Author

അനീഷ് ചാക്കോ
പാപ്പൻ: തോമാച്ചാ…
ഇതെവിടെ പോയിട്ട് വരുവാ..!
ഈ നേരം വൈകിയപ്പോ..
തോക്കും കൊണ്ട്…?
തോമസ്: എന്റെ പാപ്പൻ ചേട്ടാ തെരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ..!
കഴിഞ്ഞ ഒരു മാസമായി ഇവൻ സ്റ്റേഷനിൽ ആരുന്നു, തിരിച്ചെടുക്കാൻ പോയതാ.
പാപ്പൻ: ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഏതായാലും കലക്കി. അഞ്ചു കൊല്ലം ഭരിച്ചു മുടിച്ചവന്മാരിനി വീട്ടിലിരിക്കട്ടെ.
തോമസ്: “എന്ത് കലക്കാൻ..!
ആര് അധികാരത്തിൽ വന്നാലും..
സാധാരണക്കാരന് കറണ്ട് കട്ടില്ലാത്ത ഒരു കാലം ഉണ്ടാവുമെന്ന് തോന്നുന്നില്ല.
അത് പിന്നെ വെളിച്ചം കൊടുത്തില്ലേലും ഇരുട്ട് കൃത്യമായി വീതിച്ചു കൊടുക്കുന്നുണ്ടല്ലോ.”
പാപ്പൻ: കൊറച്ചൊക്കെ ഇരുട്ട് നല്ലതാ..
എടോ.. നല്ല ശിമിട്ടൻ പന്നി ഇറങ്ങീട്ടുണ്ടെന്ന് കേട്ടു..
കാട്ടിൽ കേറീട്ട് കൊറച്ചായില്ലേ…!
എങ്ങനെയാ, നാളെ വിട്ടാലോ..?
തോമസ്: “നാളെ വേണ്ട… പെരുന്നാള് കഴിയട്ടെ.
ഞാനിവനെ ഓയിലൊക്കെ ചെയ്ത് മരുന്ന് നിറച്ചു വെക്കാം,
എന്നിട്ട് പെരുന്നാള് കഴിഞ്ഞു പോകാം.”
“പിന്നെ.. കാട്ടു പന്നിയൊന്നും പോരാ..!
വല്ല കേഴയോ പോത്തോ ആണെങ്കിലേ മെനക്കേട് കൊണ്ട് കാര്യമുള്ളൂ.”
പാപ്പൻ: “ആയിക്കോട്ടെ..
അങ്ങനെയാണേ തന്റെ കൊഴല് നറച്ചു വച്ചോ, അതാവുമ്പോൾ ഒറ്റവെടിക്ക് ഒറ്റയാനാണേലും വീഴും.”
തോമസ് ചെറുതായൊന്ന് ചിരിച്ചുകൊണ്ടു പറഞ്ഞു: “അത് പിന്നെ എത്ര കാലമായി ചെയ്തുകൊണ്ടിരുന്ന പണിയാ പാപ്പൻ ചേട്ടാ..!
അപ്പൊ പിന്നെ അതിനതിന്റേതായ വൃത്തി കാണാതിരിക്കുവോ.”
പിന്നെ കൊഴലും മോശമല്ല.
പാപ്പൻ: വാടോ കേറി വാ..
ഒരു ചായ കുടിച്ചേച്ചും പോകാം..
തോമസ്: വേണ്ട, നേരം പോയി..!
പിള്ളേര് തനിച്ചേ ഒള്ളൂ വീട്ടിൽ..
കറിയാപ്പിയുടെ കടേന്ന് ദേവി മോളുടെ പുതിയ ഉടുപ്പ് തയ്ച്ചത് വാങ്ങണം, മറ്റന്നാൾ പള്ളിപ്പെരുന്നാളല്ലേ..!
********** *********** *********** **********
പ്രസവത്തോടെ തന്റെ അമ്മ ലക്ഷ്മിയെ നഷ്ടപ്പെട്ട ദേവിക്ക് ‘ദേവനാ’യിരുന്നു അമ്മ.
പുത്തനുടുപ്പുമിട്ട് പെരുന്നാളിന് പ്രദക്ഷിണം പോകുന്നതിനിടയിൽ ദേവി തന്റെ കൂടെ പഠിക്കുന്ന സുനിലിന്റെ കയ്യിലിരിക്കുന്ന പൊട്ടാസ് തോക്ക് ശ്രദ്ധിച്ചു.
കുർബാന കഴിഞ്ഞിറങ്ങിയപ്പോൾ ദേവനോടവൾ കാര്യം പറഞ്ഞു.
ദേവൻ സ്നേഹത്തോടെ ചോദിച്ചപ്പോൾ സുനിലിന് നിരസിക്കാനായില്ല.
അവൻ സന്തോഷത്തോടെ തന്റെ കളിത്തോക്ക് ദേവിക്ക് കൊടുത്തു.
