Author

ശിവകുമാർ
“അമ്മേ…..” രാജേഷ് അമ്മയെ അകത്തേക്കു നോക്കി വിളിച്ചു.
നാരായണിയമ്മ തീരെ വയ്യാതെ ഉമ്മറത്തേക്ക് വന്നു.
“അമ്മേ ഇതെന്തൊരു മഴയാണ്?… മഴ നിൽക്കുന്നേയില്ലല്ലോ?… ലീവിന് നാട്ടിൽ വന്നിട്ട് എല്ലാം വെള്ളത്തിലായല്ലോ?”
രാജേഷ് താടിക്കു കൈയും കൊടുത്ത് നിരാശയോടെ പറഞ്ഞുകൊണ്ടേയിരുന്നു:
മഴ തുടങ്ങിയാൽ പിന്നെ നാരായണിയമ്മയ്ക്ക് ആസ്ത്മയാണ്.
ശ്വാസം കിട്ടാത്ത അവസ്ഥയാണ്. എന്നിരുന്നാലും മോന്റെ അരികിലായി ചേർന്നു നിന്നുകൊണ്ട് പുറത്തെ മഴ നോക്കിക്കൊണ്ടിരുന്നു.
“മുറ്റം നിറയാൻ തുടങ്ങിയിരിക്കുന്നു. ഇങ്ങനെ പെയ്താൽ അകത്തേക്ക് വെള്ളം കയറും. തീർച്ച”, നാരായണിയമ്മ പറഞ്ഞു.
തൊട്ടടുത്ത സിദ്ദിക്കിന്റെ വീട്ടിലും സണ്ണിയുടെ വീട്ടിലും ഏകദേശം വെള്ളം കയറിത്തുടങ്ങി. സിദ്ദിക്കും സണ്ണിയും ലീവിന് നാട്ടിൽ വന്നിട്ടുണ്ട്. പക്ഷെ അവിടെയാരെയും കാണാനില്ല. കണ്ടിട്ടും കാര്യമില്ല. കാരണം മൂന്നു പേരും പിന്നെ വീട്ടുകാരും ഇപ്പോൾ ശത്രുതയിലാണ്. കടുത്ത ശത്രുത. നേരിട്ടു കണ്ടാൽ പോലും മിണ്ടില്ല. അതിപ്പോൾ കാലം കുറെയായി.
ആ വേദന എന്നും നാരായണിയമ്മ പറയാറുണ്ട്.
“അവരൊക്കെ അവിടെ ഉണ്ടോ ആവോ?”
“ആരേയും കാണാനില്ലല്ലോ?”
നാരായണിയമ്മ മെല്ലെ അകത്തേക്ക് പോയി. ശ്വാസം കിട്ടാതെ വിഷമിക്കുന്നുണ്ടെങ്കിലും അവർ പറഞ്ഞുകൊണ്ടിരുന്നു.
“നിങ്ങൾ മൂന്നുപേരും കാരണം നമ്മൾ അമ്മമാർക്ക് പരസ്പരം മിണ്ടാൻ പറ്റാത്ത അവസ്ഥയായി…”
“എത്രമാത്രം സ്നേഹം നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു.”
“എല്ലാം, നിങ്ങളുടെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കാരണത്താൽ ഓരോ മനസ്സുകളേയും വേർതിരിച്ചു.”
“ഓരോ മനസ്സിനുള്ളിലും നിങ്ങൾ മതിലുകൾ തീർത്തു. അതിന്മേലിരുന്നുകൊണ്ട് ഇപ്പോൾ ചുറ്റും കാണുന്നു…” “കഷ്ടം…..”
നാരായണിയമ്മ തന്റെ വേദനയുടെ ചുരുളഴിച്ചു. പറഞ്ഞു പറഞ്ഞ് ചുമയും തുടങ്ങി…
“അമ്മേ… ഞാൻ എന്തു ചെയ്തൂന്നാ…?”
രാജേഷിന് ദേഷ്യം വന്നു. അമ്മയെ നോക്കിക്കൊണ്ട് രാജേഷ് എന്തൊക്കെയോ പറഞ്ഞു.
“അവരല്ലേ നമ്മളെ ഒറ്റപ്പെടുത്തിയത്…?”
“അവരല്ലേ മിണ്ടാതിരിക്കുന്നത്…?”
