Author
ജോണി സി. മറ്റം
ഞായറാഴ്ച വൈകുന്നേരം ആറുമണിയുടെ വാർത്ത കേട്ട് പാപ്പച്ചൻ പകച്ചിരുന്നു പോയി. നാളെ മുതൽ ആറ് ആഴ്ചത്തേയ്ക്ക് കോവിഡ് പ്രമാണിച്ച് സമ്പൂർണ്ണ ലോക്ക്ഡൗൺ!!
വെടിക്കെട്ടിനിടയിൽ അമിട്ട് പൊട്ടുന്നതുപോലെ കടുത്ത നിബന്ധനകളുടെ ഭാണ്ഡക്കെട്ടഴിക്കുന്നത് ശ്വാസമടക്കിപ്പിടിച്ചാണ് കേട്ടിരുന്നത്. ഇന്ന് അർദ്ധരാത്രി മുതൽ ലോക്ക്ഡൗൺ കാലാവധി തീരുന്നതുവരെ 5km ചുറ്റളവിൽ ഒതുങ്ങി കഴിയണം എന്നതായിരുന്നു നിബന്ധനയിലെ ‘വജ്രായുധം’.
വാർത്ത മുഴുവൻ കേട്ടുതീർന്നപ്പോഴേക്കും കാറ്റുപോയ ബലൂൺ പോലെയായി പാപ്പച്ചൻ. മറിയാമ്മയുടെ മുഴുവൻ സമയ പീഢനങ്ങൾ രാവും പകലും ഒന്നുപോലെ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടതിന്റെ ആധിയും വ്യാധിയും ഒരു വശത്ത്, വെളിയിൽ പോയാൽ പുറത്ത് റോന്തുചുറ്റുന്ന പോലീസുകാരുടെ കണ്ണിൽപ്പെട്ടാലുണ്ടാകുന്ന പൊല്ലാപ്പ് മറുവശത്ത്. ഏതെങ്കിലും വർണ്ണവെറിപൂണ്ട പോലീസുകാരനാണെങ്കിൽ സ്ഥിതി ഭയാനകം തന്നെ. സാമ്പത്തികാടിത്തറയുടെ അസ്ഥിവാരം മാന്തിക്കൊണ്ടുപോകത്തക്ക വിധത്തിലുള്ള പിഴ ഒടുക്കി മുടിഞ്ഞതു തന്നെ.
‘കുടത്തിലെ ഭൂത’മായി കൊറോണയെ കരുതിയാൽ ഏത് മന്ത്രവാദിയാണ് ഈ ഭൂതത്തെ തിരികെ കുടത്തിലാക്കുവാൻ കെൽപ്പുള്ളത്? മനുഷ്യന്റെ ‘ഭാവി’ തകർക്കുവാൻ ഈ വർത്തമാനകാലത്തിലെത്തിയ ‘ഭൂതം’ മനുഷ്യന്റെ ഭൂതകാല പ്രവർത്തനങ്ങളുടെ പ്രതിഫലനമല്ലേ? കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നല്ലെ ചൊല്ല്. ഇപ്പോൾ കൊല്ലത്ത് മാത്രമല്ല ലോകം മുഴുവനും വയറുനിറച്ചു കിട്ടിയ ‘അതൃപ്തി’യിലാണ് ഏവരും !!
ലോകം ഇരുട്ടിലേക്ക് കുതിക്കുകയാണോ? ലോക്ക്ഡൗൺ സ്റ്റേജ്-4 ലേക്ക് കടന്നതോടെ പ്രതീക്ഷയുടെ നാമ്പുകൾ കരിഞ്ഞു തുടങ്ങിയിരിക്കുന്നു. ഒന്നിനുപിറകെ ഒന്നായി തകർന്നു വീഴുന്ന പ്രതീക്ഷയുടെ ചീട്ടുകൊട്ടാരങ്ങൾ !!
