Author
സ്വാതി കവലയൂർ
പ്രണയ സ്മാരകത്തിന് മുൻപിൽ നിന്നെടുത്ത ആ ചിത്രം കവറിനുള്ളിൽ ഇട്ട് അവളുടെ വിലാസമെഴുതി പോസ്റ്റ് ചെയ്തു കഴിഞ്ഞപ്പോഴാണ് അവൾക്ക് കാഴ്ചയില്ലല്ലോ എന്ന സത്യം അവൻ വേദനയോടെ ഓർത്തത്. വെണ്ണക്കല്ലിൽ മെനഞ്ഞെടുത്ത ആ ലോകാത്ഭുതത്തിനു മുൻപിൽ മറ്റൊരു ഷാജഹാനും മുംതാസുമായി മാറിയ അസുലഭ നിമിഷങ്ങൾ ഈ ചിത്രത്തിലൂടെ അവൾക്ക് കാണാനാവില്ലെന്ന വെമ്പൽ ഉള്ളിൽ നീറി.
വർണ്ണങ്ങളുടെ ലോകത്തു നിന്നും ഇരുളിന്റെ അകത്തളത്തിലേക്കുള്ള അവളുടെ പ്രയാണം എത്ര വേഗത്തിലായിരുന്നു എന്നത് ഒരു ഞെട്ടലോടെ അവൻ ഓർത്തു. പൂത്തുമ്പിയെയും പുതുനിലാവിനേയും പ്രണയിച്ചിരുന്ന ചിത്രകാരി ഒരിക്കലും അവസാനിക്കാത്ത ഒരു അമാവാസിയുടെ ഉപാസിയാകുമെന്ന് ആരും സ്വപ്നത്തിൽ കൂടി കരുതിയിട്ടുണ്ടാവില്ല. അവളുടെ ആദ്യ ചിത്രപ്രദർശനം തന്നെ എത്ര ശ്രദ്ധേയമായിരുന്നു. പ്രശസ്ത ചിത്രകാരന്മാർ പോലും അവളെ അകമഴിഞ്ഞ് പ്രശംസിച്ച നിമിഷങ്ങൾ. എണ്ണച്ചായങ്ങളുടെ മായാജാലം അവളുടെ വിരൽത്തുമ്പിലൂടെ ക്യാൻവാസിൽ അത്ഭുതം വിടർത്തുന്നത് കാണാൻ എന്ത് തിരക്കായിരുന്നു. ഡൽഹിയിലെ കൊണാട് പ്ലെയ്സിലും, ജന്തർ മന്ദിറിലും, മയൂർ വിഹാറിലുമൊക്കെ നടന്ന ചിത്രപ്രദർശനങ്ങളിലും അവളായിരുന്നു താരം. ഒരു പൂവിന്റെ പാശ്ചാത്തലത്തിൽ ഇളം നീലയും ഇളം ചുവപ്പുമുള്ള രണ്ട് ശലഭങ്ങൾ ചുംബിക്കുന്ന പ്രണയചിത്രം അവൾ ആരാധകർക്കായി വീണ്ടും വരച്ചു നൽകി. പിരി അഴിഞ്ഞ് രണ്ടായി നിലത്തുകിടക്കുന്ന ഒരു കുത്തുവിളക്കിന്റെ ചിത്രവും, “വിളക്കിച്ചേർക്കും മുൻപ്” എന്ന അടിക്കുറിപ്പും ഏറെ ചർച്ച ചെയ്യപ്പെട്ടു.
നിറങ്ങളുടെയും വരകളുടെയും ലോകത്തുനിന്നും ഈ ചെറു പ്രായത്തിൽ, തുടിച്ചു നിൽക്കുന്ന യൗവ്വനത്തിൽ, ഇരുട്ടിലേക്ക് വലിച്ചെറിയപ്പെട്ട ആ പ്രതിഭയെ എങ്ങിനെയാണൊന്നു മടക്കി കൊണ്ടുവരിക?
വലിയ പ്രതീക്ഷ വയ്ക്കണ്ട, എന്നാലും നമുക്ക് ശ്രമിക്കാം എന്ന ഡോക്ടറുടെ ആശ്വാസവാക്കുകൾ മുഖവിലയ്‌ക്കെടുക്കാമോ ?
തപാൽ പെട്ടിയുടെ അടുത്തു കുറച്ചു നേരം ചിന്താധീനനായി നിന്ന ശേഷം അവൻ മൺതടത്തിലൂടെ വീട്ടിലേക്കു നടന്നു. നാടിന്റെ മുഖച്ഛായ ആകെ മാറി വരുന്നു. കാവുകളും കുളങ്ങളും ഹരിത വർണ്ണങ്ങളുമൊക്കെ കഥാകാരന്റെ തൂലികയ്ക്കു വിട്ടുകൊടുത്തിട്ട് കോൺക്രീറ്റ് കാടുകൾ മുളച്ചുപൊന്തിയിരിക്കുന്നു. ആഢംബരത്തിന്റെ മോടി കൂട്ടാനായി തായ് വേരറുക്കുകയാണ് ഞാനും നിങ്ങളും…..