“എനിക്ക് ആരോടും ദേഷ്യമില്ല…”
“കാരണം, അവർ രണ്ടുപേരും എന്റെ ജീവനായിരുന്നു ഒരിക്കൽ….!”
രാജേഷ് പതിയെ അകത്തേക്ക് കയറി.
രാജേഷിന്റെ മനസ്സ് അസ്വസ്ഥമായി. ഒടുവിൽ അകത്തെ സോഫയിൽ ഇരുന്ന് പുറത്തേക്കു നോക്കിയിരുന്നു.
മനസ്സ് മെല്ലെ കുഞ്ഞു പ്രായത്തിലേക്കു യാത്രയായി:
രാജേഷ്, സിദ്ദിക്, സണ്ണി… പിരിഞ്ഞിരിക്കാൻ പറ്റാത്ത കൂട്ടുകാരായിരുന്നു മൂന്നുപേരും. ജാതി-മത വേർതിരിവില്ലാതെ ഒരു മനസ്സുമായ്, ഒറ്റക്കെട്ടായ് ജീവിച്ച പ്രിയ കൂട്ടുകാർ!
എല്ലാറ്റിനും ഒന്നിച്ചായിരുന്നു ഇവർ മൂന്നുപേരും. ഒരേ ചിന്തകൾ!… ഒരേ മനസ്സുകൾ!… ഒരു പാത്രത്തിൽ ഭക്ഷണം! ഒരു പായയിൽ കെട്ടിപ്പിടിച്ച് ഒരുവീട്ടിൽ ഉറങ്ങുന്നവർ…
വീട്ടുകാരും, നാട്ടുകാരുപോലും ഇവരുടെ ഈ കൂട്ടുകെട്ടിനെ കളിയാക്കാറുണ്ടായിരുന്നു.
“വലുതായാൽ ഒരു പെണ്ണിനെയാണോടാ നിങ്ങൾ മൂന്നുപേരും കെട്ടുക”- എന്നുപോലും ചോദിച്ചു കളിയാക്കിയവർ ഉണ്ടായിരുന്നു.
കാലം കടന്നു പോകും തോറും ഇവരുടെ കൂട്ടുകെട്ടും കൂടിക്കൊണ്ടേയിരുന്നു. ഒരേ സ്കൂൾ, ഒരേ ക്ലാസ്, ഒരേ ബെഞ്ച്, പിന്നീട് ഒരേ കോളേജിൽ… ആർക്കും പിരിക്കാൻ പറ്റാത്ത, നെഞ്ചോടു ചേർത്തു കെട്ടിയ പോലെ ജീവിക്കുന്നവർ….!
പക്ഷെ കാലം അതിനെല്ലാം മതിലുകൾ ഒരുക്കി.
അതോ ആരൊക്കെയോ അതിനായി അതിർ വരമ്പുകൾ തീർക്കുകയായിരുന്നോ?
‘ഞാൻ മുസ്ലിമാണെന്നും’, ‘നീ ഹിന്ദുവാണെന്നും’, ‘അവൻ ക്രിസ്ത്യാനിയാണെന്നു’മുള്ള തിരിച്ചറിവുകൾ ആരൊക്കെയോ അവരുടെ തലച്ചോറിനുള്ളിൽ മൂളിക്കൊണ്ടേയിരുന്നു…
ആ മൂന്നു മനസ്സുകളെ മൂന്നു വരമ്പുകൾക്കുള്ളിൽ ഒതുക്കി വയ്ക്കാൻ ശ്രമിച്ചവരൊക്കെ സന്തോഷിച്ചു!. രാഷ്ട്രീയവും മതവും മൂന്നുപേരുടെയും തലയ്ക്കുള്ളിൽ അഗ്നിജ്വാലപോലെ കത്തിയെരിഞ്ഞു:
ഒടുവിൽ തമ്മിലടിയായി…! കൊലവിളയായി!
മൂന്നുപേരും എന്നെന്നേക്കുമായി അകന്നു..! മനസ്സും!
അതോടൊപ്പം, അച്ഛനും ബാപ്പയും അപ്പച്ചനും ശത്രുക്കളായി! അഥവാ ശത്രുക്കളാക്കി! അമ്മമാർക്ക് പരസ്പരം മിണ്ടാൻ പറ്റാത്ത അവസ്ഥയിലാക്കി!
