Author
ഷാജി കരട്ടിയാറ്റിൽ
ഒക്ടോബർ 17, 2012
അടിവയറ്റിൽ ശക്തമായ ചവിട്ടേറ്റപ്പോഴാണ് ‘ഏക് വീർ കാ അർദാസി വീര’യ്ക്കിടയിൽ* റിമോട്ടും കയ്യിൽ വെച്ച് ഉറങ്ങിപ്പോയത് നൂർജഹാൻ ബീഗം അറിയുന്നത്. വാർത്തക്ക് സമയമായിരിക്കുന്നു, ചാനൽ NDTV യിലേക്ക് മാറ്റി. നിറവയറിൽ കുഞ്ഞിക്കാൽ കൊണ്ട് ചവിട്ട് തുടർന്നുകൊണ്ടേയിരുന്നു.
ബംഗാളിലെ നവരാത്രി ഉൽസവങ്ങളുടെ വാർത്തകളായിരുന്നു. കാലിലെ വള്ളിച്ചെരുപ്പിനെ വലിച്ചിഴച്ച് നീല കരകളുള്ള വോയിൽ സാരിയുമുടുത്ത് മമതാ ബാനർജി ഉൽസവങ്ങൾക്കെത്തുന്നു. അടുത്തത്, മാരുതി സുസുക്കി പുതിയ കാർ ആയ ആൾട്ടോ 800 ലോഞ്ച് ചെയ്തിരിക്കുന്നു.
മടുത്തപ്പോൾ ദൂരദർശനിലേക്ക് ചാനൽ മാറ്റി.
ആസ്ട്രേലിയൻ പ്രധാനമന്ത്രി ജൂലിയ ഗില്ലാർഡിന്റെ ഇന്ത്യാ സന്ദർശന വാർത്തയാണ്. ഗാന്ധി മെമ്മോറിയലിലേക്ക് ഐവറി ജാക്കറ്റും കറുത്ത സ്കേർട്ടും ധരിച്ച് നീണ്ട മൂക്കിനടിയിൽ ഒരു പുഞ്ചിരിയും ഒളിപ്പിച്ച് അവർ നടന്ന് വരുന്നു. പച്ചപ്പുല്ല് വിരിച്ചിടത്തേക്ക് കയറിയതും അവർ തെന്നി വീഴുന്നു. ആദ്യമായാണ് ഒരു രാഷ്ട്രത്തലവൻ തെന്നി വീഴുന്നത് നൂർജഹാൻ കാണുന്നത്. അത് കണ്ടുകൊണ്ടിരിക്കെ നൂർജഹാൻ ടിവി ഓഫ് ചെയ്ത് വീണ്ടും മയക്കത്തിലേക്ക് മറഞ്ഞു.
ഒക്ടോബർ 18, 2012
കഴിഞ്ഞ എട്ട് മണിക്കൂറായി നീരവ്, ഓഖ്ല റോഡിലെ ഹോളി ഫാമിലി ഹോസ്പിറ്റലിന്റെ ലേബർ വാർഡിന്റെ പുറത്തിരിക്കയാണ്. കൂടെ നൂർജഹാന്റെ ബാജിയും അമ്മിയും ഉണ്ട്. അവർ വന്നിട്ട് കുറച്ച് നേരമായി. എല്ലാവരും ക്ഷീണിതർ. അതിനിടെ പെട്ടന്നാണ് നേഴ്‌സ് പുറത്തേക്ക് വന്നത്. നീരവിനെപ്പോലെ പുറത്ത് ഇരിക്കുന്നവരും മൂലയിൽ നിൽക്കുന്നവരും നേഴ്സിനെ നോക്കി. അവർ ഉറക്കെ വിളിച്ചു.
നീരവ് ശർമ്മ…. കൺഗ്രാജുലേഷൻസ്… പെൺകുഞ്ഞാണ്. കേട്ടയുടനെ നൂർജഹാന്റെ ബാജി ‘അൽഹംദുലില്ലാ’* യെന്ന് ഉറക്കെ പറഞ്ഞു.
കുട്ടിയുമായി ഉടനെ വരാമെന്ന് പറഞ്ഞ് േനഴ്സ് അകത്തേക്ക് പോയി. നീരവ് ഉടനെ തന്നെ മൊബൈലെടുത്ത് കാൺപൂരിലുള്ള അച്ഛൻ രാം ശർമ്മയെ ഈ സന്തോഷ വാർത്തയറിയിക്കാൻ വിളിച്ചു.