പക്ഷെ അതിൽ വച്ച് പൊട്ടിക്കാൻ ‘പൊട്ടാസ്’ ഉണ്ടായിരുന്നില്ല.
വിഷമിച്ചു നിൽക്കുന്ന ദേവിയോട് സുനിലിന്റെ അച്ഛൻ പറഞ്ഞു..
“ദേവീ നീ വലുതാവുമ്പോൾ നിന്റെ അച്ഛനെപ്പോലെ, പട്ടാളത്തിൽ ചേർന്നാൽ നല്ല ഒച്ചയുള്ള വലിയ തോക്ക് ഉപയോഗിച്ച് എത്ര വേണമെങ്കിലും വെടി പൊട്ടിക്കാലോ”..
നിസ്സഹായനായ സുനിൽ തന്റെ കളിപ്പാട്ടം ദേവിയുടെ കയ്യിൽനിന്നും തിരികെ വാങ്ങി.
കണ്ണ് നിറയാൻ തുടങ്ങിയപ്പോൾ ദേവൻ അവളെയും കൂട്ടി ബാന്റ് മേളക്കാരുടെ ഇടയിലൂടെ വഴിവാണിഭക്കാരുടെ അടുത്തെത്തി പൊട്ടാസ് തോക്ക് അന്വേഷിച്ചു.
അപ്പോഴേക്കും തോക്കുകളെല്ലാം വിറ്റു തീർന്നിരുന്നു.
വിതുമ്പാൻ തുടങ്ങിയ ദേവിയോട് അവൻ പറഞ്ഞു.
“ദേവതേ നീ വിഷമിക്കേണ്ട, വീട്ടിൽ ചെല്ലുമ്പോൾ നിനക്ക് ഞാനൊരു സൂത്രം തരാം.”
അത് കേട്ട് അവൾ തെല്ലൊന്നാശ്വസിച്ചു.
********************* ******************* ************************** *********************
ദേവൻ ദേവിയെ ദേവത എന്നാണ് വിളിക്കാറ്.
ദേവി ദേവനെക്കാൾ അഞ്ചു വയസിന് ഇളപ്പമാണ്.
ദേവിയെ നേരിൽ കണ്ടിട്ടുള്ളവർക്കറിയാം..
അവളെ ദേവിയെന്നോ ദേവതയെന്നോ അല്ലാതെ മറ്റൊരു പേരും വിളിക്കാൻ തോന്നില്ല..
അത്രക്ക് സുന്ദരിയാണവൾ.
ദേവനാണവളുടെ സ്വർണ്ണ മുടിയിഴകൾ ചീകിക്കെട്ടിക്കൊടുക്കുന്നത്.
പക്ഷെ അവൾക്കത് പാറിപറപ്പിച്ചു നടക്കുന്നതാണിഷ്ടം.
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ദേവൻ എവിടെ പോയാലും കുഞ്ഞു ദേവി കൂടെ ഉണ്ടാവും.
സ്കൂളിൽ, പള്ളിയിൽ, മൈതാനത്തു കൂട്ടുകാരോടൊപ്പം കളിക്കാൻ, കടയിൽ സാധനങ്ങൾ വാങ്ങാൻ,
പുഴയിൽ കുളിക്കാൻ..
എവിടെ പോയാലും ദേവി അവളുടെ ഏട്ടനോടൊപ്പം ഉണ്ടാവും.
കുഞ്ഞിപ്പെങ്ങളെ അത്ര ഇഷ്ടമാണ് ദേവന്.
അവളുടെ ഏതാഗ്രഹവും അവൻ സാധിച്ചു കൊടുക്കും.
ഒരിക്കൽ.. ആദ്യകുർബ്ബാന സ്വീകരിക്കാത്ത ദേവി, ദേവനോട് പറഞ്ഞു, തനിക്ക് കുർബ്ബാനയ്ക്കിടയിൽ വിളമ്പുന്ന തിരു ഓസ്തി രുചിച്ചു നോക്കണമെന്ന്.
അൾത്താരബാലനായ ദേവൻ, പിറ്റേന്നു തന്നെ വെഞ്ചരിക്കാത്ത ഒരു ഓസ്തി പള്ളിമുറിയിൽ നിന്നും തരപ്പെടുത്തി തന്റെ കുഞ്ഞിപ്പെങ്ങൾക്ക് കൊണ്ടുപോയി കൊടുത്തു.
**************************
വീട്ടിൽ ചെന്ന ഉടനെ ദേവൻ പെരുന്നാളിന് വാങ്ങിയ ഒട്ടിക്കുന്ന പൊട്ടും കുപ്പിവളകളും മുത്തു മാലയും കണ്മഷിയും ദേവിയെ അണിയിച്ചു.
എന്നിട്ടും ഒരു തൃപ്തി വരാതിരുന്ന ദേവിക്ക് തന്റെ പിന്നിൽ ഒളിച്ചു വച്ചിരുന്ന ഉഴുന്നാട പാക്കറ്റ് അവൻ വച്ചു നീട്ടി.
