Author
ബെനില അംബിക
ഒരു കപ്പ് കാപ്പിയും കുടിച്ചുകൊണ്ടാണ് അരുണിമ പുതിയ വാടക വീടിൻ്റെ ജനാലയിൽ നിന്നും പുറം കാഴ്ചയിലേക്ക് കണ്ണോടിച്ചത് . വീടിന്റെ തൊട്ടുമുന്നിലുള്ള മേപ്പിൾ മരം കനമുള്ള ഇലകൾ കൊണ്ടും ശിഖരങ്ങൾ കൊണ്ടും സഹജമായ തണൽ പാകിയിരിക്കുന്നു. ആളനക്കമധികമില്ലാത്ത തെരുവ്. ഇതാണ് വേണ്ടത്… ഏകാന്തത ഇഷ്ടപ്പെടുന്നത് കൊണ്ട് സന്തോഷം തോന്നി!
തെളിഞ്ഞ നീലാകാശം, പലതരം പക്ഷികൾ, മുറ്റം നിറയെ പൂക്കൾ, ഇതിലും കൂടുതൽ എനിക്കെന്ത് വേണം. “ആഹാ എന്ത് ഭംഗി” അരുണിമയുടെ ആത്മഗതം അല്പം ഉച്ചത്തിലായി. ചില കാര്യങ്ങളോട് വല്ലാത്ത ഭ്രാന്ത് തന്നെയുണ്ട് തനിക്ക്. അത് സ്വയം സമ്മതിച്ചില്ലെങ്കിൽ പിന്നെ അതൊരു ആത്മവഞ്ചന ആയിരിക്കും ..
ഇന്നലെ ഇവിടേക്ക് വന്നതേയുള്ളൂ, അത് കൊണ്ട് സാധനങ്ങൾ വീടിനകത്തു അവിടവിടെ അലക്ഷ്യമായി ഇട്ടിരിക്കുകയാണ്.
ഇനിയൊരു പണിയാണ് അടുക്കിപ്പെറുക്കൽ. സത്യം പറഞ്ഞാൽ എനിക്കൊട്ടും ഇഷ്ടമില്ലാത്ത ജോലി. എന്തൊരു ബോറൻ പരിപാടികൾ. അടുക്കളയിലെ എച്ചിൽ പാത്രങ്ങൾ, തൂത്തുവാരാത്ത അകമുറികൾ, മടക്കി വയ്ക്കാത്ത തുണികൾ, ഇതെല്ലാം ഓർക്കുമ്പോൾ കുറച്ചധികം ഉന്മാദം ഉണ്ടാകും.
എന്നിട്ടും ‘സിദ്ധു’ വിനെ സമ്മതിക്കണം. രാവിലെ തന്നെ ജോലിക്ക് പോയി. സിദ്ധാർത്ഥൻ എനിക്ക് എപ്പോഴും അത്ഭുതം തന്നെയാണ്.. കൂടെ കൂടിയിട്ട് പതിനാറു വർഷമായി. എന്നിട്ടും ഇയാൾ ഇങ്ങനെ പിടിതരാതെ പോകും.. പ്രപഞ്ചത്തിന്റെ തഥാഗതിക്കപ്പുറം സഞ്ചരിക്കുന്നവൻ .. ഇന്നത്തെ വാക്കിൽ പറഞ്ഞാൽ പ്രാക്‌റ്റിക്കൽ.
ചിലപ്പോൾ തോന്നും സിദ്ധു പറയുന്നതാവും ശരിയെന്ന്. പണം അതാണ് അയാൾക്ക് മുഖ്യം. “എടോ അരുണിമേ നമുക്ക് പണം വേണ്ടേഡോ ജീവിക്കാൻ. അതിന് വേണ്ടി ജോലിചെയ്യണം, സമ്പാദിക്കണം…” സിദ്ധുവിൻ്റെ പതിവ് ഉപദേശങ്ങൾ. ഇത്രയും ആകുമ്പോൾ എനിക്ക് വായിൽ നാക്കില്ലാതെയാകും .
