Author
സത്യരാജ്
ഒരിക്കൽക്കൂടി സിഡ്‌നിയിലേക്ക്…
വിമാനമിറങ്ങി പുറത്തേക്കെത്താൻ മണിക്കൂറുകളെടുത്തു. മൂന്നു പട്ടാളക്കാർ മുന്നിലും ഒരാൾ പിന്നിലും കാവലുണ്ടായിരുന്നു. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് രണ്ടുമീറ്ററോളം അകലം പാലിച്ച്, അനുസരണയുള്ള ആട്ടിൻപറ്റം പോലെയവർ നടന്നു. വിമാനത്തിൽ നിന്നും പുറത്തിറങ്ങിക്കഴിഞ്ഞപ്പോൾത്തന്നെ അവരെ വിവിധ ബാച്ചുകളാക്കി തിരിച്ചിരുന്നു – കുട്ടികളുള്ള കുടുംബങ്ങൾ, ദമ്പതിമാർ, പ്രായമുള്ളവർ, ഒറ്റക്കെത്തുന്നവർ എന്നിങ്ങനെയാണവരെ ഗ്രൂപ്പുകളാക്കിയത്. അഖില ഒറ്റക്കെത്തുന്ന യുവതീയുവാക്കളുടെ കൂട്ടത്തിൽ ആയിരുന്നു.
അതൊരു നീണ്ട യാത്രയായിരുന്നു. കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് പ്രത്യേകം ബസ്.സിംഗപ്പൂരിൽ ഇന്ധനം നിറക്കാനോ മറ്റോ അരമണിക്കൂർ നിർത്തിയിട്ടതുൾപ്പെടെ ചാർട്ടേഡ് ഫ്ലൈറ്റിൽ പതിമൂന്നോളം മണിക്കൂർ. കൂടെ ഉണ്ടായിരുന്ന മറ്റു സ്ത്രീകളെല്ലാം കുടുംബത്തോടൊപ്പം ആയിരുന്നതിനാൽ അവരെ ഒരു സർവീസ്ഡ് അപ്പാർട്‌മെന്റിലേക്കുള്ള വണ്ടിയിലേക്ക് കയറ്റിക്കഴിഞ്ഞപ്പോൾ സിഡ്നി ഹാർബറിലെ പ്രശസ്തമായ ഒരു ഹോട്ടലിന്റെ പേരെഴുതിയ ബസ് അവളുടെ മുന്നിൽ വന്നു നിന്നു. പട്ടാളക്കാരാണ് ബാഗുകൾ എടുത്തു ലഗേജ് കമ്പാർട്ടുമെന്റിലേയ്ക്ക് വെച്ചത്. കൈയിൽ ഒരു കാരി-ഓൺ ബാഗുമായി അഖില ബസ്സിൽ കയറി. ഒന്നിടവിട്ട സീറ്റുകളിൽ ഓരോരുത്തരായി ഇരിക്കുകയായിരുന്നു. ഫ്ലൈറ്റിൽ കയറുന്നതിനും മുൻപേ ധരിച്ച മാസ്കും ഗ്ലൗസും അവർ അപ്പോഴും ഉപേക്ഷിച്ചിരുന്നില്ല.
ബസ്സിൽ കയറിയ ഉടനെ അവൾ ഫോണിലെ സിം കാർഡ് മാറ്റിയിട്ടു. വിളിച്ചയുടനെ മകളാണ് ഫോൺ എടുത്തത്.
“അമ്മേ” – അതുകേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു. മക്കളെ കണ്ടിട്ട് രണ്ടര മാസമാവുന്നു. സംസാരിക്കുമ്പോൾ ഹരിയേട്ടന്റെ വാക്കുകളിൽ ഒരുതരം തളർച്ച അവൾക്കനുഭവപ്പെട്ടു – പാവം. ജോലിയും വീട്ടിലെ കാര്യങ്ങളും എല്ലാം കൂടി ഹരിയേട്ടന് എത്ര തിരക്കായിരിക്കുമെന്ന് അവൾക്കൂഹിക്കാൻ കഴിഞ്ഞിരുന്നു. ഇനിയും രണ്ടാഴ്ച ഹോട്ടൽ ക്വാറൻറ്റീൻ കഴിഞ്ഞിട്ട് വേണം മെൽബണിലേക്കു പോവാൻ. മക്കളെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ.