കാലം എല്ലാം മൗനമായ് കണ്ടുകൊണ്ടിരുന്നു… കാലത്തിനുപോലും ഉരിയാടാൻ രാഷ്ട്രീയ – മതവാദികളോട് ചോദിക്കേണ്ടുന്ന അവസ്ഥ പോലെയായി…!
മൂന്നുപേരും ജോലിക്കായി നാടുവിട്ടു. തന്റെ സമ്പാദ്യങ്ങൾ മറ്റുള്ളവരെ കാണിക്കുവാനായി പരസ്പരം വാശിയിലായി. വലിയ വീടുവച്ചു, കാറുവാങ്ങി, നാട്ടിൽ വന്നാൽ ഇഷ്ടം പോലെ പണം ഒഴുക്കി…. ധൂർത്തടിച്ചു…
എല്ലാറ്റിനും മൂക സാക്ഷികളായി മൂന്ന് അമ്മമാരും!!…
അവരുടെ നെഞ്ചിൽ തേങ്ങലുകൾ മാത്രമായി. പരസ്പരം കണ്ടിട്ടും, മിണ്ടാതെ ‘ആരെങ്കിലും കണ്ടാലോ’ എന്ന ഭയം മൂന്നുപേരെയും മൗനികളാക്കി. അവർ പേടിച്ച് പേടിച്ച് ജീവിച്ചു!.
ഒരുപാട് കാലത്തിനു ശേഷമാണ് മൂന്നുപേരും ഒന്നിച്ച് നാട്ടിൽ വരുന്നത്:
ഒന്ന് കാണണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് മൂന്നുപേർക്കും. പക്ഷെ വരമ്പുകൾ മറികടന്നു പോകാൻ ആരും ധൈര്യം കാട്ടിയില്ല.
മഴവെള്ളം അകത്തേക്ക് കടന്നപ്പോഴാണ് താൻ ഈ ലോകത്തല്ലല്ലോ എന്ന് രാജേഷ് അറിയുന്നത് !:
പെട്ടെന്നുതന്നെ അമ്മയെയും കൊണ്ട് പുറത്തേക്കു പോകണം എന്ന് വിചാരിച്ചെങ്കിലും, മുറ്റം നിറയെ വെള്ളം നിറഞ്ഞതു കണ്ടു. ഒടുവിൽ ആരൊക്കെയോ ചെറിയ ഒരു തോണിയിൽ അവിടെയെത്തി രാജേഷിനെയും നാരായണിയമ്മയെയും കയറ്റി തൊട്ടടുത്ത സ്കൂളിലേക്ക് കൊണ്ടുപോയി.
‘അപ്പോഴും നാരായണിയമ്മ ശ്വാസം കിട്ടാതെ വിഷമിക്കുകയായിരുന്നു.’
താൻ പഠിച്ച സ്കൂൾ ഇപ്പോൾ അഭയാർഥി കേന്ദ്രമാണ്!. നിറയെ ആളുകൾ! കുഞ്ഞുങ്ങളുടെ കരച്ചിൽ! അമ്മമാരുടെ തേങ്ങലുകൾ! വിശപ്പിന്റെ രോദനം! ഹെലികോപ്ടറിന്റെ ശബ്ദം…!!
മാനസികമായും ശാരീരികമായും തളർന്ന് അവശരായ ഒരുപാട് മുഖങ്ങൾ!
രാജേഷ് അമ്മയെ അവിടെയാക്കി, ഡോക്ടറിനെ അന്വേഷിച്ചു മറ്റുള്ളവരോടൊപ്പം പുറത്തുപോയി. അപ്പോഴും മഴ ആരോടൊക്കെയോ പ്രതികാരം ചെയ്യും പോലെ പെയ്തുകൊണ്ടേയിരുന്നു… നിർത്താതെ!!!
അൽപ്പം കഴിഞ്ഞ് നനഞ്ഞു കൊണ്ടു തന്നെ രാജേഷ് സ്കൂളിൽ തിരികെയെത്തി.
“ഡോക്ടർ വരാൻ വൈകും, കാരണം ഡോക്ടർമാർ എല്ലാവരും വഴിയിൽ കുടുങ്ങിയിരിക്കുകയാണ് പോലും…!!”
സങ്കടത്തോടെ കൂടെയുള്ളവരോട് രാജേഷ് പറഞ്ഞു:
രാജേഷ് മെല്ലെ അമ്മയെ കാണാൻ അകത്തേക്ക് കയറി. ചുറ്റും വല്ലാത്ത ഒരവസ്ഥയായിരുന്നു… ഓരോ മുഖങ്ങളിലും നിസ്സഹായാവസ്ഥ!
