Author

റിയ റെയ്നോൾഡ്സ്
ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്നതും വെറുക്കപ്പെടുന്നതുമായ ഒരു വാക്കാണ് ഫെമിനിസം. സമകാലീനകേരളത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത് ഇതിനു ഒരുപാടു അനുഭാവികളും എന്നാൽ അതിനേക്കാളധികം വിരോധികളും ഉണ്ടെന്നതാണ്.
ഞാൻ ഒരു ഫെമിനിസ്റ്റ് ആണെന്ന് പറയാൻ സമൂഹത്തിലെ അറിയപ്പെടുന്ന സ്ത്രീകൾക്ക് പോലും മടിയുണ്ടായിരുന്ന ഒരു കാലത്താണ് തന്റെ ചെറുപ്പത്തിൽ വീട്ടിൽ ഉണ്ടായ ‘പൊരിച്ച മീൻ’ വിവേചനത്തിലൂടെ റിമ കല്ലിങ്കൽ ഫെമിനിസം എന്തെന്ന് പറയാൻ ശ്രമിച്ചത്. അതിനു കിട്ടിയ പ്രതികരണങ്ങളും ട്രോളുകളും കണ്ടാൽ തന്നെ മനസിലാക്കാം ആളുകൾക്ക് ഇതിനെക്കുറിച്ച് എത്രത്തോളം ധാരണയുണ്ടെന്ന്. അങ്ങനെ ലിംഗസമത്വത്തിനു വേണ്ടി വാദിച്ച റീമയെയും പാർവ്വതിയെയും പോലുള്ളവരെ സമൂഹം ഫെമിനിച്ചി എന്ന് പേരിട്ടു വിളിക്കാൻ തുടങ്ങി. അങ്ങനെ എത്ര പെട്ടെന്നാണ് ഫെമിനിസം എന്താണെന്നു പോലും പൂർണ്ണമായി മനസ്സിലാക്കിയിട്ടില്ലാത്തവർ അതിനു വേണ്ടി വാദിക്കുന്നവരെ ഫെമിനിസ്റ്റ് എന്നും ഫെമിനിച്ചി എന്നും രണ്ടു ഗ്രൂപ്പ് ആക്കിയത്.
ശരിക്കും എന്താണ് ഫെമിനിസം?
ചുരുക്കിപ്പറഞ്ഞാൽ, ലിംഗസമത്വത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള വാദമാണ് ഫെമിനിസം. സ്ത്രീകളുടെ ന്യായമായ അവകാശങ്ങൾക്കു വേണ്ടി വാദിക്കുന്നവരാണ് ഫെമിനിസ്റ്റ്സ്.
ഇനി, എന്തല്ല ഫെമിനിസം?
സ്ത്രീകൾക്ക് പുരുഷന്റെ മേൽ അധികാരം നേടാനുള്ള വാദമല്ല ഫെമിനിസം. അത് തുല്യതയ്ക്കു വേണ്ടിയുള്ള പരിശ്രമമാണ്. ഫെമിനിസം എന്നാൽ പുരുഷന് എന്തെങ്കിലും നഷ്ടപ്പെടൽ അല്ല. ചില കാര്യങ്ങളിൽ അത് സ്ത്രീകളെ പുരുഷന് ഒപ്പമെത്തിക്കലാണെങ്കിൽ, മറ്റു ചില കാര്യങ്ങളിൽ അത് സ്ത്രീകളുടെ ഒപ്പമെത്തലാണ്.
ഫെമിനിസം എന്നത് സ്ത്രീകൾക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല. ലിംഗസമത്വത്തിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും ഫെമിനിസ്റ്റ് ആവാം.
