ലേഖനം

കോവിഡ് -19: ഒരു ആസ്‌ട്രേലിയൻ വീരഗാഥ

Author

സൽവി മനീഷ്
ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ - എസ് ബി എസ് മലയാളം

2020 ജൂൺ 21 അർദ്ധരാത്രി മുതലാണ് ആസ്‌ട്രേലിയയുടെ തെക്കു കിഴക്കൻ സംസ്ഥാനമായ വിക്ടോറിയയ്ക്ക് വീണ്ടും കൂച്ചുവിലങ്ങുകൾ വീണത്. കോവിഡ്-19 ന്റെ രണ്ടാം വ്യാപനം ശക്തമായതോടെയാണ് വിക്ടോറിയൻ നഗര വാതിലുകൾ വീണ്ടും കൊട്ടിയടഞ്ഞത്. എന്നാൽ, രാജ്യവ്യാപകമായ ലോക്ക്ഡൗണിന്റെ ക്ഷീണം മാറും മുൻപേ വീണ്ടും ഇരമ്പിയാർത്തു വന്ന നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ മഹാമാരിയെ വിദഗ്ധമായി കുപ്പിയിൽ അടച്ച ഒരു സംസ്‌ഥാനവും ദേശ ഭരണകൂടവും നമ്മെ പഠിപ്പിച്ച പാഠം വലുതാണ്.

ചൈനയുടെ ഒരു കോണിൽ നിന്ന് അറിഞ്ഞുകൊണ്ടോ അറിയാതെയോ പൊട്ടിപ്പുറപ്പെട്ട കൊറോണാവൈറസ് മനുഷ്യരാശിയെയും ലോകരാഷ്ട്രങ്ങളുടെ സമ്പദ് വ്യവസ്ഥയെയും കീഴ്മേൽ മറിക്കുന്നതിന് നാം സാക്ഷ്യം വഹിച്ചു. വെളിച്ചത്തേക്കാൾ വേഗതയിൽ നിർത്താതെ ഓടിയിരുന്ന മനുഷ്യജീവിതങ്ങൾ സഡൻ ബ്രേക്കിട്ടു നിന്നു. ധൈര്യമായി ശ്വാസോഛ്വാസം പോലും നടത്താൻ അനുവദിക്കാത്ത വൈറസിന്റെ മുന്നിൽ മരുന്നോ വാക്‌സിനോ കണ്ടെത്താനാകാതെ ശാസ്ത്രലോകം കൈമലർത്തി നിന്നു.

ലോകരാഷ്ട്രങ്ങളിൽ ഒന്നാമനെന്ന് പറയപ്പെടുന്ന അമേരിക്ക പോലും ഈ ശക്തനായ വൈറസിന്റെ മുന്നിൽ മുട്ടുകുത്തിയപ്പോൾ, ലോകത്തിന്റെ മറ്റൊരു കോണിൽ ഈ ശത്രുവിനെ കടിഞ്ഞാണിട്ട് പിടിച്ചിരിക്കുകയാണ് ഇരുപത്തിനാലു മില്യനടുത്ത് ജനസംഖ്യയും (2016 സെൻസസ് പ്രകാരം), 7.6 മില്യൺ ചതുരശ്ര കിലോമീറ്റർ വിസ്‌തീർണവുമുള്ള ആസ്ട്രേലിയ എന്ന ഈ ഭൂഖണ്ഡം.

കൊറോണയ്ക്കു മുന്നിൽ മുട്ടുമടക്കി ലോക രാഷ്ട്രങ്ങൾ

2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ തുടങ്ങിയ വൈറസ് ബാധയിൽ ആയിരങ്ങൾ മരിച്ചു വീണു. ചൈനയിൽ നിന്ന് ദിവസങ്ങൾക്കുള്ളിൽ വിമാനവും കപ്പലും കയറി അതിർത്തികൾ കടന്ന് ഇറ്റലി, ഫ്രാൻസ്, യു കെ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇത് കുടിയേറിയതോടെ നിരവധി ജീവനുകൾ ഈ അദൃശ്യ ശക്തിക്കു മുന്നിൽ അടിയറവു വയ്‌ക്കേണ്ടി വന്നു. ഇതോടെ രോഗം പൊട്ടിപ്പുറപ്പെട്ട് രണ്ട് മാസങ്ങൾ കൊണ്ട് ലോകാരോഗ്യ സംഘടന കൊറോണാവൈറസിനെ മഹാമാരിയായി (pandemic) പ്രഖ്യാപിച്ചു.

ജനസംഖ്യയുടെ നല്ലൊരു ശതമാനം വയോധികരുള്ള ഇറ്റലിയിലേക്ക് ജനുവരി അവസാനത്തോടെ കോവിഡ് എത്തിയത് ലോകത്തെ ആകമാനം ഞെട്ടിച്ചുകൊണ്ടായിരുന്നു. സമാനമായ ദുരന്തത്തിനായിരുന്നു മറ്റു യൂറോപ്യൻ രാജ്യങ്ങളും സാക്ഷ്യം വഹിച്ചത്. തുടർന്ന് അമേരിക്കയിലേക്ക് രോഗം വ്യാപിച്ചതോടെ, ഈ വൻകിട ശക്തിയും മഹാമാരിക്ക് മുന്നിൽ നാണംകെട്ട് തലകുനിച്ചു. കൊവിഡിനെ തുരത്താൻ അമേരിക്ക കാട്ടിയ അലംഭാവമോ അതോ, മനഃപൂർവം ഒരു ജനതയെ മഹാമാരിക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞുകൊടുത്തതോ എന്ന് തോന്നും വിധമായിരുന്നു ഇവിടുത്തെ രോഗബാധയും മരണനിരക്കും. ഒക്ടോബറിലെ കണക്ക് പ്രകാരം രണ്ട് ലക്ഷത്തിലേറെ പേരാണ് കോവിഡ് ബാധിച്ച് ഇവിടെ മരണമടഞ്ഞത്.