പണക്കാരനും, പാവപ്പെട്ടവനും, താഴ്ന്ന ജാതിയിലുള്ളവരും, ഉയർന്നവനും, പാർട്ടി വിശ്വാസികളും എല്ലാവരും ഒരേയൊരു മുഖഭാവത്തോടെ ഒന്നും ഉരിയാടുവാനില്ലാതെ എന്തൊക്കെയോ ഓർത്തുകൊണ്ടേയിരിക്കുന്നു…
ഇവിടെ പാർട്ടിയില്ല!, മതമില്ല!, രാഷ്ട്രീയ വർത്തമാനങ്ങൾ ഇല്ല! ജീവന് വേണ്ടിയുള്ള പിടച്ചിൽ!… വിശപ്പിന്റെ രോദനം…! ‘ഇനിയെന്ത്’ – എന്ന ചിന്ത മാത്രം!
മഴയൊന്നു നിൽക്കണേയെന്നു കൈകൂപ്പുന്നവർ!. ദൈവത്തെ വിളിക്കാത്തവർ പോലും ദൈവം എന്ന സത്യം അറിഞ്ഞതുപോലെ…! വീട്ടിനുള്ളിൽ നിന്നും രക്ഷിക്കാൻ ദൈവങ്ങളെ പോലെ എത്തിയവർ !….
പ്രപഞ്ചത്തിന് ശക്തിയുണ്ടെന്നും, ഒരു ഈശ്വരചൈതന്യം ഉണ്ടെന്നും മനസ്സിലാക്കിയവർ !…. നമുക്കുചുറ്റും, നമ്മുടെ ഉള്ളിലും ചൈതന്യം ഉണ്ടെന്ന തോന്നലുണ്ടായവർ !..
നിരീശ്വരവാദികൾ പോലും മിണ്ടാതെയിരിക്കുന്നു…!
ഒരു തുള്ളി വെള്ളം കിട്ടാൻ ആശിക്കുന്നവർ, കയ്യിൽ കിട്ടിയ ഭക്ഷണത്തിന് വീട്ടിൽ നിന്നും ഉണ്ടാക്കിക്കിട്ടുന്നതിനേക്കാൾ രുചിയുണ്ടെന്നറിഞ്ഞവർ….! ഭക്ഷണം വെറുതെ കളയുന്നവർ പോലും, കിട്ടിയ പൊതിച്ചോറ് ആർത്തിയോടെ കഴിച്ചു തൃപ്തിയടയുന്നു…!
എല്ലാം ഒന്ന് കണ്ണോടിച്ചു കൊണ്ട് രാജേഷ് അമ്മയുടെ അടുക്കലേക്കു നടന്നു നീങ്ങിയപ്പോൾ പെട്ടന്ന് ചലനം നഷ്ടപ്പെട്ടപോലെ അവിടെ നിന്നുപോയി…!!!
അവിടെ കണ്ട കാഴ്ച നെഞ്ചിൽ ഒരു പോറൽ ഉണ്ടാക്കി…!!!
തന്റെ അമ്മ, സിദ്ദിക്കിന്റെ ഉമ്മ ആമിനാമ്മയുടെ നെഞ്ചോട് ചേർന്ന് കിടക്കുന്നു! അവർ, അമ്മയുടെ നെഞ്ച് തടവിക്കൊണ്ടിരിക്കുന്നു! രണ്ടു കാലിലും സണ്ണിയുടെ അമ്മ ത്രേസ്യാമ്മച്ചി തടവി ചൂടു പിടിപ്പിച്ചുകൊണ്ടിരിക്കുന്നു!
അമ്മയുടെ വലതു കൈയിൽ സിദ്ധിക് തടവിക്കൊണ്ടിരുന്നു! മറുകരത്തിൽ സണ്ണിയും! മിഴി നിറഞ്ഞുപോയി രാജേഷിന് ആ കാഴ്ച കണ്ടിട്ട്. രാജേഷ് ഓടി അമ്മയുടെ അരികിലെത്തി!!.
“അമ്മേ…”
രാജേഷ് കരഞ്ഞുപോയി അപ്പോൾ….. തൊണ്ട ഇടറിക്കൊണ്ട് രാജേഷ് വിളിച്ചു.
