Author
ഷാബു തോമസ്
ശവമടക്കവും കഴിഞ്ഞ് തോമസ് മാത്യു തിരിച്ചെത്തിയപ്പോൾ വെയിൽ പോയിമറഞ്ഞിരുന്നു. കൊറോണയുടെ കർശന നിയന്ത്രണങ്ങൾ ഉള്ളതുകാരണം അടുത്ത ബന്ധുക്കളടക്കം വളരെ കുറച്ചുപേർ മാത്രമേ ശവമടക്കത്തിന് ഉണ്ടായിരുന്നുള്ളൂ.
കതകു തുറന്ന് സ്വീകരണമുറിയിലെ ഇരുളിലേയ്ക്ക് കയറിയപ്പോൾ ശൂന്യതയുടെ ഒരു നിലയില്ലാക്കയത്തിലേയ്ക്ക് പതിച്ചപോലെ തോമസ് മാത്യുവിന് തോന്നി. ലൈറ്റിട്ടപ്പോൾ അയാളുടെ കണ്ണുകൾ ഒഴിഞ്ഞുകിടന്ന സോഫയിലേയ്ക്ക് നീണ്ടു. രണ്ടുദിവസം മുമ്പ് മമ്മി അവിടെയിരിപ്പുണ്ടായിരുന്നു. പതിവുപോലെ കുളിയൊക്കെ കഴിഞ്ഞ് ഏതോ ചാനലിലെ സംഗീതപരിപാടിയും കണ്ടുകൊണ്ട്.
അയാൾ അതോർക്കാൻ കാരണമുണ്ട്. അപ്പോഴായിരുന്നു ടൗണിൽ പോയി ബിസിനസ് പാർട്ണറെ കാണാൻ അയാൾ പുറത്തേക്കിറങ്ങിയത്. പടിയിറങ്ങിയപ്പോൾ മമ്മി എന്തോ ചോദിച്ചു. അതിന് പേരിനൊരു മറുപടി അയാൾ പറഞ്ഞു. എന്നും അയാൾ അങ്ങനെ തന്നെയായിരുന്നു. അത് സ്നേഹക്കുറവു കൊണ്ടൊന്നുമായിരുന്നില്ല.
എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ തോമസിന് ജോലി കിട്ടിയപ്പോൾ അന്നമ്മ വളരെ സന്തോഷിച്ചു. അതിന് കാരണമുണ്ട്. അയാൾക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അവരുടെ ഭർത്താവ് ഒരു അപകടത്തിൽ മരിച്ചത്. പിന്നീട് തോമസിനു വേണ്ടിയാണ് അവർ ജീവിച്ചത്. മകന് ഒരു നല്ല ജോലി കിട്ടിയപ്പോൾ അത് അവർക്കൊരു വലിയ ആശ്വാസമായിരുന്നു. എന്നാൽ, ഒരു സുപ്രഭാതത്തിൽ ബിസിനസ് മോഹം തലയ്ക്കുപിടിച്ച് കിട്ടിയ ജോലിയും വലിച്ചെറിഞ്ഞ് വീട്ടിൽ വന്നുകയറിയപ്പോൾ അന്നമ്മ തകർന്നുപോയി.
ഒന്നാലോചിക്കാമായിരുന്നില്ലേ എന്നുമാത്രമേ ചോദിച്ചുള്ളൂ അന്നമ്മ. പക്ഷെ അമ്മ അമ്മയുടെ കാര്യം നോക്ക് എന്നുപറഞ്ഞ് അയാൾ പൊട്ടിത്തെറിച്ചു. പിന്നെ, അവർ ഒന്നും പറഞ്ഞില്ല. നനയാൻ തുടങ്ങിയ കണ്ണുകളൊളിപ്പിച്ച് അവർ ലൗഞ്ചിലെ വിരിയുടെ ഇല്ലാത്ത ചുളിവുകൾ നേരെയാക്കാൻ നോക്കി.
