ലേഖനം

അടുക്കളയിൽ നിന്നും അവലോസുണ്ട

Author

ഗിൽബർട്ട്

കുറച്ചു വർഷങ്ങൾക്കു മുമ്പുള്ള സംഭവം ആണ് . എന്റെയൊരു മലയാളി സുഹൃത്ത് ഗുരുതരമായ ചില കുടുംബപ്രശ്നങ്ങളിൽ പെട്ടു . പ്രശ്‌നം  പോലീസിന്റെ കൈകളിലെത്തും എന്ന് ഉറപ്പായപ്പോൾ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ഇവിടെ ഉപേക്ഷിച്ചു രായ്ക്കുരാമാനം ഈ നാടുവിടേണ്ടി വന്നു.

ഭാര്യയും മകളും കൂടി സ്വന്തമായി രൂപകൽപ്പന ചെയ്‌ത്‌, നട്ടു നനച്ചു തടം കോരി, വികസിപ്പിച്ചെടുത്ത തിരക്കഥയുടെ പരിസമാപ്തി തന്നെയായിരുന്നു ഭർത്താവിന്റെ ആ ഒളിച്ചോടൽ എന്നതു കൂടി  പറയാതെ വയ്യാ.

എയർപോർട്ടിൽ ഫ്ലാഗ് ചെയ്തിരിക്കാം എന്ന ഭയമുള്ളതുകൊണ്ടും സംഭവം പോലീസിന്റെ കയ്യിലെത്തിയിരുന്നതു കൊണ്ടും മാസങ്ങൾ കഴിഞ്ഞിട്ടും നാട്ടിൽ നിന്നും തിരികെ ഇങ്ങോട്ടു വരുവാൻ കഴിഞ്ഞിരുന്നില്ല.

മാസങ്ങൾ കടന്നു പോയപ്പോൾ, കുടുംബനാഥൻ അകന്നു നിൽക്കുന്നതിന്റെ വിഷമവും  പേറി ഏകാന്തതയുടെ അപാര  തീരങ്ങളിൽ ഉലാത്താൻ തുടങ്ങിയ ഭാര്യ പലരെയും സമീപിച്ച്, ഏതു വിധേനയും തന്റെ ഭർത്താവിനെ തിരികെ എത്തിക്കണമെന്ന് കരഞ്ഞുപറയാൻ തുടങ്ങി.

“ഒരു പോലീസ് കേസ് നിലനിൽക്കെ എന്തിനാണ് ഇത്ര പെട്ടെന്ന് അങ്ങേരു വരണമെന്ന് വാശിപിടിക്കുന്നത്?” ഞാൻ ആരാഞ്ഞതിന് അവർ പറഞ്ഞ മറുപടി എന്നെ അക്ഷരാർത്ഥത്തിൽ വല്ലാതെ കുഴച്ചു കളഞ്ഞു.

അവർ പറഞ്ഞതിതാണ്.

“എനിക്ക് ഡ്രൈവിംഗ് ലൈസൻസ് ഇല്ല. അങ്ങേര് ഇല്ലാത്തതുകാരണം ഷോപ്പിങ്ങിനൊന്നും  പോകാൻ കഴിയുന്നില്ല!” എന്ന്

ഹമ്പടി ഭയങ്കരി…..!

എനിക്ക് വല്ലാത്ത ദേഷ്യവും സങ്കടവും വന്നു. ഇത്തരമൊരു ദുർഘടാവസ്ഥയിൽ, പോലീസ്സ് കേസ്സൊക്കെ പരിഹരിച്ചു, ആ കുടുംബത്തെ വീണ്ടും എങ്ങനേയും യോജിപ്പിച്ചു കൊണ്ട് പോകാൻ വേണ്ടി സമയവും സ്വസ്ഥതയും കളഞ്ഞുകൊണ്ട് അവർക്കു വേണ്ടി ഓടി നടക്കുന്നവരോട് അവർ പറയുന്നു അവർക്കു ഭർത്താവില്ലാത്തതുകൊണ്ടു “ഷോപ്പിംഗിനു പോകാൻ പറ്റുന്നില്ലന്ന്”….!!!

കഷ്ടം…! സ്ത്രീയേ, ഇതെന്തു വർഗ്ഗം???