“ഉമ്മാ… അമ്മച്ചീ…
“എടാ, സിദ്ദിക്കേ… സണ്ണീ….”
രാജേഷ് നിറമിഴിയോടെ എല്ലാവരേയും വിളിച്ചു!.
എല്ലാവരേയും രാജേഷ് ചേർത്തുപിടിച്ചു.
അപ്പോഴും രാജേഷിന്റെ മിഴി നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു!
“മോനെ…” അമ്മ രാജേഷിനെ വിളിച്ചു:
“മോനേ… എനിക്ക് നല്ല സുഖമുണ്ട്… മനം നിറഞ്ഞു… ഇപ്പോൾ മരിച്ചാലും സാരമില്ല…!”
“ദേ…. ഇവരെല്ലാം എന്റെ അരികിൽ ഉണ്ട്. എനിക്കിവരെ തിരികെ കിട്ടി! ഇനിയെനിക്കെന്തുവേണം!”
“ഈശ്വരൻ എനിക്ക് ഇവരെ തിരികെ തന്നു”.. “അതിന് ഈ ഒരു മഴ പെയ്യേണ്ടി വന്നു !…”
നാരായണിയമ്മ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞുകൊണ്ടേയിരുന്നു… മുഖം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നു.
“കരയേണ്ട നാരായണീ…..” “ഇനി നമ്മളെ ആർക്കും വേർപിരിക്കാൻ ആവില്ല.” ആമിനാമ്മ തന്റെ തട്ടം കൊണ്ട് നാരായണിയമ്മയുടെ മുഖം മെല്ലെ തുടച്ചു…. കണ്ണുനീരൊപ്പി…..!
“നല്ലൊരു മഴ വന്നാൽ എങ്ങോട്ടോ ഒലിച്ചുപോകുന്ന ഒരു ജന്മമാണ് നാമെന്നു മറക്കരുത്.” ആമിനാമ്മ തുടർന്നു…
“പെറ്റമ്മമാരെ മറന്നവരാണ് നിങ്ങൾ മൂന്നുപേരും…!”
നെഞ്ച് പൊട്ടും വരെ പണിയെടുത്ത്, സ്വന്തം ജീവിതം ബലി കഴിച്ച് ആ ഇരിക്കുന്ന അച്ഛൻമാർ നിനക്കൊക്കെ തന്ന ദാനമാണ് നിങ്ങളുടെ ഓരോരുത്തരുടേയും ജീവിതം… അതു മറക്കരുത്!”
“അവരെക്കാൾ നിനക്കൊക്കെ വലുത് കുറെ ആദർശങ്ങളും, മതമൗലിക വാദികളും, രാഷ്ട്രീയ നേതാക്കന്മാരും. സ്വന്തം അച്ഛനെയും അമ്മയെയും വേദനിപ്പിച്ച ആരും തന്നെ ഈ ഭൂമിയിൽ സ്വസ്ഥതയോടെ ജീവിച്ചിട്ടില്ലെന്ന കാര്യം നിങ്ങൾ മറക്കരുത്.”
“മറ്റുള്ളവന്റെ മുന്നിൽ ആളാവാൻ വേണ്ടി നീയൊക്കെ എന്തും ചെയ്യും… കൊല്ലാനും മടിക്കാത്തവന്മാർ!”
“നാളെ നീയൊക്കെ പണത്തിനുവേണ്ടി ഞങ്ങളെയും കൊല്ലുകില്ലേ?”…… സണ്ണിയെ നോക്കി ത്രേസ്യാമ്മച്ചി വിലപിച്ചു !.
ആമിനാമ്മ കലിയിളകിയപോലെയായിരുന്നു. വര്‍ഷങ്ങളായി മനസ്സിൽ അടക്കി വെച്ചിരുന്ന തന്റെ വേദന അവർ പറഞ്ഞുകൊണ്ടേയിരുന്നു !…
“പണം…. പണം… പണം…… ഓട്ടമാണ് എല്ലാവരും….സ്നേഹിക്കാനറിയാത്ത കുറെ ജന്മങ്ങൾ!….”
“നിന്റെയൊക്കെ പത്രാസെല്ലാം ഇന്നെവിടെ? എവിടെ എല്ലാം?…. എല്ലാം മഴ കൊണ്ടുപോയില്ലേ ?”….
