ലേഖനം

‘ഓസ്‌ ഇൻഡ് കെയർ’ – നിശ്ശബ്‌ദ സേവനത്തിന്റെ രജത ജൂബിലി

Author

പ്രകാശ് പാലക്കിൽ

സിഡ്‌നി ആസ്‌ഥാനമാക്കി പ്രവർത്തിക്കുന്ന ‘ഓസ്‌ ഇൻഡ് കെയർ’ എന്ന ജീവകാരുണ്യ സംഘടന തങ്ങളുടെ സേവനത്തിന്റെ ഇരുപത്തിയഞ്ച്‌ സംവത്സരങ്ങള്‍ പിന്നിട്ടിരിക്കയാണ്‌.

1995 ആഗസ്‌ത്‌ മാസത്തിലെ ഒരു വാരാന്ത്യത്തിൽ കുറച്ച്‌ മലയാളി സുഹൃത്തുക്കൾ ഒരുമിച്ചു കൂടിയ വേളയിൽ ഉയർന്നുവന്ന വർത്തമാനത്തിനിടയിൽ അവർ അനുഭവിക്കുന്ന ജീവിത സൗകര്യസൗഭാഗ്യങ്ങളെക്കുറിച്ചും, അതേസമയം ജന്മനാട്ടില്‍ അവർ അനുഭവിച്ചതും അപ്പോഴും കുറേപ്പേർ അനുഭവിക്കുന്നതുമായ കഷ്‌ടതകളെക്കുറിച്ചും ‘ഒരു തിരിഞ്ഞുനോട്ടം’ നടത്തി. അങ്ങനെ ചിന്തിച്ചില്ലായിരുന്നെങ്കിൽ, ഒരുപക്ഷേ ഇന്ത്യയിലും ലോകത്തിന്റെ മറ്റുപലഭാഗത്തുമുള്ള അശരണരും നിരാശ്രയരുമായ നൂറുകണക്കിന്‌ പാവങ്ങൾ സഹായം ലഭിക്കാതെ ജീവിതം വഴിമുട്ടിയേനെ! മെഡിക്കൽ, എഞ്ചിനീയറിങ്ങ്, നേഴ്‌സിങ്ങ് തുടങ്ങിയ മേഖലകളിലെ അനേകം വിദ്യാർത്ഥികൾ പഠന സഹായത്തിനായി മറ്റൊരിടം അന്വേഷിച്ചുപോകേണ്ടിവന്നേനെ! ചികിത്‌സാ സഹായവും മരുന്നും ലഭിക്കാതെ അനേകം രോഗികള്‍ക്ക് ഒരുപക്ഷേ ജീവന്‍ പോലും നഷ്‌ടപ്പെട്ടേനെ! കുറച്ചുപേർക്കെങ്കിലും തനിക്കറിയാവുന്ന തൊഴിൽ ചെയ്‌ത്‌ ജീവിക്കാൻ തൊഴിലായുധങ്ങൾ വാങ്ങാൻ മറ്റാരുടെയെങ്കിലും മുന്നിൽ കൈനീട്ടേണ്ടി വന്നേനെ! എന്തിനധികം, പ്രളയവും മഹാമാരിയും കേരളത്തെ വലിഞ്ഞു മുറുക്കിയപ്പോൾ എല്ലാം നഷ്‌ടപ്പെട്ട കുറച്ചുപേരെങ്കിലും സഹായം ലഭിക്കാതെ നട്ടം തിരിഞ്ഞേനെ! അന്നത്തെ സൗഹൃദക്കൂട്ടായ്‌മയുടെ ‘തിരിഞ്ഞുനോട്ടത്തിന്റെ’ നേട്ടമായി ചേർക്കാവുന്ന ബാക്കിപത്രത്തിന്റെ ചുരുക്കം ചില വിവരങ്ങളാണ്‌ ഇവ. അതുതന്നെയാണ്‌ ‘ഓസ്‌ ഇൻഡ് കെയർ’ എന്ന ജീവകാരുണ്യ സംഘടനയുടെ പ്രസക്‌തി.