പെട്ടെത്തെ ന്ന് അരുണിമയുടെ കണ്ണിൻ്റെ മുന്നിലേക്ക് ഗെയിൽ അമ്മൂമ്മ വാക്കറുമായി വന്നു കയറി. നടപ്പാതയുടെ ഓരം ചേർന്ന് ആയാസപ്പെട്ട് വാക്കറും ഉന്തിക്കൊണ്ട് വരുന്നു. കുറച്ചു നേരം ഇരുന്നും പിന്നെ വീണ്ടും നടന്നും അവർ വല്ലാതെ കിതയ്ക്കും പോലെ തോന്നി. അപ്പോഴാണ് ശ്രദ്ധിച്ചത് വാക്കറിൻ്റെ ഒരു സൈഡിൽ എന്തൊക്കെയോ സാധനങ്ങൾ വാങ്ങിയ കൂടുകൾ. അതിൻ്റെ ഭാരം കൊണ്ടാവും ഇത്രയും ആയാസം. അരുണിമ സ്വയം പറഞ്ഞു.
ഇന്നലെയാണ് ഗെയിലിനെ പരിചയപ്പെടുന്നത്. വീട്ടിലേക്കുള്ള സാധങ്ങളുടെ ട്രക്ക് പോയതിന് ശേഷം മുറ്റത്തെ കാഴ്ചകൾ കണ്ടുകൊണ്ട് നിന്നപ്പോൾ ഒരു അശരീരി: “ഞാനാണ് നിങ്ങളുടെ പുതിയ അയൽക്കാരി .. എന്റെ പേര് ഗെയിൽ കിംഗ്. വർഷങ്ങൾക്ക് മുൻപ് ഞാനും എൻ്റെ ഭർത്താവും ലണ്ടനിൽ നിന്നും ഇങ്ങോട്ട് കുടിയേറി പാർത്തവർ ആണ് ..ഇതാണ് എൻ്റെ വീട്. ഇടയ്ക്ക് നിനക്ക് വരാം. നമുക്ക് കോഫി കുടിക്കാം”. അരുണിമ റോഡ് മുറിച്ച് കടന്ന് … ഗെയിൽ അമ്മൂമ്മക്ക് ഹസ്തദാനം ചെയ്തു… നീ ഇന്ത്യനോ ശ്രീലങ്കനോ…? “ഞാൻ ഇന്ത്യൻ ആണ്.” എൻ്റെ പേര് പറഞ്ഞു പരിചയപ്പെടുത്തി. പക്ഷേ അവർക്ക് അത്ര മനസിലായില്ല എന്നു തോന്നി… ഗെയിൽ അമ്മൂമ്മ നല്ല സുന്ദരിയാണ്. മുടിയൊക്കെ മുറിച്ച് കളർ ചെയ്ത്, ലിപ്സ്റ്റിക്ക് ഒക്കെ ഇട്ട് കൈയ്യിൽ ചായം തേച്ച് വളരെ ഭംഗിയായി നടക്കുന്നു.
അരുണിമയുടെ ചിന്തയെ മുറിച്ചു കൊണ്ട് “ഗെയിൽ അമ്മൂമ്മ” വാക്കറും സാധനങ്ങളുമായി നടപ്പാതയിലേക്ക് ചിതറിവീണു.
ഒറ്റ ഓട്ടത്തിന് അരുണിമ ഗെയിലിൻ്റെ അടുത്തെത്തി. കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചപ്പോൾ അവൾ ഗെയിലിനോട് ചോദിച്ചു… “ഹോസ്പിറ്റലിൽ പോകണോ?” വേണ്ട… എന്ന് ഗെയിൽ ക്ഷീണത്തോടെ പറഞ്ഞു.