കൊറോണയുടെ പിടിയിലമർന്ന് ആസ്‌ട്രേലിയയും

ആസ്‌ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കാട്ടുതീബാധയുടെ പുക പൂർണ്ണമായും കെട്ടണയും മുൻപേ ആയിരുന്നു രാജ്യം മഹാമാരിയുടെ പിടിയിലകപ്പെട്ടത്. രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ജനുവരി 25-നാണ് ആസ്‌ട്രേലിയയിലെ ആദ്യത്തെ കൊറോണബാധ റിപ്പോർട്ട് ചെയ്തത് – ചൈനയിൽ നിന്ന് മെൽബണിൽ തിരിച്ചെത്തിയയാൾക്ക്. രാജ്യം ആശങ്കയോടെ വൈറസ് ഭീതിയിലേക്ക് കൂപ്പുകുത്തുന്നതിനിടെ ഫെബ്രുവരിയിൽ SARS-CoV-2 കുടുംബത്തിൽപ്പെട്ട കൊറോണാവൈറസിന് ലോകാരോഗ്യസംഘടന കോവിഡ്-19 എന്ന് നാമകരണം ചെയ്തു.

മാർച്ച് ഒന്നാം തീയതി വെസ്റ്റേൺ ആസ്‌ട്രേലിയയിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. അവിടെ നിന്നങ്ങോട്ട് അതിവേഗത്തിലാണ് വൈറസ് ബാധയിൽ വർദ്ധനവുണ്ടായത്. അതുവരെ വിദേശത്തു നിന്നെത്തുന്നവരിലാണ് രോഗം കണ്ടെത്തിയിരുന്നതെങ്കിൽ, മാർച്ച് രണ്ടിന് ആസ്‌ട്രേലിയയ്ക്കുള്ളിൽ തന്നെ രോഗം പടരുന്നതായി കണ്ടെത്തി. മാർച്ച് 20-ഓടെ ആസ്ട്രേലിയയിൽ കൊറോണാവൈറസ് ബാധിച്ചവരുടെ എണ്ണം 876 ആയി. ഓരോ ദിവസവും പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിത്തുടങ്ങിയതോടെ കടുത്ത നടപടികളിലേക്ക് പോകാൻ സർക്കാർ നിർബന്ധിതമാവുകയായിരുന്നു.

ശീഘ്രമായും കർശനമായും നടപ്പിലാക്കിയ മുൻകരുതലുകളാണ് ആസ്‌ട്രേലിയ കോവിഡ് മഹാമാരിക്ക് മുന്നിൽ ധാർഷ്ട്യത്തോടെ വരച്ച ലക്ഷ്മണരേഖ എന്ന് പറയാം. മാസങ്ങൾ നീണ്ട പ്രയത്നങ്ങൾക്കൊടുവിലാണ് കൊറോണ എന്ന മഹാമാരിയെ കൈപ്പിടിയിലൊതുക്കാൻ ആസ്‌ട്രേലിയയ്ക്ക് കഴിഞ്ഞത്.

പടച്ചട്ടയണിഞ്ഞ് ആസ്ട്രേലിയ

രോഗവ്യാപനം വർദ്ധിച്ചതോടെ ജനങ്ങൾക്കിടയിലും ആശങ്ക വർധിച്ചുവന്നു. സുരക്ഷിതമെന്ന് കരുതിയ ആസ്‌ട്രേലിയയിൽ രോഗം പടർന്നതോടെ കൊറോണയെ തുരത്താൻ ശക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഫെഡറൽ സർക്കാർ പുറത്തുവിട്ടു. പിന്നീട് രാജ്യം കണ്ടത് ജനങ്ങൾ പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതാണ്. യുദ്ധകാലത്തിന് സമാനമായ ഭീതിജനകമായ അന്തരീക്ഷം.