തോമസ് ഒന്നുകൂടി ആ ലൌഞ്ചിലേയ്ക്ക് നോക്കി. അതൊഴിഞ്ഞു കിടക്കുകയാണ്. എങ്കിലും അമ്മയവിടെ ഉള്ളതുപോലെ അയാൾക്ക് തോന്നി. ഇന്നലെ രാവിലെ പണിക്കാരിച്ചേച്ചിയുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് അമ്മയ്ക്ക് ദേഹം തളരുന്നപോലെ തോന്നിയത്. പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഒരു മണിക്കൂറിനുള്ളിൽ അന്നമ്മ മകനെ ഉപേക്ഷിച്ചുപോയി.
ജോലി ഉപേക്ഷിച്ചിട്ട്, നാട്ടിലുള്ള ഒന്നുരണ്ട് കൂട്ടുകാരുമൊത്ത് ഒരു ചെറിയ വെബ് ഡെവലപ്പ്മെന്റ് കമ്പനി സ്റ്റാർട്ട് ചെയ്യാനായിരുന്നു പ്ലാൻ. അമേരിക്കയിലും ആസ്ട്രേലിയയിലുമുള്ള കൂട്ടുകാർ ഒന്നുരണ്ട് പ്രൊജക്റ്റ് തരമാക്കി കൊടുത്തതുമാണ്. അപ്പോഴാണ് ലോകമാകമാനം സർവ്വമേഖലകളിലും നാശം വിതച്ചുകൊണ്ട് കോവിഡ് പടർന്നുപിടിച്ചത്. അതോടെ എല്ലാം വെള്ളത്തിലായി. ആ ടെൻഷനിൽ അമ്മയോട് ഒന്നു മിണ്ടാൻ പോലും അയാൾ പലപ്പോഴും മറന്നു. പക്ഷെ, അന്നമ്മയ്ക്ക് അതിൽ പരാതിയില്ലായിരുന്നു, കാരണം, അതിനുമുമ്പും അയാൾ അങ്ങനെയായിരുന്നു. അയാൾ സ്നേഹിച്ചത് അയാളെ മാത്രമാണ്.
ഒഴിഞ്ഞുകിടന്ന ലൗഞ്ചിലിരുന്ന് കണ്ണുകളടച്ച് അയാൾ പലതുമാലോചിച്ചു.
ലോക്ക്ഡൗൺ തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോഴാണ് ഒന്നും ചെയ്യാനില്ലാതെ വീട്ടിലിരുന്ന് മൊരഞ്ഞ തോമസ് മാത്യു അമ്മയുടെ ചെയ്തികൾ ശ്രദ്ധിച്ചത്. രാവിലെ അഞ്ചരയ്ക്ക് എഴുന്നേറ്റ് അടുക്കളയിൽ കയറുന്നതാണ്. ചായ, പ്രഭാതഭക്ഷണം എല്ലാം തനിയെ ഉണ്ടാക്കും. പുറം പണിയ്ക്ക് വരുന്ന ചേച്ചി രാവിലെ വരുമ്പോൾ അവരോടൊപ്പം കുറച്ച് സംസാരിച്ചിരിക്കും. പിന്നെ, ചോറും കറികളും വയ്ക്കും. ജോലിക്കാരിച്ചേച്ചി മീൻ വെട്ടിക്കൊടുക്കുകയും കറിക്കരിഞ്ഞുകൊടുക്കുകയും മാത്രമേ ചെയ്തിരുന്നുള്ളൂ. പാചകം അമ്മ ഒറ്റയ്ക്കാണ് ചെയ്തിരുന്നത്.