ഗെയിൽ അമ്മൂമ്മയുടെ ചിതറിക്കിടന്ന സാധനങ്ങളും മറ്റും പെറുക്കി എടുത്ത് അവരെയും കൂട്ടി അരുണിമ ഗെയിലിൻ്റെ വീട്ടിലേക്ക് നടന്നു. ഇതെന്താ ഇത്രയും ചോക്കളേറ്റ് ? അവൾ ഗെയിലിനോട് ചോദിച്ചു..
ഇതെൻ്റെ പേരക്കുട്ടികൾക്ക് കൊടുക്കാനാണ്. അവരെല്ലാം ചിലപ്പോൾ ഈ ആഴ്ച വരും. അവരെ കണ്ടിട്ട് ഒരു പാട് നാളായി. ചുരുക്കിപ്പറഞ്ഞാൽ ഒരു വർഷത്തിലധികം .. ഒരു മകനും, മൂന്ന് പെൺകുട്ടികളുമാണ് എനിക്ക്. എന്ത് പറയാൻ… എല്ലാവരും തിരക്കിലാണ്… എന്നെ കാണാൻ ആർക്ക് സമയം. വൃദ്ധസദനത്തിൽ ആക്കാം എന്ന് മക്കൾ പറഞ്ഞതാണ്. സ്വാതന്ത്ര്യമില്ലായ്മയിലേക്കു പോകാൻ ഒരു മടി . അതുകൊണ്ട് മക്കൾ പിണങ്ങി. ഒരു വിധം ഗെയിൽ പറഞ്ഞൊപ്പിച്ചു .
അരുണിമക്ക് വല്ലാത്ത നൊമ്പരം തോന്നി – മുത്തശ്ശിയുടെ പതം പറച്ചിലുകൾ ഓർത്തു “ആർക്കാ എന്നെ നോക്കാൻ ഇവിടെ നേരം. ആരുമില്ലാതെ ചത്ത് കെട്ട് പോകും ഞാൻ…” ഓരോ അവധി കഴിഞ്ഞും ഗൾഫിലേക്ക് പോകുമ്പോൾ മുത്തശ്ശി അച്ഛന് കൊടുക്കുന്ന യാത്രപറച്ചിൽ … ഒടുക്കം ഒറ്റ മകനായ അച്ഛനെ കാണാതെ മുത്തശ്ശി മരിച്ചു …
ഗെയിലിൻ്റെ കൈയ്യിൽ പിടിച്ചു കൊണ്ട് അരുണിമ പറഞ്ഞു… എന്നെ എപ്പോഴും വിളിച്ചോളൂ. ഞാൻ കൂടെ ഉണ്ടാവും. എന്ത് വേണേലും ചെയ്തു തരാം . ഗെയിൽ അമ്മൂമ്മ അവളുടെ ഇരുകവിളിലും തലോടി…
ശ്വസിക്കാൻ അവർ പാടുപെടുന്നത് പോലെ തോന്നി അരുണിമക്ക്. ആംബുലൻസ് വിളിക്കട്ടെ? അരുണിമയുടെ ചോദ്യം കേൾക്കും മുൻപേ ഗെയിലിൻ്റെ ബോധം മറഞ്ഞിരുന്നു ..
ആംബുലൻസ് വന്നതും, ഗെയിലിനെ കൊണ്ടുപോയതും, അവർ മരിച്ചതുമെല്ലാം, ഒരു ദിവസത്തിൻ്റെ ദൈർഘ്യത്തിലേക്ക് ചുരുങ്ങി.
ഒന്ന് രണ്ട് ദിവസം കൊണ്ട് എന്തൊക്കെയോ അടയാളപ്പെടുത്തിക്കൊണ്ട് ജീവിതത്തിൻ്റെ ഒരു ഏടിലേക്ക് ഗെയിൽ അമ്മൂമ്മ വന്നു പോയി ….