വൈറസ് ബാധ കൂടി വന്നപ്പോൾ രോഗബാധിതരിൽ നല്ലൊരു ശതമാനം വിദേശത്തു നിന്ന് തിരിച്ചെത്തിയവരാണെന്ന് മനസിലാക്കിയ സർക്കാർ, വിദേശത്തു കുടുങ്ങിക്കിടക്കുന്ന പൗരന്മാർക്കും പെർമനന്റ് റെസിഡന്റ്സിനും ഒഴികെയുള്ളവർക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടച്ചു. വിദേശത്തുനിന്നും തിരിച്ചെത്തിയ ഇവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ. അതും സർക്കാർ തന്നെ ഏർപ്പെടുത്തിയ ഹോട്ടലുകളിലും പ്രത്യേക താമസസ്ഥലങ്ങളിലും സൗജന്യമായി. ഇത് ഉറപ്പാക്കാൻ ആസ്ട്രേലിയൻ സൈന്യവും രംഗത്തെത്തി. ക്വാറന്റീൻ ലംഘിക്കുന്നവർക്ക് കഠിന പിഴയും ജയിൽ ശിക്ഷയും വരെ നടപ്പാക്കി. ഹോട്ടൽ ക്വാറന്റീനിൽ രോഗ പരിശോധന നിരസിക്കുന്നവർ പത്ത് ദിവസം കൂടുതൽ ക്വാറന്റീനിൽ കഴിയണമെന്ന നിയമം ചില സർക്കാരുകൾ മുൻപോട്ടുവച്ചു. മാർച്ചിൽ ഏർപ്പെടുത്തിയ ഈ ക്വാറന്റീൻ നിയമം എല്ലാ സർക്കാരുകളും ഏഴ് മാസങ്ങൾക്കു ശേഷവും തുടർന്നു. കൂടാതെ വീടിനു പുറത്ത് രണ്ടു പേരിൽ കൂടുതൽ ഒത്തുചേരരുതെന്ന കർശന നിർദ്ദേശവും മുൻപോട്ടു വച്ചു. നിയമം ലംഘിക്കുന്നവർക്കു മേൽ കഠിന പിഴയും ചുമത്തി ത്തുടങ്ങി. ഇതിൽ എടുത്തു പറയേണ്ട ഒന്നാണ് വീടുകൾ സന്ദർശിക്കുന്നതിൽ ഏർപ്പെടുത്തിയ നിയന്ത്രണം. കടകളിലും ഹാളുകളിലുമെല്ലാം നാല് ചതുരശ്ര അടി മീറ്ററിൽ ഒരാൾ എന്ന നിയമം കർശനമാക്കി. സാധാരണ കോവിഡ് നിയന്ത്രണങ്ങളായ കൈ വൃത്തിയാക്കലിനും സാമൂഹിക അകലം പാലിക്കലിനും പുറമെയായിരുന്നു ഈ നിയന്ത്രണങ്ങളെല്ലാം.

ക്ലബ്ബുകൾ, പബ്ബുകൾ, സിനിമാ തിയേറ്ററുകൾ, നൈറ്റ് ക്ലബ്ബുകൾ, കാസിനോകൾ, ആരാധനാലയങ്ങൾ, ജിമ്മുകൾ, കളിസ്ഥലങ്ങൾ എല്ലാം അടഞ്ഞു കിടന്നു. റെസ്റ്റോറന്റുകളും കഫേകളുമെല്ലാം ടേക്ക് എവേ സേവനങ്ങൾ മാത്രമായി. അവശ്യസാധനങ്ങൾ വാങ്ങാനോ ജോലിക്കോ പഠനത്തിനോ ചികിത്സയ്ക്കോ വ്യായാമത്തിനോ അല്ലാതെ ആർക്കും പുറത്തിറങ്ങാൻ അനുവാദമില്ല. നിയമം ലംഘിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ നിരത്തുകളിൽ പൊലീസും സജീവം. കഴിയുന്നത്ര പേർ വീടുകളിൽ ഇരുന്ന് ജോലി ചെയ്യണമെന്ന സർക്കാർ നിർദ്ദേശം മൂലം ജോലിയും വീട്ടിലായി. അങ്ങനെ രാജ്യം ഭാഗികമായി ലോക്ക്ഡൗണിലായി. ഇതോടെ വിജനമായ നിരത്തുകളും ആളൊഴിഞ്ഞ പൊതു ഗതാഗത സംവിധാനങ്ങളും ജനങ്ങളെ ഭീതിയിലാഴ്ത്തി.

അതിർത്തികൾ അടഞ്ഞു

രാജ്യത്തേക്ക് എത്തുന്നവർക്ക് മാത്രമായിരുന്നില്ല യാത്രാവിലക്ക്. പൗരന്മാരും പെർമനന്റ് റെസിഡന്റ്സും രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിലും, ആഭ്യന്തര യാത്രകൾ ചെയ്യുന്നതിലും വിലക്കേർപ്പെടുത്തിക്കൊണ്ടായിരുന്നു അതിർത്തികൾ അടച്ചത്. ഇതു വഴി രാജ്യത്തിനകത്തും പുറത്തും യാത്രകൾ പൂർണ്ണമായും നിലച്ചു. ഇതോടെ വൈറസ് വ്യാപനത്തിന്റെ തോതിൽ നേരിയ കുറവ് രേഖപ്പെടുത്തി.

കോവിഡിനെ തുരത്താനുള്ള ആസ്‌ട്രേലിയയുടെ ആദ്യ ശ്രമം ആഴ്ചകൾക്കുള്ളിൽ തന്നെ അക്ഷരാർത്ഥത്തിൽ ഫലം കണ്ടു തുടങ്ങി എന്ന് വേണം പറയാൻ. അന്ന് അടച്ച സംസ്ഥാന അതിർത്തികൾ 2020 അവസാനത്തോടെ മാത്രമേ തുറക്കാൻ സാധ്യതയുള്ളുവെന്നായിരുന്നു സർക്കാരുകൾ നൽകിയ സൂചന. രാജ്യാന്തര അതിർത്തിയാകട്ടെ 2021 മധ്യത്തോടെയും. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സാമൂഹിക വ്യാപനം കൂടിയതോടെ സംസ്ഥാനങ്ങളും ടെറിറ്ററികളും അതിർത്തികൾ അടച്ചിട്ടു.