ഇത്രയ്ക്കു അൽപ്പമൂല്യം ഉള്ളവനാണോ ഒരു ഭർത്താവ്?  ഇത്രയ്ക്കു നിസ്സാരമായാണോ ഒരു പുരുഷന്റെ, ഭർത്താവിന്റെ കുടുംബത്തിലെ സാന്നിദ്ധ്യത്തെ അളക്കേണ്ടത് എന്നൊക്കെയുള്ള ചിന്തകൾ ആണ് എന്നിലൂടെ കടന്നു പോയത്.

എന്തൊക്കെയായാലും പിന്നീട് എല്ലാം മംഗളമായി കഴിഞ്ഞു. നാളുകൾക്കുശേഷം പലരുടെയും ശ്രമഫലമായി അവർ കൂടിച്ചേർന്നു.

വർഷങ്ങൾ കഴിഞ്ഞു. ഞാൻ ആ കഥയെല്ലാം മറന്നു കഴിഞ്ഞു.

ഇന്നലെ The Taking of Pelham123 എന്ന ഇംഗ്ലീഷ് സിനിമ കണ്ടു.

നാലു ക്രിമിനലുകൾ ചേർന്ന് ഒരു ട്രെയിൻ ഹൈജാക്ക് ചെയ്യുന്നു. യാത്രക്കാരെ ബന്ദികൾ ആക്കുന്നു. ഹൈജാക്ക് ചെയ്ത ട്രെയിൻ അവർ അവർക്കു സുരക്ഷിതമായ തരത്തിൽ ഒരു തുരങ്കത്തിൽ നിറുത്തിയിടുന്നു.

പിന്നീട്, അവർ ട്രെയിനിൽ നിന്നും ഫോണിലൂടെ MTA Control Centre ഫോണിൽ വിളിക്കുന്നു.

സമയ ദോഷം കൊണ്ട് ആ ഫോണെടുത്തതും അവരുടെ ആവശ്യം ഫോണിലൂടെ അറിഞ്ഞതും വാൾട്ടർ ഗാർബർ എന്ന ഒരു Train dispatcher ആണ്. വാൾട്ടർ ഗാർബർ (Denzel Washington ആണ് നടൻ)  എന്ന Train  Dispatcher, തന്റെ ജോലിസമയം കഴിഞ്ഞു കൈയും മുഖവും കഴുകി, ബാഗുമെടുത്തു വീട്ടിലേക്കു പുറപ്പെടാൻ പുറത്തേക്കുള്ള വാതിൽ തുറക്കാൻ തുടങ്ങുമ്പോൾ ആണ് ഫോൺ ബെല്ലടിക്കുന്നത്.

ചില സമയദോഷങ്ങൾ അങ്ങനെയാണ്.

Sept 11 ന്റെ Twin Tower തകർക്കപ്പെടുന്നതിന് സെക്കൻഡുകൾക്കു മുമ്പ് ആ ടവറുകളിലെ നിലകൾ ഒന്നിൽ ജനലിലൂടെ വെറുതെ പുറത്തേക്കു നോക്കി നിന്നിരുന്ന രണ്ടുപേരിൽ ഒരാൾ ഇടതുകാലിൽ നിന്നു വലതുകാലിലേക്കു ശരീരഭാരം  മാറ്റിയതിന്റെ പേരിൽ മാത്രം മറ്റേയാൾക്കൊപ്പം മരിക്കാതെ രക്ഷപ്പെട്ട സംഭവം  എവിടെയോ വായിച്ചിട്ടുണ്ട്.

നാം സിനിമയിലേക്ക് തിരിച്ചെത്തുന്നു.

ചില സമയദോഷങ്ങൾ അങ്ങനെയാണ്. വാൾട്ടർ ഗാർബർ അത്തരമൊരു സമയദോഷത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ്.

മോചനദ്രവ്യമായി 10 Million ഒരു മണിക്കൂറിനുള്ളിൽ എത്തിക്കണമെന്നും ആ സമയം കഴിഞ്ഞുപോയാൽ ട്രെയിനിലെ ബന്ദികളെ ഓരോരുത്തെരയായി വധിക്കാൻ തുടങ്ങുമെന്നും അവർ വാൾട്ടർ ഗാർബറെ അറിയിക്കുന്നു. അയാൾ പോലീസിൽ വിവരം അറിയിക്കുന്നു. വീട്ടിൽ പോകാൻ തുടങ്ങുന്ന അയാളെ അക്രമികളിൽ പ്രധാനി (John Travolta) നിർബന്ധിച്ചു തടയുന്നു.

അവർക്ക് മീഡിയേറ്റർ ആയി അയാൾ തന്നെ  മതിയെന്ന് അവർ അറിയിക്കുന്നു…!

ആ തീരുമാനത്തിൽ പാവം ഗാർബറുടെ വിധി നിർണ്ണയിക്കപ്പെടുന്നു…!

പോലിസ് പണത്തിനുള്ള ഓട്ടം തുടങ്ങുന്നു. സമയം കടന്നു പോകുന്നു.

അവർ പറഞ്ഞ ഒരു മണിക്കൂർ അടുക്കുന്നു. അവർക്കുള്ള 10 Million നും വഹിച്ചുകൊണ്ട് അതിവേഗത്തിൽ പാഞ്ഞു പോയ പോലീസ് വാഹനം അപകടത്തിൽ പെടുന്നു.

പറഞ്ഞ സമയം കഴിഞ്ഞതുകൊണ്ട് ബന്ദികളിൽ ഒരാൾ വധിക്കപ്പെടുന്നു.

വീണ്ടും പണം എത്തിക്കാൻ കൂടുതൽ സമയം അനുവദിച്ചു കിട്ടണം.. അക്രമികളോട് അതപേക്ഷിക്കാൻ യോഗ്യനായ ഒരാൾ മാത്രമേ അപ്പോൾ സ്റ്റേഷനിൽ ഉള്ളൂ. വാൾട്ടർ ഗാർബർ എന്ന പാവം train Dispatcher.

ഒരു പത്തു മിനിട്ടു കൂടി കൂടുതൽ അനുവദിക്കാൻ ആവശ്യപ്പെടാൻ പോലീസ് അദ്ദേഹത്തെ അറിയിക്കുന്നു.

ഗാർബറുടെ അപേക്ഷ അക്രമികൾ സമ്മതിക്കുന്നു. കുട്ടത്തിൽ അവർ മറ്റൊരു നിബന്ധന കൂടി വച്ചു .  ഇനി പണവുമായി മറ്റാരും വരണ്ട.. 10 മിനിറ്റിനുള്ളിൽ പറഞ്ഞ പണവുമായി ഗാർബർ തന്നെ നേരിട്ട് ട്രെയിനിൽ നേരിട്ട് എത്തണം എന്നും അവർ ആവശ്യപ്പെടുന്നു.

ഗാർബർ  നടുങ്ങിപ്പോയി. ഹൃദയമിടിപ്പിന്റെ 10 മിനിറ്റുകൾ…!

നിസ്സഹായനായ ഗാർബർ.  പത്തു  മില്യൺ കൊണ്ടുപോകാനായി അയാൾക്കു വേണ്ടി പോലീസ് ഒരു ഹെലികോപ്റ്റർ റെഡിയാക്കുന്നു. കരുതലിനായി കയ്യിലൊരു തോക്കും കൊടുക്കുന്നു. ജീവിതത്തിൽ ആദ്യമായി തോക്കു കാണുന്ന ഗാർബറിന്റെ കരളൊന്നു പിടഞ്ഞു.

തോക്ക് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് പോലീസ് അയാൾക്ക് കാണിച്ചു കൊടുക്കുന്നു.

അയാൾക്കിനി കുടുംബത്തിലേക്കും ജീവിതത്തിലേക്കും ഒരു പക്ഷേ തിരിച്ചുപോക്കുണ്ടാവില്ല !

വീട്ടിൽ കാത്തിരിക്കുന്ന ഭാര്യയെ അയാളിനി ഒരിക്കലും കണ്ടു എന്നു വരില്ല.

അതയാളുടെ അവസാന 10 മിനിറ്റുകൾ ആവാം.

പത്തു മിനിട്ടുകൾ മാത്രം. താമസിച്ചാൽ യാത്രക്കാർ മരിച്ചു വീഴും. ഗാർബറിന്റെ ഹൃദയമിടിപ്പ് കൂടുന്നു. പോലീസ് തിരക്ക് കൂട്ടുന്നു.

