കഥ

ചോക്ലേറ്റ്

Author

മിനി പാറയ്ക്കാ

സൂര്യൻ കത്തിക്കാളുന്നു. ചുട്ടുപൊള്ളുന്ന മണ്ണിലൂടെ അസഹനീയമായ ചൂട് കാറ്റ് വകവയ്ക്കാതെ ഫലാലാ മുന്നോട്ടു നടന്നു; ഐവറി കോസ്റ്റിലെ കൊക്കോ ചെടികൾക്കുള്ളിലൂടെ. ഫാബുമിയും കൂടെ ഉണ്ട്. അവൻ ഇവിടെ എത്തിയിട്ടു വർഷങ്ങൾ ആയി. അതുകൊണ്ട് അനുഭവസമ്പത്തു കൂടുതലാ; മുറിവുകളും. ശരീരത്തിലും മനസ്സിലും!

കത്തിക്കരിയാൻ ശരീരത്തിൽ ആകെ ബാക്കി ഉള്ളത് കണ്ണിലെ ഒരു ഇറ്റു വെളിച്ചം മാത്രം. നാണം മറയ്ക്കാൻ മാത്രമുള്ള വേഷം ദേഹത്തോട് ഒട്ടിച്ചേർന്നിട്ട് എത്ര നാളായീന്ന് അറിഞ്ഞുകൂടാ. കാലുകൾ ഒന്നും അറിയാറില്ല; ഏതു യാത്രയിലും. സ്വയം സംരക്ഷിക്കാൻ അവ പഠിച്ചു കഴിഞ്ഞു. അസുഖങ്ങൾ അധികം അലട്ടാറില്ല. വേതനം മരണമെന്ന അവബോധമായിരിക്കാം.

മൂത്തതും മൂക്കാത്തതുമായ കായകൾ കടും പച്ചനിറത്തിലുള്ള ഇലകൾക്കിടയിൽ ഒളിഞ്ഞു കിടപ്പുണ്ട്. കൊഴിഞ്ഞു വീണ ഇലകൾ ഉണങ്ങി കരിഞ്ഞു ഒരു പരവതാനി വിരിച്ചിരിക്കുന്നു; അതെ. ‘സമൃദ്ധി’ എന്ന് പേരിനർത്ഥവും പട്ടിണിയുടെ സമൃദ്ധിയിൽ പിറന്നു വീണതുമായ ബർക്കിനോ ഫാസോക്കാരൻ അനാഥൻ!

കൊക്കോ കാടുകൾ നീണ്ടു നിവർന്നു കിടക്കുകയാണ്, മൈലുകളോളം. കൊക്കോ മരത്തിൽ വലിഞ്ഞു കയറി ചില്ലകൾ കയ്യിലുള്ള മൂർച്ചയേറിയ കത്തി കൊണ്ട് വെട്ടി മാറ്റി, മൂത്ത കായകൾ മാത്രം വെട്ടിയിടണം.

പുറത്തെ സഞ്ചിക്കു കനം കൂടുംതോറും ക്ഷീണവും കൂടി വരുന്നു.

ഇരുട്ടുന്നതിനു മുൻപേ കായകൾ പപ്പാജാന്റെ വീട്ടിലെത്തണം. നേരം വൈകിയാലോ സഞ്ചി ചെറുതായാലോ; അത്താഴം മുടങ്ങും. രണ്ടു കഷ്ണം റൊട്ടിയും വെള്ളവുമാണ് കിട്ടാറുള്ളത്. ഒന്നുരണ്ടു പ്രാവശ്യം വെട്ടിയിട്ട കായകൾ വിശപ്പിനു താത്കാലിക ശമനം വരുത്തിയെങ്കിലും, പട്ടിണി കിടന്ന് ഉറങ്ങിയാൽ ഉറക്കവും സ്വപ്നത്തിൽ മാത്രം തെളിയുന്ന നല്ല കാഴ്ചകളും ഒരുപോലെ നഷ്ടപ്പെടുമെന്നതിനാൽ അതും ഉപേക്ഷിച്ചു.

എന്താണാവോ ഈ സാധനത്തിനോട് ഇത്ര താല്പര്യം? ഒരു പ്രാവശ്യം നാക്കു രുചി അറിഞ്ഞതാ. ഒരേ ഒരു പ്രാവശ്യം മാത്രം. പൊതിഞ്ഞിരിക്കുന്ന മധുരമുള്ള ആവരണം മാറ്റിയാൽ കാണാം തവിട്ടു നിറം. കയ്പു രസം!