തക്ക സമയത്ത് സംസ്ഥാന അതിർത്തികൾ അടച്ചത് വൈറസ് വ്യാപനം രാജ്യത്തിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് പടരാതിരിക്കാൻ ഒരു പരിധി വരെ സഹായിച്ചു എന്നു വേണം കരുതാൻ. അതേസമയം, ഈ നടപടികളൊന്നും എളുപ്പത്തിൽ സാധ്യമായിരുന്നില്ല.

അതിർത്തി തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രീമിയർമാർ തമ്മിൽ വാഗ്വാദങ്ങൾ അരങ്ങേറി. ആസ്‌ട്രേലിയയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിലായിരുന്നു ആദ്യം മുതൽ രോഗബാധയിൽ വർദ്ധനവ്. രോഗവ്യാപനം രൂക്ഷമായതോടെ പല സംസ്ഥാനങ്ങളും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങളുടെ സഞ്ചാരം തടയാനും, നിയമം ലംഘിക്കുന്നവരെ കസ്റ്റഡിയിലെടുക്കാനുമെല്ലാം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നതാണ് ആരോഗ്യ അടിയന്തരാവസ്ഥ.

പ്രതിസന്ധിയിലും കുടിയേറ്റ സമൂഹത്തോടൊപ്പം

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പൗരൻമാർക്കും പെർമനന്റ് റെസിഡന്റ്സിനും മുഖ്യ പരിഗണന നൽകേണ്ടതിനാൽ താൽക്കാലിക വിസയിലുള്ളവർ സ്വന്തം ചിലവുകൾ വഹിക്കാൻ കഴിയാത്ത പക്ഷം അവരുടെ നാടുകളിലേക്ക് മടങ്ങിപ്പോകുന്നതാണ് നല്ലതെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. ഇത് വിദ്യാഭ്യാസ മേഖലയെയും ടൂറിസം മേഖലയെയും സാരമായി ബാധിച്ചു. എങ്കിലും അമേരിക്ക പോലുള്ള രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് കുടിയേറ്റസമൂഹം ഉൾപ്പെടെയുള്ളവർ പ്രാണവായുവിനായി പിടഞ്ഞപ്പോൾ, സ്ഥിരതാമസത്തിനായി ആസ്‌ട്രേലിയ തെരഞ്ഞെടുത്ത പെർമനന്റ് റെസിഡന്റ്‌സിനും ഈ രാജ്യത്തെ സ്വന്തം രാജ്യമായി അംഗീകരിച്ച വിദേശ പൗരന്മാർക്കും ആരോഗ്യ പരിരക്ഷ നൽകുക എന്ന നിലപാടാണ് ഓസ്ട്രേലിയ സ്വീകരിച്ചതെന്ന കാര്യം ഊന്നിപ്പറയേണ്ടതുണ്ട്.

അതേസമയം താൽക്കാലിക വിസയിലുള്ളവരെ രാജ്യം പൂർണ്ണമായും കയ്യൊഴിഞ്ഞതുമില്ല. രാജ്യത്തുള്ള 20,000 നേഴ്സിംഗ് വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം ജോലി ചെയ്യാനുള്ള അനുവാദവും സമാന്തരമായി നൽകി.

പോപ്-അപ് ക്ലിനിക്കുകൾ

വൈറസ്ബാധ രൂക്ഷമായതോടെ കൊറോണയെ പിടിച്ചുകെട്ടാൻ അഥവാ ഫ്ലാറ്റനിംഗ് ദ കർവ് (flattening the curve) നായുള്ള പരിശ്രമത്തിലായിരുന്നു ഓസ്ട്രേലിയ. രാജ്യത്ത് രോഗബാധ 100 കടന്നതോടെ, പരിശോധനകൾക്കായി ആശുപത്രികളിൽ അനുഭവപ്പെട്ട തിരക്ക് കുറയ്ക്കാൻ ഓരോ സംസ്ഥാനത്തും ടെറിട്ടറിയിലും 100 ലേറെ പോപ്-അപ് ക്ലിനിക്കുകൾ ആരംഭിച്ചുകൊണ്ട് പരിശോധന വ്യാപകമാക്കി. ഒപ്പം, വാഹനത്തിൽ തന്നെ ഇരുന്നു കൊണ്ട് പരിശോധന നടത്താവുന്ന ഡ്രൈവ്-ത്രൂ ക്ലിനിക്കുകളും.