ഇതൊക്കെ ആദ്യമായി കാണുന്നതുപോലെയായിരുന്നു തോമസ് നോക്കിക്കണ്ടത്. ഉച്ചയ്ക്ക് ഊണ് വിളമ്പിക്കൊടുക്കുമ്പോൾ പോലും അയാൾ അവരോട് അങ്ങനെ സംസാരിച്ചിരുന്നില്ല. അപൂർവ്വമായി മാത്രം, അമ്മ കഴിച്ചോ എന്ന് ചോദിച്ചിരുന്നു. ആ ചോദ്യം കേൾക്കുമ്പോൾ അമ്മ പുഞ്ചിരിക്കുക മാത്രം ചെയ്യുമായിരുന്നു. അതിനപ്പുറം, അമ്മ എപ്പോൾ, എങ്ങനെ കഴിക്കുന്നുവെന്ന് അയാൾ അന്വേഷിച്ചിരുന്നില്ല.
ഊണ് കഴിഞ്ഞ് ഒരു മണിക്കൂർ അമ്മ ഉറങ്ങുമായിരുന്നു. ഉറങ്ങിയെഴുന്നേറ്റ് കുളിച്ചിട്ട് പിന്നെ ചായയിടും. ചായ കുടിച്ചിട്ട് പറമ്പിലൂടെ വെറുതെ നടക്കുന്നത് അയാൾ ജനലിലൂടെ എന്നും കാണുമായിരുന്നു. വൈകുന്നേരം ചാനലുകൾ മാറ്റി ഏതെങ്കിലും സംഗീത പരിപാടി കാണും. അതും വളരെ കുറച്ച് നേരം. പിന്നെ എഴുന്നേറ്റു പോയി അത്താഴത്തിനുള്ളത് ശരിയാക്കും.
ഇതിനപ്പുറം, ആ വീടിന്റെ പടി കടന്ന് അമ്മ അടുത്ത വീട്ടിലോട്ട് പോകുന്നതുപോലും തോമസ് മാത്യു കണ്ടിട്ടില്ല.
ലോക്ക്ഡൗൺ തുടങ്ങി ഒരു മാസമാകുന്നതിന് മുമ്പു തന്നെ അയാൾക്ക് ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു. അപ്പോൾ അമ്മ… അമ്മ.. ഒരിക്കലെങ്കിലും ശ്വാസം മുട്ടിയിട്ടുണ്ടാകില്ലേ?
ഒരു കോളിംഗ് ബെല്ലിന്റെ ശബ്ദം അയാളുടെ ചിന്തകളിൽ ഒരു വിള്ളൽ ഉണ്ടാക്കി. എഴുന്നേറ്റുചെന്ന് കതക് തുറന്നുനോക്കിയപ്പോൾ കൊച്ചപ്പനാണ്. കൈയിൽ അത്താഴപ്പൊതിയുമുണ്ട്.
“എന്നാലും ചേട്ടത്തി ഇത്ര പെട്ടെന്ന് പോകുമെന്ന് വിചാരിച്ചില്ല.”
നിഃശ്ശബ്ദതയെ തോൽപ്പിക്കാൻ വേണ്ടി കൊച്ചപ്പൻ അത്രയും പറഞ്ഞപ്പോൾ തോമസ് മാത്യു ആദ്യം മറുപടി ഒന്നും പറഞ്ഞില്ല. പിന്നെ, പുറത്തെ ഇരുളിലേയ്ക്ക് നോക്കി മെല്ലെ പറഞ്ഞു,
“നാലുമാസത്തെ ലോക്ക്ഡൗൺ എന്നെ ശ്വാസം മുട്ടിച്ചു. പക്ഷെ… ഞാൻ കാരണം… അമ്മ… ഇത്രയും നാൾ?”
ഇതുകേട്ട് കൊച്ചപ്പൻ ചിരിക്കാൻ ശ്രമിച്ചു. എന്നിട്ട്, താനും ഇതുതന്നെ പറയാൻ പോകുകയായിരുന്നു എന്നുപറഞ്ഞു.