ഫെമിനിസം എന്ന വാക്കിനോട് ഒരു സാധാരണ മനുഷ്യന്, അത് പുരുഷൻ ആയിക്കോട്ടെ സ്ത്രീ ആയിക്കോട്ടെ, ഇത്രയധികം അവജ്ഞയും വെറുപ്പും ഉളവാകാനുള്ളതിന് ഒരു പരിധി വരെ കാരണം നമ്മൾ കണ്ടു ശീലിച്ച സിനിമകൾ തന്നെയാണ്. സിനിമ വിനോദത്തിനുള്ള ഒരു ഉപാധി മാത്രമാണെങ്കിലും ഒരു ജനതയുടെ സംസ്ക്കാരത്തെ അവരറിയാതെ തന്നെ സ്വാധീനിക്കാൻ അതിനു കഴിയും. അത്രയ്ക്ക് ശക്തമായ ഒരു മാധ്യമം ആണ് സിനിമ. അതുകൊണ്ടാവാം ഫെമിനിസ്റ്റ് എന്ന് പറയുമ്പോൾ തന്നെ ചിലരുടെയെങ്കിലും മനസ്സിൽ ഫെമിനിസ്റ്റ് കൊച്ചമ്മമാർ എന്ന് ഓമനപ്പേരിട്ട് മലയാളസിനിമ ആക്ഷേപിച്ച സുകുമാരിയമ്മയും മീനച്ചേച്ചിയും ഒക്കെ അവതരിപ്പിച്ച കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നത്. അവരൊക്കെ സ്ലീവെലെസ്സ് ബ്ലൗസ് ധരിച്ചു കൂളിംഗ് ഗ്ലാസും വച്ച് പട്ടിയെ നോക്കാൻ ഭർത്താവിനെ ഏൽപ്പിച്ചിട്ടു ക്ലബ് മീറ്റിംഗിന് പോവുന്ന “എനിക്ക് കുരച്ചു മലയാലം അരിയാം” എന്ന് പറയുന്ന കഥാപാത്രങ്ങളായിരുന്നു. സ്വന്തമായി അഭിപ്രായങ്ങൾ ഉള്ള, ഉന്നതവിദ്യാഭ്യാസം നേടിയ സ്ത്രീകൾ ഒക്കെ സിനിമയിൽ വില്ലത്തികൾ ആയിരുന്നു. നായകന്റെ അടി കിട്ടുമ്പോൾ നന്നാവാൻ നടക്കുന്ന പെണ്ണുങ്ങൾ. അല്ലെങ്കിൽ നായകനോട് പ്രൊഫഷണൽ വൈരാഗ്യവും അസൂയയും കൊണ്ടുനടക്കുന്ന സ്ത്രീകൾ. നായികമാരാവട്ടെ എല്ലാം സഹിക്കുന്ന ഭൂമിയോളം ക്ഷമിക്കുന്ന അടക്കം, ഒതുക്കം, കുലീനത്വം, കുടുംബ സ്നേഹം, വാത്സല്യം, നിഷ്കളങ്കത, കന്യകാത്വം ഇതെല്ലം ഒത്തുചേർന്ന സുന്ദരിയും സുശീലയും ആയവൾ. ഇനി അഥവാ, അഹങ്കാരി ആണെങ്കിൽ തന്നെ നായകന്റെ അടിയൊന്നു കിട്ടിയാൽ മതി നന്നാവാനും അയാളോട് പ്രണയം മൊട്ടിടാനും. എന്തു മാത്രം സ്ത്രീവിരുദ്ധതയാണ് ഈ സിനിമകളിലൊക്കെ നമ്മൾ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചിരിക്കുന്നത്.
ഇനിയൊരു വിഭാഗം ഉണ്ട് – കുലസ്ത്രീകൾ. പണ്ടും ഇന്നും നമ്മുടെ സീരിയലുകളിൽ യാതൊരു മാറ്റവും ഇല്ലാത്ത പ്രത്യേക വിഭാഗക്കാർ ആണ് കുലസ്ത്രീകൾ. നായികയാണേൽ സാരി/ ദാവണി, സിന്ദുരക്കുറി, പിന്നെ താലി നിർബന്ധം. പ്രതിനായിക ജീൻസും ടോപ്പും മോഡേൺ ഡ്രെസ്സുകളും ധരിക്കുന്നവൾ. അങ്ങനെ ദിവസവും ലക്ഷകണക്കിന് ആളുകൾ കാണുന്ന പരമ്പരകൾ നൽകുന്ന സന്ദേശം തന്നെ ഇതാണ്. സാരിയും ചുരിദാറും ധരിക്കുന്നവൾ നല്ലവളും മോഡേൺ ഡ്രസ്സ് ധരിക്കുന്നവൾ പോക്ക് കേസും. അതുപോലെ തന്നെ നായികാ നായകന്റെ സകല തോന്ന്യവാസങ്ങളും സഹിച്ചു കരയാൻ മാത്രം വിധിക്കപ്പെട്ടവൾ. നായകന്റെ മുഖത്തു നോക്കി നാലു വർത്തമാനം പറയുന്നവൾ പ്രതിനായിക. ആഹാ എത്ര മനോഹരമായ ആചാരങ്ങൾ!ഇതൊക്കെയാണ് നമ്മുടെ മനസ്സിൽ ആഴത്തിൽ വേരോടുന്നത്. അതുകൊണ്ടാണ്, ഞാൻ ഫെമിനിസ്റ്റ് ആണ്, പക്ഷെ ഫെമിനിച്ചിയെ ഇഷ്ടമല്ല എന്ന് പറയുന്നത്. ഇതെനിക്ക് ഭക്ഷണം വേണ്ട ചോറ് മതി എന്ന് പറയുന്നത് പോലെയാണ്.