അനിയൻ അഖിലിന്റെ കല്യാണം തീരുമാനിച്ചത് പെട്ടെന്നായിരുന്നു. ഹരിയേട്ടനും കുട്ടികളും ഒക്കെയായി പോയി കൂടേണ്ട കല്യാണം. കുട്ടികൾക്ക് ക്ലാസ് ഉണ്ട്, ഹരിയേട്ടനും അങ്ങനെ പെട്ടെന്ന് ലീവ് കിട്ടുമായിരുന്നില്ല. എന്നാൽ ആരും നാട്ടിലേക്ക് പോകുന്നില്ലെന്ന് പറഞ്ഞപ്പോൾ വീട്ടിൽ നിന്നും അമ്മയും അച്ഛനും പരിഭവിച്ചു. ഒരേയൊരു അനിയന്റെ കല്യാണം. അവസാനം ഹരിയേട്ടൻ തന്നെയാണ് പറഞ്ഞത്.
“ഒരാഴ്ച്ചത്തേക്ക് നീ പോയിട്ട് വാ. കുട്ടികളുടെ കാര്യം ഞാൻ മാനേജ് ചെയ്തോളാം.”
നാട്ടിലേക്കു പോകാൻ തുടങ്ങുമ്പോഴേ ചൈനയിൽ പടർന്നുപിടിക്കുന്ന പുതിയ വൈറസിനെക്കുറിച്ചുള്ള വാർത്തകൾ വന്നു തുടങ്ങിയിരുന്നു. ടിക്കറ്റ് എടുത്തുപോയതിനാലും, അച്ഛനെയും അമ്മയെയും പിണക്കാൻ വയ്യാത്തതിനാലും യാത്ര മാറ്റിയില്ല. അങ്ങനെയാണ് ആദ്യമായി അവൾ നാട്ടിലേക്ക് ഒറ്റയ്ക്കൊരു യാത്രപോകുന്നത്. എയർപോർട്ടിൽ നിന്ന് യാത്രയാക്കുമ്പോൾ കുട്ടികൾക്ക് വിഷമമുണ്ടാകുമെന്നാണ് അവൾ കരുതിയിരുന്നത്. അവർ ചിരിച്ച മുഖവുമായി അമ്മയെ യാത്രയയച്ചു. അമ്മയുടെ കാർക്കശ്യങ്ങളിൽ നിന്നും ഒരാഴ്‌ച സ്വസ്ഥമായിരിക്കാമെന്നവർ കരുതിയിരിക്കണം.
അനിയന്റെ കല്യാണദിവസമായപ്പോഴേക്കും കൊച്ചിയിൽ നിന്നുള്ള ഫ്ലൈറ്റുകൾ മുടങ്ങിത്തുടങ്ങിയിരുന്നു. എങ്കിലും എല്ലാം ശരിയാകുമെന്നും വേഗം തിരിച്ചുപോകാൻ കഴിയുമെന്നും അവൾ വിചാരിച്ചു. കാര്യങ്ങൾ എളുപ്പമായിരുന്നില്ല. തിരിച്ചു വരാൻ ഓസ്‌ട്രേലിയൻ എംബസി വഴി ശ്രമിക്കാൻ തുടങ്ങിയിട്ട് രണ്ടു മാസം കഴിഞ്ഞിരിക്കുന്നു.
ഹോട്ടലിൽ എത്തി മുറി തുറന്നു ലഗേജ് എടുത്തുവച്ചുതന്നതും പട്ടാളക്കാരാണ്. അവളെ മുറിക്കകത്താക്കിക്കഴിഞ്ഞപ്പോൾ പട്ടാളക്കാർ താക്കോലുമെടുത്ത് പുറത്തേക്കുപോയി. അവർക്കു തെറ്റുപറ്റിയതായിരിക്കുമെന്നു കരുതിയാണ് അവൾ താക്കോലിനെക്കുറിച്ച് അവരോട് ചോദിച്ചത്. മറന്നുപോയതല്ല, അതാണ് നിയമമെന്നവർ പറഞ്ഞപ്പോൾ അവൾക്കത്ഭുതം തോന്നി. ആരും മുറിവിട്ട് പുറത്തുപോകാതിരിക്കാനാണങ്ങനെ ചെയ്യുന്നത്. മുറിയുടെ വാതിൽ തുറന്നുപിടിച്ച് പുറത്തു കൊണ്ടുവെച്ചിരിക്കുന്ന ഭക്ഷണം എടുക്കാമെന്നല്ലാതെ ഒരടി മുന്നോട്ടുവെച്ചാൽ വാതിൽ അടഞ്ഞുപോകും. “ഇത് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന റൂം ക്വാറന്റീൻ ആണ്. മുറി വിട്ട് പുറത്തു പോകരുത്” അവരോർമ്മിപ്പിച്ചു.