അവളെ ഒരു നോക്കു കാണുവാൻ ആശുപത്രി വരെ പോകാൻ അവൻ തീരുമാനിച്ചു. വീട്ടിൽ എത്തി, അവൾ ഇപ്പോൾ പരിശീലിക്കുന്ന കുറച്ച ബ്രയ്ൽ ഫലകങ്ങൾ തോൾസഞ്ചിയിൽ വച്ച് അവൻ യാത്ര തിരിച്ചു. പഞ്ചനക്ഷത്ര പ്രൗഢിയുള്ള ആശുപത്രിയുടെ ഇടനാഴികളിൽ പ്രതിച്ഛായ, ദർപ്പണത്തിലെന്നവണ്ണം തെളിഞ്ഞു കിടക്കുന്നു. നിരാശ കയറിയ മുഖഭാവത്തോടെ നനഞ്ഞ കൺതടങ്ങളുമായി കിടക്കയിൽ ചടഞ്ഞിരിക്കുന്ന ഒരു ചിത്രകാരിയുടെ മുഖമായിരുന്നു ഉള്ളു നിറയെ. എന്നാൽ പ്രതീക്ഷകളൊക്കെ അസ്ഥാനത്താക്കിയ നിമിഷങ്ങളാണ് മുന്നിൽ കണ്ടത്. തനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ അവൾ സംസാരിച്ചു തുടങ്ങിയപ്പോൾ അത്ഭുതം തോന്നി.
“രവീ; ഇവിടെ വാതിലുണ്ട്, അവിടെ ജാലകമുണ്ട്, കസേര അവിടെയാണ് എന്ന ഒരു വിശ്വാസത്തിൽ ചിട്ടയോടെ ജീവിതം കൊണ്ടുപോകാൻ ഈ അന്ധത നല്ലതാ” അവൾ ചിരിച്ചു. ആത്മാവിൽ ഇറങ്ങി ഇരിക്കും പോലെ…
“നിനക്കറിയാമോ രവീ; ചുവരുകൾ, ഈ മേൽക്കൂര ഇതൊന്നും ഞങ്ങളുടെ ലോകത്തില്ല. ചുവരുകൾക്ക് അപ്പുറത്തുള്ള സത്യത്തിലേക്ക് ഊളിയിട്ടിറങ്ങാൻ നിങ്ങൾക്കാവില്ല. സത്യത്തിൽ കാഴ്ച അന്ധതയാണ്.” അവളുടെ വാചാലതയുടെ തൊങ്ങലുകളിലൊന്നും നിരാശയുടെ കരിന്തിരി പടർന്നിരുന്നില്ല. ഇനി വീണ്ടും വർണ്ണങ്ങളുടെ വെളിച്ചത്തിലേക്ക് വരാൻ ആകില്ലെന്ന ചിന്തയാകുമോ ഈ ഒരു താത്വിക മനോഭാവത്തിലേക്ക് അവളെ എത്തിച്ചത്.
ചെറിയ ഓളങ്ങൾ ഉതിർത്ത് ഒഴുകി ഒഴിയുന്ന അവളുടെ ചിരിയോരത്തു നിന്നുകൊണ്ട് അയാൾ ഓർത്തു; ഒരു ഘട്ടത്തിൽ പോലും അവളുടെ കണ്ണുകൾ നിറഞ്ഞു കണ്ടിട്ടില്ല. ഉള്ളിൽ ദുഃഖത്തിന്റെ മുള്ളുകൾ നിറയുമ്പോഴും മറ്റുള്ളവർക്കായി പുറമേ സന്തോഷത്തിന്റെ പനിനീർപൂക്കൾ വിടർത്താൻ അവൾ സദാ ശ്രമിച്ചിരുന്നു. കാഴ്ച പോയ വേളയിൽ പോലും പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു:
“രവീ; നിങ്ങളെക്കാൾ കൂടുതൽ എണ്ണഛായങ്ങൾ കണ്ടുമടുത്തിട്ടാകും എന്റെ കണ്ണുകൾ പണിമുടക്കിയത്.” വേദന നിറഞ്ഞ ആ ഫലിതം പറഞ്ഞിട്ട് അവൾ കുടുകുടെ ചിരിച്ചു.