അതു വാങ്ങി മേശപ്പുറത്തു വച്ചിട്ട് ദേവി പറഞ്ഞു.
“എനിക്ക് സുനിലിന്റെ പോലത്തെ പൊട്ടാസ് തോക്ക് ഇപ്പൊ തന്നെ വേണം..”
അതും പറഞ്ഞ് അവൾ വിതുമ്പാൻ തുടങ്ങി.
കുഞ്ഞിപ്പെങ്ങളുടെ വാശിക്ക് മുന്നിൽ വഴിമുട്ടിയ ദേവൻ ഊണുമേശ ഉന്തി നിരക്കി അതിൽ കയറി നിന്ന് ഭിത്തിയിൽ വച്ചിരുന്ന അപ്പന്റെ തോക്ക് വളരെ പാടുപെട്ട് താഴെയിറക്കി ദേവിയോട് പറഞ്ഞു.
“ദേവതേ.. ഇതാണ് ശരിക്കുള്ള തോക്ക്.
സുനിലിന്റെ കയ്യിൽ കണ്ടത് വെറും കളിത്തോക്കാണ്.
ഇത് പോരെ നിനക്ക്?”
ദേവി പറഞ്ഞു “അത് അച്ഛന്റെ തോക്കാണ് അതെനിക്ക് വേണ്ട..!
അച്ഛനിഷ്ടമല്ല അതെടുക്കുന്നത്”.
ദേവൻ പറഞ്ഞു.. “അച്ഛൻ വരുന്നതിനു മുൻപ് നമുക്കിത് തിരികെ വയ്ക്കാം…
നോക്കൂ..
ഈ തോക്കിന് എന്ത് മിനുസമാണെന്ന്.. ഒന്ന് തൊട്ടു നോക്കൂ..!”
ദേവൻ തോക്കിന്റെ പാത്തിയിൽ പിടിച്ചു പതിയെ, കുഴൽ ദേവിയുടെ നേരെ നീട്ടി.
തോക്കിന്റെ ലോഹക്കുഴലിൽ തൊട്ടു നോക്കിയിട്ട് ദേവി പറഞ്ഞു.
“എന്തൊരു തണുപ്പാണിതിന്.. എനിക്കിത് ഇഷ്ടപ്പെട്ടില്ല.”
“ഇതിനാണ് സുനിലിന്റെ തോക്കിനെക്കാളും ഉന്നം.” ദേവൻ പറഞ്ഞു.
കുഞ്ഞിക്കൈകൾ കൊണ്ട്
തോക്കിന്റെ കുഴൽ പിടിച്ചുയർത്തിയിട്ട് നീരസത്തോടെ അവൾ പറഞ്ഞു..
“എനിക്ക് സുനിലിന്റെ തോക്കാണിഷ്ടം.. ഇതിനു ഭയങ്കര ഭാരമാണ്..”
“അച്ഛനറിഞ്ഞാൽ നമ്മൾ രണ്ടാളെയും വഴക്കു പറയും.” അവളുടെ ചിണുങ്ങലിന് ശബ്ദം കൂടി വന്നു.
വാത്സല്യത്തോടെ ദേവൻ പറഞ്ഞു..” എന്റെ പൊന്നു ദേവതേ.. അച്ഛനൊന്നും അറിയില്ല.. നീയൊന്ന് കരച്ചിൽ നിർത്ത്.”
“ഈ തോക്കിന് പൊട്ടാസ് തോക്കിനെക്കാളും ശബ്ദമുണ്ട്..
ഇത് കണ്ടോ… ഈ കാഞ്ചിയിൽ ഇതു പോലെ പിടിച്ചു നല്ല ബലത്തിൽ പിന്നിലേക്ക് വലിക്കുമ്പോൾ വല്യ ശബ്ദം കേൾക്കും.”
തെല്ലു വാശിയോടെ ദേവി പറഞ്ഞു “ഇല്ല..!
ഇതിന് ഒച്ചയില്ല..
സുനിലിന്റെ തോക്കിന് നല്ല ഒച്ചയാണ്.
ഇത് പെരുന്നാളിന് ബാന്റ്കാരൂതുന്ന നീളമുള്ള പീപ്പി പോലുണ്ട്…”
അതും പറഞ്ഞവൾ ലേശം കൗതുകത്തോടെ തോക്കിന്റെ കുഴൽ ഇരു കൈകളും കൊണ്ട് കൂട്ടിപ്പിടിച്ച് പീപ്പി ഊതുന്നതു പോലെ ചുണ്ടിനോട് ചേർത്തു വച്ചു.
……….“ഠേ”..!
പിന്നിലെ ചുവരിൽനിന്നും ഒരു നുള്ള് സ്വർണ മുടികൾ പതിയെ ഒലിച്ചിറങ്ങി.
0 Comments