സമയം വൈകുന്നേരമായിരുന്നു.
അവൾ കുളിച്ചു വേഷം മാറി വന്നശേഷം മുറിയുടെ ജനാല തുറന്നു. നഗരം വിറങ്ങലിച്ചു നിൽക്കുന്നപോലെ അവൾക്കു തോന്നി. എപ്പോഴും വരിവരിയായി ഒഴുകിയിരുന്ന വാഹനക്കൂട്ടങ്ങളോ പകലും രാത്രിയുമില്ലാതെ നടപ്പാതയിൽ കൂട്ടം കൂടിയിരുന്ന മനുഷ്യരെയോ അവൾ കണ്ടില്ല. ശവമടക്കുകഴിഞ്ഞു ജനങ്ങൾ പിരിഞ്ഞുപോയ ഒരു മരണവീടുപോലെ സിഡ്നി മൂകമായിരുന്നു. ഹാർബറിൽ അലയൊലികൾ തീർത്തു പാഞ്ഞിരുന്ന ക്രൂസുകൾ ഒന്നും കാണാനില്ല. അങ്ങിങ്ങായി ചില ചെറിയ ചലനങ്ങൾ മാത്രം. കടൽക്കാക്കകൾ അവിചാരിതമായി കിട്ടിയ സ്വാതന്ത്ര്യത്തിൽ ഉറക്കെ ആർത്തുവിളിച്ചുകൊണ്ടിരുന്നു.
കണ്ണിനുപോലും കാണാനാവാത്ത ഒരു വൈറസിനു മുൻപിൽ നിസ്സഹായരായി നിൽക്കാനല്ലാതെ നമുക്കെന്താണ് ചെയ്യാനാവുക? അഹങ്കാരത്തിന്റെ മണിമേടകൾ ഓരോന്നായി തകർന്നുവീഴുന്നതായി തോന്നുന്നുണ്ടോ? എന്തൊക്കെ കാഴ്ചകളാണ് വാർത്തകളിൽ നിറയുന്നത്? ജോലിയും കൂലിയുമില്ലാതെ പലായനം ചെയ്യുന്ന പാവങ്ങളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ, പ്രിയപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകളിൽ പോലും പങ്കെടുക്കാനാവാത്തവർ. ആശുപത്രിവരാന്തകളിൽ വെന്റിലേറ്ററിനുവേണ്ടി മുറവിളികൂട്ടുന്ന ആയിരങ്ങളുടെ കാഴ്ചകൾ. ഓഹരിവിപണികളുടെ വില സൂചികകളിൽ തെറ്റിപ്പോയ ആയിരം കണക്കുകൂട്ടലുകൾ.
അവളുടെ കാര്യം തന്നെയെടുത്താൽ, രണ്ടരമാസം മക്കളെയും ഭർത്താവിനെയും വിട്ടു നിൽക്കേണ്ടിവരുമെന്നവൾ ഒരിക്കലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല.
പിറ്റേന്ന് രാവിലെ ഹരിയേട്ടൻ ജോലിക്കും മക്കൾ സ്കൂളിലേക്കും പോകാനുള്ള തിരക്കിലായിരുന്നപ്പോഴാണ് അവൾ അവരെ വിളിച്ചത്. സംസാരം പകുതിക്കു നിർത്തി ഹരിയേട്ടൻ ഫോൺ കട്ട് ചെയ്തപ്പോൾ അവൾ വല്ലാതെയായി. ജോലിയിലെത്തിയാൽ ഹരിയേട്ടനു ഫോൺ എടുക്കാൻ ആവില്ല. ലഞ്ച് ബ്രേക്ക് വരെ കാത്തിരിക്കണം. നാട്ടിൽ ആരും ഉറക്കമുണർന്നുകാണില്ലല്ലോ. അല്ലെങ്കിൽ അമ്മയോടും അച്ഛനോടുമൊക്കെ സംസാരിക്കാമായിരുന്നു. അവൾ എന്തുചെയ്യണമെന്നറിയാതെ നിന്നു. പിന്നെ മാസ്ക് എടുത്തു ധരിച്ച് മുറിയുടെ വാതിൽ തുറന്നു. പുറത്ത് ഒരു ട്രേയിൽ പ്രഭാത ഭക്ഷണവും രണ്ടു കുപ്പി വെള്ളവും കൊണ്ടുവച്ചിട്ടുണ്ടായിരുന്നു. അവളതെടുത്തു മുറിയിലേക്ക് തിരിയുമ്പോൾ “ഹാലോ” എന്നൊരു വിളികേട്ടു. അടുത്ത മുറിയിൽ താമസിക്കുന്നയാളാണ്. കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് വരുമ്പോഴും ഫ്ലൈറ്റിൽ നിന്നും ഇറങ്ങുമ്പോഴും മാസ്കുവച്ച് മറച്ച മുഖത്തെ കണ്ണുകൾ അവൾ കണ്ടിട്ടുണ്ട്. മലയാളി യാണെന്നതല്ലാതെ വേറെ ഒന്നും അവൾക്കറിയില്ലായിരുന്നു. അവൾ തിരിച്ചൊരു ഹലോ പറഞ്ഞ് മുറിയിൽ കയറി വാതിലടച്ചു.