ലളിതമായിരുന്നു തുടക്കം. ആരംഭത്തിൽ കുറച്ചുപേർ അഞ്ഞൂറ്‌ ഡോളർ വീതം സംഭാവന നൽകി ഒരു കമ്മിറ്റി ഉണ്ടാക്കുകയും, അതിന്റെ നേതൃത്വത്തിൽ ജീവകാരുണ്യസംഘടനയായി ആസ്‌ട്രേലിയയിൽ രജിസ്‌റ്റർ ചെയ്യുകയും ചെയ്‌തു. പീന്നീട്‌, സാധാരണ അംഗങ്ങളെയും ഉൾപ്പെടുത്തി ഭരണസമിതി വിപുലീകരിക്കുകയുണ്ടായി. സിഡ്‌നിയിലെ മലയാളികളിൽ ഒരുപാട്‌ പേർ ഓസ് ‌ഇൻഡ് കെയറിന്‌ വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്‌. അവരുടെയൊക്കെ നിസ്വാർത്ഥ സേവനത്തിന്റെ ഫലമാണ്‌ ആദ്യം വിവരിച്ച പ്രവർത്തനനേട്ടങ്ങൾ.

പിറവി തൊട്ടിന്നുവരെ ഒരുപാടുപേർ ഈ സംഘടനക്കുവേണ്ടി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും അതിൽ എടുത്തുപറയേണ്ട ഒരു വിഭാഗം സിഡ്‌നിയിൽ കുടിയേറിയ, എൻ. ടി. ടി എഫ് (Nettur Technical Training Foundation) -ലെ പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന ഒരു സമൂഹമാണ്‌. ഇടയ്ക്കൊരിക്കൽ പ്രവർത്തനമറ്റുപോകുമെന്ന്‌ സംശയിച്ച വേളയിൽ ജീവവായു നൽകി പുനരുജ്ജീവിപ്പിച്ചതും അവർ തന്നെ. ഒരുവേള, നാട്ടിൽ അവർക്കു ലഭിച്ച പഠനസൗകര്യങ്ങൾക്ക് മനസ്സിൽ കൊണ്ടുനടന്ന പ്രത്യുപകാരമാവണം പ്രചോദനം.

മെംബർഷിപ്പായും സംഭാവനയായും ചെറുതും വലുതുമായ തുകകൾ സ്വീകരിച്ചും വിവിധ കലാപരിപാടികളും, ഫുഡ്‌ ഫെസ്‌റ്റ്‌ തുടങ്ങിയ കൂട്ടായ്‌മകൾ സംഘടിപ്പിച്ചുമാണ്‌ ഓസ്‌ ഇൻഡ്‌ കെയർ സേവനത്തിനുള്ള തുക കണ്ടെത്തുന്നത്‌. കമ്മറ്റിയംഗങ്ങൾ സ്വന്തം കടമയായി, പ്രതിഫലം പറ്റാത്ത സേവകരായി പ്രവർത്തിക്കുന്നതിനാൽ പിരിഞ്ഞുകിട്ടുന്ന തുക മുഴുവൻ അർഹതപ്പെട്ടവർക്ക്‌ ലഭിക്കുന്നു.

വലിയ വലിയ സംഘടനകൾ അത്യനേകമുള്ള ഈ കാലഘട്ടത്തിൽ ഓസ്‌ ഇൻഡ്‌ കെയറെന്ന ഈ ചെറുസംഘടനയുടെ പ്രസക്‌തിയെന്തെന്നത് സ്വാഭാവിക സംശയമാണ്‌. പ്രത്യേകിച്ച്,‌ സാമൂഹ്യമാധ്യമങ്ങളുപയോഗിച്ച്‌ ചുരുങ്ങിയ ദിവസങ്ങളിൽ ലക്ഷക്കണക്കിന്‌ രൂപ പിരിച്ചെടുക്കുന്ന നവയുഗത്തിൽ. കാൽ നൂറ്റാണ്ട്‌ താണ്ടി ഇപ്പോഴും ഇത്‌ ചെറുതായിത്തന്നെ നിലനില്‍ക്കുന്നു എന്നതുതന്നെയാണ്‌ അതിനുത്തരം. വലിയ സംഘടനകളുടെയോ വ്യക്‌തികളുടെയോ പിൻബലമില്ലാത്ത സാധാരണക്കാർക്ക്‌ സഹായത്തിനായി സമീപിക്കുന്നതിന്‌ സാധാരണക്കാരുടെ സംഘടനയാവുമല്ലോ അഭികാമ്യം. പ്രത്യേകിച്ച്‌, പിരിഞ്ഞുകിട്ടുന്ന മുഴുവൻ തുകയും ആവശ്യക്കാരിലെത്തണമെങ്കിൽ ഏറ്റവുമെളുപ്പം ചെറിയ കാര്യങ്ങൾ‍ക്കായി ചെറുതായി തുടരുക എന്നതാണ്‌. അതുതന്നെയാണ്‌ ഇതിന്റെ വലിപ്പവും.