“നിന്റെയൊക്കെ വല്യ ആദർശം!, ആർക്കും മനസ്സിലാകാത്ത, കുറെ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ!….. നിന്റെയൊക്കെ ആദർശവും അഹങ്കാരവും ഒക്കെ എവിടെ?….. മഴയത്ത് ഒലിച്ചുപോയോ?”
“എന്തേ മൂന്നുപേരും തലയും താഴ്ത്തി ഇരിക്കണേ?… നിങ്ങളുടെ കുട്ടിക്കാലം ഓർക്കുന്നുണ്ടോ?
നിങ്ങളെപ്പോലെ തന്നെ ഞങ്ങൾ മൂന്നു പേരും ഒരേ മനസ്സോടെ കഴിഞ്ഞതായിരുന്നു.”
“അതാ.. കുറെ അവന്മാർ പുറത്തിരിക്കുന്നു….
“നിന്നെയൊക്കെ കൊലയ്ക്കു കൊടുക്കാൻ നടക്കുന്നവന്മാർ……
“കൂട്ടത്തിലിരിക്കുന്ന ഒരുത്തനും പഠിച്ചിട്ടില്ല…. പക്ഷെ ബുദ്ധിയുണ്ട്…!
നീയൊക്കെ പത്രാസിനു പഠിച്ചിട്ടുണ്ട്…..പക്ഷെ ബുദ്ധിയില്ല…..!”
“കഷ്ടം….” ആമിനാമ്മ പറഞ്ഞുകൊണ്ടിരുന്നു…
“മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ടെന്താ… പഠിച്ചതിന്റെ ബുദ്ധി വേണ്ടേ…?”
ആമിനാമ്മ കടലിനേക്കാൾ കലിയിളകിയപോലെയായി….. മനസ്സിൽ അടക്കി വെച്ചിരുന്ന തന്റെ വേദന പറഞ്ഞുകൊണ്ടിരുന്നു…..
“ഇനിയെങ്കിലും മൂന്നുപേരും മനസ്സിലാക്കുക, എന്താണ് സ്നേഹം എന്നും, മരിക്കും വരെ എങ്ങനെ ഒരേ മനസ്സോടെ, സന്തോഷത്തോടെ ജീവിക്കാം എന്നും” – ത്രേസ്യാമ്മയും പറയാൻ തുടങ്ങി..
“എത്ര പണം കൊടുത്താലും കിട്ടാത്ത ചിലതുണ്ട് ഈ ഭൂമിയിൽ…! നീയൊക്കെ ഇവിടെ നിന്നും ഒന്നും കൊണ്ടുപോകില്ല. അത് മറക്കരുത്. മറ്റുള്ളവന്റെ വാക്കു കേട്ട് ദ്രോഹിക്കാനും, കൊല്ലാനും കൊലവിളിക്കാനും നിനക്കൊക്കെ കഴിയുമെങ്കിൽ നീയൊക്കെ ഓർക്കണം, നിന്നെ കൊല്ലാനും ദൈവം ഒരാളെ ഏർപ്പാടാക്കിയിട്ടുണ്ടാവും എന്ന്… അതോർക്കണം എന്നും….
ഇനിയെങ്കിലും വൈരാഗ്യം ഒക്കെ മറന്ന് എല്ലാരും ഒന്നാകാൻ നോക്ക്. ഇനിയും നിങ്ങൾക്ക് ഇത് കഴിയില്ലെങ്കിൽ ഞങ്ങളെ പിരിക്കാൻ ഇനി നോക്കണ്ട… ഈ ജന്മം തീരുംവരെ ഞങ്ങൾ മൂന്നുപേരും ഒന്നിച്ചുണ്ടാവും. ഇതും പറഞ്ഞു ഒരുത്തനും വീട്ടിലേക്കു വരരുത് !!!”. മനസ്സിലായോ?
ആമിനാമ്മ മനസ്സിലുള്ളതെല്ലാം പറഞ്ഞുകൊണ്ടിരുന്നു…..
“പോ…എന്റെ മുന്നീന്ന്…” ആമിനാമ്മ പരിസരം പോലും മറന്നുപോയിരിക്കുന്നു… കിതയ്ക്കുന്നുമുണ്ട്!!!….
എല്ലാവരും കേട്ടുകൊണ്ടിരിക്കയാണ്. സ്കൂൾ നിറയെ ആളുകൾ!!!…..