രോഗബാധ നേരിടാൻ ഈ പ്രതിസന്ധിഘട്ടത്തിലും നിരവധി സാമ്പത്തിക പാക്കേജുകൾ സർക്കാർ പ്രഖ്യാപിച്ചു. രോഗബാധ സംശയിക്കുന്നവരെ പരിശോധിക്കാനായി മെഡികെയർ ഫണ്ടിംഗ് ഉപയോഗിച്ചുള്ള ടെലിഫോൺ/വീഡിയോ കൺസൽട്ടേഷൻ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകുകയും ചെയ്തു. നേരിയ രോഗലക്ഷണങ്ങൾ ഉള്ളവർ പോലും പരിശോധനയ്ക്ക് മുൻപോട്ടു വരണമെന്ന് സർക്കാർ നിർദ്ദേശം നൽകി. നേരിയ തൊണ്ടവേദന അനുഭവപ്പെടുന്നവർ പോലും ജോലി സ്ഥലങ്ങളിലേക്ക് എത്തരുതെന്നും അറിയിച്ചു. ചില രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ആസ്‌ട്രേലിയയിൽ കോവിഡ് പരിശോധന പൂർണമായും സൗജന്യമാണെന്ന കാര്യവും എടുത്തു പറയേണ്ടതുണ്ട്. പരിശോധന നടത്താൻ ജനങ്ങൾ മടികൂടാതെ മുന്നിട്ടിറങ്ങിയതും കോൺടാക്ട് ട്രേസിംഗ് നടത്തി കൂടുതൽ രോഗബാധിതരെ കണ്ടെത്താൻ കഴിഞ്ഞതും ഈ രോഗത്തെ നിയന്ത്രണവിധേയമാക്കാൻ സഹായിച്ചിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. ഇതിനൊക്കെ പുറമെ രോഗമുള്ളവരെ തിരിച്ചറിയാൻ കോവിഡ് സേഫ് ആപ്പും ഫെഡറൽ സർക്കാർ പുറത്തിറക്കി. എന്നാൽ ഈ ആപ്പ് അത്രകണ്ട് ഫലപ്രദമായില്ലെന്ന ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്.

മെയ് അവസാനത്തോടെ കോവിഡ് ബാധ കുറഞ്ഞുതുടങ്ങിയപ്പോൾ, ഭാഗികമായി ലോക്ക്ഡൗണിലായിരുന്ന രാജ്യത്തെ നിയന്ത്രണങ്ങൾ മെല്ലെ അയച്ചു തുടങ്ങി. ഇതിനുള്ള റോഡ് മാപ് സർക്കാർ പുറത്തുവിട്ടു. മൂന്ന് ഘട്ടങ്ങളായുള്ള ലോക്ക്ഡൗൺ ഇളവുകൾ നടപ്പാക്കിത്തുടങ്ങിയതോടെ ജീവിതം സാധാരണ നിലയിലേക്ക് പോകുന്നതിന്റെ ആശ്വാസത്തിലായി ജനങ്ങൾ. എന്നാൽ ഇതിനിടെ ആസ്‌ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനമായ വിക്ടോറിയയിൽ സമൂഹത്തെയും അധികൃതരെയും ഒരുപോലെ വീണ്ടും ആശങ്കയിലാഴ്ത്തിക്കൊണ്ട് രണ്ടാം വ്യാപനം റിപ്പോർട്ട് ചെയ്തു.

സ്കൂളുകളിലും ഏജ്ഡ് കെയർ കേന്ദ്രങ്ങളിലും രോഗം പൊട്ടിപ്പുറപ്പെട്ടു. നിയന്ത്രണങ്ങളിൽ വലിഞ്ഞു മുറുകിയ ജനങ്ങൾ, ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തിയതും ഹോട്ടൽ ക്വറന്റീനിൽ വന്ന പാളിച്ചയുമെല്ലാം ഇതിനുത്തരവാദികളാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ വിക്ടോറിയ നടപ്പാക്കിയ ഇളവുകളെല്ലാം പിൻവലിച്ച് വീണ്ടും സ്റ്റേജ് 3 ലോക്ക്ഡൗണിലേക്ക് മാറി. രാജ്യം വീണ്ടും മഹാമാരിയുടെ കരിനിഴലിൻ കീഴിലായി.

രണ്ടാം വ്യാപനവും പിടിച്ചുകെട്ടി ആസ്ട്രേലിയ

കോവിഡ് വ്യാപന നിരക്ക് കുറഞ്ഞതിന്റെ ആശ്വാസത്തിൽ ആസ്ട്രേലിയ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പടിപടിയായി അയവു വരുത്തിത്തുടങ്ങിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നതിനിടയിലാണ് രണ്ടാം വ്യാപനം പിടിമുറുക്കിയത്. ആദ്യ വ്യാപനം രൂക്ഷമായത് ന്യൂ സൗത്ത് വെയിൽസിലായിരുന്നെങ്കിൽ, ഇത്തവണ ഇത് മെൽബൺ തലസ്ഥാനമായ വിക്ടോറിയയിലായിരുന്നു. ഒന്നാം വ്യാപനത്തെ കടത്തിവെട്ടും വിധമായിരുന്നു രണ്ടാം വ്യാപനം.

വിവിധയിടങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. വീണ്ടും ആശുപത്രികൾ നിറഞ്ഞു. ആരോഗ്യപ്രവർത്തകർ ആശ്വാസത്തോടെ ഊരിമാറ്റിയ PPE കിറ്റുകൾ വീണ്ടും അണിഞ്ഞ് കോവിഡിനെതിരെയുള്ള രണ്ടാം പടപൊരുതലിനായി കച്ചകെട്ടിയിറങ്ങി. ഏജ്ഡ് കെയർ കേന്ദ്രങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചെങ്കിലും, രാജ്യത്തെ വയോധികരുടെ ജീവനുകൾ കോവിഡ് വേട്ടയാടിയത് അധികൃതരെയും ജനങ്ങളെയും ഒരുപോലെ വീണ്ടും ആശങ്കയിലാഴ്ത്തി.