വ്യക്തിസ്വാതന്ത്ര്യം ലിംഗസമത്വത്തിന്റെ അവിഭാജ്യ ഘടകമാണ്. ഒരു സ്ത്രീ എന്തു ധരിക്കണമെന്നത് അവളുടെ ഇഷ്ടമാണ്. അതുപോലെ എന്തിനെതിരെ പ്രതികരിക്കണമെന്നത് അവളുടെ ഔചിത്യവും. അവളുടെ സ്വന്തം സോഷ്യൽ മീഡിയ പേജിൽ അവൾക്കിഷ്ടപ്പെട്ട (മറ്റുള്ളവർക്ക് ദ്രോഹമില്ലാത്ത) കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നത് ഇന്ത്യാമഹാരാജ്യത്തു ഏതൊരു പുരുഷനും ഉള്ളത് പോലെ അതവളുടെ അവകാശവും സ്വാതന്ത്ര്യവുമാണ്. സ്വന്തം അഭിപ്രായം പറയുന്നവളും, ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നവളും, തനിക്കു ശരിയെന്നു തോന്നുന്നതിനെ ഉറക്കെ പിന്തുണക്കുന്നവളും, തന്റെ ശരീരത്തെ കുറിച്ചും സെക്ഷ്വാലിറ്റിയെ കുറിച്ചും സംസാരിക്കുന്നവളും, എനിക്ക് പ്രസവിക്കേണ്ട എന്ന് പറയുന്നവളും, തന്നോട് അപമര്യാദയായി പെരുമാറിയവനെ തിരിച്ചു തെറി പറഞ്ഞു രണ്ടടി കൊടുക്കുന്നവളും, എനിക്ക് പാചകം ഇഷ്ടമല്ല എന്ന് പറയുന്നവളും, ലിവിങ് ടുഗേദേർ നെ പിന്തുണക്കുന്നവളും, ഡ്രിങ്ക്സ് കഴിക്കുന്നവളും, പുകയ്ക്കുന്നവളും, ഭർത്താവിനെ വേണ്ട പാർട്ണർ നെ മതി എന്ന് പറയുന്നവളും ഒക്കെ സ്ത്രീത്വത്തിന്റെയും സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പുതിയ മുഖങ്ങളാണ്. ഇവരെയൊക്കെ നമ്മൾ ഫെമിനിച്ചി എന്ന് വിളിക്കും. ഇവരെ പിന്തുണക്കുന്ന പുരുഷന്മാരെ നമ്മൾ പാവാടതാങ്ങികൾ എന്ന് വിളിക്കും.
നമ്മൾ പഠിച്ചതല്ലേ പാടു. കാരണം നമ്മുടെ മനസ്സിൽ ഇപ്പോഴും സ്ത്രീ അമ്മയാണ് ക്ഷമയാണ് ദേവിയാണ്. സ്ത്രീത്വത്തെ ഗ്ലോറിഫൈ ചെയ്യാൻ നമുക്കറിയാം. പക്ഷെ നമ്മുടെ വീട്ടിലുള്ള പെണ്ണുങ്ങളെയൊക്കെ നമ്മൾ ഇങ്ങനെയാണോ ട്രീറ്റ് ചെയ്യുന്നത്? അവരൊക്കെ കുലസ്ത്രീകൾ ആയിരിക്കണം. ഭർത്താവിനെ ദൈവത്തെ പോലെ കാണണം. വീട്ടുകാരുടെ എല്ലാക്കാര്യങ്ങളും ഒരു കുറവുമില്ലാതെ നോക്കണം. നമ്മുടെ പെൺമക്കളെയൊക്കെ നമ്മൾ വളർത്തിക്കൊണ്ടു വരുന്നത് തന്നെ അത് പറഞ്ഞാണല്ലോ – “നാളെ വല്ല വീട്ടിലും ചെന്ന് കയറേണ്ട പെണ്ണാണ്”. നമ്മുടെ മക്കളെ നമ്മൾ അവിടുന്നേ പറഞ്ഞു പഠിപ്പിക്കുന്നത് എന്താണ്? വീട്ടുകാര്യങ്ങൾ എല്ലാം പെണ്ണിന്റെ ചുമതലയാണ്. ആണുങ്ങൾ ഒന്നുമറിയേണ്ട. ഒരേ വീട്ടിൽ വളരുന്ന ആണ്കുട്ടിയുടെയും പെൺകുട്ടിയുടെയും മനസ്സിൽ നമ്മൾ ഈ വിവേചനത്തിന്റെ വിഷം മുളയിലേ കുത്തിനിറയ്ക്കുകയാണ്.