എല്ലാവർക്കും അറിയാം ഈ മൂന്നു കുടുംബങ്ങളും എത്രമാത്രം സ്നേഹത്തോടെ ജീവിച്ചിരുന്നതാണെന്നും, ഒടുവിൽ പിരിഞ്ഞതും…!
മൂന്നുപേരും അവിടെ നിന്നും പതിയെ എഴുന്നേറ്റു…..
കണ്ണ് നിറഞ്ഞിരിക്കുന്നു മൂന്നുപേരുടെയും!!…..
ഹൃദയത്തിന്റെ താളം നിലച്ചതുപോലെ!!…ഒരു പിടച്ചിൽ ! ആത്മ നൊമ്പരം…!
പരസ്പരം ഉരിയാടാൻ ആവാത്തപോലെ!!…
ഹൃദയ ശംഖിന്നുള്ളം സ്പന്ദനമായ് മാറി..!
കണ്ണോടു കണ്ണോരം നോക്കിനിൽക്കെ മൂന്നു പേരും കെട്ടിപ്പിടിച്ചു തേങ്ങി!!!!…..
ഇതുകണ്ട് മൂന്ന് അമ്മമാരുടെയും കൂടെയുള്ളവരുടെയും മിഴികളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു!!!….
“ഇനി നമ്മളെ ഒരുത്തനും വേർപിരിക്കില്ല!…….”
സിദ്ദിക്കാണ് ആദ്യം പറഞ്ഞത്…….
“അതേടാ…. നമ്മളുടെ മനസ്സിനെ മുറിച്ചവർക്കു മുന്നിലൂടെ നമ്മൾ ഇനി മുന്നോട്ടു പോകും….” സണ്ണി കൂട്ടിച്ചേർത്തു !….
“അതെ….. ഓർമ്മവെച്ച കാലം തൊട്ടേ നമ്മൾ നെയ്തെടുത്ത സ്വപ്നങ്ങളെല്ലാം ഈ സ്കൂളിൽ നിന്നായിരുന്നു… ഈ സ്കൂൾ ആണ് നമ്മുടെ ആരാധനാലയം. ഇവിടമാണ് സ്വർഗ്ഗം”… ഇനി നമ്മൾ ഒന്നാണ്…. മരണം വരെ!”
രാജേഷ് മിഴിതുടച്ചുകൊണ്ടു പറഞ്ഞു.
ദൃഢമായ ആ വാക്കുകൾ കേട്ട മാത്രയിൽ, മൂന്ന് അമ്മമാർക്കും സന്തോഷത്താൽ മനം നിറഞ്ഞു!!…..
ഈ മഴ ഒരുപാട് നാശങ്ങൾ തന്നതാണെങ്കിലും മൂന്ന് മനസ്സുകളെ യോജിപ്പിക്കാൻ കഴിഞ്ഞു. മഴ ഇതൊന്നുമറിയാതെ ശക്തമായി പെയ്തുകൊണ്ടേയിരുന്നു.
രാജേഷും, സിദ്ദിക്കും സണ്ണിയും കൈകൾ ചേർത്തു പിടിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി….
സ്കൂൾ വരാന്തയുടെ ഒരു കോണിൽ അച്ഛനും, ബാപ്പയും, അപ്പച്ചനും ഒന്നിച്ചിരിക്കുന്നത് കണ്ടപ്പോൾ അതിശയപ്പെട്ടുപോയി!…. മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി!!!…..
മൂന്നുപേരെയും നോക്കി അവർ പുഞ്ചിരിച്ചു:
ഇതെല്ലം നോക്കിക്കൊണ്ട് വരാന്തയുടെ ഒരറ്റത്ത് മത – മൗലിക നേതാക്കന്മാരും, മറ്റൊരറ്റത്ത് സ്ഥലത്തെ രാഷ്ട്രീയ നേതാക്കന്മാരും താടിക്കു കയ്യും കൊടുത്തു തല താഴ്ത്തിയിരിക്കുന്നുണ്ടായിരുന്നു!!…
ഇനിയെങ്ങനെ ഇവന്മാരെ തമ്മിലടിപ്പിക്കും എന്ന് ചിന്തിക്കും പോലെ!…
നഷ്ടപ്പെട്ടുപോയ നല്ലകാലങ്ങൾ തിരികെ ലഭിക്കില്ലെങ്കിലും ഇനിയുള്ള കാലം ജാതിയും – മതവും – രാഷ്ട്രീയവും മറന്ന് ഒരു ചങ്കുപോലെ നമ്മൾ കഴിയും എന്ന് മനസ്സിൽ ഉറപ്പിച്ച് ലുങ്കി മടക്കിക്കുത്തി മൂന്നുപേരും മഴയത്തേക്ക് ഇറങ്ങിനടന്നു.
