ടാക്കണം. രാത്രീല് അത്താഴം അതും ഉണ്ടാക്കണം. അത്രേ ഉള്ളു. അതിനിടക്ക് കടേല് പോണം അടുക്കളേലക്ക് വേണ്ട സാധനങ്ങള് എന്താച്ചാ അത് ഒക്കെ മേടിക്കണം. വീട് ഒക്കെ അടിച്ചു തുടക്കണം. തുണി കഴുകണം. കാറ് കഴുകണം. അല്ലാതെ വല്യേ ഭാരള്ള പണീ ഒന്നും ഇണ്ടാർന്നില്ല.”
“ആട്ടെ പിന്നെ നീയെന്താ ആ ജോലി വേണ്ടാന്നു വെച്ചേ?”
“ഒന്നും പറയണ്ട എന്റെ കറിയാച്ചോ. അതൊക്കെ അങ്ങനെ സംഭവിച്ചു എന്ന് കൂട്ടിക്കോ.”
“ന്നാലും പറയടാ മ്മളും ഒന്ന് കേക്കട്ടെ! പിന്നെ മ്മടെ വായിന്നു അത് പുറത്തു പോവില്ല. നീയ് കാശു വല്ലതും അടിച്ചു മാറ്റിയോ? അതോ വല്ല മോഷണവും? എന്തായാലും പറ. പ്രശ്നം ഒന്നും ഇല്ല്യ മ്മക്ക് എന്തെങ്കിലും വഴീണ്ടാക്കാം.”
“അതൊന്നും അല്ല എന്റെ കറിയാച്ചോ മ്മള് അത്തരം പണീ ഒന്നും ചെയ്യണ കൂട്ടത്തിലല്ലാന്നു കറിയാച്ചന് അറീല്യേ?”
“അത് ശര്യാ. നീയ് അത്തരക്കാരനൊന്നും അല്ല. അത് മ്മക്ക് നല്ലോണം അറിയാം. പക്ഷെ എന്തങ്കിലും ഒരു കാരണം കാണൂലോ?”
“കാരണം പറയാച്ചാൽ മ്മള് പണിക്കു നിക്കണ വീട്ടില് കുട്ട്യോളൊന്നും ഇല്യാന്ന് പറഞ്ഞൂലോ? മ്മള് അവടെ പണിക്കു ചെന്നെ പിന്നെ കൊച്ചമ്മക്ക് ഗർഭം ഇണ്ടായി. എന്തോ ആവശ്യത്തിന് ഡോക്ടറെ കണ്ടപ്പോ അയാളാ പറഞ്ഞെ കൊച്ചമ്മക്ക് ഗർഭം ഇണ്ടെന്നു. വിവരം അറിഞ്ഞപ്പോ ഏമാൻ ചൂടായി. എന്തിനു പറേണു മ്മടെ പണീം പോയി.”
കറിയാച്ചന്റെ മനസ്സിൽ ഒരു നൂറായിരം ലഡ്ഡു ഒരുമിച്ചു പൊട്ടി. ഇതാ തേടിയ വള്ളി കാലിൽ – അല്ല കയ്യിൽ തന്നെ വന്നു ചുറ്റിയിരിക്കുന്നു.
“ഡാ അത് നന്നായി നീയ് ഇനി കോയമ്പത്തൂർക്കൊന്നും പോണ്ട. ഇവടെ കൂലിപ്പണിക്കും നടക്കണ്ട. നിനക്കു പറ്റിയ ഒരു പണി മ്മള്, ഇവടെ, ഇപ്പൊത്തന്നെ ശരിയാക്കി തരാം. മ്മടെ കൂടെ ഒരേടം വരെ ഇപ്പൊ തന്നെ വാ.”
“ഇപ്പ തന്നയോ?”
“അതേന്നേ ഇന്ന് ഞായറാഴ്ചയല്ലേ ഇന്നന്നെ നോക്കാം. നീയ് എന്റെ കൂടെ ഒന്ന് വന്നാ മതി. ഞാൻ എല്ലാം ഇപ്പ തന്നെ പറഞ്ഞു ശര്യാക്കിത്തരാം. നെനക്ക് പറ്റിയ ഒരു ജോലി. കോയമ്പത്തൂര് നീയ് ചെയ്‌തിരുന്ന പണി തന്നെ ഇവിടെം. എന്താ?”
“അത് ശരി അത് മ്മക്ക് സന്തോഷള്ള കാര്യം തന്നാ.”
കറിയാച്ചൻ ബൈജുവിനെയും കൂട്ടി രമേശന്റെ വീട്ടിൽ ചെന്നു. ഉമ്മറത്ത് പത്രവും വായിച്ചു കൊണ്ടിരുന്ന രമേശനെ കണ്ടപാടെ കറിയാച്ചൻ പറഞ്ഞു “രമേശോ രണ്ടൂസം മുൻപ് പറഞ്ഞില്ലേ ഒരു ജോലിക്കാരന്റെ കാര്യം. നിങ്ങടെ ഭാഗ്യമാണ് എന്ന് കൂട്ടിക്കോളൂ. പറ്റിയ ഒരു ആള് മ്മടെ കയ്യില് ഇപ്പൊ വന്നു പെട്ടു. ഇവൻ നന്നായിട്ടു ഭക്ഷണം ഉണ്ടാക്കും കടേല് പോകും, വീടൊക്കെ നന്നായിട്ടു അടിച്ചു തുടച്ചു വൃത്തിയാക്കി വെക്കും. പിന്നെ നിങ്ങള്ക്ക് കുട്ട്യോള് ഇല്ല്യല്ലോ? അതും ഇവൻ ശരിയാക്കി തരും. ഇവനെ ഇവടെ പണിക്കു വെച്ചാൽ ഇതൊക്കെ നടക്കും. നിങ്ങക്ക് നേരാം നേരത്തു ഭക്ഷണം കഴിക്കാം, വീട്ടിലിക്ക് വേണ്ട സാധനങ്ങളൊക്കെ ഇവൻ തന്നെ കടേലു പോയി മേടിച്ചോളും വീടൊക്കെ നന്നായിട്ടു കൊണ്ട് നടക്കും. പിന്നെ നിങ്ങടെ ഭാര്യക്ക് ഗർഭോണ്ടാക്കും. നിങ്ങള് ഒന്നുമറിയേണ്ട. എല്ലാം ഇവൻ കണ്ടറിഞ്ഞു ചെയ്തോളും. എന്ത് പറേണു?”
രമേശന്റെ മുഖഭാവം കണ്ട കറിയാച്ചന് എന്തോ പന്തികേട് അനുഭവപ്പെട്ടു. ബൈജു കറിയാച്ചനെ തോണ്ടി വിളിച്ചു. രണ്ടു പേരും കൂടെ വേഗം സ്ഥലം കാലിയാക്കി.
0 Comments