Author
രേണുക വിജയകുമാരൻ
അങ്ങയുടെ മധുരസ്വനം ശ്രവിച്ചാ ദിനം
മനതാരിലെത്തി എൻ വിദ്യാങ്കണം.
വിദ്യയെ ഓതുന്ന വാദ്ധ്യാരെന്നാകിലും
യൗവനം നിന്നെയൊരു ദേവനാക്കി.
നിന്റെ മന്ദസ്മിതമൂറും മൊഴികളാൽ
വിദ്യ തൻ പൂമരം പൂത്തുലഞ്ഞു.
നിൻ ഗുരുപ്രവരന്റെ പുത്രിയെന്നാകിലും
എന്നിലെ എന്നെ നീ വാർത്തെടുത്തൂ.
ഗുരുദക്ഷിണ നൽകി എങ്ങോ പറന്നു ഞാൻ
ഭൂലോക സൗന്ദര്യമാസ്വദിച്ചു….
പടവുകൾ കയറി ഞാൻ സൗഭാഗ്യരഥമേറി
സ്നേഹ മയൂഖമായ് നൃത്തമാടി.
ഒരു നോക്കു കാണുവാനൊത്തിരി മോഹിച്ചു
നന്ദി വാക്കോതുവാൻ കാത്തിരുന്നു.
കൈകളിലാകുമീ ലോകമൊരു ദിന-
മെന്ന നിൻ വാക്കിന്നു സത്യമായി….
പത്നിയെന്നോർക്കാതെയമ്മയെന്നോർക്കാതെ
ചൊല്ലിപ്പഠിച്ചു ഞാൻ പാഠങ്ങളും
നിൻമുന്നിലെന്നുമൊരു വിദ്യാർത്ഥിയായ് മാറി
പ്രണാമം ഗുരോ നിനക്കെൻ പ്രണാമം
എന്നെ ഞാനാക്കിയ ദേവാ പ്രണാമം.
0 Comments