“നിനക്കറിയാവോ തോമച്ചാ, നിന്റെ അപ്പൻ, എന്റെ അച്ചായൻ ഏട്ടത്തിയെ ഒരു രാജകുമാരിയെപ്പോലായിരുന്നു നോക്കിയിരുന്നത്. പക്ഷെ, അച്ചായൻ പോയതിന് ശേഷം…”
കൊച്ചപ്പൻ പറയാതെ നിർത്തിയതെന്താണെന്ന് അയാൾക്ക് നന്നായി അറിയാമായിരുന്നു. അമ്മയുടെ സകല സൗഭാഗ്യങ്ങളും അന്ന് അവസാനിക്കുകയായിരുന്നു. പിന്നീടുള്ള അവരുടെ ജീവിതം മകനുവേണ്ടി മാത്രമായിരുന്നു. അതിനുവേണ്ടി സ്വയം തീർത്ത, സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഒരു ആജീവനാന്ത ലോക്ക്ഡൗൺ. അയാളുടെ മനസ്സ് നോക്കിക്കണ്ടിരുന്ന പോലെ കൊച്ചപ്പൻ പറഞ്ഞു,
“നാലുമാസത്തെ ലോക്ക്ഡൗൺ നിന്നെ ശ്വാസം മുട്ടിച്ചെന്ന് നീ പറഞ്ഞല്ലോ തോമാച്ചാ. പക്ഷെ, നിനക്കുവേണ്ടി ഏട്ടത്തി ഉണ്ടാക്കിയെടുത്ത ആ ലോക്ക്ഡൗൺ ഉണ്ടല്ലോ.. അതേൽപ്പിച്ച ശ്വാസം മുട്ടലിനു മുന്നിൽ നിന്റെ ശ്വാസം മുട്ടലൊന്നുമില്ലെടാ.”
മറുപടി പറയാൻ തോമസ് മാത്യുവിന് വാക്കുകളില്ലായിരുന്നു. കൊച്ചപ്പൻ യാത്ര പറഞ്ഞ് പോകാനെഴുന്നേറ്റു. ഒറ്റയ്ക്കു കിടക്കണ്ടാ, തന്റെ കൂടെ പോരെ എന്നുപറഞ്ഞപ്പോൾ തോമസ് ഇല്ലെന്ന് തലയാട്ടി. പിന്നെ പറഞ്ഞു,
“ഇല്ല കൊച്ചപ്പാ. എനിയ്ക്ക് അമ്മയോടൊന്ന് ഒറ്റയ്ക്ക് സംസാരിക്കണം.”
കൊച്ചപ്പൻ പുഞ്ചിരിച്ചുകൊണ്ട് അതംഗീകരിച്ചു. പടിയിറങ്ങുന്നതിനു മുമ്പ് കൊച്ചപ്പൻ നിന്നിട്ട് തോമസ് മാത്യുവിനെ നോക്കി പറഞ്ഞു,
“നിനക്കുവേണ്ടി മാത്രം നീ ജീവിച്ചപ്പോൾ നീ നിന്റെ അമ്മയെ കാണാനിത്തിരി വൈകിപ്പോയി. അല്ലേ?”
ആ ചോദ്യം തോമസ് മാത്യുവിന്റെ മുന്നിൽ മൗനത്തിന്റെ ഒരു കമ്പളം നിവർത്തിയിട്ടു.
കൊച്ചപ്പൻ പോയിക്കഴിഞ്ഞ് അയാൾ അമ്മയുടെ മുറിയിലേയ്ക്കു പോയി. കട്ടിലിന്റെ പടിയിൽ അമ്മയുടെ മണമുള്ള ഒരു പഴയ സാരി മടക്കിയിട്ടുണ്ടായിരുന്നു. അയാൾ അതെടുത്ത് വാസനിച്ചു. അപ്പോൾ തോമസ് മാത്യുവിന് പെട്ടെന്ന് താൻ അനാഥനായ പോലെ തോന്നി. അയാൾ ഉറക്കെ നിലവിളിക്കാൻ ശ്രമിച്ചു. പക്ഷെ, പുറത്തേയ്ക്ക് വരാതെ എവിടെയോ കുരുങ്ങി ശബ്ദത്തിന് ശ്വാസം മുട്ടി.
0 Comments