ഇക്കണ്ട വീട്ടുപണിയൊക്കെ എടുത്തു പണ്ടാരമടങ്ങുമ്പോൾ എല്ലാ പെണ്ണുങ്ങളും ഒരിക്കലെങ്കിലും കരുതിയിട്ടുണ്ടാകും പെണ്ണായി ജനിക്കേണ്ടായിരുന്നു എന്ന്. ബസ്സിലും പൂരപ്പറമ്പിലും സിനിമാക്കൊട്ടകയിലും ഒരു തോണ്ടലെങ്കിലും കിട്ടിയപ്പോൾ ശപിച്ചിട്ടുണ്ടാവും പെണ്ണായി ജനിച്ചു പോയ ആ നിമിഷത്തെ. താനറിയാതെ തൻ്റെ അശ്ലീലചിത്രങ്ങളും വിഡിയോകളും നമ്പറുമടക്കം സോഷ്യൽ മീഡിയ യിലും അശ്ളീല ഗ്രൂപ്പ് കളിലും പ്രചരിക്കുമ്പോൾ ഓർത്തിട്ടുണ്ടാവും ഒരാണായിരുന്നെങ്കിൽ എന്ന്. ജാതിവെറി പൂണ്ട കുറെ നരാധമന്മാർ കൂട്ടബലാത്സംഗം ചെയ്തു നട്ടെല്ലൊടിച്ച് നാവു മുറിച്ചിട്ട് പോയപ്പോൾ അവളും ഓർത്തു കരഞ്ഞിട്ടുണ്ടാവും പെണ്ണാവേണ്ടായിരുന്നു എന്ന്. അങ്ങനെ അങ്ങനെ എത്ര എത്ര സാഹചര്യങ്ങൾ ഈ ജന്മം വേണ്ടായിരുന്നു എന്ന് തോന്നാൻ.
ഇവിടിപ്പോ എന്താണിത്ര പ്രശ്നം? പലരും ചോദിക്കുന്ന ന്യായമായ ചോദ്യമാണ്.
പാട്രിയാർക്കി യിൽ അധിഷ്ഠിതമായ സമൂഹമാണ് ഇന്ത്യയുടേത്. അതിനു പുരുഷന് നമ്മുടെ മതങ്ങൾ നൽകുന്ന പിന്തുണ അവഗണിക്കാൻ കഴിയുന്നതുമല്ല. പുരുഷാധിപത്യം കൊടികുത്തിവാഴുന്ന നമ്മുടെ മതങ്ങൾ എന്നും സ്ത്രീകൾക്ക് എതിരായിരുന്നു. എല്ലാ മതഗ്രന്ഥ്ങ്ങളും സ്ത്രീയെ പുരുഷന്റെ കാൽചുവട്ടിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. സ്വാഭാവികമായും അവയെഴുതിയതു പുരുഷന്മാരായതു കൊണ്ട് തന്നെ അതിനപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ടതുമില്ല.
നമ്മുടെ ‘മഹത്തായ’ സംസ്ക്കാരവും പാരമ്പര്യവും സംരക്ഷിക്കാൻ എന്ന വ്യാജേന മതങ്ങൾ ഇന്നത്തെ സ്ത്രീകളോട് ചെയുന്ന ക്രൂരതകൾ നമ്മൾ ചോദ്യം ചെയ്യേണ്ടതുണ്ട്. പുരുഷനും സ്ത്രീയും ആരാധിക്കുന്ന ദൈവം ഒന്നുതന്നെയെങ്കിൽ, ആ ദൈവത്തെ കണ്ടു പുരുഷൻ സായുജ്യമടയുന്നതു പോലെ തന്നെ സ്ത്രീക്കും ആഗ്രഹമുണ്ടാവില്ലേ? സ്ത്രീ അശുദ്ധയെങ്കിൽ നമ്മളൊക്കെ പൂജിക്കുന്ന ദേവിമാരും, എന്തിനു നമ്മൾ നിലത്തു ചവിട്ടി നിൽക്കുന്ന ഈ ഭൂമിദേവി പോലും അങ്ങനെയെങ്കിൽ അശുദ്ധയല്ലേ?