വാർത്തയുടെ ആഘാതം ശരീരത്തെയും മനസ്സിനെയും ഒരുപോലെ തളർത്തിയതിനാൽ അത്താഴം കഴിക്കാതെ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടിയപ്പോൾ ഇരുട്ട് മനസ്സിനുള്ളിലേക്കും പടരുന്നതു പോലെ അനുഭവപ്പെട്ടു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. നിദ്രാദേവി പോലും കൊറോണയെ പേടിച്ച് സ്ഥലം കാലിയാക്കിയിരിക്കുന്നു !
അതിരാവിലെ തന്നെ ഉറക്കച്ചടവോടെ ‘മുഖംമൂടി’ എടുത്തണിഞ്ഞു കണ്ണാടിയിൽ നോക്കി പാടവരമ്പത്ത് വിളവ് നശിക്കാതിരിക്കുവാൻ വെച്ചിരിക്കുന്ന ‘കോലം’ പോലെയുണ്ടല്ലോ തന്റെ ‘കോലം’ എന്നോർത്ത് ഉള്ളാലെ തേങ്ങി.
പുറത്തേക്ക് ഇറങ്ങിയപ്പോൾ ദു:ഖവും നിരാശയും നെടുവീർപ്പും തളംകെട്ടി നിൽക്കുന്ന അന്തരീക്ഷം. പ്രകൃതിക്കു പോലും വല്ലാത്ത ഒരു വീർപ്പുമുട്ടൽ! വല്ലപ്പോഴും മാത്രം കടന്നുപോകുന്ന വാഹനങ്ങൾ, എതിരേ നടന്നുവരുന്ന മുഖംമൂടികളുടെ കണ്ണുകളിൽ രോഗഭീതിയുടെ ഭയം!! ദൂരെനിന്നു കാണുമ്പോഴേ തിടുക്കത്തിൽ നടന്നകന്നു മാറുന്ന മനുഷ്യർ!
ലോക്ക്ഡൗണിന്റെ ഭീകരതയുടെ താണ്ഡവം തുടങ്ങിയിരിക്കുന്നു. ലോക്കപ്പ് അപരാധികൾക്കുള്ളതാണെങ്കിൽ ലോക്ക്ഡൗൺ നിരപരാധികൾക്കും കൂടി ഉള്ളതാണ്. ഇന്നലെ വരെ സ്വയം സൃഷ്ടിക്കുന്ന തടവറയുടെ ഉള്ളിൽ കഴിഞ്ഞവരെല്ലാം ബാഹ്യശക്തിയുടെ ‘തടവറ’യുടെയും പിടിയിലമർന്നിരിക്കുന്നു.
ജീവിതത്തിൽ ഏറ്റവും കൂടുതൽ ലോക്കപ്പ് പാപ്പച്ചൻ കണ്ടിട്ടുള്ളത് സിനിമയിലാണ്. പോലീസ് സ്റ്റേഷനിലെ ലോക്കപ്പ്, ജയിലിനുള്ളിലെ അഴിമുറികൾ പീഡനത്തിന്റെയും സഹനത്തിന്റെയും ഒറ്റപ്പെടലിന്റെയും നിസ്സഹായതയുടെയും കണ്ണുനീർ തുള്ളികൾ തളംകെട്ടി നിൽക്കുന്ന ലോക്കപ്പ് മുറികൾ, ചോരത്തുള്ളികൾ കൊണ്ട് കുതിർന്ന നിലം, വിരഹത്തിന്റെ നിശ്വാസങ്ങൾ ആവോളം ഏറ്റുവാങ്ങിയ അഴികൾ, ഏകാന്തതയുടെ കൊടുംചൂടിൽ ആശ്വാസത്തിന്റെ തെളിനീരായി കോറിയിട്ട വിചിത്രമായ ചിത്രപ്പണികളുള്ള ചുമരുകൾ, ഉള്ളിൽ നുരഞ്ഞു പൊന്തിയ അമർഷത്തിന്റെയും പ്രതിഷേധത്തിന്റെയും സങ്കലനപ്പട്ടിക തീർക്കുന്ന, കേട്ടാൽ അറയ്ക്കുന്ന തെറികളുടെ മാലപ്പടക്കം ചുമരുകളിലുണ്ടാവാം. ലോക്കപ്പിന്റെ വിശേഷങ്ങൾ വാക്കുകൾക്കതീതമായി പാപ്പച്ചന് തോന്നി.