ഇതാണോ ഇത്ര വിശേഷപ്പെട്ട ചോക്ലേറ്റ്?

ഐവറി കോസ്റ്റ് ഒരു തുറമുഖമായി മാറിയത് പെട്ടെന്നായിരുന്നു. ഒരു പാട് രാജ്യങ്ങളിലേക്ക് കയറ്റുമതി. പല പേരുകളിൽ, രൂപങ്ങളിൽ എല്ലാം ഈ ചോക്ലേറ്റ് ഉണ്ടത്രേ. ഇതു തിന്ന് വിശപ്പു മാറ്റേണ്ട ഗതികേടുള്ള മനുഷ്യർ മറ്റു നാടുകളിൽ ഉണ്ടെന്നു കേൾക്കുമ്പോൾ ഞാനെത്ര ഭാഗ്യവാൻ!

സ്കൂളിൽ പോകാനൊത്തില്ലെങ്കിലും കുറച്ചു ചരിത്രവും ഭൂമിശാസ്ത്രവും ഞാനും വശത്താക്കിയിട്ടുണ്ട്.

എട്ടു വയസ്സിൽ ഇവിടെ വരുമ്പോൾ അപരിചിതമായ കാടുകൾ ഇന്ന് എന്റെ വളർത്തമ്മമാരായിക്കഴിഞ്ഞിരിക്കുന്നു.

ഒരിറ്റു തണലേകുന്ന അമ്മമരങ്ങൾ!

ഇന്ന് എവിടെ കൊണ്ടിട്ടാലും തിരിച്ചു വരാനറിയാം. ദേഹം മുറിവേൽക്കാതെ വെട്ടുകത്തി കയ്യിൽ പിടിച്ചു മരം കയറാനും മൂത്ത കായ്കൾ തിരിച്ചറിഞ്ഞു ക്ഷണനേരം കൊണ്ട് വെട്ടിയിടാനും മറ്റും. ഫാബുമിയുടെ കാലിൽ വെട്ടു കൊണ്ട വലിയ പാടുകളുണ്ട്!

തിരിച്ചെത്തിയാൽ വേറെ പണികൾ ഉണ്ട്. കായ പൊളിച്ചു ബീൻസ് വേർപെടുത്തി ഉണക്കണം. ഉണക്ക് കൂടിയാലും കുറഞ്ഞാലും ഗുണത്തിൽ വ്യത്യാസം വരും. പിന്നെ ചാക്കുകളിലാക്കി ഈർപ്പം തട്ടാതെ സൂക്ഷിക്കണം. കളിയ്ക്കാൻ പോവാൻ പാടില്ല. പ്രത്യേകിച്ച് ഐവറി കോസ്റ്റിലെ പിള്ളേരുടെ കൂടെ. അവർ വേറെയാ. അവർ അനാഥരല്ല. അതുകൊണ്ട് അക്ഷരം അന്യമല്ല.

“തിരിയ്ക്കാം?” ഫാബുമിയാണ്.

തളർന്ന് ഒരു കൊക്കോ ചെടിയുടെ അടിയിൽ ആശ്വാസം കണ്ട ശരീരം വീണ്ടും വലിച്ചു നിവർത്തി യാത്ര തുടർന്നു.

പാപ്പാജാനെ എനിക്ക് പേടിയാ. കണ്ണുകളിൽ ചുവപ്പുരാശി പടർന്നിട്ടുണ്ട്. വലിഞ്ഞു മുറുകിയ മുഖം. ഒരു കാലിനു സ്വാധീനക്കുറവുണ്ട്. കത്തിയും തോക്കും ഇടുപ്പിൽ തിരുകിയിട്ടുണ്ടെന്നു മറ്റു കുട്ടികൾ പറഞ്ഞാണ് അറിഞ്ഞത്. കൊന്നിട്ടുണ്ടത്രേ!

ദേഷ്യം വന്നാൽ അത് തീരുന്നതു വരെ അടിക്കും. പലപ്പോഴും എന്തിനാ അടിക്കുന്നതെന്നുള്ള ചോദ്യം ഉത്തരം കിട്ടാതെ അലഞ്ഞു നടന്നു. ഒരു പാട് വലുതും ചെറുതുമായ കുട്ടികൾ തിങ്ങിനിറഞ്ഞ കുടുസ്സു മുറിയിലെ ഇരുട്ടിന്റെ വാചാലതയിൽ തേങ്ങലുകളും വിങ്ങലുകളും അലിഞ്ഞലിഞ്ഞില്ലാതാവും.

