Author
ജെയിംസ് ചാക്കോ
1966 കാലഘട്ടം.
ദേവരാഗങ്ങളുടെ ശില്പിയായ സാക്ഷാൽ ദേവരാജൻ മദ്രാസിലെ സാലിഗ്രാമത്തിൽ താമസിക്കുന്നു.
മലയാളത്തിലെ മാത്രമല്ല ദക്ഷിണേന്ത്യയിലെ മുഴുവൻ ചലച്ചിത്ര പ്രവർത്തകരുടെയും ആരാധനാ പാത്രമായ അദ്ദേഹത്തിന്റെ വാസസ്ഥലത്തിന്റെ ഏകദേശം പത്തു വീടുകൾക്കപ്പുറം തമിഴ് തെലുങ്ക് സിനിമയിലൊക്കെ പാടിത്തെളിഞ്ഞുവരുന്ന ഒരു യുവാവു താമസിക്കുന്നുണ്ടായിരുന്നു. ദേവരാജൻ മാസ്റ്റർ മദ്രാസിലുള്ളപ്പോൾ വൈകിട്ട് ഒരു നടത്തം പതിവാണ്. മറ്റു തിരക്കുകളൊന്നുമില്ലയെങ്കിൽ ഈ യുവാവ് തന്റെ വീടിന്റെ മുൻപിൽ ദേവരാജൻ മാസ്റ്ററെ കാത്തുനിൽക്കും, കാണും, കുശലം പറയും, കാലിൽ വീണ് അനുഗ്രഹം വാങ്ങും. ദിവസം തോറുമുള്ള ഈ പതിവ് വർഷങ്ങളോളം തുടർന്നു എന്നുതന്നെ പറയാം, പാട്ടിന്റെ പര്യായമായി മാറിയ S P ബാലസുബ്രഹ്മണ്യം എന്ന യുവാവ് അവിടെനിന്നു താമസം മാറുന്നതു വരെ.
അതെ SPB എന്ന ഇതിഹാസ ഗായകന്റെ മലയാളത്തോടുള്ള ബന്ധം ‘കടൽപ്പാലം’ എന്ന സിനിമയിൽ ദേവരാജ സംഗീതത്തിൽ ആദ്യ മലയാള ഗാനം പാടുന്നതിനും മുൻപേ തുടങ്ങിയതാണ്. 1969 ൽ കടൽപ്പാലത്തിലെ ‘ഈ കടലും മറുകടലും ‘ എന്ന ഗാനം അതിലെ മറ്റു ഗാനങ്ങളായ ‘കസ്തൂരി തൈലമിട്ടു’, ‘ഉജ്ജയിനിയിലെ ഗായിക’ എന്ന പാട്ടുകൾക്കൊപ്പം അന്നത്തെ ഹിറ്റ് ചാർട്ടിൽ ഇടം തേടുക മാത്രമല്ല വയലാറിന്റെ ദാർശനിക സ്വാഭാവമുള്ള ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’, ‘പ്രവാചകന്മാരേ’ തുടങ്ങിയ എക്കാലത്തെയും മികച്ച ഗാനങ്ങൾക്കൊപ്പം സുവർണ്ണ മുത്തായി നില നിൽക്കുകയും ചെയ്യുന്നു. സാന്ദർഭികമായി പറയട്ടെ, കടൽപ്പാലത്തിൽ യേശുദാസ് പാടിയ ഗാനം അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നുമില്ല.
