Author
ചിത്ര അനൂപ്
മുകിലുകൾ മേയുമെൻ മാനസ തീരത്ത്…
ഒരിരുളല തീർക്കുന്നു കാലചക്രം.
ഈണം മറക്കുന്നു, ഇടറുന്നു പാദങ്ങൾ…
പുതുവഴി തേടി ഇന്നലയുന്നു വീണ്ടും..
കാണാമറയത്തെ കാഴ്ചകൾ തേടി
ഒരു താരജാലക കൂട്ടിൽ ഉറങ്ങി
മനതാരിൻ ഉള്ളിൽ മിന്നി മറയു-
മൊരായിരം മായാവർണ്ണ പതംഗങ്ങൾ,
മഴനൂലാൽ തീർത്തൊരു സ്വപ്ന സരസ്സിൽ
മതിമറന്നവ ഒഴുകി നീങ്ങി….
പീലി വിരിച്ചിടും മോഹത്തിൻ ചിറകുകൾ,
സ്നേഹപരാഗം തേടിയലയവേ
മനതാരിൽ തെളിയും തീജ്വാലയിലവ
എന്നോ വാടിക്കരിഞ്ഞു പോയോ…
പുതുമഴ പെയ്യുന്ന വീഥികളെന്റെ
നിറമിഴിനീർകണങ്ങൾ തുടച്ചുമാറ്റി.
ഇന്നലെകളറിയാതെ തുഴയുന്നു കാലം
കൂരിരുൾ തിങ്ങിയ ജീവിതനൗകയിൽ
നാളെയെന്നൊരു നല്ല നാളിലേക്കായ്
നമ്മിലെ നന്മയെ നെഞ്ചോടു ചേർക്കാം
പുത്തൻപ്രതീക്ഷ തൻ തളിർനാമ്പിലുണരട്ടെ
പുതിയൊരു നാളിൻ പൊൻകിരണം.
0 Comments