വൈകുന്നേരം മക്കൾ വരാൻ കാത്തിരിക്കുകയായിരുന്നു അവൾ. കുറച്ചുനേരം വിഡിയോ കോളിൽ അവരോട് സംസാരിച്ചു – ഹരിയേട്ടനോട് സംസാരിക്കുമ്പോൾ, ഫാമിലി ലൗഞ്ചിലെ മൂലയിൽ അവൾ താലോലിച്ചു വളർത്തിയിരുന്ന സ്പിറ്റ് – ലീഫ് പ്ലാന്റിന്റെ ഇലകൾ വാടി മഞ്ഞനിറമായിരിക്കുന്നത് കണ്ടു. “ഹരിയേട്ടാ, ആ ചെടിക്കിത്തിരി വെള്ളമൊഴിക്കണേ” അവളതു പറഞ്ഞതും അയാൾ ഫോൺ കട്ട് ചെയ്തു. പിന്നീട് പലകുറി വിളിച്ചിട്ടും അയാൾ ഫോണെടുത്തില്ല.
ദിവസങ്ങൾ എണ്ണിയാണ് ഓസ്‌ട്രേലിയ വരെ തന്നെ എത്തിയത്. ഈ ചുവരുകൾക്കുള്ളിൽ ഇനിയും രണ്ടാഴ്ച്ചയോളം – മക്കളും പ്രിയപ്പെട്ടവരും അടുത്തില്ലാതെ, ജയിലുപോലൊരു മുറിയിൽ. അവളുടെ കണ്ണുകൾ നിറഞ്ഞു.
ജീവിതത്തിൽ ഇങ്ങനെ ഒരവസ്ഥ ഉണ്ടായിട്ടില്ല. ജനാലയിലൂടെ കാണുന്ന ആളൊഴിഞ്ഞ നഗരക്കാഴ്ചകൾ അവൾക്കു മടുത്തുതുടങ്ങിയിരിക്കുന്നു. മുറിയിലെ ടി വി ചാനലുകളിൽ അവൾക്കു പ്രത്യേകിച്ച് താൽപ്പര്യം ഒന്നും തോന്നിയില്ല. മൂന്നു നേരം മുറിയുടെ പുറത്തു കൊണ്ടുവന്നു വക്കുന്ന ഭക്ഷണം മടുത്തു തുടങ്ങിയിരിക്കുന്നു… സ്റ്റീംഡ് വെജിറ്റബിളും സ്മാഷ്ഡ് പൊട്ടറ്റോയും ഉപ്പും മുളകുമില്ലാതെ വേവിച്ച ഇറച്ചിക്കഷ്ണവും.
ഓസ്‌ട്രേലിയയിൽ വന്നിട്ട് വർഷങ്ങളിത്ര കഴിഞ്ഞിട്ടും വീട്ടിൽ എന്നും കേരളീയ ഭക്ഷണം തന്നെയായിരുന്നു അവളുണ്ടാക്കിയിരുന്നത്. ഹരിയേട്ടനും അതാണിഷ്ടം.
വാതിൽ തുറന്നു നോക്കിയാൽ ചില നേരത്ത് അടുത്ത മുറിയിലെ മാസ്കിട്ട മനുഷ്യനെയല്ലാതെ വേറെ ആരെയും കാണാൻ കൂടി ഇല്ലായിരുന്നു.
ഹോട്ടൽ റിസപ്ഷനിൽ നിന്നും എന്നും രാവിലെ വിളിക്കും, എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലോ മുറിയിലേക്ക് സാധനങ്ങൾ വേണമെങ്കിലോ പറയാം. പട്ടാളക്കാർ രാവിലെയും വൈകുന്നേരവും മുറികളുടെ മുന്നിലൂടെ ഓരോ റൗണ്ട് വരുമെന്നല്ലാതെ അന്തേവാസികളുടെ കാര്യങ്ങളിൽ അവർ ഇടപെട്ടിരുന്നില്ല.