പുരുഷന് എന്ത് തോന്ന്യാസവും കാണിക്കാൻ വേണ്ടി ജനങ്ങളുടെ മതവികാരത്തെ മുതലെടുക്കുന്നത് എന്തൊരു അക്രമമാണ്? അതിനു ദൈവത്തെ കൂട്ടുപിടിക്കുന്നതാണ് അതിലും കഷ്ടം. കന്യാസ്ത്രീ മഠങ്ങൾക്കു അകത്തു സ്ത്രീകളോട് നടക്കുന്ന കൊടുംക്രൂരതകൾ നമ്മൾ ഇന്നും ഇന്നലെയും കേൾക്കാൻ തുടങ്ങിയതല്ല. ഇതൊക്കെ വര്ഷങ്ങളോളം സഹിച്ചു മടുത്തപ്പോൾ ആ ചങ്ങലകൾ പൊട്ടിച്ചെറിയാൻ തീരുമാനിച്ച കുറച്ചു സ്ത്രീകളെ എത്ര വേഗമാണ് നമ്മുടെ സമൂഹം പിഴച്ചവരെന്നു മുദ്ര കുത്തി പടിയടച്ചു പിണ്ഡം വച്ചത്. അതിനു കാരണക്കാരായ പുരുഷന്മാരോ മതത്തിന്റെ ചട്ടക്കൂടിനകത്തു വിശുദ്ധന്മാരായി ഇപ്പോഴും സുഖിച്ചു കഴിയുന്നു.
പുരുഷൻ സ്ത്രീയോട് ചെയുന്ന എല്ലാ ക്രൂരതകളെ കുറിച്ചും നല്ല ബോധ്യമുണ്ട്. അതുകൊണ്ടാണല്ലോ നമ്മുടെ മിത്തുകളിലൊക്കെ ചുണ്ണാമ്പു ചോദിച്ചു കഴുത്തിൽ ദംഷ്ട്രകൾ ആഴ്ത്തി ചോര കുടിക്കാൻ വരുന്ന യക്ഷികളൊക്കെ സ്ത്രീകൾ ആയതു. എപ്പോഴും തന്റെ അനീതിക്കെതിരെ ശബ്ദമുയർത്തുന്ന സ്ത്രീയെ പുരുഷന് ഭയമാണ്. ആ ഭയം മറച്ചുവെച്ച് സമൂഹത്തിന്റെ മുന്നിൽ തന്റെ മുഖം സംരക്ഷിക്കാൻ അവനേറ്റവും എളുപ്പം അവളെ വഴിപിഴച്ചവളെന്നു മുദ്ര കുത്തലാണ്. അവളുടെ ചരിത്രം ചിക്കിചികഞ്ഞു അതുറപ്പാക്കാൻ സമൂഹത്തിനു വലിയ താല്പര്യവുമാണ്. അല്ലെങ്കിലും മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാൻ നമുക്കു വലിയ മിടുക്കാണല്ലോ.
സഹസ്രാബ്ദങ്ങൾക്കു മുന്നേ മനുസ്‌മൃതി പാടിയത് ഇങ്ങനെയാണ്:
പിതാ രക്ഷതി കൗമാരേ
പതി രക്ഷതി യൗവ്വനേ
പുത്രോ രക്ഷതി വാർദ്ധക്ക്യേ
നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി
മനുഷ്യൻ ചൊവ്വയിലേക്ക് വരെ ആളെ കയറ്റി അയക്കാൻ തുടങ്ങിയ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമ്മൾ മതങ്ങളുടെയും മതഗ്രന്ഥ്ങ്ങളുടെയും പുരാണങ്ങളുടെയും ഈ പിന്തിരിപ്പൻ ആശയങ്ങളെ പിന്താങ്ങി ജീവിക്കണം എന്ന് പറയുന്നത് ഒരു പുരോഗമന സമൂഹത്തിനു ചേർന്നതല്ല. കാലം മാറി. ഇന്ന് മനുസ്‌മൃതി ഡീകോഡ് ചെയ്യുമ്പോൾ, എന്നാണോ സ്ത്രീ സ്വയം സംരക്ഷിക്കാൻ പ്രാപ്തയാവുന്നത് അന്ന് അവൾ സ്വതന്ത്രയായി എന്ന് വായിക്കണം. അതിനർത്ഥം അവൾക്കു പുരുഷന്റെ തോളൊപ്പം ചേർന്ന് നില്ക്കാൻ പറ്റണം, എല്ലാക്കാര്യങ്ങളിലും.