ജീവിതത്തിൽ ഇന്നുവരെ പരിചിതമല്ലാത്ത ലോക്ക്ഡൗണിന്റെ പിടിയിലമർന്നിട്ട് ഒരാഴ്ച്ച പിന്നിട്ടിരിക്കുന്നു. ഇതുവരെ അനുഭവിച്ചു പോന്ന എല്ലാവിധ സ്വാതന്ത്ര്യങ്ങൾക്കും കൂച്ചുവിലങ്ങ് വീണിരിക്കുന്നു. എന്തിനേറെ പറയണം….. ശ്വസിക്കുവാനുള്ള സ്വാതന്ത്ര്യത്തിനു പോലും ‘മുഖാവരണം’ ലോക്കപ്പിട്ടിരിക്കുന്നു. വ്യക്തിബന്ധങ്ങൾ, അയൽബന്ധങ്ങൾ, സുഹൃദ്ബന്ധങ്ങൾ, ആരാധനാലയങ്ങൾ, കച്ചവടസ്ഥാപനങ്ങൾ… എല്ലാത്തിനും അനിശ്ചിതകാല പൂട്ട് വീണിരിക്കുന്നു. ഏതായാലും ‘കത്രികപ്പൂട്ട്’ എന്നു പറഞ്ഞു കേട്ടിട്ടേയുള്ളൂ. കൊറോണയിട്ടതാണ് ശരിക്കും ‘കത്രികപ്പൂട്ട്’.
ഇന്നലെ വരെ ആർഭാടത്തിൽ അഭിമാനിച്ചവരെല്ലാം മാളത്തിലൊളിച്ചിരിക്കുന്നു. ലോക്ക്ഡൗണിന്റെ ‘ഭീകരത’ ലോകത്തിന്റെതിനെക്കാളും ഭയാനകമായി പാപ്പച്ചനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. സ്വന്തം വീട്ടിൽ ഇങ്ങനെ തടവറയിൽ കഴിയേണ്ടി വരുമെന്നു സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല.
കൂട്ടുകാരുമായി സൊറ പറഞ്ഞു വെടി പറഞ്ഞതും നാലെണ്ണം വീശിയതുമെല്ലാം പഴങ്കഥകളായി മാറിയിരിക്കുന്നു. ഒന്നിലും ഒരുത്സാഹവും തോന്നുന്നില്ല. പാപ്പച്ചൻ പഴയകാല ഫോട്ടോകളിലൂടെ കണ്ണോടിച്ച് നെടുവീർപ്പിട്ടു. മുഖാവരണമില്ലാത്ത മനുഷ്യർ, പുഞ്ചിരിക്കുന്ന മുഖങ്ങൾ, ലിപ്സ്റ്റിറ്റിക്കിട്ട സുന്ദരികളുടെ ചുണ്ടുകൾ, മനോഹരമായ ദന്തനിരകൾ ……..
മറിയാമ്മയുടെ കാര്യമോർത്താൽ ഭയങ്കര ദയനീയം തന്നെ. വളരെയധികം വിലയും കൊടുത്ത് നാട്ടിൽ നിന്ന് ആക്രാന്തത്തോടെ വാങ്ങിക്കൊണ്ടുവന്ന സാരിയും ചുരിദാറുമിട്ട് ഒന്നു വിലസാനാവാത്തതിന്റെ ദു:ഖം ചെറുതൊന്നുമല്ല. അലമാരകളിലെ വസ്ത്രങ്ങളിലേക്ക് ഒന്നെത്തിനോക്കിയിട്ട് ആഴ്ചകൾ പലതും പിന്നിട്ടിരിക്കുന്നു.