ഹെലിക്കോപ്റ്ററിനടുത്തേക്കു നീങ്ങുന്ന ഗാർബർ ഭാര്യയെ ഒന്ന് ഫോൺ ചെയ്യണമെന്നു പോലിസിനോട് പറയുന്നു. അവർ മനസ്സില്ലാമനസ്സോടെ ഒരേയൊരു മിനിറ്റ് ഫോൺ ചെയ്യാൻ സമ്മതിക്കുന്നു..

ഗാർബർ ഫോൺ കയ്യിലെടുത്തു അവസാനമായി ഭാര്യയെ വിളിക്കുന്നു.

TV യിൽ വരുന്ന തത്സമയ ദൃശ്യങ്ങൾ കണ്ടുകൊണ്ടിരുന്ന  ഭാര്യ കാര്യത്തിന്റെ ഗൗരവം പെട്ടെന്ന് തിരിച്ചറിയുന്നു. പക്ഷെ ആ സംഭവങ്ങളിൽ തന്റെ ഭർത്താവാണ് പ്രധാന നായകൻ എന്ന് അവർ അപ്പോഴാണ് അറിയുന്നത്.

ഒരു പക്ഷെ……… ഭാര്യയുമായുള്ള അയാളുടെ അവസാനത്തെ സംഭാഷണം ആവാമത്.

ഫോണിനപ്പുറത്ത് ഭാര്യ. അയാൾ സംഭവം വിവരിക്കുന്നു.

ഭാര്യയോട് അയാൾ ഇടറിയ മനസ്സുമായി യാത്രപറയുന്നു.

അപ്പോൾ എല്ലാം േകട്ടുകഴിഞ്ഞ ഭാര്യയുടെ മറുപടി.

“ഇവിടെ പാല് തീർന്നിരിക്കയാണ്. തിരികെ വരുമ്പോൾ കടയിൽ കയറി പാൽ വാങ്ങിച്ചുകൊണ്ടു വരണം”

മറുപടി കേട്ട് അയാൾ സംഭ്രമത്തിലാവുന്നു. ഫോൺ കട്ട് ചെയ്യുന്നു.

സിനിമ കണ്ടുകൊണ്ടിരുന്ന ഞാൻ ഒരു നിമിഷം അമ്പരന്നു പോയി.

വർഷങ്ങൾക്കുമുമ്പ് കേട്ട ആ ഭാഷണം പെട്ടെന്ന് ഓർമ്മയിൽ വന്നു.

“ഭർത്താവില്ലാത്തതുകൊണ്ടു ഷോപ്പിംഗിനു പോകാൻ പറ്റുന്നില്ല.”

ഇതെന്തു കഥ….! മലബാറിലായാലും അങ്ങ് പടിഞ്ഞാറ് നവോത്ഥാന നാട്ടിലായാലും അവസ്ഥ ഇതു  തന്നെയോ ?

‘ഗോഡ് ഫാദർ’ എന്ന മലയാളം സിനിമയിൽ ജീവനും കൊണ്ട് കയ്യിൽ കിട്ടുന്നതും എടുത്തുകൊണ്ട് എത്രയും വേഗം രക്ഷപ്പടാൻ ശ്രമിക്കുന്ന ഇന്നച്ചന്റെ അടുത്തേക്ക് “ഇച്ചിരി അവലോസുണ്ടയാണ്” എന്നും പറഞ്ഞ് ഒരു ടിന്നുമായി വരുന്ന KPAC ലളിതയെ ഓർക്കുക.

കൊടും ഭീകരരായ അക്രമികളുടെ മുന്നിലേക്ക് പിടയുന്ന ജീവനുമായി, ജീവിതത്തിലെ അവസാനത്തെ 10 മിനിറ്റുകൾ ആണോ മുന്നിൽ കാണുന്നത് എന്നറിയാതെ പകച്ചുനിൽക്കുന്ന ഹതഭാഗ്യനായ ഭർത്താവിനോട്  ഭാര്യ പറയുന്നു പണി  കഴിഞ്ഞു തിരിച്ചു വരുമ്പോൾ പാലും വാങ്ങിച്ചു കൊണ്ട് വരണമെന്ന്…..!