ഫെബ്രുവരി 24, 2010
സരോജിനി നഗറിലെ പാലികാ ഭവനിലെ സബ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ നീരവ് എത്തിയിട്ട് അഞ്ചു മിനിട്ടായി. ഒപ്പം അച്ഛൻ രാം ശർമ, അനിയൻ പ്രവീൺ ശർമ, പിന്നെ ഡൽഹി ടി സി എസിൽ ഒപ്പം ജോലി ചെയ്യുന്ന സെന്തിൽ, പ്രവീണ, ഡൽഹിയിൽ വന്നത് മുതൽ ഒപ്പമുള്ള ബാല്യകാല സുഹൃത്ത് വീര എന്നിവർ.
നീരവിന്റെ അച്ഛൻ രാം ശർമ ജനിച്ചതു മുതൽ ഒരു കോൺഗ്രസ്സുകാരനാണ്. മുത്തച്ഛൻ ഗോപാൽ ശർമ നെഹ്രുവിന്റെ സുഹൃത്തായിരുന്നു. യുക്തിവാദി പ്രസ്ഥാനങ്ങളുടെ അന്നത്തെ കാൺപൂരിലെ നേതൃത്വം അദ്ദേഹത്തിനായിരുന്നു. അതുകൊണ്ടാണ് നീരവ് ഈ ബന്ധത്തെക്കുറിച്ച് പറഞ്ഞപ്പോൾ രാം ശർമ സമ്മതം മൂളിയത്.
പിങ്ക് നിറത്തിലുള്ള പട്ടുസാരിയുമുടുത്ത് നൂർജഹാനും ഉടനെ എത്തി. രാം ശർമ നേരെ അവർക്കടുത്തേക്ക് പോയി ആദ്യം കൈ കൊടുത്തത് നൂറുൽ ഇസ്ലാമിനാണ്.
നീണ്ട മഞ്ഞ കുർത്തയിൽ മധ്യവയസ്കനായ നൂറുൽ ഒരു യഥാർത്ഥ ബംഗാളിയെപ്പോലെ തോന്നിപ്പിച്ചു.
നൂറുൽ ജനിച്ചത് കൊൽക്കത്തയിലാണ്. നൂറിന്റെ അബ്ബ തസ്ലിമുൽ ഇസ്ലാം 1949 ലാണ് ജഷോറിൽ നിന്ന് കൊൽക്കത്തയിലെത്തിയത്. വന്നതുമുതൽ ഇരുപത്തൊൻപത് വർഷം സൈക്കിൾ റിക്ഷയിലായിരുന്നു അയാളുടെ ജീവിതം. ഇതിനിടയിലാണ് നൂറുൽ അടക്കം ആറു കുട്ടികളും പിറന്നത്.
അമ്മാവന്റെ മകളായ നസ്മ ബീഗത്തെ കല്യാണം കഴിച്ച് നൂറുൽ ഡൽഹിയിലേക്ക് കുടിയേറി. ബിഎഡുകാരനായത് കൊണ്ട് ഡൽഹിയിൽ പെട്ടെന്ന് ജോലിയും കിട്ടി.
പാൻ പറ്റിപ്പിടിച്ച പല്ലുകൾ കാട്ടി ഗൗരവം വിടാതെ തൊണ്ടയിൽ നിന്നറിയാതെ വന്ന ഖ് ഖ്….. ശബ്ദത്തിനൊപ്പം സബ് രജിസ്ട്രാർ ലാൽ യാദവ് രണ്ടുപേരേയും നോക്കി. രണ്ടാളും രജിസ്റ്ററിൽ ഒപ്പിട്ടു. സാക്ഷികളായി സെന്തിലും വീരയും നൂർജഹാന്റെ ഭാഗത്ത് നിന്ന് കാമിനിയും പ്രഭയും.
ലാൽ യാദവ് മൂക്കിൻ തുമ്പിലേക്ക് താഴ്ത്തിവെച്ച കണ്ണടക്കിടയിലൂടെ നീരവിനെ പുച്ഛത്തോടെ നോക്കി. എന്നിട്ട് ചുണ്ടുകൾ കോട്ടി ആർക്കും വേണ്ടാത്ത ഒരു കൺഗ്രാജുലേഷൻസ് പറഞ്ഞു.
ഒക്ടോബർ 19, 2012
ഹോളിഫാമിലി ഹോസ്പിറ്റലിലെ 72-ാം നമ്പർ മുറിയിൽ നൂർജഹാന്റെ കിടക്കയ്ക്കടുത്തായി നീരവ് ഇരുന്നു. നൂർജഹാൻ കുഞ്ഞിനെ മുലയൂട്ടാൻ തുടങ്ങിയിരുന്നു.