സമയം നോക്കി രാവിലെയും വൈകുന്നേരവും മക്കളെ വിളിക്കും. ഹരിയേട്ടൻ എന്നും തിരക്കായതുകൊണ്ട് അധികം സംസാരിക്കാറില്ല. മക്കളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവരോടു പഠിക്കാനോ ഉറങ്ങാനോ പറഞ്ഞു കയർക്കുന്ന ഹരിയേട്ടന്റെ ശബ്ദം കേൾക്കാം.
‘എന്താ ഹരിയേട്ടാ ഇങ്ങനെ?’ എന്നൊരു ദിവസം ചോദിച്ചപ്പോൾ അയാളുടെ ശബ്ദം കനത്തു. “നിനക്കവിടെ ഹോട്ടലിൽ തിന്നും കുടിച്ചും ഇരുന്നാമതി, ഇവിടെ എനിക്കെന്തൊക്കെ ചെയ്യാനുണ്ടെന്നു നിനക്ക് വല്ല വിചാരവും ഉണ്ടോ? വീട്ടീന്നിറങ്ങിപ്പോയിട്ടു മാസങ്ങളായി.” – മിന്നൽപ്പിണരേറ്റപോലെ അവൾ ഒരുനിമിഷം നിശ്ശബ്ദയായി ഫോൺ കട്ട് ചെയ്തു.
പിറ്റേന്ന് രാവിലെയും ഉച്ചയ്ക്കും ഭക്ഷണമെടുക്കാൻ വാതിൽ തുറന്നപ്പോൾ അവൾ അടുത്ത മുറിയിലെ മാസ്കിട്ട മുഖക്കാരനെ കണ്ടിരുന്നില്ല. പിന്നീടെപ്പോഴോ വാതിലിന്റെ ശബ്ദം കേട്ടപ്പോൾ അവൾ മുറി തുറന്നു പുറത്തേക്കു നോക്കി – അത് മറ്റാരോ ആയിരുന്നു… അയാൾ എന്താണ് വരാത്തതെന്ന് അവൾ വെറുതെ ആലോചിച്ചു. ഒരുപക്ഷെ താൻ അറിയാതെ അയാൾ പുറത്തുവന്നു പോയിക്കാണണം.
അയാൾ ആരായിരിക്കും? മാസ്ക് വെച്ച അയാളുടെ മുഖമെങ്ങനെയായിരിക്കും? ഒരു ചുമരിനപ്പുറം, ഒരു വിളിപ്പാടകലെ അയാളുണ്ട്.
ഏറെ വൈകിയ രാത്രിയിൽ ഉറക്കം വരാതെ, തലയണയും മടിയിൽ വെച്ച് വെറുതെ ബെഡ്‌ഡിൽ ഇരിക്കുമ്പോൾ അപ്പുറത്തെ മുറിയിൽ നിന്നും മലയാളം പാട്ടുകളുടെ നേർത്ത ശബ്ദം കേൾക്കാം. കാത് ചുമരിനോട് ചേർത്ത് വെച്ചാൽ മാത്രം മനസ്സിലാകുന്ന പാട്ടുകൾ. എത്ര നല്ല പാട്ടുകളാണ് ഒന്നിനുപുറകെ ഒന്നായി കേൾക്കാനാവുന്നത്? അവളുടെ കൗമാരത്തിൽ കാസറ്റുകളിൽ വന്നിരുന്ന പാട്ടുകൾ. ബസ്സുകളിലും, ബസ് സ്റ്റാൻഡിലെ കാസറ്റു കടകളിൽ നിന്നും ഉച്ചത്തിൽ കേട്ടിരുന്ന രവീന്ദ്രൻ മാഷിന്റെയും ജോൺസന്റെയും രവി ബോംബെയുടെയും ദേവരാജൻ മാഷിന്റെയും മധുരമുള്ള പാട്ടുകൾ. ഇവിടെ, കാലത്തിനും ദേശത്തിനും ഇപ്പുറത്ത് – ഈ കോവിഡ് കാലത്ത് – സിഡ്‌നിയിലെ ഹോട്ടലിന്റെ കോൺക്രീറ്റ് ചുവരുകൾ ഭേദിച്ച് കടന്നുവരുന്ന ദാസേട്ടന്റെ ശബ്ദം. അവൾക്കതിശയമായിരുന്നു – ഈ മനുഷ്യൻ ഉറങ്ങാറില്ലേ? അതോ ഉറങ്ങുമ്പോഴെല്ലാം ഈ സംഗീതം അയാൾക്കു ചുറ്റുമുണ്ടോ?
