Author
വി. പി. ഗംഗാധരൻ
തങ്കച്ചരട് കഴുത്തിൽ കെട്ടി സ്വന്തമാക്കി തന്നോടോട്ടിച്ചേർന്നു നിന്ന ഭിഷഗ്വരനായ ഒരു കോമളയുവാവിൻ്റെ ഹൃദയത്തുടിപ്പുകൾ, സ്റ്റെതസ്കോപ്പില്ലാതെതന്നെ കേട്ടുനിന്ന സഹധർമ്മിണി.
ആത്മസംതൃപ്തിയുടെ നറുനിലാവൊളിയിൽ കുളിച്ച് നിന്ന നിറയൗവ്വനം വിട്ടു ദശകങ്ങൾ പിന്നിട്ടുവെങ്കിലും, ഗാർഹികജീവിതത്തിൻ്റെ സർവ്വ ലക്ഷണങ്ങളും വശ്യതയോടെ ആലോകനം ചെയ്തുകൊണ്ട് നാല് പതിറ്റാണ്ടുകളിലേറെ ഭർതൃ സാന്നിദ്ധ്യം സാർത്ഥം ആഘോഷിച്ചവൾ.
“ഉണ്ണിക്കുട്ടാ, എൻ്റെ കണ്ണേ, നിനക്കുള്ള താരാട്ടുപാട്ടുകൾ അച്ഛമ്മേടെ മനസ്സിൽ ശ്രുതിമീട്ടി നിൽപ്പുണ്ടെൻ്റെ കുഞ്ഞാവേ”
ഉണ്ണിക്കിടാവിൻ്റെ നിറുകയിൽ, സമ്പൂർണ്ണ സാഫല്യംപൂണ്ട് നൽകിയ ചക്കരയുമ്മയെ തൻ്റെ മനസ്സിൽ കുറിച്ചിടപ്പെട്ട ഓമനപ്പാട്ടിൻ്റെ ശീർഷകമാക്കിയ അച്ഛമ്മ. കിടാങ്ങളെ സ്തുത്യർഹം പരിരക്ഷിച്ച വാത്സല്യവാരിധിയായ പെറ്റമ്മ.
പുരോഹിതൻ്റെ ആമന്ത്രണത്തിൽ ചെവിയോർത്തിരിക്കെ, മുൻപിലേക്ക് നീട്ടപ്പെട്ട വെള്ളിക്കരണ്ടിയിലെ തീർത്ഥജലം കൈക്കുമ്പിൾ നീട്ടി വാങ്ങാൻ ധർമ്മനിഷ്ഠയോടെ തൊഴുകൈയ്യുമായി നിന്ന ദേവീഭക്ത.
ഭുജിക്കുന്ന ആഹാരത്തിലുള്ള തൃപ്തിയല്ല, ഹൃദ്യതയോടെയുള്ള കൂട്ടായ്മയിൽ കൈവന്ന ആത്മസംതൃപ്തിയാണ് തൻ്റെ പുഞ്ചിരിയുടെ ഉറവിടമെന്ന് മൗനവചനങ്ങളാൽ ഉത്‌ഘോഷിച്ച മനസ്വിനി.
സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടു നിൽക്കുക എന്നത് മാത്രം തനിക്കു വയ്യെന്ന് ചൊല്ലി, സുഹൃദ്‌സമൂഹത്തിൻ്റെ പച്ചിച്ച മനസ്സിലെ ഹർഷാതിരേകത്തിൻ കതിർക്കുലക്കീഴിൽ തണൽ തേടിച്ചെന്ന് നിത്യം തൻ്റെ മനസ്സ് കുളുർപ്പിക്കുമെന്ന് പ്രതിജ്ഞചെയ്തവൾ.
എന്നും എങ്ങും തൻ്റെ സസ്നേഹസാന്നിദ്ധ്യം സമൂഹത്തിന്ന് ഒരു നിറവായി ചേർത്തുവെച്ചുകൊണ്ട്, ഇതാണറിവ്, ഇതാണ് സാധന, ഇതാണ് സ്വത്വം എന്നുറപ്പിച്ചു, വേദാന്തങ്ങളെ തിരുത്തിയെഴുതാൻ അശ്രാന്തശ്രമം നടത്തി ധന്യയായ ഭിക്ഷുകി.