“രവീ; നാലു കുരുടന്മാർ ആനയെ കാണാൻ പോയ കഥ നീ കേട്ടിട്ടില്ലേ… എന്നെയാണു കൊണ്ടുപോയിരുന്നതെങ്കിൽ ഞാൻ ആനയെ തൊടാതെ തന്നെ അതിനെ വരച്ചുവച്ചേനെ. കാണാതെ കാണുന്ന വിദ്യ… അവൾ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
ഒരിക്കൽ അവൾ പറഞ്ഞത് അയാൾ ഓർത്തു. കാഴ്ച പൂർണ്ണമായി നഷ്ടപ്പെടുന്നതിനു കുറച്ചു ദിവസങ്ങൾക്കു മുമ്പ്…
“രവീ; എന്റെ തലയ്ക്കുള്ളിൽ നിറയെ ചിതലുകളാണ്… ദാ നോക്കൂ തൊലിക്കുള്ളിലൂടെ അവ ഓടുന്നത് നീ കാണുന്നില്ലേ… എന്റെ നെറ്റിയിലൂടെ.. കവിളിലൂടെ.. ചെവികളിലൂടെ ഓടിനടക്കുന്നു… നോക്കൂ.. നോക്കൂ.. നീ കാണുന്നില്ലേ? അവളുടെ സംസാരത്തിന്റെ ഭാവമാറ്റങ്ങൾ കണ്ടിട്ട് എനിക്ക് പേടി തോന്നി.
കണ്ണോപ്പറേഷനു പറഞ്ഞിരുന്ന തീയതി അടുത്തുവരുന്തോറും അവൾ കൂടുതൽ മാറിക്കൊണ്ടിരുന്നു. മുമ്പൊന്നും കണ്ടിട്ടില്ലാത്ത ഒരു പുതിയ പ്രകൃതം.
പിറ്റേന്നു രാവിലെ അബോധാവസ്ഥയിൽ കിടന്നിരുന്ന ചിത്രകാരിയെയാണ് രവി കണ്ടത്. റിപ്പോർട്ട് കുറിക്കാനായി നേഴ്സ് വെച്ചിട്ടു പോയ പേന കൊണ്ട് കിടക്കവിരിയിലും തലയിണയിലുമെല്ലാം അവ്യക്തമായ എന്തൊക്കെയോ വരച്ചു വച്ചിരിക്കുന്നു. ബോധം മറയും മുമ്പ് ആരോടെങ്കിലും പറഞ്ഞു തീർക്കണം എന്നു കരുതിയവയാകും ഈ ചിത്രങ്ങളിലും കുറിപ്പിലും ഉണ്ടാവുക.
നീണ്ട ഇടവേളയ്ക്കു ശേഷം പ്രകാശത്തിന്റെ ലോകത്തിലേക്ക് അവൾ വരാൻ പോകുന്നു…
ദൈവമേ വിശ്വാസം സത്യമായി മാറണേ…
ഓപ്പറേഷൻ കഴിഞ്ഞ് അവളെ വാർഡിലേക്ക് കൊണ്ടുവന്നു. മണിക്കൂറുകൾക്കു ശേഷം കണ്ണുകളിലെ കെട്ടുകൾ ഓരോന്നായി അഴിച്ചു മാറ്റിക്കൊണ്ട് ഡോക്ടർ പറഞ്ഞു… “അത്ഭുതം സംഭവിക്കട്ടെ”. അവൾ മെല്ലെ കണ്ണുകൾ തുറന്നു. ഓ.. വലതു കണ്ണിൽ നിറങ്ങൾ… പ്രകാശം… തന്റെ വർണ്ണങ്ങളുടെ ലോകം മുഴുവൻ ഇടതു കണ്ണിനു നൽകി വലതു കണ്ണ് തിരികെ വന്നിരിക്കുന്നു…
“എവിടെ രവി…!! കണ്ണു തുറക്കുമ്പോൾ താൻ ആദ്യം ആ മുഖമാണ് കാണേണ്ടിയിരുന്നത്. അവൻ എവിടെപ്പോയി…?”
അടുത്തു നിന്ന ശുശ്രൂഷകയോടു ചോദിച്ചു. അവർ ഒരു നിറ പുഞ്ചിരിയോടെ അടുത്ത കിടക്കയിലേക്ക് വിരൽ ചൂണ്ടി… അവൾ ഞെട്ടലോടെ കിടക്കയിൽ കിടക്കുന്ന രവിയെ കണ്ടു. വലതു കണ്ണിൽ ബാൻഡേജ് ഒട്ടിച്ച്…
അവൻ തന്റെ പ്രകാശമുള്ള ഇടതു കണ്ണുയർത്തി അവളെ നോക്കി ചിരിച്ചു.
0 Comments