ലോക്ക്ഡൗണിൽ പാപ്പച്ചൻ തന്റെ വീടിനെ ലോകമായും മറിയാമ്മയെ ജയിൽ വാർഡനായും സങ്കൽപ്പിച്ചു നോക്കി. ഒന്നിലധികം ദിവസമായി ഇടുന്ന വസ്ത്രത്തിനെ ജയിൽപ്പുള്ളിയുടെ വസ്ത്രത്തോട് താരതമ്യപ്പെടുത്താം. ആരും വരാനുമില്ല, എങ്ങോട്ടും പോകാനുമില്ലാത്തതിനാൽ വസ്ത്രം മാറുന്നതിനു പോലും ഒരുത്സാഹമില്ല. ഭക്ഷണകാര്യങ്ങൾ ലോക്കപ്പിന്റെ നിലവാരത്തിലേക്ക് പതിയെ നീങ്ങിത്തുടങ്ങിയിരിക്കുന്നു. ലോക്ക്ഡൗണിന്റെ പ്രത്യാഘാതമായി സാധനങ്ങൾക്ക് തീപിടിച്ച വിലയായതിൽപ്പിന്നെ മറിയാമ്മ ചെലവ് വെട്ടിച്ചുരുക്കലിന്റെ പാതയിലാണ്.
ഇന്നലെ വരെ രുചികരമായ ഭക്ഷണം പാകപ്പെടുത്തി നൽകിയിരുന്ന മറിയാമ്മ വേലയും കൂലിയും ഇല്ലാതെ വീട്ടിൽ കുത്തിയിരിക്കുന്ന ‘ജയിൽപ്പുള്ളി’ക്ക് ഭക്ഷണത്തിന്റെ അളവിലും രുചിയിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.
വീടിന്റെ പിന്നാമ്പുറത്തെ പുൽത്തകിടിയിലെ ‘കള’ പറിക്കലാണ് പാപ്പച്ചന്റെ ഇഷ്ടവിനോദം. കാലത്തെ കാപ്പികുടി കഴിഞ്ഞാൽ കൂലിയില്ലാത്ത വേലയ്ക്കായി പറമ്പിലേക്കിറങ്ങും. ഇന്നലെ വരെ നാട്ടുകാരുടെയും വീട്ടുകാരുടെയും ‘കള’ പറിച്ചിരുന്ന പാപ്പച്ചൻ ഇന്നിതാ വീടിന്റെ പിന്നാമ്പുറത്തെ കളകളിൽ ശ്രദ്ധ പതിപ്പിക്കുവാൻ തുടങ്ങിയിരിക്കുന്നു. ശുദ്ധവായു ശ്വസിക്കുവാനുള്ള ഏക പോംവഴി പിന്നാമ്പുറം തന്നെ. മറ്റെവിടെയും വായും മൂക്കും മൂടിക്കെട്ടി നടക്കാതെ രക്ഷയില്ല. ചെടികൾക്ക് വെള്ളമൊഴിച്ചും, വളമിട്ടും, വാഹനങ്ങളെ കുളിപ്പിച്ചും വൃത്തിയാക്കിയും ഓരോ ദിനവും ഒരു വിധത്തിൽ ഉന്തിയും തള്ളിയും നീക്കിത്തുടങ്ങി. പതിവിലേറെ ക്ഷീണിതനായിട്ടാണ് അന്ന് പാപ്പച്ചൻ കിടക്കുവാൻ പോയത്.
************ ************* ************** ************
കൊറോണ ബാധിച്ചു മരണമടഞ്ഞ പാപ്പച്ചൻ പരലോകത്തെത്തിയിരിക്കുന്നു. വൃദ്ധസദനങ്ങളിൽ നിന്നെത്തിയവരുടെ നീണ്ട ക്യൂവിന് ഏറ്റവും പിന്നിലാണ് പാപ്പച്ചൻ സ്ഥാനം പിടിച്ചത്. എല്ലാവരും മുഖംമൂടി അണിഞ്ഞിരിക്കുന്നതിനാൽ പരിചിതമുഖങ്ങളെ തിരയുന്നതിൽ അർത്ഥമില്ല. പരലോകത്തായതിനാൽ വിശപ്പും ദാഹവും അനുഭവപ്പെടുന്നില്ല എന്നത് മാത്രമാണ് ഏക ആശ്വാസം.