ഒന്നാം വ്യാപനത്തിൽ രാജ്യത്താകമാനം മാസത്തിൽ ഒന്നോ രണ്ടോ മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ, വിക്ടോറിയയിൽ മാത്രം ദിവസം 25 മരണം വരെ രേഖപ്പെടുത്തി. ഒരു ദിവസം 725 കേസുകൾ വരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. സ്ഥിതി വഷളായതോടെ ഒരു നൂറ്റാണ്ടിൽ ആദ്യമായി വിക്ടോറിയയുമായുള്ള അതിർത്തി ന്യൂ സൗത്ത് വെയിൽസ് അടച്ചു. മറ്റു സംസ്ഥാനങ്ങളും ഈ മാർഗ്ഗം സ്വീകരിച്ചു. ആറ് മില്യണിലേറെ വരുന്ന വിക്ടോറിയയിലെ ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ ഒതുങ്ങിക്കൂടി.

ഒരു വിക്ടോറിയൻ സമരമുറ

ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലെല്ലാം ആദ്യം മുതൽ മാസ്ക് നിർബ്ബന്ധമാക്കിയപ്പോൾ, രണ്ടാം വ്യാപനം രൂക്ഷമായ ജൂലൈയിൽ, വിക്ടോറിയയിലാണ് രാജ്യത്ത് ആദ്യമായി മാസ്ക് നിർബന്ധമാക്കിയത്. മാസ്ക് ധരിക്കാത്തവർക്ക് 200 ഡോളർ പിഴയും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങൾ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിക്കുകയും, ഇവിടെ വീടുകൾ തോറും കയറിയിറങ്ങി ആരോഗ്യപ്രവർത്തകർ പരിശോധന നടത്തുകയും ചെയ്തു (സബർബൻ ടെസ്റ്റിംഗ് ബ്ലിറ്റ്സ് അഥവാ ഡോർ-നോക്ക് പരിശോധന). സാധാരണ കോവിഡ് പരിശോധനാ രീതി കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നതിനാൽ, ഉമിനീർ പരിശോധനയും നടപ്പിലാക്കി.

പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് വിശേഷിപ്പിച്ചതുപോലെ ‘കോവിഡ് എന്ന ദുഷ്ടനായ ശത്രുവിനെ’ (The wicked enemy) ഒറ്റക്കെട്ടായി പിടിച്ചുകെട്ടുക എന്നതു മാത്രമായി സർക്കാരിന്റെ ലക്ഷ്യം. പിന്നീടു കണ്ടത് വിക്ടോറിയ സ്റ്റേജ് 3 ലോക്ക്ഡൗണിലേക്കും തുടർന്ന് ഓഗസ്റ്റ് രണ്ടിന് ആറാഴ്ചത്തെ സമ്പൂർണ്ണ (സ്റ്റേജ് 4) ലോക്ക്ഡൗണിലേക്കും പോകുന്നതായിരുന്നു.

സൂപ്പർമാർക്കറ്റുകളും ഫാർമസികളും പെട്രോൾ സ്റ്റേഷനുകളും ഒഴികെയുള്ള കടകളെല്ലാം അടച്ചിട്ടു. രാത്രി എട്ടു മണിമുതൽ രാവിലെ അഞ്ചു മണി വരെ ഏർപ്പെടുത്തിയ കർഫ്യു. ഈ സമയത്ത് ജോലിക്കായി പോകുന്നവർക്ക് തൊഴിലിടങ്ങളിൽ നിന്നുള്ള പെർമിറ്റ് കാർഡ് നിർബന്ധം. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ഒരു വീട്ടിൽ നിന്ന് ഒരു ദിവസം ഒരാൾക്കു മാത്രം പോകാൻ അനുവാദം. അതും അഞ്ചു കിലോമീറ്റർ ചുറ്റളവിൽ മാത്രം. സ്റ്റേ-ഹോം നിർദ്ദേശം ലംഘിക്കുന്നവർക്ക് ഒന്നാം വ്യാപനത്തിൽ ഏർപ്പെടുത്തിയ 1,652 ഡോളർ വർധിപ്പിച്ച് 5,000 ഡോളർ പിഴയും. മാർച്ച് മാസത്തിൽ അടച്ചിട്ട ആരാധനാലയങ്ങളും സ്വിമ്മിംഗ് പൂളുകളും എല്ലാം ഏഴു മാസം പിന്നിട്ടപ്പോഴും അടഞ്ഞുതന്നെ കിടന്നു.

പുത്തരിയിലെ കല്ലുകടികൾ

അതേസമയം ഈ നിയന്ത്രണങ്ങളൊന്നും അത്ര എളുപ്പത്തിൽ സാധ്യമാക്കാൻ കഴിഞ്ഞിരുന്നില്ല. എല്ലായിടത്തെയും പോലെ രാഷ്ട്രീയ തിരിമറികളും, സർക്കാർ പ്രഖ്യാപനങ്ങൾ എതിർത്തുകൊണ്ടുള്ള പ്രതിഷേധങ്ങളും (ആന്റി മാസ്ക്, ആന്റി ലോക്ക്ഡൗൺ) വ്യാപകമായി അരങ്ങേറി. ചില സന്ദർഭങ്ങളിൽ പൊലീസിന് ബലം പ്രയോഗിച്ച് ജനങ്ങളെ കീഴ്പ്പെടുത്തേണ്ടി വന്നു. പ്രീമിയറുടെ ഓഫീസ് ഒന്നിലേറെ തവണ ആക്രമിക്കപ്പെട്ടു.