പണ്ട് സ്കൂളിലും, വീട്ടിലും വഴിയോരത്തും നനഞ്ഞതുപോല… കൈകൾ ചേർത്തു പിടിച്ചുകൊണ്ട് മറ്റുള്ളവരോടൊപ്പം സജീവ രക്ഷാപ്രവർത്തനത്തിനായി മുന്നോട്ടു നടന്നു.
പുതിയ ഉണർവ്വോടെ!!. പുത്തൻ മനസ്സോടെ!!… പുതിയ ഭാവത്തോടെ.!!.. ചങ്കുറപ്പോടെ!!….
മഴ പെയ്ത് തീരും മുമ്പേ മൂന്നു മനസ്സുകൾ ഒന്നിച്ചു!….മൂന്നു വീട്ടുകാർ ഒന്നിച്ചു!….
മതവും-രാഷ്ട്രീയവും അല്ല, പകരം ഒരേ മനസ്സും, ഒത്തൊരുമയും, സ്നേഹ വുമാണ് മനുഷ്യന് അത്യാവശ്യമെന്നും, അതാണെല്ലാമെന്നും മനസ്സിലാക്കിക്കൊടുക്കാൻ മഴ പെയ്യേണ്ടിവന്നു!!!!…………
ഇപ്പോഴും മഴ പെയ്തുകൊണ്ടേയിരിക്കുന്നു!!…….. നിർത്താതെ!!!!……
എല്ലാവരും മഴപെയ്യുന്നതും നോക്കിക്കൊണ്ടേയിരുന്നു!!!!……
Fascinating story very well written .It has a good moral and it is a eye opener for all🌹
Thank you So Much Dear Lloyd .
വളരെ സമകാലീന പ്രാധാന്യമുള്ള വിഷയം , ലളിതവും മനോഹരവുമായി അവതരിപ്പിച്ചു. നിഷ്കളങ്ക ബാല്യ മനസ്സിൽ വിഷം കുത്തിവെക്കുന്ന സാമൂഹ്യ ദ്രോഹികളെ തുറന്നു കാട്ടുന്നതിൽ കഥാകൃത് വിജയിച്ചു എന്നത് എടുത്തുപറയേണ്ടതാണ്.
വായനക്കാരന്റെ മനസ്സിൽ മഴയുടെ വശ്യ മനോഹാരിത വരച്ചുകാണിക്കുന്നതിൽ കഥാകൃത്തിന്റെ ഭാവനയുടെ യുള്ള വരികൾ അഭിനന്ദനം അർഹിക്കുന്നു.
മനുഷ്യൻ അമിതമായി പ്രകൃതിയെ ചൂഷണം ചെയുന്ന ഈ കാലത്തു, പ്രപഞ്ച ശക്തിക്കുമുന്നിൽ മനുഷ്യൻ ഒന്നുമെല്ല എന്ന വലിയ ഒരു ഓർമപ്പെടുത്തൽ കൂടി ഈ കഥയിലൂടെ കഥാകൃത്തും വരച്ചു കാണിക്കുന്നു.
ഇനിയും ഒരുപാട് നല്ല രചനകൾ ഈ തൂലികയിൽ പിറവി കൊള്ളട്ടെ എന്ന് ആശംസിച്ചുകൊണ്ട്
സ്നേഹപൂർവ്വം
രാജേഷ് മൊട്ടപ്പാറ
പ്രിയ രാജേഷ്
ഒരുപാട് സന്തോഷത്തോടെ ,മനസ്സിൽ നിറഞ്ഞു തുളുമ്പുന്ന സ്നേഹാദരവോടുകൂടി എഴുതട്ടെ !
“ഹൃദയം തുറന്നെഴുതിയ വാക്കുകൾക്ക് ഒരുപാടൊരുപാട് നന്ദി !
സ്നേഹപൂർവ്വം
shiva kumar
This was an inspiring and soul-stirring story :’) ❤️ LOVE the beautiful message it has to offer!☁️✨ Well worth a read.