“തുല്യത വേണോ, എങ്കിൽ ഒരമ്പതുകിലോ അരിച്ചാക്ക് തലയിൽ വച്ചു തരാം.. ഹഹഹ”
തുല്യത എന്താണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഒരു തമാശയാണ് ഇത്. ഈ അരിച്ചാക്ക് ഒരു പത്തുവയസ്സുകാരന്റെ തലയിൽ വെച്ച് കൊടുക്കുമോ? ഇല്ലല്ലോ. ഒരാൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെ, അർഹിക്കുന്ന കാര്യങ്ങളെ നിഷേധിക്കുമ്പോളാണ് അനീതിയുണ്ടാവുന്നത്. അതൊരു പെണ്ണല്ലേ അതു പെണ്ണിന് പറ്റിയതല്ല എന്ന മുൻവിധി നടപ്പിലാക്കാതിരിക്കുക. ഒരു പെണ്ണിന്റെ അവകാശങ്ങളും ആഗ്രഹങ്ങളും പെണ്ണായതിന്റെ പേരിൽ അടിച്ചമർത്തപ്പെടുമ്പോളാണ് ഫെമിനിസം എന്ന ആശയത്തിന് പ്രധാന്യമുണ്ടാവുന്നത്.
എന്തായാലും പ്രതീക്ഷയ്ക്ക് വക നൽകുന്ന ഒരുപാടു മാറ്റങ്ങൾ നമുക്ക് ചുറ്റും കാണാൻ കഴിയുന്നുണ്ട്. ഇന്നത്തെ പെണ്കുട്ടികള്ക്ക് ആൺകുട്ടികളുടെ അത്രയും തന്നെ പഠിപ്പുണ്ട്, ജോലിയുണ്ട്, ശമ്പളമുണ്ട്. പുതു തലമുറയിലെ പല ദമ്പതികളും വീട്ടുജോലികളും കുഞ്ഞുങ്ങളെ നോക്കലും എല്ലാം ഷെയർ ചെയ്താണ് ജീവിക്കുന്നത്. അല്ലാതെ എല്ലാം പെണ്ണിന്റെ ചുമതലയാണ് എന്ന പഴഞ്ചൻ രീതിയല്ല. ഇനി പ്രവാസി മലയാളികളുടെ ജീവിതങ്ങൾ ആണെങ്കിലും അവർ ജീവിക്കുന്ന രാജ്യത്തിൻറെ സംസ്ക്കാരത്തിന്റെ സ്വാധീനം കൊണ്ടാണെങ്കിൽ പോലും നാട്ടിൽ ഉള്ളവരുടേതിനേക്കാൾ ഭേദം ആണ്.
സിനിമകളും ഏറെക്കുറെ മാറിയിരിക്കുന്നു. തലയ്ക്കകത്തു സെക്സിസവും മിസോജിനിയും ഇല്ലാത്ത പുതിയ എഴുത്തുകാരും സംവിധായകരും ഒരറ്റത്ത് നിന്ന് കുറെയൊക്കെ പൊളിച്ചെഴുതി തുടങ്ങിയിട്ടുണ്ട്. പഴയ സിനിമക്കാരാവട്ടെ, പണ്ടത്തെ പോലെ സ്ത്രീവിരുദ്ധത കുത്തിക്കയറ്റിയാൽ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടാനും അതിന്റെ പൊളിറ്റിക്കൽ കറക്ട്നെസ്സ് കണ്ടുപിടിക്കാനും റെഡി ആയി ഒരു സോഷ്യൽ മീഡിയ ഉണ്ടെന്നു അറിയാവുന്നതു കൊണ്ടാണോ എന്തോ, മാറാൻ ശ്രമിക്കുന്നുണ്ട്. അല്ലെങ്കിൽ നിലനിൽപ്പില്ല എന്ന് മനസ്സിലായതുകൊണ്ടാവാനും മതി.
സ്ത്രീശാക്തീകരണത്തിന് വേണ്ടി ശബ്ദമുയർത്തുന്ന വികസിതരാജ്യങ്ങളിലെ സ്ത്രീകളുടെ ഇപ്പോഴത്തെ അവസ്ഥപോലും നമ്മുടെ നാട്ടിലുള്ള സ്ത്രീകളുടേതിനേക്കാൾ പതിൻമടങ്ങു മെച്ചമാണെന്നുള്ളത് നഗ്നമായ സത്യമാണ്. ഒരു കാറോ ബൈക്കോ ലോറിയോ ഓടിക്കുന്ന പെണ്ണിനെ കാണുമ്പോൾ അവിടെയാർക്കും ഭാവമാറ്റം ഉണ്ടാവാറില്ല. ഒരു പെൺകുട്ടി ഇഷ്ടമുള്ള വസ്ത്രം ധരിച്ചു റോഡിൽ ഇറങ്ങിയാൽ അവിടെയാരും തുറിച്ചു നോക്കില്ല. അസമയത്തും ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുന്ന സ്ത്രീകളെ അവിടെയാരും ‘വെടി’ എന്ന് വിളിക്കില്ല. ഒരു ചർച്ച നടക്കുമ്പോൾ സ്ഥലത്തെ പ്രധാന പുരുഷന്മാർ മാത്രം ഒത്തുകൂടാറില്ല. ഇതൊക്കെ വച്ച് നോക്കുമ്പോൾ നമ്മളെവിടെയാണ് നിൽക്കുന്നതെന്ന് സ്വയം ഒന്ന് അവലോകനം ചെയ്യുന്നത് നല്ലതാണ്.