പെണ്ണ്…… ഇതെന്തു വർഗ്ഗം?

സിനിമയിലെ ബാക്കിയിലേക്കു തിരിച്ചു വരാം. എങ്കിലേ സംഭവം പൂർണ്ണമാവൂ.

ഗാർബർ വിചാരിച്ചപോലെയൊന്നും സുഗമമായി കാര്യങ്ങൾ  നടന്നില്ല.. വീണ്ടും ബന്ദികൾ വധിക്കപ്പെട്ടു. ഗാർബറെയും അവർ ബന്ദിയാക്കി. പിന്നെ, വെടിയൊച്ചകൾ, പോലീസ്സ് കാർ ചെയ്‌സുകൾ എല്ലാ ദുരന്തങ്ങളും അരങ്ങേറുന്നു. അവസാനം പോലീസ് അക്രമികളെ കീഴ്‌പ്പെടുത്തുമ്പോഴേക്കും നേരം വെളുക്കുന്നു.

പക്ഷേ, കാർ ചെയ്‌സുകൾക്കും തോക്കിന്റെ അലർച്ചകൾക്കും രക്തച്ചൊരിച്ചിലിനും ശേഷം സിനിമയവസാനിക്കുമ്പോൾ…….., രാവിലെ ഒരു കുപ്പി പാലും കയ്യിൽ തൂക്കിപ്പിടിച്ചു വീട്ടിലേക്കും ഭാര്യയുടെ അടുത്തേക്കും ജീവിതത്തിലേക്കും തിരികെ നടന്നടുക്കുന്ന ഗാർബറെ കാണുമ്പോൾ എനിക്ക് ഒരു വലിയ സത്യം മനസ്സിലായി.

പെണ്ണെന്ന വർഗത്തിന്റെ നിസ്സാരപ്പെടുത്തലുകൾ, ഗൗരവമില്ലായ്മ, കുറ്റപ്പെടുത്തലുകൾ  അതൊന്നും അങ്ങനെയല്ലന്ന്….!

അത് നാം കരുതുന്ന പോലെയല്ലെന്ന്.

മറിച്ച്, അത് ജീവിതത്തിലേക്കുള്ള തിരിച്ചു വിളിയാണെന്ന്. മരണത്തിൽ നിന്നുള്ള മടക്കയാത്രയ്ക്ക് പോലും പുരുഷനെ സ്ത്രീ ക്ഷണിക്കുന്ന രീതിയതാണെന്ന്, പ്രത്യാശയുടെ സ്വരമാണതെന്ന്, അതാ വർഗ്ഗത്തിന്റെ മാത്രം സവിശേഷതയാണെന്ന്…………..!

“കൊടുങ്കാറ്റിലും, ഭൂമികുലുക്കത്തിലും, തീക്കാറ്റിലും , പേമാരിയിലും അന്വേഷിച്ച ദൈവത്തെ കണ്ടില്ല എലിജാ, ശാന്തമായ ഇളംകാറ്റിൽ ആയിരുന്നു പിന്നീട് എലിജാ ദൈവത്തെ കണ്ടെത്തിയത്” ………എന്നും നാം വായിക്കുന്നു.

0 Comments

Punnackal Financial Services

* * * Gateway to a secure life  * * * Contact: 0421 430 068  

WallStreet Australia

If you need to Refinance, Its time to talk to us! Contact: 0415 255 915

Move Realty

* * * *  Making your move easy * * * * Contact: 0410 066 578  

Indian Beauty Secrets

* * * * Beauty | Hair | Spa | Laser * * * * Contact: 02 9672 4448

Neil Lawyers

* * * * * * Solicitors & Notary * * * * * * Contact: 02 9636 9224 / 9636 9664

P J Taxation

* * * * Income Tax & GST Returns * * * Contact: 0414 424 980  

Pixela Print

Digital, Offset & Wide format Printing Contact: 0403 993 399

Micro Precision Manufacturing Pty Ltd

Precision Engineers & Toolmakers Contact: 02 9829 8224

Councillor Susai Benjamin

Best Compliments  

Councillor Sameer Pandey

Best Compliments