രാവിലെ നീരവ് ഇല്ലാത്ത സമയത്ത് നേഴ്‌സ് കുഞ്ഞിന്റെ പേര് ചോദിച്ചിരുന്നു. ആദ്യത്തെ കുട്ടികളാകുമ്പോൾ അധികമാളുകളും നേരത്തേ പേര് തീരുമാനിക്കും.
“എന്റെ മനസ്സിൽ ഒരു പുതിയ പേര് വന്ന് നിറയുന്നു.”
“ജൂലിയ, ഇന്നലെ വൈകുന്നേരം മുതൽ അതാണെന്റെ മനസ്സിൽ.”
നീരവിന് ആ പേര് പെട്ടെന്ന് മനസ്സിലായില്ല. നൂർജഹാൻ ജൂലിയ ഗില്ലാർഡിനെ നീരവിന് പരിചയപ്പെടുത്തിക്കൊടുത്തു എന്ന് വേണമെങ്കിൽ പറയാം. കേട്ടപ്പോൾ നീരവിനും ആ പേരിനോട് താൽപ്പര്യം തോന്നി.
“നല്ല പേര്” നീരവ് ആരോടെന്നില്ലാതെ പറഞ്ഞു.
ഇപ്പോഴും നീരവ് ഫോണെടുത്ത് അച്ഛൻ രാം ശർമ്മയെ വിളിച്ചു.
മേയ് 27, 2017
ഡൽഹി ജുമാ മസ്ജിദിന് പിറകിലെ കബാബിയാൻ ഗല്ലിയിലേക്ക് നടക്കുമ്പോൾ അഞ്ചു വയസ്സുകാരിയുടെ എല്ലാ കുസൃതിയോടെയും ജൂലിയ നീരവിന്റെ കൈകളിൽ തൂങ്ങി.
നൂർജഹാൻ അവളോട് പെട്ടെന്ന് നടക്കാൻ പറയുന്നുണ്ടായിരുന്നു. ഗല്ലികളിലും റോഡുകളിലും ആളുകൾ നിറഞ്ഞു കൊണ്ടേയിരിക്കുന്നു.
മഗ്‌രിബിന്* ശേഷം ജുമാ മസ്ജിദിൽ നിന്ന് ആയിരങ്ങളാണ് താഴേക്കിറങ്ങി വരുന്നത്.
പഴയ ദില്ലി എപ്പോഴും ഇങ്ങനെയാണ്. ഓട്ടോകളും ടുക് ടുക്കുകളും ജനക്കൂട്ടത്തിനിടയിൽ കുരുങ്ങിക്കിടന്നു.
കരീം ഹോട്ടലിന് മുന്നിലെത്തിയപ്പോൾ ചെറിയ ക്യൂ രൂപപ്പെട്ടിരുന്നു. നീരവ് ക്യൂവിൽ നിന്നു. ജൂലിയ നീരവിന്റെ കൈകളിൽ പിടിച്ച് ഒപ്പം നിന്നു.
മുകളിൽ സീറ്റുണ്ടെന്ന് യൂണിഫോമിട്ട ഒരാൾ വന്ന് പറഞ്ഞതും നൂർജഹാൻ മുന്നിലും നീരവും ജൂലിയയും പിറകിലുമായി വലതു ഭാഗത്ത് കൂടെ മുകളിലേക്ക് നടന്നു.
ടേബിളിലെത്തി മിനറൽ വാട്ടർ ബോട്ടിൽ തുറന്ന് ജൂലിയക്ക് ഇത്തിരി കുടിക്കാൻ കൊടുത്തു.
വെയിറ്റർ വന്നപ്പോ നൂർജഹാനാണ് ഓർഡർ ചെയ്തത്.
“ഏക് ബ്രെയിൻ മസാല, ഏക് കഠായി ഘോഷ്, ചാർ ബട്ടർ നാൻ, ഏക് പെപ്സി.”
നൂർജഹാൻ ഇവിടെ വരാനുള്ള കാരണമായ ബ്രെയിൻ മസാലയും നീരവിന്റെ ഏറെ ഇഷ്ടപ്പെട്ട ബീഫും ഓർഡർ ചെയ്ത് അടുത്തുള്ള ടി വി യിലേക്ക് നോക്കിയിരുന്നു. നാളെ മുതൽ ബീഫ് കിട്ടില്ല എന്ന് വെയ്റ്റർ പറഞ്ഞപ്പോഴാണ് ടി വി യിലേക്ക് ശരിക്കും ശ്രദ്ധിച്ചത്. വാർത്തകളിലും വെയ്റ്റർ പറഞ്ഞത് തന്നെയായിരുന്നു.