ചില തിരുത്തലുകൾ നടപ്പാകാൻ കാലങ്ങളെടുക്കും. നമ്മുടെ പഞ്ചായത്ത് ഇലക്ഷനുകളിൽ വനിതാ സംവരണം കൊണ്ടുവരുന്നത് വരെ അങ്ങനൊരു ആവശ്യമുണ്ടെന്നു തോന്നിയവർ വിരളമാണ്. അതങ്ങനെയാണ്, ചില പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നത് വരെ അതൊരു പ്രശ്നമായി സ്വാഭാവികമായും ഭൂരിപക്ഷത്തിനു തോന്നാറില്ല. അതുകൊണ്ടു തന്നെയാണ് നമ്മുടെ നാട്ടിലെ നല്ലൊരു വിഭാഗം സ്ത്രീകളും ഫെമിനിസത്തെ തെറ്റിദ്ധരിക്കുകയും എതിർക്കുകയും ചെയ്യുന്നത്. നമുക്ക് വനിതാ മന്ത്രിയുണ്ട്, വനിതാ പോലിസുണ്ട്, കളക്ടറുണ്ട്, ഡോക്ടർമാരുണ്ട്, അധ്യാപകരുണ്ട് കവയിത്രികളുണ്ട്. പിന്നെന്താണൊരു കുറവ് അല്ലേ?
ഇല വന്നു മുള്ളിൽ വീണാലും, മുള്ള് വന്നു ഇലയിൽ വീണാലും! ഒരു പെൺകുട്ടി ഉൾപ്പെടുന്ന വിഷയങ്ങളിൽ നമ്മുടെ പരമ്പരാഗതമായ നിലപാട് ആണിത്. ഒരു കാലത്തെ സാമൂഹ്യ ചുറ്റുപാടുകളിൽ നിന്നും കായിക ബലം കൊണ്ട് പുരുഷനെ തോല്പിക്കാൻ പറ്റാത്ത സ്ത്രീകളെ സംരക്ഷിക്കാൻ നമ്മുടെ പൂർവികർ തന്നെയുണ്ടാക്കിയ സാമൂഹ്യസുരക്ഷാ നിർദേശങ്ങൾ, ആധുനികലോകത്തെ സ്ത്രീകൾക്ക് അവരെ തളച്ചിടുന്ന ചട്ടക്കൂടുകളാണെന്ന് നാമിനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു.
സ്ത്രീയെ ഒരു ശരീരം അല്ലെങ്കിൽ ഉപഭോഗവസ്തു മാത്രമായിട്ടാണ് പുരാണങ്ങൾ മുതൽക്കേ ഭാരതീയ സമൂഹം കണ്ടു വന്നിട്ടുള്ളതു. അതുകൊണ്ടു തന്നെയാണ് ബലാത്സംഗങ്ങളും സ്ത്രീകൾക്കെതിരായ അക്രമങ്ങളും അനുനിമിഷം ഇന്ത്യയിൽ കൂടി വരുന്നത്. പത്രങ്ങളിൽ ഇന്നിതൊരു സാധാരണ വാർത്തയായി മാറിയിരിക്കുന്നു. ഉത്തരേന്ത്യയിലെ കൂട്ടബലാത്സംഗങ്ങൾ നമുക്കിന്നൊരു ഞെട്ടൽ പോലും ഉളവാക്കുന്നില്ല എന്നതാണ് സത്യം.
കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതി കൊണ്ടോ അതോ നമ്മൾ വിദ്യാഭ്യാസത്തിൽ മുന്നിൽ നിൽക്കുന്നത് കൊണ്ടോ എന്തോ, സ്ത്രീയെ മര്യാദ പഠിപ്പിക്കുന്നതിന് വേണ്ടിയുള്ള ഇത്തരം കൊടുംക്രൂരതകൾ താരതമ്യേന കുറവാണ്. എങ്കിലും ഒരു കമ്പ്യൂട്ടറിന്റെയും മൊബൈൽ കണക്ഷന്റെയും ഇന്റർനെറ്റിന്റെയും മറവിൽ ഫേക്ക് പ്രൊഫൈലിന്റെ ധൈര്യത്തിൽ സൈബർ ബുള്ളിയിങ് വഴി സ്ത്രീകളെ മര്യാദ പഠിപ്പിക്കുന്നവരാണ് കേരളത്തിൽ അധികവും. സദാചാരപോലീസുകാരുടെ ശല്യം വേറെയും .