അവൾ പിറ്റേന്ന് രാവിലെ പുറത്തിറങ്ങിയില്ല. ഒരു പതിനൊന്നു മണിയാകുമ്പോൾ ലാൻഡ് ഫോൺ ബെല്ലടിച്ചു – അങ്ങേത്തലയ്ക്കൽ അപരിചിതമായ ശബ്ദം…
“എന്താണ് ഫുഡ് ട്രേ എടുക്കാത്തത്?” ആ ശബ്ദം അടുത്ത മുറിയിലെ ആളുടേതാണെന്ന് തിരിച്ചറിയാൻ ഒരു നിമിഷമെടുത്തു.
“മടുത്തു…” അവൾ മറുപടി നൽകി.
ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ അയാളോട് പേര് ചോദിച്ചു.
“ദീപു…” അവർ കുറച്ചുനേരം സംസാരിച്ചു. എപ്പോൾ വേണമെങ്കിലും വിളിക്കാമെന്നും, അയാളുടെ മുറിയിലേക്ക് വിളിക്കേണ്ടതെങ്ങനെയെന്നും കൂടെ പറഞ്ഞിട്ടാണ് അവർ സംസാരം അവസാനിപ്പിച്ചത്.
അവൾക്കെന്തെന്നില്ലാത്ത ആശ്വാസം തോന്നി. ഒരു മതിലിനപ്പുറത്ത്, അവളുടെ അവസ്ഥ മനസിലാവുന്ന, അതനുഭവിക്കുന്ന മറ്റൊരാൾ. ഒരു പരിചയവുമില്ലാത്ത രണ്ടുപേർ. അന്നുച്ചയ്ക്ക് അവൾ മുറിയുടെ വാതിൽ തുറന്നു പിടിച്ചു കുറേ നേരം നിന്നു. അയാൾ വാതിൽ തുറന്നപ്പോൾ അവൾ വാതിൽ അടയ്ക്കുകയും പിന്നീട് ഒന്നുമറിയാത്തപോലെ വാതിൽ തുറന്ന് അയാളെ നോക്കുകയും ചെയ്തു. അവളുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ട് അയാൾ മാസ്ക്ക് താഴത്തേക്കു മാറ്റി. അവൾക്ക് അയാളുടെ മുഖം പൂർണ്ണമായും കാണാനായി. അവൾ എങ്ങോ കണ്ടുമറന്ന ആരുടെയോ മുഖവുമായി അയാൾക്ക് സാദൃശ്യമുണ്ടായിരുന്നോ? അവൾ അയാളെ നോക്കി- അവളും മാസ്ക് മാറ്റി അയാളെ നോക്കി പുഞ്ചിരിച്ചു.
മുറിയിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ അയാൾ വിളിച്ചു “ഒരു കൂട്ടുകാരൻ നാളെ ഉച്ചയ്ക്ക് കുറച്ചു ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞിട്ടുണ്ട് – റിസപ്ഷനിൽ വിളിച്ചു ചോദിച്ചപ്പോൾ അവർ കൊണ്ടുവന്നോളാൻ സമ്മതിച്ചു. അഖിലയ്ക്കും കൂടെ കൊണ്ടുവരാൻ പറയാമെന്നു വിചാരിക്കുന്നു – എന്തെങ്കിലും ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടോ?” അയാളുമായി അപരിചിതത്വം തോന്നാത്തതിനാലാവണം ഒരു സങ്കോചവും കൂടാതെ അവൾ ആ വാഗ്ദാനം സ്വീകരിച്ചു.
“നമ്മുടെ ഭക്ഷണം – എന്തായാലും മതി” അവർ പിന്നെയും എന്തൊക്കെയോ സംസാരിച്ചു. – അയാൾക്ക് മനസ്സിലാകുന്ന പോലെ അവളുടെ ഏകാന്തതയെക്കുറിച്ച് മറ്റാർക്കും മനസ്സിലാകില്ലെന്നവൾക്കു തോന്നി.
