Author
വിജയകുമാർ
അശ്രുപുഷ്പങ്ങൾ പൊഴിച്ചെന്നനിയത്തി
അർദ്ധമയക്കത്തിലുള്ള തൻ കാന്തനെ
ഐ സി യുവിൽ ചെന്ന് കണ്ടു മടങ്ങവേ
എന്നെ മുന്നിൽക്കണ്ടു പൊട്ടിക്കരഞ്ഞിതേ.
സാന്ത്വനിപ്പിക്കുവാൻ വാക്കുകളില്ലാതെ
കേഴുമെൻ മാനസം വിക്ഷുബ്ദ്ധമാകവേ
കൈകൾ കവർന്നവളെന്നോട് ചോദിച്ചു –
എന്തീവിധം വിധി വന്നിതു കൊച്ചേട്ടാ?
എപ്പോഴും ഉല്ലാസവാനായ് രവിച്ചേട്ടൻ
നിത്യവും കർമ്മനിരതമായ് നീങ്ങവേ
പെട്ടെന്നു രോഗിയായ് മാറിയതെന്തിതേ
ഒട്ടുമേ ചിന്തിക്കിലുത്തരമില്ലഹോ !
പത്തോ ഇരുപതോ നാളുകൾക്കപ്പുറം
സ്വസ്ഥനായ് കണ്ടൊരെൻ വല്ലഭനിങ്ങനെ
ശ്വാസതടസ്സത്താൽ കഷ്ടത കാട്ടുന്നു
ആസകലം മമ നാഡി തളരുന്നു.
ഒന്നുമുരിയാടാനായിതില്ലെങ്കിലും
പൊന്നനുജത്തിയെ ചേർത്തു പിടിച്ചു ഞാൻ
സാന്ത്വനരൂപത്തിൽ തട്ടിത്തലോടവേ
നേത്രങ്ങൾ രണ്ടും നിറഞ്ഞു കവിഞ്ഞുപോയ്.
ഇന്നിതു കുത്തിക്കുറിക്കുമ്പോളെൻ സ്യാലൻ
മന്നിതു വിട്ടുപോയ്, പൂകീ പരലോകം
പുണ്യമാമാത്മാവു ശാന്തി നേടീടുവാ-
നെന്നുമേ നൽകട്ടെ സർവേശ്വരൻ തുണ.
വിജയകുമാർ തന്റെ സഹോദരീഭർത്താവിന്റെ വിയോഗസമയത്ത് കുറിച്ച വരികൾ.
അദ്ദേഹം, കവി ബിച്ചു തിരുമലയുടെ അനുജനാണ്.
0 Comments