ആൺമേൽക്കോയ്മയുള്ള ഒരു സമൂഹമായതുകൊണ്ട് പലപ്പോഴും ഇത്തരം കാര്യങ്ങളും, സ്ത്രീകളെ അസഭ്യം പറയുന്നതും സ്ത്രീകളെ ഇകഴ്ത്തികൊണ്ടു അശ്ലീലം പറയുന്നതും അവരെ മോശക്കാരാക്കി കാണിക്കുന്നതും ഇന്നൊരു സാധാരണ കാര്യമാണ്. ഇതിനെതിരെ ശക്തമായ നിയമസംവിധാനം ഇല്ലാത്തതു തന്നെയാണ് ഇതൊരു പകർച്ചവ്യാധി പോലെ പകരാൻ കാരണവും. അതുകൊണ്ടാണ് ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും നിയമം കയ്യിലെടുക്കേണ്ടി വന്നതും. ഞങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾ തന്നെ മതി എന്ന് ഉറക്കെ വിളിച്ചു പറയുകയാണ് ആ സ്ത്രീകൾ ചെയ്തത്. അതല്ലേ യഥാർത്ഥ ഫെമിനിസം? എന്തായാലും കേരളത്തിലെ ഫെമിനിസം ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും അടിക്കു മുൻപും ശേഷവും എന്ന് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടും എന്നതിൽ സംശയമില്ല.
സ്ത്രീ വെറും ഒരു ശരീരം മാത്രമല്ല. ഏതൊരാണിനും ഉള്ളത് പോലെ തന്നെ അവൾക്കും അഭിപ്രായങ്ങളും താല്പര്യങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും ലക്ഷ്യങ്ങളും, വികാരങ്ങളും ഉണ്ടെന്നു നമ്മൾ എന്നാണ് അംഗീകരിക്കാൻ പഠിക്കുക? എന്നാണ് നമ്മൾ അവളെ ഒരു ‘വെറും പെണ്ണ്’ എന്നതിലുപരി ഒരു മനുഷ്യൻ ആയി കാണാൻ ശ്രമിക്കുക?
ദളിതന് വൃത്തിയില്ല എന്ന് പറയുന്നത് വർഗ്ഗവിവേചനവും, കോളനിയിൽ താമസിക്കുന്നവന് ഔചിത്യമില്ല എന്ന് പറയുന്നത് ഫാസിസവും, പെങ്കൊച്ചിന് അടക്കോം ഒതുക്കോം ഇല്ല എന്ന് പറയുന്നത് ലിംഗവിവേചനവുമാണ്. സമൂഹം ദുഷിച്ചതെങ്കിൽ മാറേണ്ടത് സമൂഹമാണ്. നമ്മുടെ ചിന്തകൾ ചീഞ്ഞുതുടങ്ങിയതെങ്കിൽ അതെടുത്തു ആറ്റിൽ കളയേണ്ടത് നമ്മളാണ്. നമ്മുടെ പഴഞ്ചൻ ആചാരങ്ങൾ ഒരു സമൂഹം എന്ന നിലയിൽ നമ്മെ പുറകോട്ടു വലിക്കുന്നുണ്ടെങ്കിൽ അവയൊക്കെ വലിച്ചെറിയേണ്ട സമയം എന്നേ കഴിഞ്ഞു. കിട്ടാത്ത നീതിയും ന്യായവും ചോദിച്ചു മേടിച്ചു തന്നെയാണ് നമ്മൾ ഇതുവരെ എത്തിയത്. ഇനിയും നമ്മൾ മുന്നോട്ടു പോവുക തന്നെ ചെയ്യും.
Superb റീഡ്… Well writtern….
ശരിയാണ്… എന്താണ് ഫെമിനിസം എന്ന് ശരിയ്ക്കും അറിഞ്ഞുകൂടാത്തവരാണ് സമൂഹത്തിൽ ഭൂരിപക്ഷവു൦…. ആണു൦പെണ്ണു൦ ഒരുപോലെ തെറ്റിദ്ധരിച്ചിരിയ്ക്കുന്നു…. അഭിനന്ദനങ്ങൾ.. റിയാ….
Very good beginning, Ria. You have a unique style in writing. I am happy that I was instrumental in identifying a budding writer.