നേരമേറെ വൈകിയാണ് പാപ്പച്ചന്റെ ഊഴമെത്തിയത്. പത്രോസ് പേര് ഉച്ചത്തിൽ വിളിച്ചു പറഞ്ഞതും പാപ്പച്ചൻ ‘ഹാജർ’ എന്നു വിളിച്ചുകൂവിയതും ഒന്നിച്ചായിരുന്നു.
തല കുനിച്ച് ഭവ്യതയോടെ തൊഴുതു നിൽക്കുന്ന പാപ്പച്ചനോട് പത്രോസ് പറഞ്ഞു: “28 ദിവസത്തേക്ക് ക്വാറന്റീനിൽ പോകണം” ഗോതമ്പ് നിറമുള്ള, തൂവെള്ള വസ്ത്രധാരിണിയായ, മനോഹരമായ ചിറകുള്ള ‘മാലാഖ’ പാപ്പച്ചനെ ക്വാറന്റീൻ സ്ഥലത്തേക്കാനയിച്ചു. പ്ലാവില കാട്ടിയാൽ പുറകെ പോകുന്ന ആട്ടിൻകുട്ടിയെപ്പോലെ നടന്നു നീങ്ങിയ പാപ്പച്ചനെത്തിയത് ശുദ്ധീകരണ സ്ഥലത്തായിരുന്നു.
ക്വാറന്റീൻ കാലാവധി വിജയകരമായി പൂർത്തിയാക്കി പത്രോസിന്റെ സന്നിധിയിൽ മടങ്ങിയെത്തിയപ്പോഴേ അറിയിപ്പു കിട്ടി, “സ്വർഗ്ഗരാജ്യത്തിലേക്ക് പോകാം.” പാപ്പച്ചന്‍ തന്റെ കാതുകളെ വിശ്വസിക്കുവാനാവാതെ തുറിച്ച കണ്ണുകളോടെ പത്രോസിനെ നോക്കി. കൊറോണയെന്ന ഭീകരന്റെ ‘ഭയാനകത’ പത്രോസിന്റെ കണ്ണുകളിലും പ്രതിഫലിക്കുന്നത് പാപ്പച്ചൻ തിരിച്ചറിഞ്ഞു. തന്നെ കണ്ടപ്പോൾ നിരത്തുകളിൽ നിന്ന് അകന്നുമാറിയവരുടെ കണ്ണുകളിലെ അതേ ഭീതിയും അങ്കലാപ്പും കണ്ട പാപ്പച്ചൻ പുതുമണവാട്ടിയുടെ ജാള്യതയോടെ മൊഴിഞ്ഞു.
“എനിക്ക് പാതാളം മതി” പാതാളത്തിലെ കനത്ത ചൂടിന് ഏതായാലും കൊറോണയെ പ്രതിരോധിക്കാനാവുമല്ലോ എന്നു മനസ്സിൽ കരുതിയാണ് അപ്രകാരം പറഞ്ഞത്. പ്രത്യേക അപേക്ഷ പ്രകാരം പാതാളത്തിലെത്തിയ പാപ്പച്ചനെ രണ്ട് ചെകുത്താൻമാർ കൈയും കാലും ബന്ധിച്ച് ഇരുമ്പു കട്ടിലിൽ മലർത്തിക്കിടത്തി. അമറി വിളിച്ചുകൂവിയ പാപ്പച്ചന്റെ ‘ശബ്ദം’ വായ് മൂടിയിരുന്നതിനാൽ കാര്യമായി പുറത്തേക്കു വന്നില്ല.
പേടിച്ചു വിറച്ച് അലറി നിലവിളിക്കുന്ന പാപ്പച്ചന്റെ നെഞ്ചത്തേക്ക് ആദ്യത്തെ കനല് വീണതും “അയ്യോ മറിയാമ്മേ” എന്നു വിളിച്ചു കൂവി ഞെട്ടിയുണർന്നു.
0 Comments