മാമ്മ മരിച്ചു പോയി എന്നാണ് പാപ്പാജാൻ പറഞ്ഞത്. കാശ് തരും എന്ന് പറഞ്ഞാ മാമ്മ ഇല്ലാത്തപ്പോൾ എന്നെ ഇങ്ങോട്ടു കൊണ്ട് വന്നത്. കാശ് ഇത് വരെ ഒന്നും തന്നിട്ടില്ല. തിരിച്ചു പോകുമ്പോൾ ഒരുമിച്ചു തരും എന്നാണ് പറഞ്ഞത്. പക്ഷെ എങ്ങോട്ടു തിരിച്ചു പോവാൻ?

പുറമെ നിന്ന് കുറച്ചു ആൾക്കാർ വന്നിരുന്നു. അവരെ ഇതിനുമുൻപ് കണ്ടിട്ടില്ല. സ്വർണ്ണ നിറത്തിലുള്ള മുടിയും വെളുത്ത തൊലിയും വാചക കസർത്തും. ഒന്നും മനസ്സിലായില്ലെങ്കിലും നന്നായി രസിച്ചു. കുറെ ചോദ്യങ്ങളുണ്ടായി.

മാമ്മയുടെ പേര്?  

“ഡിമെട്രിയ!”

മിണ്ടരുത് എന്നാണ് നിർദേശമെങ്കിലും ചോദിച്ചതിനെല്ലാം ഞാൻ ഉത്തരം പറഞ്ഞു. കുറച്ചു ഫ്രഞ്ച് എനിക്കുമറിയാം. എനിക്ക് മാത്രമല്ല ബർക്കിനോ ഫാസോക്കാർക്കെല്ലാം. ഔദ്യോഗിക ഭാഷയല്ലേ.

ഫോട്ടോ പിടുത്തവുമുണ്ടായി.

ഒരു കയ്യിൽ കൊക്കോയും മറ്റേ കയ്യിൽ ചോക്ലേറ്റ് എന്ന് പറയുന്ന സാധനവും.

ചിരിവേണ്ടാന്നു പറഞ്ഞത് നന്നായി; അത് എങ്ങനെയാണെന്ന് മറന്നിരിക്കുന്നു.

ഒരുപാട് പ്രശ്നങ്ങളുണ്ടായി.

ഞങ്ങളെ മുറിയിൽ പൂട്ടിയിട്ടു.

മുഴുപട്ടിണി.

പാപ്പാജാനെ പോലീസ് കൊണ്ടുപോയി.  

ആരൊക്കെയോ വന്ന് എന്നെ എങ്ങോട്ടോ കൂട്ടി ക്കൊണ്ടുപോയി.

കാണാത്ത സ്ഥലങ്ങൾ. അറിയാത്ത മനുഷ്യർ.

ഒരു അത്ഭുതജീവിയെന്നോണം എല്ലാവരും എന്നെ നോക്കുന്നു.

തുറന്നിട്ട ഒരു മുറിക്കുള്ളിൽ കാലെടുത്തു വച്ചതും  “ഫലാ!”

പരിചയം തോന്നുന്ന ശബ്ദം. ഒരു വിളി. അല്ലാ അത് ഒരു ഹൃദയം പൊട്ടിയുള്ള കരച്ചിൽ ആയിരുന്നു.

‘മാമ്മ! അപ്പോൾ മരിച്ചു എന്ന് പറഞ്ഞത്?’

ചോദ്യങ്ങളെല്ലാം സങ്കടമുത്തുകളായി പൊഴിഞ്ഞു വീണു. ഞാനും മാമ്മയും എങ്ങോട്ടൊക്കെയോ നടന്നു. മാമ്മ എന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു. അതോ ഞാനാണോ മുറുക്കി പിടിച്ചത്?

എവിടെന്നോ കിട്ടിയ ഒരു മുഴുവൻ റൊട്ടി മാമ്മ എനിക്ക് തന്നു.

ഞാൻ അന്നാദ്യമായി വയറും മനസ്സും നിറഞ്ഞ് ഉറങ്ങി.

ദൈവമുണ്ട്!

മാസങ്ങൾ കടന്നുപോയി. തള്ളിനീക്കി എന്നു തന്നെ പറയാം.

എന്നെ കെട്ടിപ്പിടിച്ച കൈകൾ ഞാൻ പതുക്കെ അയച്ചു. തിരിഞ്ഞു നടന്നു.