സിഡ്‌നിയിലെ ഒരു പാട്‌ കലാകാരന്മാർ ഓസ്‌ ഇൻഡ്‌ കെയറുമായി സഹകരിച്ച്‌ തങ്ങളുടെ കലാപരമായ കഴിവുകൾ അവതരിപ്പിച്ചിട്ടുണ്ട്‌. അതുപോലെ, കെ. എസ്‌. ചിത്ര, മധു ബാലകൃഷ്ണൻ, മുഹമ്മദ്‌ അസ്‌ലം തുടങ്ങിയ ലോകപ്രശസ്‌ത ഗായകരും ജയറാം, പാർവ്വതി തുടങ്ങിയ താരങ്ങളും ഈ സംഘടനയ്ക്കുവേണ്ടി സിഡ്‌നിയിൽ കലാപരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്‌.

ചില കാര്യങ്ങൾ അങ്ങനെയാണ്‌. ആവശ്യാനുസരണം പലരും തങ്ങളുടെ സാന്നിദ്ധ്യമറിയിച്ച്‌ കർമ്മമണ്ഡലത്തിൽ നിറയും. ശേഷം അടുത്ത സേവനത്തിനുള്ള ഊർജ്ജസംഭരണത്തിനായി നിശ്ശബ്‌ദമായി പിൻവലിയും. അതിൽ അറിഞ്ഞും അറിയാതെയും ഒരുപാടുപേർ ഭാഗഭാക്കുകളാവും. ഓസ്‌ ഇൻഡ്‌ കെയർ അങ്ങനെയാണ്‌. വളച്ചുകെട്ടുകളോ ശബ്‌ദകോലാഹലങ്ങളോ ഇല്ലാത്തതുകാരണം സിഡ്‌നിയിൽ ഈ സംഘടനയെക്കുറിച്ചറിയാത്ത ഒട്ടനവധി മലയാളികൾ തന്നെയുണ്ടാവാം. കാരണം സേവനം നിശ്ശബ്‌ദമായാണ്‌.

കാലചക്രം തിരിയുമ്പോൾ ഇതിന്റെ സ്‌ഥാപകസാരഥികൾ അരങ്ങൊഴിയും. അപ്പോൾ ഇതിനെ നയിക്കാൻ അടുത്ത തലമുറയെത്തും. കാരണം അത്രയും ശ്രേഷ്‌ഠമായ ഒരാശയത്തിന്റെ പിൻ‍ബലത്തിൽ പിറന്നതാണ്‌ ഈ സംഘടന.

ഇരുപത്തിയഞ്ചിൽ നിന്ന്‌ അമ്പതിലേക്കും നൂറിലേക്കുമൊക്കെ നടന്നുകയറുമ്പോഴും ഒരു കാര്യമുറപ്പിക്കാം. എവിടെയൊക്കെയാണോ ഓസ്‌ ഇൻഡ്‌ കെയറിന്റെ സേവനം ആവശ്യമായി വരുന്നത്‌ അവിടെയൊക്കെ ഈ നിശബ്‌ദ സാന്നിദ്ധ്യം ഉറപ്പാണ്‌.

സഹജീവനപാതയിൽ ഈ സംഘടനയുമായി ചേർന്നുനില്‍ക്കാന്‍ താൽപ്പര്യമുള്ളവർക്ക്‌ ബന്ധപ്പെടാം:

Leslie Bonney – 0407 836 689; Sindhu Unnirajan – 0439 570 115; Anil Chambad – 0425 279 651

0 Comments

Punnackal Financial Services

* * * Gateway to a secure life  * * * Contact: 0421 430 068  

WallStreet Australia

If you need to Refinance, Its time to talk to us! Contact: 0415 255 915

Move Realty

* * * *  Making your move easy * * * * Contact: 0410 066 578  

Indian Beauty Secrets

* * * * Beauty | Hair | Spa | Laser * * * * Contact: 02 9672 4448

Neil Lawyers

* * * * * * Solicitors & Notary * * * * * * Contact: 02 9636 9224 / 9636 9664

P J Taxation

* * * * Income Tax & GST Returns * * * Contact: 0414 424 980  

Pixela Print

Digital, Offset & Wide format Printing Contact: 0403 993 399

Micro Precision Manufacturing Pty Ltd

Precision Engineers & Toolmakers Contact: 02 9829 8224

Councillor Susai Benjamin

Best Compliments  

Councillor Sameer Pandey

Best Compliments