Author
എ. കെ. ജയദേവൻ
പഴയ സാമഗ്രികൾ
ചെറുപ്പത്തിൽ സ്ഥിരമായി ഉച്ചയൂണ് കഴിക്കാറുണ്ടായിരുന്ന
ഒരു പാത്രമുണ്ടായിരുന്നു
കുറേക്കാലം അടുക്കളയുടെ മൂലയിൽ മാറാലകൾക്കിടയിൽ
അത് കിടന്നു
വീട്ടിനുള്ളിലെ സുരക്ഷിതത്വത്തിൽ അത് ഭദ്രമെന്നു കരുതി
പിന്നെയെപ്പോഴോ പഴയ പാത്രക്കാരിയുടെ കണ്ണിൽപ്പെട്ട് കാണാതായി
ഏതു പാത്രക്കടയിൽപ്പോയാലും ഞാനതു തിരയും
വർഷങ്ങൾ ഉപയോഗിച്ചിട്ടും കീറാത്തൊരു കുടയുണ്ടായിരുന്നു
പുതിയതൊന്ന് വാങ്ങാനിറങ്ങുമ്പോൾ അത് കൈയിലുണ്ടാകും
കീറാക്കുടയിതിരിക്കുമ്പോൾ മറ്റൊന്നെന്തിനെന്ന ചിന്തയിൽ മടങ്ങും
കർക്കിടകത്തിൽ കടവരാന്തയിൽ വച്ചാരോ
അവനെ മാറ്റിയെടുത്തു കൊണ്ടുപോയി
ഏതു മഴയിലും ഞാനവനെയോർക്കും
എത്ര അലക്കിയാലും നിറം മങ്ങാത്തൊരു കുപ്പായമുണ്ടായിരുന്നു
കഞ്ഞിപ്പശമുക്കി ഉണക്കിത്തേച്ച് എപ്പോഴും ഇട്ടുകൊണ്ടിരുന്നത്
മടക്കിയൊതുക്കി ആ ദിനമെത്തുമ്പോളിടാനായി
അലമാരയിൽ കാത്തുവച്ചത്
എവിടെപ്പോയെന്നറിയില്ല
ആ നിറം കാണുമ്പോഴൊക്കെ അവനെയോർക്കും
വേനലിൽ നിലയ്ക്കാതെ കറങ്ങി കാറ്റുപകർന്നിരുന്ന ഓറിയന്റ് ഫാൻ
നിൽക്കുമ്പോഴൊക്കെ ഓയിലിട്ട് ഓടിച്ചിരുന്ന
മഞ്ഞ ഡയലുള്ള റാഡോ വാച്ച്
വർഷം മുന്നിട്ടിട്ടും വളളി പൊട്ടാത്ത ആ ഹവായ് ചെരുപ്പ്
രണ്ടു വട്ടം കൈമോശം വന്നിട്ടും കറങ്ങിത്തിരിഞ്ഞെത്തിയ മഞ്ഞക്കണ്ണട
പഴയത് വീണ്ടെടുക്കുക ഒട്ടും എളുപ്പമുള്ള കാര്യമല്ല
എന്നാലൊന്നുറപ്പ്
കാണാതായവയൂറിത്തെളിഞ്ഞുണ്ടായവയാണ്
എൻ്റെ പുതിയ പാത്രങ്ങൾ, കുടകൾ, കണ്ണടകൾ, കുപ്പായങ്ങൾ!
വീശുന്ന കാറ്റും മുള്ളു കൊള്ളാത്ത നടപ്പും നിലയ്ക്കാത്ത നേരവും
ആ പഴയത് പഴയതു തന്നെ!
ആണുങ്ങളുടെ മുടി
വളരാൻ വിട്ടിരുന്നു എങ്കിൽ നിശ്ശബ്ദം സമയത്തെ തുളച്ച്
പൂവായും പുളകങ്ങളായും വിരിഞ്ഞേനെ
ആരു കണ്ടാലും കണ്ണെടുക്കാത്ത തരത്തിൽ
ഞൊടിയിടയിൽ മറ്റൊരു വടിവ് സൃഷ്ടിച്ച് ചിലപ്പോൾ ആളെത്തന്നെയറിയാത്ത വിധത്തിൽ
ഇമചിമ്മിത്തുറക്കുമ്പോഴേക്കും
പുതിയ നിർവ്വചനങ്ങൾ, പ്രകാരങ്ങൾ തീർത്തേനെ
പലവിധം പച്ചിലയിട്ടു തിളപ്പിച്ചയെണ്ണയിൽ
ദിനംപ്രതി കുളിപ്പിച്ചുണർത്തിയിട്ടെന്ത്?
മാസാന്ത്യം വലിയ കണ്ണാടിപ്പീടികയിലിരുത്തി
എൻ്റെ തളിരുകളെയെല്ലാം ചിതറിച്ച് ചിരിക്കുമല്ലോ നിങ്ങൾ
നിന്നിലേക്കാഴ്ന്ന വേരുകളാൽ മരണമില്ലാതെ ഇടയ്ക്കിടെ
പിടഞ്ഞ് പിടഞ്ഞ് കരയാറുണ്ട് ഞാൻ
ഒച്ചയില്ലാതെ കണ്ണീർ പൊടിയാതെ
പ്രായം ചെന്നാൽ വെളുക്കാനെങ്കിലും വിടണം
വായും മൂക്കും അടച്ചു പിടിച്ച്
എത്ര നാൾ കറുപ്പിച്ച് നിർത്താനാകും
കാലത്തെ കുപ്പിയിലിട്ട് മെരുക്കാൻ പോയവർ
പിറ്റേന്നു രാവിലേക്കു തിരിച്ചു വന്ന ചരിത്രമേയുള്ള
എത്ര കറുപ്പിച്ചാലും ഞാനും ഒരു ദിനം വെളുത്തു ചിരിക്കും
യേശുദാസിന്റെ ഇപ്പോഴത്തെ മുടി പോലെ!
ചോരയില്ലെന്നുള്ള ആവിഷ്കാര സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടില്ലെന്നേയുള്ളൂ
എന്നാലും
ഞങ്ങൾക്കുമുണ്ട് സ്വകാര്യ അഹങ്കാരങ്ങൾ
പിണറായിയുടെ മുടിയാണ് അതിലൊന്ന്
ഏത് കൊടുങ്കാറ്റിലും പതറാതെയുള്ള ആ നിൽപ്പ് നോക്കു.
ഒരു ചീപ്പിനും വഴങ്ങാതെ
സ്വാതന്ത്യ്രത്തിന്റെ കർമ്മചിത്രങ്ങൾ വരയ്ക്കുന്ന
ഉമ്മൻ ചാണ്ടിയുടെ മുടിയാണ് മറ്റൊന്ന്
മുടിയില്ലാത്തവരാണ് ഞങ്ങളുടെ ഗുരുക്കന്മാർ
പരമ്പരാഗതമായി പീഢനങ്ങളേറ്റുവാങ്ങി അടിച്ചമർത്തപ്പെട്ടവർ
കാണാൻ മൊട്ടയെങ്കിലും അവയ്ക്കുള്ളിലുമുണ്ട്
ത്രസിക്കുന്ന മിടിപ്പുകൾ!
0 Comments