അന്ന് രാത്രിയും പിറ്റേന്ന് രാവിലെയും അവൾ ഒന്നും കഴിച്ചില്ല. ഉച്ചയാകുമ്പോൾ പുറത്തു ഭക്ഷണം കൊണ്ടുവെച്ചിട്ടുണ്ടെന്ന് ദീപു വിളിച്ചു പറഞ്ഞപ്പോൾ അവൾ വേഗത്തിൽ വാതിലിനടുത്തേക്കോടി. വേഗത്തിൽ കാരിബാഗെടുത്ത് അവളുടെ ചെറിയ ടേബിളിന്റെ മേലെവച്ച് തുറന്നു. അതൊരു പൊതിച്ചോറായിരുന്നു. വാട്ടിയ തൂശനിലയിൽ, ചോറും തോരനും ഓംലെറ്റും അച്ചാറും ചമ്മന്തിയും!!! ജീവിതത്തിൽ ഇത്രയും സുഖം തന്ന കാഴ്ച ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടോ? കറികളെല്ലാം ചോറിനോട് ചേർന്ന് പിരിയാനാവാതെ നിൽക്കുന്നു. അവൾ ആർത്തിയോടെ ഭക്ഷണം കഴിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ദീപു വിളിച്ചു.
“ഭക്ഷണം കഴിച്ചില്ലേ?” അവൻ ചോദിച്ചു.
“എപ്പോഴേ” – അവൾ ഒരു വാക്കിൽ മറുപടി പറഞ്ഞു.
ജീവിതത്തിലെ സന്തോഷകരമായ ഒരു മുഹൂർത്തം സമ്മാനിച്ചതിന് അയാളോട് നന്ദി പറഞ്ഞു. ഫോണിലൂടെ കേൾക്കാനാവാത്ത ഒരു പുഞ്ചിരിയിൽ അയാൾ അതിനുത്തരം നൽകി. അന്നും അവർ കുറെ നേരം സംസാരിച്ചിരുന്നു.
മക്കൾ സ്കൂളിൽ നിന്നും വരുന്നതും കാത്തുനിന്ന് അവൾ വീട്ടിലേക്കു വിളിച്ചു – ഹരിയേട്ടൻ പതിവുപോലെ രണ്ടു വാചകങ്ങളിൽ വിശേഷം പറച്ചിൽ നിർത്തി അദ്ദേഹത്തിന്റെ തിരക്കിലേക്ക് കടന്നു. അവൾക്കാ മുറിയുടെ മണവും നിശബ്ദതയും വല്ലാതെ മടുത്തിരുന്നു.
പിറ്റേന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ വല്ലാതെ വൈകിയിരുന്നു. പിന്നെ എപ്പോഴോ ഒരു ദുഃസ്വപ്നം കണ്ട് നിലവിളിച്ചുകൊണ്ട് അവൾ ആ സ്വപ്നത്തിൽ നിന്നും ഉണർന്നു.
പെട്ടന്നാണ് ഫോൺ റിങ് ചെയ്തത്. കണ്ടതെല്ലാം സ്വപ്നമാണെന്നറിയാൻ പോലും അവൾ കുറച്ചു സമയമെടുത്തു.
ഫോൺ അപ്പോഴും ചിലച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
“ഹലോ.” അവൾ കിതച്ചുകൊണ്ട് ഫോണെടുത്തു.
ദീപു – ഫോൺ എടുത്ത ഉടനെ അയാൾ ചോദിച്ചു “ഉറങ്ങിയില്ലേ? — എന്തോ ശബ്ദം കേട്ടല്ലോ??”
“ഏയ്, ഞാൻ ഒന്നും കേട്ടില്ല.” – അവളൊരു കള്ളം പറഞ്ഞു.
“എന്തോ ശബ്ദം കേട്ടു – ഞാൻ കരുതി വല്ല സ്വപ്നവും കണ്ടു പേടിച്ചതായിരിക്കുമെന്ന്”
അവൾ വല്ലാതായി. പിന്നെ പറഞ്ഞു – “ദീപു പറഞ്ഞതാണ് സത്യം”
അയാൾ ഉണർന്നിരിക്കുകയായിരുന്നോ? അതോ തന്റെ നിലവിളികേട്ട് ഉണർന്നതായിരിക്കുമോ?
ആ ഫോണിലൂടെയും ദീപുവിന്റെ മുറിയിലെ പാട്ട് അവൾക്കു കേൾക്കാമായിരുന്നു.
“ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവിൽ വിലോലമേഘമായ്…….”
“പുറത്തിറങ്ങുന്നോ? വാതിൽ തുറന്നാൽ കുറച്ചുനേരം നേരിട്ട് സംസാരിക്കാം.” അയാൾ ഫോൺ കട്ട് ചെയ്ത ഉടനെ അവൾ വാതിൽ തുറന്നു.