പാപ്പാജാൻ എന്നെ വഴക്കു പറയുമോ? തല്ലുമോ?

എന്ത് ചെയ്താലും വേണ്ടില്ല. ഞാൻ തിരിച്ചുപോവുകയാണ്.

കൊക്കോ കാടുകളിലേക്ക്!

ഒരു നേരത്തെ ആഹാരത്തിനുവേണ്ടി!

കയ്പ് നിറഞ്ഞ കായകളെ ഞാനും ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു.

വിശപ്പിന്റെ വിളിക്കു മുൻപിൽ ജന്മം തന്ന മാമ്മയും ജനിച്ച നാടും അന്യം.

മാമ്മ എന്നെ തിരിച്ചു വിളിച്ചില്ല!

വിളിക്കാതിരിക്കട്ടെ.

ഞാൻ എങ്കിലും ജീവിക്കട്ടെ. മരിക്കുന്നതുവരെയെങ്കിലും!

എന്നെങ്കിലും ഒരു മുഴുവൻ റൊട്ടിയും തെളിഞ്ഞ വെള്ളവുമായി ഞാൻ വരുന്നത് വരെ എങ്ങനെയെങ്കിലും ജീവൻ നിലനിർത്താൻ ഭൂമിയോടു യാചിക്കാം. പ്രാർത്ഥിക്കാം.

ദൈവമുണ്ടാവണം! അല്ലേ?

(ആശയത്തിന് കടപ്പാട്: ബിബിസി)

21 Comments

  1. Shali

    നന്നായിട്ടുണ്ട്… കഥ ഇഷ്ടപ്പെട്ടു
    യുവ കഥാകാരിക്ക് അഭിനന്ദനങ്ങൾ

    • Shantay Panicker

      Mini, an excellent creation. I am impressed. The lyrics are outstanding..!!
      Expressions are gorgeous!!
      Your creativity obviously uploads a positive impact on poverty which induced hard work!!
      Again, one of the things that I admire you in this story is, your ability to manage expressions through out the story!!
      In my opinion, you possess a superpower for your creativity and in the use of apt language…!!Lot to say but no words to explain.
      We are waiting for more from you..

      Keep writing dude…

      Shantay Panicker

    • Mini

      ഒരുപാട് നന്ദി.

    • Mini

      ഒരുപാട് നന്ദി

  2. ജയന്തി മുരളി, സിഡ്നി

    മിനി കഥ നന്നായിട്ടുണ്ട്. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹീക്കട്ടെ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    • Sreebha

      Touching… Congrats dear മിനി……..

      • Biby

        Good work Mini ♥️👏💐

        • Mini Parakka

          Thanks Biby 🙏

    • Mini

      പ്രോത്സാഹനത്തിന് ഒരുപാട് നന്ദി

  3. Lubina Ajmal

    Congratulations. Well done❤️

    • Mini

      Thanks Lubina.

  4. Anitha

    Super… congrats

    • Mini

      Thanks Anitha

  5. Sonia John

    Narrations and the feel it gives is super.. it is very easy to visualise as you read… Keep up the good work..

    • Mini

      Thanks Sonia

  6. Nicy

    Nice story Mini 👍

    • Mini

      Thanks Nicy

  7. Deepthi Arun

    Loved it Mini. Way to go. Please keep writing ✍️

    • Mini

      Sure. Thanks Deepthi

  8. Nelina Sanju

    Congrats & all the best . Looking forward for another story

    • Mini

      Thanks Nelina.

Punnackal Financial Services

* * * Gateway to a secure life  * * * Contact: 0421 430 068  

WallStreet Australia

If you need to Refinance, Its time to talk to us! Contact: 0415 255 915

Move Realty

* * * *  Making your move easy * * * * Contact: 0410 066 578  

Indian Beauty Secrets

* * * * Beauty | Hair | Spa | Laser * * * * Contact: 02 9672 4448

Neil Lawyers

* * * * * * Solicitors & Notary * * * * * * Contact: 02 9636 9224 / 9636 9664

P J Taxation

* * * * Income Tax & GST Returns * * * Contact: 0414 424 980  

Pixela Print

Digital, Offset & Wide format Printing Contact: 0403 993 399

Micro Precision Manufacturing Pty Ltd

Precision Engineers & Toolmakers Contact: 02 9829 8224

Councillor Susai Benjamin

Best Compliments  

Councillor Sameer Pandey

Best Compliments