ഡിസംബർ 16, 2019
പഹാരി ബോജ് ഇസ്ലാമിയ മിഡിൽ സ്കൂളിലെ സ്റ്റാഫ് റൂമിൽ നൂറുൽ ഇസ്ലാം ഏതോ ചിന്തയിൽ മുഴുകിയിരിക്കുമ്പോഴാണ് കെമിസ്ട്രി ടീച്ചറായ ബാലാജി അങ്ങോട്ട് കയറി വന്നത്.
“നൂറുൽ, നിങ്ങൾക്കിവിടെ ഇനി എത്ര കാലം നിൽക്കാൻ പറ്റും?”
കുസൃതിച്ചിരിയോടെ ഇതും പറഞ്ഞ് അടുത്ത സീറ്റിൽ വന്നിരുന്നു.
“ഞാൻ ജനിച്ചത് കൊൽക്കത്തയിലാണ്” നൂറുൽ ഉച്ചത്തിൽ കടുപ്പിച്ച് പറഞ്ഞു.
“എല്ലാ ബംഗ്ലാദേശികളും ഇങ്ങിനെ തന്നെയാണ് പറയാറ്.” വാക്കിനൊപ്പം ബാലാജിയുടെ പുച്ഛവും പുറത്ത് വന്നു.
നൂറുൽ ഒന്നും പറയാതെ സീറ്റിൽ നിന്നെണീറ്റ് പുറത്തേക്ക് പോയി.
ഫെബ്രുവരി 24, 2020
നൂറുൽ ഇന്ന് വൈകിട്ട് വരാമെന്ന് നൂർജഹാനോട് ഉച്ചയ്ക്കു തന്നെ വിളിച്ച് പറഞ്ഞിരുന്നു. സ്കൂളിൽ നിന്ന് വീട്ടിൽ വന്ന് നസ്മ ബീഗത്തെയും കൂടെ കൂട്ടുന്നതിന്നായി പോകുന്ന വഴിയിൽ ജഫരാബാദിലെ ബേക്കറിയിൽ കുറച്ച് സ്വീറ്റ്സ് വാങ്ങിക്കാൻ കയറിയപ്പോഴാണ് “ജയ് ശ്രീറാം” എന്നാർത്തു വിളിച്ചുകൊണ്ട് ഒരു വലിയ ആൾക്കൂട്ടം ബേക്കറിക്കു നേരെ ഓടി വരുന്നത് നൂറുൽ കാണുന്നത്. ബേക്കറിക്കു മുന്നിലുണ്ടായിരുന്നവരെല്ലാം പല ഭാഗത്തേക്കും ഓടാൻ തുടങ്ങുമ്പോഴേക്ക് ‘അള്ളാഹു അക്ബർ’ എന്ന് വിളിച്ച് വലിയ ഒരു കൂട്ടം റോഡിന്റെ മറുവശത്ത് നിന്നും എത്തിയിരുന്നു.
എല്ലാവരും എത്തിയിട്ടും നൂർജഹാന്റെ ബാജിയെയും അമ്മിയേയും കാത്ത് ആനിവേഴ്സറി കേക്കുമുറിക്കാതെ നീരവും സുഹൃത്തുക്കളും അവർക്കു വേണ്ടി കാത്തിരുന്നു.
ചിന്നിച്ചിതറിയ ലഡുവിനും പല തരം പേഡകൾക്കും ഗ്ലാസ്സ് കഷണങ്ങൾക്കും ഇടയിൽ അഴുക്കുചാലിലേക്ക് തലയും പൂഴ്ത്തി കാലുകൾ മേൽപ്പോട്ടാക്കി നൂറുൽ കിടന്നു.
ക്ഷുഭിതനായി ഒരിക്കൽ ബാലാജിയോട് പറഞ്ഞ “ഇവിടെ ജനിച്ച ഞാൻ ഇവിടെ അവസാനിക്കും” എന്ന വാക്കിനെ നെഞ്ചേറ്റിക്കൊണ്ട്, ഉയർന്നു കേട്ട ഒരു മുദ്രാവാക്യവും കേൾക്കാതെ നൂറുൽ കിടന്നു.
*ഏക് വീർ കാ അർദാസി വീര – പോപ്പുലർ ഹിന്ദി സീരിയൽ
*അൽഹംദുലില്ലാ – ദൈവത്തിനു നന്ദി
*മഗ്·രിബ് – സന്ധ്യാ നമസ്കാരം
0 Comments