എന്നും കൂടെനിന്ന തൻ്റെ ശാരീരികാസ്വാസ്ഥ്യം പൂഴ്ത്തിവെക്കാൻ മറ്റു പഴുതുകൾ തേടാതെ, ഹൃദയനിർഭര സന്തുഷ്ടി തുടികൊട്ടിനിന്ന സ്നേഹകൂടാരത്തിൽ സ്വയം കുടിയിരുത്തപ്പെട്ടവൾ. അങ്ങിനെ, ശാശ്വതസംതൃപ്തി കൈവരിക്കപ്പെട്ട അനർഘ നിമിഷങ്ങളിൽ കൈകോർത്ത് നിന്ന സാമൂഹിക സ്നേഹവലയം നൽകിയ സമാശ്വാസത്തിന്റെ ഊഷ്മളതയിൽ നൊമ്പരങ്ങളെ ഉരുക്കിച്ചേർത്തവൾ.
എത്രകണ്ട് ശ്രമിച്ചാലും ആർക്കും മായ്ക്കാനാവാത്ത തൻ്റെ പുഞ്ചിരിയുടെ മറയത്തൊതുങ്ങിയ ചാരിതാർത്ഥ്യത്തിൻ്റെ അകത്തളിർക്കുളിരുമായി ജീവിതവേദിയിലുടനീളം ആടിത്തകർത്തതിൽപരം വിനോദനാടകവേദിയിലും തൻ്റെ പ്രതിഭയുടെ പ്രഭാവം പ്രകടമാക്കിയ മിടുക്കി.
അഴിമതിയുടെ കുഴഞ്ഞാട്ടം കണ്ടുനിൽക്കാൻ, ധർമ്മബോധം സിരകളിൽ കുത്തിയൊഴുകുന്ന തനിക്കാവില്ലെന്ന് ദൃഡപ്പെടുത്തി, കാപട്യത്തിൻ്റെ മൂടുപടങ്ങൾ വലിച്ചുകീറി തീക്കനൽ കൂമ്പാരത്തിലേക്ക് എറിയാൻ ഒരുമ്പെട്ടുനിന്ന സഹൃദയയായ ധർമ്മധാത്രി.
ശാരീരിക ക്ലേശങ്ങൾക്കിടയിൽപോലും വേദന കടിച്ചമർത്തിക്കൊണ്ടുതന്നെ സമൂഹസമക്ഷം തൻ്റെ സാംഗത്യ സമീപനം നിലനിർത്തിപ്പോന്ന വനിതാസംഘാടക.
ബിരുദങ്ങൾ നേടിയെടുത്തതുകൊണ്ട് മാത്രം പൂർണ്ണത കണ്ടെത്തുകയില്ലെന്ന ഒരുതരം ധാർമ്മികാവബോധത്താലെന്നപോലെ കൈയ്യിൽ ചുരുട്ടിപ്പിടിക്കപ്പെട്ട ബിരുദാനന്തരബിരുദ പ്രാപ്തിക്കുള്ള സാക്ഷ്യപത്രത്തിൽ തൻ്റെ ജീവിതത്തിൻ്റെ ഊർജ്ജം തളച്ചിടാൻ വിസമ്മതിച്ചവൾ.