വിദേശത്തു നിന്നെത്തുന്നവരെ പാർപ്പിച്ച ഹോട്ടൽ ക്വാറന്റീൻ പാളിച്ചയുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ ഫെഡറൽ സർക്കാർ പാർലമെന്ററി അന്വേഷണത്തിന് ഉത്തരവിടുകയും മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് സംസ്ഥാന സർക്കാർ വിധേയമാവുകയും ചെയ്തു. ഈ വിഷയം ചൂടുപിടിച്ചപ്പോൾ ഒരു ഘട്ടത്തിൽ ആരോഗ്യമന്ത്രിയുടെയും സംസ്ഥാനത്തെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥന്റെയും രാജിയിലേക്കു വരെ ഇത് നീണ്ടു. എന്നാൽ 725-ൽ നിന്ന് ദിവസം അഞ്ചു കേസുകളിലേക്കും ദിവസം 25 വരെ ഉയർന്ന മരണ നിരക്ക് പൂജ്യത്തിലേക്കും എത്തിയതോടെ സംസ്ഥാനം ഘട്ടം ഘട്ടമായുള്ള ഇളവുകളിലേക്ക് നീങ്ങി.

ഇതിനിടെ കോവിഡിന്റെ പിടിയിൽ നിന്നും പതിയെ മോചിതമായ സംസ്ഥാനത്തിന്റെ ഉൾനാടൻ പ്രദേശങ്ങൾ അതിർത്തി അടച്ചു സുരക്ഷിതമാക്കി. ഇവിടേക്ക് പ്രവേശിക്കുന്ന മെൽബണിലുള്ളവർക്ക് 5,000 ഡോളർ വരെ പിഴ ഈടാക്കി. പത്താഴ്ചയായി സ്കൂൾ പഠനം വീട്ടിലാക്കിയ കുട്ടികൾ തിരികെ സ്കൂളുകളിലേക്ക് മടങ്ങി. സ്കൂൾ കാമ്പസുകളിൽ രക്ഷിതാക്കൾക്ക് പ്രവേശനം നൽകാതെയും ദിവസവും കുട്ടികളുടെ ശരീര താപനില പരിശോധിച്ചും സ്കൂളുകളിലെ അസംബ്ലിയും മറ്റും നിർത്തലാക്കിക്കൊണ്ടുമായിരുന്നു കുട്ടികൾക്കായി പള്ളിക്കൂടങ്ങളുടെ വാതിലുകൾ തുറന്നത്. ഇതിനു പുറമെ രാജ്യത്താദ്യമായി ഏഴാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് ക്ലാസ് മുറികളിലും മാസ്ക് നിർബന്ധമാക്കി.

വൈറസ് ബാധ രൂക്ഷമായ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ യു കെ യിലും വെയിൽസിലുമെല്ലാം നൂറുകണക്കിന് ജീവനുകൾ കോവിഡ് അപഹരിച്ചപ്പോൾ, ആസ്ട്രേലിയ കൈക്കൊണ്ട നടപടികൾ മൂലം 16,313 മരണങ്ങളെങ്കിലും ഒഴിവാക്കാൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് മെഡിക്കൽ ജേർണൽ ഓഫ് ആസ്ട്രേലിയ ചൂണ്ടിക്കാട്ടുന്നു. ഇതുവഴി 9,295 പുരുഷൻമാരുടെയും 7,018 സ്ത്രീകളുടെയും ജീവനുകളാണ് രാജ്യത്തിന് സംരക്ഷിക്കാൻ കഴിഞ്ഞതെന്നും മെഡിക്കൽ ജേർണൽ ഓഫ് ആസ്‌ട്രേലിയ നടത്തിയ ഗവേഷണം വ്യക്തമാക്കുന്നു. രാജ്യത്ത് ആദ്യ വ്യാപനം അവസാനിച്ച ജൂലൈ 31-ന് 196 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ വിക്ടോറിയയിലെ രണ്ടാം വ്യാപനം മരണസഖ്യയിൽ വർദ്ധനവ് വരുത്തി. ഒക്ടോബർ മദ്ധ്യത്തോടെ രാജ്യത്ത് ആകെ മരണമടഞ്ഞവരുടെ എണ്ണം 904 ആണ്; ആകെ 27,362 കേസുകളും.

ജനലക്ഷങ്ങളുടെ ജീവനെ മഹാമാരിക്ക് വിട്ടു കൊടുക്കാൻ മടി കാണിച്ച രാജ്യത്തിന് പല കാര്യങ്ങളിലും വലിയ വില കൊടുക്കേണ്ടി വന്നു. കോവിഡ് പ്രതിസന്ധി മൂലം രാജ്യം ഭാഗികമായി ലോക്ക്ഡൗണിലായതോടെ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടിവരികയും ഇതു വഴി പത്തു ലക്ഷത്തോളം പേർക്ക് ജോലി നഷ്ടമാവുകയും ചെയ്തു. മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം നീങ്ങി. ബിസിനസ്സുകൾക്ക് ജീവനക്കാരെ നിലനിർത്താനായി ജോബ് കീപ്പർ പദ്ധതിയും, തൊഴിൽ തേടുന്നവർക്കുള്ള ധനസഹായ പദ്ധതിയായ ജോബ് സീക്കറും സർക്കാർ പ്രഖ്യാപിച്ചു. കൂടാതെ വിക്ടോറിയയിൽ രോഗബാധ രൂക്ഷമായപ്പോൾ ഐസൊലേഷനിൽ പോകേണ്ടി വരുന്ന കാഷ്വൽ ജീവനക്കാർക്ക് 1,500 ഡോളർ ധനസഹായവും നൽകി.