ജനാലയിലെ വിൻഡ് ചാമിൻ്റെ ശബ്ദത്തിനപ്പുറം സിദ്ധുവിൻ്റെ ശബ്ദം പൊങ്ങിയപ്പോൾ അരുണിമ എഴുന്നേറ്റു. “നീ അവരെ ഇത് വരെ വിട്ടില്ലേ .. അരുണിമേ” ..
“ഏയ് അങ്ങനെ ഒന്നുമില്ല” വെറുതേ ഒരു ഉത്തരം സിദ്ധുവിന് നൽകി. അവൾ അടുക്കളയിലേക്ക് നടന്നു.
രാത്രിയിൽ സിദ്ധുവിനോട് എന്നത്തേക്കാളും ചേർന്ന് കിടന്നു അവൾ .. എന്നിട്ട് ആരോടെന്നില്ലാതെ പറഞ്ഞു. “നമുക്കു പോവാം ഇവിടെ നിന്ന്… ആവശ്യമില്ലാത്ത ഒരു പറിച്ചു നടൽ അല്ലേ ഇത് ?” അല്ലെങ്കിൽ എനിക്ക് എൻ്റെ മോനെ ഇവിടെ വേണം. നാട്ടിലെ ഹോസ്റ്റലിൽ നിന്നും അവനെ ഇങ്ങോട്ട് കൊണ്ട് വരണം…”
അവളുടെ ശബ്ദം നേർത്തു കരച്ചിലായിമാറിയപ്പോൾ സിദ്ധു ലൈറ്റ് ഓഫ് ചെയ്ത് അവളെ നെഞ്ചിലേക്ക് ചേർത്ത് കൊണ്ട് കിടന്നു …
പിറ്റേന്ന് …
പതിവുപോലെ തെളിഞ്ഞ മുറ്റത്തേക്കിറങ്ങി അരുണിമ. ഗെയിലിൻ്റെ വീട്ടിൽ ആളനക്കം കേട്ടു. ഒരു പക്ഷേ, മക്കളാവാം… അവൾക്ക് തോന്നി..
പഴയ കാർപ്പെറ്റും പാത്രങ്ങളും വാക്കറും മറ്റെന്തൊക്കെയോ സാധനങ്ങളും ഗെയിലിൻ്റെ മുറ്റത്ത് കൂട്ടി ഇട്ടിരിക്കുന്നു ..
പിന്നെ ഒരു ബോർഡും കണ്ടു “House for sale.”
ജീവിച്ചിരുന്നപ്പോൾ ഇടയ്ക്ക് പോലും തിരിഞ്ഞു നോക്കാത്ത മക്കൾ… “ദ്രവ്യമോഹം” എന്ന് ഉള്ളിൽ വിഷമത്തോടെ പറഞ്ഞു കൊണ്ട് അരുണിമ അകത്തേക്ക് നടന്നു.
ഫോൺ എടുത്തു നാട്ടിലേക്ക് വിളിച്ചു. അങ്ങേത്തലയ്ക്കൽ അച്ഛൻ്റെ ശബ്ദം, നീ എന്താ ഇത്ര രാവിലെ വിളിച്ചേ….?
“ഒന്നൂല്ല. വെറുതെയാ. വേരറ്റു പോകാതിരിക്കാൻ…” “എന്താ?” അച്ഛന്റെ ശബ്ദം വീണ്ടും…
“ഒന്നൂല്ല, അച്ഛാ…”
പിന്നെ വിളിക്കാം എന്നു പറഞ്ഞ് അവൾ ഫോൺ വെച്ചു-
ആനുകാലികമായ ഒരു വിഷയത്തെ അതിഭാവുകത്വം ഇല്ലാതെ അതിന്റെ തനിമയിൽ അവതരിപ്പിച്ച ബെനിലേക്കു എല്ലാവിധ ഭാവുകങ്ങളും .. വീണ്ടും കഥകൾ പ്രതീക്ഷിക്കുന്നു