വാതിലുകൾ തുറന്നുപിടിച്ച് അവർ പരസ്പരം നോക്കി സംസാരിച്ചു. ഒരുപാട് വർത്തമാനം പറയാൻ ഇഷ്ടമുള്ള രണ്ടുപേർക്ക് എന്തെല്ലാമാണ് സംസാരിക്കാനാവുക? അവരുടെ ഇഷ്ടങ്ങൾ തമ്മിൽ എന്തൊക്കെയോ സാദൃശ്യങ്ങൾ ഉണ്ടായിരുന്നു. ബാല്യകാലത്തിലെ നനുത്ത ഓർമ്മകൾ, നാട്ടിടവഴികൾ പഠിപ്പിച്ച കഥകൾ, കൗമാരത്തിന്റെ ക്യാമ്പസ് അനുഭവങ്ങൾ, വായിച്ച പുസ്തകങ്ങൾ, കണ്ടുതീർത്തതും കാണാൻ ബാക്കിയുള്ളതുമായ ആയിരം സിനിമകൾ. ഒന്നിൽ നിന്നും മറ്റൊരു വിഷയത്തിലേക്കു തെന്നിവീണ് എത്രനേരമാണ് തമ്മിൽ സംസാരിച്ചത്?
നമുക്ക് പിരിഞ്ഞാലോ? ദീപു അത് പറഞ്ഞപ്പോഴാണ് അവരെ വലം വെച്ചുകൊണ്ടിരുന്നു തണുത്ത കാറ്റിന്റെ സാന്ദ്രത അവൾക്കു മനസ്സിലായത്. മുറിയിലെത്തിയപ്പോഴും അവൾ ആലോചിച്ചത് അയാളെക്കുറിച്ചായിരുന്നു.
ഒരു പത്തു മിനിട്ടു കഴിഞ്ഞപ്പോൾ ദീപു വിളിച്ചു. അവൾ ആ വിളി ആഗ്രഹിച്ചിരുന്നുവോ? അവർ ഫോണിൽ വീണ്ടും ഒരുപാടുനേരം സംസാരിച്ചു. പാതിരാത്രിയായപ്പോൾ ദീപു ചോദിച്ചു – “ഇങ്ങോട്ടു വരുന്നോ?”
വല്ലാത്തൊരു ചോദ്യമായിരുന്നു അത്. ഒരുപക്ഷെ ജീവിതത്തിലെ വേറെ ഏതൊരു അവസ്ഥയിലായിരുന്നാലും അവൾക്കു കേൾക്കാൻ പോലും ഇഷ്ടമില്ലാതിരുന്ന ചോദ്യം. അവൾ ഫോൺ കട്ട് ചെയ്തു. അവൾക്കെന്ത് ചെയ്യണമെന്നറിയില്ലായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ അവൾ കട്ടിലിൽ നിന്നും എണീറ്റു. മുഖം കഴുകി, മുടിയൊതുക്കി വേഷം മാറി. കുറേ നേരം മുറിയുടെ ജനാലതുറന്നു നിശ്ചലമായ നഗരത്തെ നോക്കി. എന്താണ് ചെയ്യേണ്ടതെന്ന് അവളോടു തന്നെ പലവട്ടം ചോദിച്ചു.
അവൾ ടി വി യുടെ റിമോട്ട് എടുത്തു. മുറിയുടെ വാതിൽ തുറന്ന് ആ റിമോട്ട് നിലത്തുവെച്ചു. വാതിലെങ്ങാനും അടഞ്ഞുപോയാൽ പിന്നെ എന്തുചെയ്യും? ഓരോ അടിയും മുന്നോട്ടു നടക്കുമ്പോൾ അവളെ എന്തൊക്കെയോ പിന്നിലേക്ക് വലിക്കുന്നുണ്ടായിരുന്നു.
അൽപ്പനേരം അവൾ കോറിഡോറിൽ നിന്നു. അപ്പോൾ ദീപുവിന്റെ മുറിയിൽ നിന്ന് അവളുടെ പ്രിയപ്പെട്ട മറ്റൊരു പാട്ട് ഒഴുകിയെത്തുന്നുണ്ടായിരുന്നു.
കാറ്റിൽ പറന്നുപോകുന്ന അപ്പൂപ്പൻതാടികളിലൊന്നിനെപ്പോലെ അവൾ ദീപുവിന്റെ മുറിയുടെ വാതിൽക്കലെത്തി. അയാൾ വാതിൽ തുറന്നു.
അന്ന് ഏഴാമത്തെ രാത്രിയായിരുന്നു. പിന്നെ ഏഴു രാത്രികൾ അവർ ഒരുമിച്ചായിരുന്നു.
Nalla avatharanam….,,