കോവിഡിനെ തുരത്തുന്നതിനിടയിലും ആസ്ട്രേലിയയിൽ രോഗം ഇത്രയും പടരാൻ കാരണമായത് ആസ്‌ട്രേലിയയുടെ ചില നടപടികളിലെ പാളിച്ചകൾ ആണെന്ന വിമർശനങ്ങളുണ്ട്. അതിൽ ഒന്നാണ് ആസ്‌ട്രേലിയൻ തീരത്തടുപ്പിച്ച ഡയമണ്ട് പ്രിൻസസ്, റൂബി പ്രിൻസസ് എന്നീ ക്രൂസ് കപ്പലുകൾ. ജൂൺ വരെയുള്ള കണക്കു പ്രകാരം രാജ്യത്ത് ആകെ റിപ്പോർട്ടു ചെയ്ത കേസുകളിൽ പത്തു ശതമാനവും മരണ സംഖ്യയിലെ 20 ശതമാനവും ഈ കപ്പലുകളിലെ യാത്രക്കാരായിരുന്നു.

കരുതലിന്റെ രാജ്യതന്ത്രം

ഒരു വശത്ത് പാളിച്ചകളും സാമ്പത്തിക രംഗത്തിന്റെ തകർച്ചയുമെല്ലാം നേരിട്ടെങ്കിലും മറുവശത്ത് മഹാമാരി പൊട്ടിപ്പുറപ്പെട്ട് അരക്കൊല്ലം പിന്നിടുമ്പോഴും മറ്റു ലോകരാഷ്ട്രങ്ങൾ പകച്ചുനിൽക്കുന്നിടത്താണ് ആസ്ട്രേലിയ കൊറോണാവൈറസിനെ ഞെരിച്ചമർത്തിയത്.

ഒഴിവു ദിനങ്ങളും വാരാന്ത്യങ്ങളുമെല്ലാം ബീച്ചും ട്രെക്കിംഗും യാത്രയുമായി ആസ്വദിച്ചിരുന്ന ഒരു ജന സമൂഹത്തെ രണ്ടാം ലോക്ക്ഡൗൺ കുറച്ചൊന്നുമല്ല ശ്വാസം മുട്ടിച്ചത്. എന്നിരുന്നാലും, ഭരണ പ്രക്രിയയുടെ കാര്യശേഷിയും, സൗകര്യങ്ങൾക്കും സാമ്പത്തിക താത്പര്യങ്ങൾക്കും ഉപരി ജനങ്ങളോടുള്ള ഉത്തരവാദിത്ത മനോഭാവവും ഈ ആസ്‌ട്രേലിയൻ മാതൃകയിൽ തിളങ്ങി നിൽക്കുന്നു.

ആസ്‌ട്രേലിയയിൽ വൈറസ് ബാധയുടെ രണ്ടാം വ്യാപനം ദുരിതത്തിലാക്കിയ വിക്ടോറിയയിൽ ജീവിക്കുന്ന ഒരാളെന്ന നിലയ്ക്കും ഇതു സംബന്ധിച്ച വാർത്തകളെല്ലാം ആകാംഷയോടെ റിപ്പോർട്ട് ചെയ്ത ഒരു മാധ്യമപ്രവർത്തകയെന്ന നിലയ്ക്കും കോവിഡ് മഹാമാരിയെ രാജ്യം കൈക്കുള്ളിൽ ഒതുക്കാൻ അഹോരാത്രം പ്രയത്നിക്കുന്നത് വളരെ അടുത്തു നിന്ന് നോക്കിക്കാണാൻ സാധിച്ചിട്ടുണ്ട്. സ്വന്തം ജനതയുടെ ജീവന് സമ്പദ് വ്യവസ്ഥയെക്കാൾ മൂല്യം കൊടുത്തുകൊണ്ട്, ഒരു മഹാമാരിയെ തുരത്താൻ ആസ്‌ട്രേലിയ കൈക്കൊണ്ട ഈ നടപടികൾ മറ്റു ലോകരാഷ്ട്രങ്ങൾക്ക് ഒരു മാതൃകയാവട്ടെ.

2 Comments

  1. Jacob

    well written and well researched article.

  2. Mahendra

    Good insight into Australian successful Covid fight. Yes, Victoria has undergone a battle. 2020 will be a victorious nightmare for all Victorians. Well written. Thanks

Punnackal Financial Services

* * * Gateway to a secure life  * * * Contact: 0421 430 068  

WallStreet Australia

If you need to Refinance, Its time to talk to us! Contact: 0415 255 915

Move Realty

* * * *  Making your move easy * * * * Contact: 0410 066 578  

Indian Beauty Secrets

* * * * Beauty | Hair | Spa | Laser * * * * Contact: 02 9672 4448

Neil Lawyers

* * * * * * Solicitors & Notary * * * * * * Contact: 02 9636 9224 / 9636 9664

P J Taxation

* * * * Income Tax & GST Returns * * * Contact: 0414 424 980  

Pixela Print

Digital, Offset & Wide format Printing Contact: 0403 993 399

Micro Precision Manufacturing Pty Ltd

Precision Engineers & Toolmakers Contact: 02 9829 8224

Councillor Susai Benjamin

Best Compliments  

Councillor Sameer Pandey

Best Compliments