ധമനികളിൽ രക്തത്തെക്കാൾ അക്ഷരങ്ങളുടെയും ആശയങ്ങളുടെയും സ്രോതസ്സാണുണ്ടായതെന്ന് അടിവരയിട്ടു സമർത്ഥിച്ചവൾ. കേരനാട്ടിൻ്റെ കാവ്യസൗന്ദര്യത്തിൻ്റെയും, കലാവൈശിഷ്ട്യത്തിൻ്റെയും അനുഭൂതി നഷ്ടപ്പെടേണ്ടിവന്ന മറുനാടൻ മലയാളിസമൂഹത്തിൻ്റെ ഗൃഹാതുരത്വത്തിലേക്ക് സാന്ദ്രസാന്ത്വനമായുയിർകൊണ്ട കേരളനാദം തൻ്റെ കർണ്ണപുടങ്ങളിൽ അനുരണനം ചെയ്യിപ്പിച്ചുകൊണ്ട് എല്ലാ വേദനകളെയും മരവിപ്പിച്ചു നിറുത്തിയ സാക്ഷരസൈരന്ധ്രി.
സർഗ്ഗാനുഭൂതിയിൽ ലയനം പ്രാപിച്ച വിചാരധാരകളെ കവിതകളാക്കി, മനസ്സിൽ അനുഭവങ്ങളുടെ നിറപറ പണിതൊരുക്കി കാലത്തെ കീഴ്‌പ്പെടുത്തി പിന്നോട്ട് തള്ളിയവൾ. അതിരുകൾ ഭേദിച്ച് കടന്നെത്തേണ്ട സ്വാതന്ത്ര്യത്തിൻ്റെ പുതിയ പ്രകാശത്തിനായി പേനത്തുമ്പിൽ സമത്വസിദ്ധാന്ത വ്യാഖ്യാനവുമായി എന്നും കാത്തിരുന്ന സാഹിത്യകാരി – കേരളനാദത്തിൻ്റെ തലതൊട്ടമ്മയായി അന്തസ്സും ഐശ്വര്യവും ചാർത്തിവെച്ചു, നീട്ടപ്പെട്ട നിറദീപവുമായി ഒരു വ്യാഴവട്ടക്കാലത്തോളം നിവർന്നു നിന്ന സുഭഗ സുമംഗലി.
കേരളനാദം കുടുംബാംഗങ്ങൾക്ക് ഉയർത്തിപ്പിടിക്കുവാനായി ഒരു ദീപദ്വിതി ബാക്കിവെച്ചുകൊണ്ട് കടന്നുപോയ അക്ഷരസ്നേഹിയായ പുസ്തകപ്രിയ.
ജൈവശാസ്ത്രത്തിൻ്റെ എല്ലാ കടലാസുതുണ്ടുകളും പേറി, എല്ലാ ഔഷധങ്ങളും ഒഴിഞ്ഞ കുപ്പികളും ഒടുവിൽ വൈദ്യശാസ്ത്രത്തിൻ്റെ കാൽക്കൽത്തന്നെ വെച്ചുകൊണ്ട്, ഇനി എങ്ങോട്ടാണെന്ന ഉറ്റവരുടെ ചോദ്യങ്ങൾ മാത്രം അവശേഷിപ്പിച്ചുകൊണ്ട്, ലീലാമണി എന്ന അതുല്യ പ്രതിഭാസം, ഒടുക്കം, വിടചൊല്ലിപ്പിരിഞ്ഞതിലുണ്ടായ മൗനയാത്ര ചക്രവാള സീമകൾ മറികടന്നു ചെന്നിട്ടിപ്പോൾ പതിറ്റാണ്ടിൻ്റെ കദനക്കനപ്പായി കേരളനാദത്തിൻ്റെ നഷ്ടസങ്കേതത്തിൽ എവിടെയോ വിതുമ്പി നിൽപ്പുണ്ട്.
വരണ്ട കണ്ണീരുമായി…
പ്രിയങ്കരിയായ ലീലാമണിക്കുവേണ്ടി എന്നേക്കുമായി കാത്തുവെച്ച മധുര സ്മരണാജ്ഞലികൾ കേരളനാദത്തിൻ്റെ പേരിൽ ആദരവോടെ ഞങ്ങൾ ഇവിടെ വീണ്ടും സമർപ്പിക്കട്ടെ!
കേരളനാദത്തിന്റെ അമ്മ എന്ന് അറിയപ്പെടുന്ന ലീലാമണിയമ്മയുടെ പത്താം ചരമ വാർഷികം
0 Comments