SPB പല ഭാഷകളിലായി ഏകദേശം നാല്പതിനായിരം പാട്ടുകൾ പാടി റെക്കോർഡിട്ട ഗായകനാണ്. പക്ഷെ മലയാളത്തിൽ പാടിയിട്ടുള്ളത് ഏകദേശം 150 ഗാനങ്ങൾ മാത്രം. എന്നിട്ടും എന്തുകൊണ്ടാണ് മലയാളി അദ്ദേഹത്തെ ഇത്രയധികം നെഞ്ചോടു ചേർത്തു പിടിച്ചിരിക്കുന്നത്. മറ്റൊരു അന്യഭാഷാഗായകനോടുമില്ലാത്ത സ്നേഹവും ബഹുമാനവും അദ്ദേഹത്തോട് കാണിയ്ക്കുന്നത്. പരസ്പരം ചേർത്തുനിർത്തുന്ന എന്തോ ഒരു ഇഴയടുപ്പം അദ്ദേഹവും മലയാളികളുമായുണ്ട്. അത് ഈ ഇന്റർനെറ്റ് യുഗത്തിൽ അദ്ദേഹത്തിന്റെ പാട്ടുകൾ കൈത്തുമ്പിൽ വന്ന ഈ അടുത്ത കാലത്തു തുടങ്ങിയതല്ല. എഴുപതുകളിലെയും എൺപതുകളിലെയും ഗാനമേളകളിൽ SPB യുടെ പാട്ടുകൾ മാത്രം പാടുന്ന ഒരു സ്പെഷ്യലിസ്റ്റ് ഗായകൻ ഇല്ലാത്ത ഗാനമേള ട്രൂപ്പുകൾ തന്നെ കേരളത്തിൽ ഇല്ലായിരുന്നു എന്നറിയുമ്പോൾ മനസിലാക്കാം മലയാളികൾക്ക് അദ്ദേഹത്തോടുള്ള ഇഷ്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലായെന്ന്. അതാവാം അദ്ദേഹത്തിന്റെ വിടവാങ്ങൽ ഒരു മഹാഗായകന്റെ വിയോഗം എന്നതിലുപരി നമ്മുടെ സ്വന്തക്കാരാരോ മരിച്ചു പോയതുപോലെ ഹൃദയത്തിൽ ഒരു വിങ്ങലുണ്ടാക്കിയത്.
1946 ജൂൺ നാലിന് ആന്ധ്രപ്രദേശിലെ നെല്ലൂരിലെ ഒരു സാധാരണ ബ്രാഹ്മണ കുടുംബത്തിലാണ് എസ്.പി.ബി.യുടെ ജനനം. ചെറുപ്പം മുതൽ അദ്ദേഹം ഒരു സംഗീത ഉപാസകനായിരുന്നുവെങ്കിലും സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിരുന്നില്ല. പഠിക്കാൻ സമർത്ഥനായിരുന്ന അദ്ദേഹം സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം എൻജിനീയറിങ് പഠനത്തിനായി ചേർന്നുവെങ്കിലും സംഗീതത്തോടുള്ള അഭിനിവേശം കാരണം പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. 1966-ലെ ‘ശ്രീ ശ്രീ മര്യാദ രാമണ്ണ’ എന്ന തെലുങ്ക് ചിത്രത്തിൽ പാടിക്കൊണ്ട് പിന്നണിഗാന രംഗത്തെത്തിയ അദ്ദേഹം, അധികം താമസിയാതെ എം.എസ്. വിശ്വനാഥൻ സംഗീതം നിർവഹിച്ച ‘ഹോട്ടൽ രംഭ’ എന്ന ചിത്രത്തിൽ എൽ.ആർ. ഈശ്വരിക്കൊപ്പം യുഗ്മഗാനം പാടിക്കൊണ്ട് തമിഴിലും അരങ്ങേറ്റം കുറിച്ചു. പിന്നെയങ്ങോട്ട് ചലച്ചിത്ര സംഗീതത്തിന്റെ പര്യായമായി അദ്ദേഹം മാറി എന്നത് ചരിത്രം.
ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്തു ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ച അദ്ദേഹത്തിന് നാലു ഭാഷകളിലായി ആറ് ദേശീയ അവാർഡുകളും 47 സ്റ്റേറ്റ് അവാർഡുകളും ലഭിച്ചിട്ടുണ്ട്. രാജ്യം പദ്മശ്രീയും, പദ്മഭൂഷണും നൽകി അദ്ദേഹത്തെ ആദരിച്ചു. റെക്കോർഡുകൾ ഇനിയുമുണ്ട്. രണ്ടു മണിക്കൂറിൽ അദ്ദേഹം 21 പാട്ടുകൾ പാടി തകർത്തു. ഒരു ദിവസം കൊണ്ട് 19 തമിഴ് ഗാനങ്ങൾ, ഒരു ദിവസം കൊണ്ടു തന്നെ 16 ഹിന്ദി ഗാനങ്ങൾ, അങ്ങനെ വർഷത്തിൽ 2000 ഗാനങ്ങൾ വരെ അദ്ദേഹം പാടിയിട്ടുണ്ട്. ഗായകൻ, നടൻ, സംഗീതസംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് അങ്ങനെ വിവിധ മേഖലകളിൽ തിളങ്ങിയ ഒരു സകലകലാ വല്ലഭൻ ആയിരുന്നു അദ്ദേഹം. തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലായി 72 സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. പാടിയഭിനയിച്ച വേഷങ്ങളും ഇതിൽ ഉൾപ്പെടും. നൂറിലേറെ ചിത്രങ്ങളിൽ രജനീകാന്ത്, കമൽഹാസൻ, സൽമാൻ ഖാൻ, അനിൽ കപൂർ, ഗിരീഷ് കർണാട്, ജമിനി ഗണേശൻ, അർജുൻ തുടങ്ങിയവർക്കുവേണ്ടി അദ്ദേഹം ഡബ്ബ് ചെയ്തിട്ടുണ്ട്. കമൽ പത്ത് വേഷങ്ങളിലെത്തിയ ദശാവതാരം എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനായി, ഒരു സ്ത്രീ കഥാപാത്രമടക്കം ഏഴ് കഥാപാത്രങ്ങൾക്കാണ് എസ്.പി. ബാലസുബ്രഹ്മണ്യം ഡബ്ബ് ചെയ്തത്.
അനായാസമായ ആലാപന ശൈലിയായിരുന്നു SPB യുടെ സ്വരമുദ്ര. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്കൃതം, തുളു, മറാഠി, പഞ്ചാബി തുടങ്ങി 14 പ്രാദേശിക ഭാഷകളിലും ഒട്ടേറെ വിദേശ ഭാഷകളിലും പാടി. ഇളയരാജക്കൊപ്പം ചേർന്നപ്പോഴെല്ലാം പിറന്നത് ഹിറ്റുകൾ മാത്രമായിരുന്നു. സമാനതകളില്ലാത്ത ഗാനവൈവിധ്യങ്ങളിലേക്ക് അവരുടെ കൂടിച്ചേരൽ വഴി തെളിച്ചു. റോയൽറ്റിയുടെ പേരിൽ ചങ്ങാതിമാർ തമ്മിലുണ്ടായ പിണക്കം ഏകദേശം രണ്ടു വർഷത്തോളം നീണ്ടുവെങ്കിലും കഴിഞ്ഞ വർഷം എല്ലാം മറന്ന് ചേർന്നു പാടി. മാത്രമല്ല SPB ആശുപത്രിയിൽ ആയപ്പോൾ പ്രാർത്ഥനയോടെ ഇളയരാജ എത്തുകയും ചെയ്തു.
SPB യുടെ മാതൃഭാഷ ഏതാണ് എന്നത് ചിലപ്പോഴൊക്കെ നമ്മെ ചിന്താക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഏത് ഇന്ത്യൻ ഭാഷയിൽ പാടിയാലും ആ ഭാഷയുടെ സ്വാഭാവികതയും ഭാഷാ ശൈലിയും ഉൾക്കൊണ്ട് പാടാൻ ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. പ്രത്യേകിച്ചും അദ്ദേഹം കൂടുതലായി പാടിയിട്ടുള്ള കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ അദ്ദേഹം പാടിയ പാട്ടുകൾ കേട്ടാൽ അതെല്ലാം അദ്ദേഹത്തിന്റെ മാതൃഭാഷയായി തോന്നാം. ഒരർത്ഥത്തിൽ SPB യുടെ മാതൃഭാഷ സംഗീതമായിരുന്നു എന്നു പറയാം. അതുകൊണ്ടാണ് പാടുന്ന ഭാഷയേതും അദ്ദേഹത്തിന്റെ മാതൃഭാഷയെന്നു തോന്നിയിരുന്നത്. കാലത്തിന് ആ ശബ്ദത്തെ തൊടാനാകാതെ അകലെ മാറിനിൽക്കേണ്ടി വന്നു എന്നു പറഞ്ഞാൽ അതൊരു അതിശയോക്തിയല്ല എന്നു സംഗീത പ്രേമികൾക്കറിയാം. മുപ്പതുകളിൽ പാടിയ ‘ഇളമൈ ഇതോ ഇതോ’ എന്ന ഗാനം പിന്നീട് ഓരോ ദശകത്തിലും അവസാനം എഴുപതാം വയസ്സിൽ പാടുമ്പോഴും അതേ നാദഗരിമ അദ്ദേഹത്തിന് നിലനിർത്താൻ കഴിഞ്ഞിരുന്നു. കരച്ചിലും ചിരിയും മൂളലും ശ്വാസോച്ഛ്വാസവും എന്തിനേറെ ഒരു പാട്ടിൽ പല ശബ്ദ ങ്ങളിൽ പാടുവാനും ശബ്ദത്തെ കളിപ്പാട്ടം പോലെ ഉപയോഗിക്കാനും SPB യ്ക്കു കഴിഞ്ഞത് സംഗീതം അദ്ദേഹത്തിന്റെ മാതൃഭാഷയായിരുന്നതുകൊണ്ടാണ്. വൈകാരികമായിരുന്നു SPB യുടെ സ്വരം. ഭാവം അതിൽ സ്വാഭാവികമായി അലിഞ്ഞുചേർന്നിരുന്നതുകൊണ്ട് ആലാപനം അങ്ങേയറ്റം അനായാസമായി. നമുക്കൊക്കെ സംസാരിക്കാൻ വേണ്ടിവരുന്ന അധ്വാനം പോലും വേണ്ട SPB ക്ക് പാടാനെന്നാവും കേൾക്കുമ്പോൾ തോന്നുക. അല്ലെങ്കിൽത്തന്നെ, SPB യുടെ സംസാരം പോലും പാട്ടായിരുന്നു. ഗാനമേളകളിലും ലൈവ് പെർഫോമൻസുകളിലും അദ്ദേഹം കാണിച്ച ആത്മാർത്ഥതയും പെർഫെക്·ഷനും മറ്റൊരു ഗായകനും അവകാശപ്പെടാനാവില്ല. ആയിരങ്ങൾ സമ്മേളിക്കുന്ന വേദിയായാലും SPB ചുണ്ടനക്കുമ്പോൾ സ്റ്റുഡിയോ പെർഫക്·ഷൻ ഉണ്ടായിരുന്നു.
സംഗീതരംഗത്ത് വിഹരിച്ചപ്പോഴും ലാളിത്യവും സഹജീവി സ്നേഹവും കാത്തുസൂക്ഷിച്ചിരുന്നു എന്നത് അദ്ദേഹത്തെ ഏറെ വ്യത്യസ്തനാക്കി. ശബരിമലയിലെ ഡോളി ചുമന്നവരുടെ കാലുകൾ തൊട്ടു വന്ദിക്കുന്നതും, ഏതോ ഗാനമേളയിൽ ഫ്ലൂട്ട് തെറ്റി ഉപയോഗിച്ച സംഗീതകാരനുവേണ്ടി വീണ്ടും ആ ഗാനം ആലപിച്ചതും, യേശുദാസുമായുള്ള സഹോദര തുല്യമായ സ്നേഹവും തുടങ്ങി സംഗീതത്തിനു പുറത്തെ കാര്യങ്ങൾ പറഞ്ഞുതീർക്കുവാൻ ധാരാളം പേജുകൾ വേണ്ടിവരും. SPB യുടെ വിയോഗത്തിനു ശേഷം അടുത്ത സുഹൃത്ത് അയച്ചുതന്ന ഒരു പോസ്റ്ററിൽ അദ്ദേഹത്തിന്റെ ജീവിതകാലം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. “S P ബാലസുബ്രമണ്യം – 1946 to Forever”. അതെ നമ്മുടെ ഹൃദയത്തെ സ്വന്തമാക്കിയ ഈ പാട്ടുകാരൻ ശരീരം കൊണ്ട് ഭൂമിയിൽനിന്നു മറയുമ്പോൾ അതിനെ മരണം എന്നു വിളിക്കാനാവില്ലല്ലോ. ഈ ഭൂമി നിലനിൽക്കുന്നേടത്തോളം കാലം SPB ഒരിക്കലും തീരാത്ത അനുപല്ലവികളുള്ള ഒരു ഗാനമായി ഇവിടെ നമുക്കു ചുറ്റുമുണ്ടാവും………..
പെയിന്റിങ് – സജീവ് മേനോൻ
0 Comments