Author

വിജയകുമാർ ബ്രിസ്‌ബൻ
സിഡ്നിയിൽ നിന്ന് പ്രകാശിപ്പിക്കുന്ന ഒരു പ്രസിദ്ധീകരണം ഇന്ന് ഓസ്ട്രേലിയയിലെ മുഴുവൻ മലയാളികളുടെയും അവരുടെ ഭാഷയേയും സംസ്കാരത്തെയും പ്രതിനിധീകരിയ്ക്കുന്ന ഒരു സ്മരണികയായി മാറിയിരിക്കുന്നു.ഇതിന് പിന്നിൽ അഹോരാത്രം പരിശ്രമിച്ച ജേക്കബ് ചേട്ടനും എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾക്കും നന്ദിയും അഭിനന്ദനങ്ങളും.
കേരളനാദം 2019 അതിൻറെ മുൻ ലക്കങ്ങളെ അപേക്ഷിച്ച് നിലവാരത്തിന് കാര്യത്തിൽ കാര്യമായ മികവ് പുലർത്തിയില്ല എന്ന ഒരു വിമർശനം ആണ് വ്യക്തിപരമായി മുന്നോട്ടുവയ്ക്കാൻ ഉള്ളത്. പ്രവാസ ലോകത്തിൻറെ പരിമിതികളും ജീവിതതിരക്കുകൾക്കുമിടയിൽ സമയബന്ധിതമായി ഇത്തരമൊരു പ്രസിദ്ധീകരണം പുറത്തുകൊണ്ടുവരിക എന്നത് ക്ലേശകരമായ ഒരു പ്രവർത്തിയാണ്. എന്നിരുന്നാലും. കിട്ടിയതെല്ലാം അതുപോലെ അച്ചടിച്ചു എന്നതിനപ്പുറം കാര്യമായ എഡിറ്റിംഗും മറ്റും നടന്നതായ സൂചനയോ മികവോ തോന്നിയില്ലാ എന്ന് ചൂണ്ടി കാ ണിക്കട്ടെ.
ആസ്തേലിയ സന്ദർശിച്ച പ്രമുഖ എഴുത്തുകാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. എങ്കിലും വായനക്കാരിലേക്ക് അത് അർഹിയ്ക്കുന്ന ഗൗരവത്തോടെ സന്നിവേശിപ്പിക്കാൻ കഴിഞോ എന്നത് ആത്മപരിശോധന നടത്തേണ്ടതാണ്. മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരും ചിന്തകരും പ്രഭാഷകരും ഓസ്ട്രേലിയ സന്ദർശിച്ചു എങ്കിലും അവരുടെ സൃഷ്ടികൾ കേവലം സാഹിത്യസൃഷ്ടികൾ മാത്രമായി ഒതുങ്ങി പോയി. ഇത് അവർ ഇവിടം സന്ദർശ്ശിച്ചില്ലെങ്കിലും തരപ്പെടുത്താവുന്ന ഒന്നാണ്. അവർ തങ്ങളുടെ സന്ദർശ്ശനത്തിന്റെ ഭാഗമായി ഓസ്ട്രേലിയൻ മലയാളികളെയും അവരുടെ ജീവിതത്തെയും ഓസ്ട്രേലിയയെതന്നെയും എങ്ങിനെ നോക്കിക്കാണുന്നു, അവരുടെ സന്ദർശനം എന്തിനായിരുന്നു, എന്നിങ്ങനെയുള്ള വിശദാംശങ്ങൾ പരാമർശ്ശിയ്ക്കപ്പെട്ടില്ല എന്നത് തീർത്തും ദൗർഭാഗ്യകരമായി
പോയി. K V THOMAS സാറിന്റെ കുറിപ്പ് ഇതിൽ വ്യത്യസ്തവും ഒപ്പം മെച്ചപ്പെട്ടതും ആയി തോന്നി.ഭാവിയിൽ സന്ദർശ്ശകരിൽനിന്ന് ഇത്തരം ഒരു കുറിപ്പ് അലെങ്കിൽ അവരുടെ തന്നെ ഒരു ലഘു ഇൻറർവ്യൂ ഉൾപ്പെടുത്തുന്നത് /പ്രസിദ്ധീകരിക്കുവാൻ ശ്രമിക്കുന്നത് ചരിത്രപരമായ ഒരു രേഖപ്പെടുത്തൽ കൂടിയാകും.
വളരെ ഗൗരവമായി കണ്ട ഒരു കുറവ് മുൻ കാലങ്ങളെ അപേക്ഷിച്ച് മലയാളി ജീവിതത്തെയും ഓസ്ട്രേലിയൻ സമൂഹത്തെയും സ്പർശിക്കുന്ന ഒരു പൊതു സംവാദത്തിന് അഭാവമാണ്. ഇത്തരം സംവാദം സംഘടിപ്പിയ്ക്കാനുള്ള കഴിവും ഉത്തരവാദിത്വവും കേരളനാദത്തി്ന് ഉണ്ട് എന്ന് ഞാൻ കരുതുന്നു. സാമൂഹ്യവും സാംസ്കാരികവുമായ കാലിക പ്രസക്തമായ വിഷയങ്ങളുടെ സംവാദം വ്യത്യസ്ത വീക്ഷണങ്ങൾ ഉൾപ്പെടുത്തി അവതരിപ്പിക്കുന്നത് ഒരു സാമൂഹ്യ സാംസ്കാരിക പ്രവർത്തനം കൂടിയാണ് എന്ന് ഞാൻ കരുതുന്നു.
കുട്ടികളുടെ സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിക്കുവാൻ എടുത്ത ശ്രമം ശ്ലാഘനീയമാണ്. ചില രചനകളിൽ പ്രത്യേകച്ച് കവിതകളിൽ മുതിർന്നവരേക്കാൾ മെച്ചപ്പെട്ട നിലവാരമുള്ളത് കുട്ടികളുടെത് ആണല്ലോ എന്ന് പോലും തോന്നുന്ന ധിഷണാപരമായ സംഭാവനകൾ തുടർന്നും ഉണ്ടാകണം.
എടുത്തുപറയേണ്ട മറ്റൊരു മികവ് കൂടുതൽ പ്രവാസ ലോകവുമായി ഇഴയടുപ്പമുള്ള കഥകൾ കവിതകൾ ലേഖനങ്ങൾ ഒക്കെ മുൻകാലങ്ങളെ അപേക്ഷിച്ച് എണ്ണത്തിൽ കൂടുതൽ കാണുവാൻ കഴിഞ്ഞുവെന്നതാണ്. ഇത് സന്തോഷം നൽകുന്ന ഒരു കാര്യമാണ്. ചിലത് ക്ലീഷേ ആയിരുന്നുവെന്നത് അവിടെ നില്‍ക്കട്ടെ.
ഏറ്റവും മികച്ച രചനകളിൽ ഒന്നായി ഞാൻ ദമാസ്കസ് എന്ന കഥയെ കാണുന്നു. കാലത്തിന് മുന്നെ സഞ്ചരിച്ച കഥയായിരുന്നു സത്യരാജിന്റെ കഥ. അതിന്റെ വെടിയൊച്ചകൾ കഴിഞ്ഞ ദിവസവും എന്റെ മസ്തിഷ്കത്തിൽ മുഴങ്ങി.
പറഞുവരുന്നത് കഥകൾ കവിതകൾ ലേഖനങ്ങൾ ഒക്കെ ഇന്ന് വായിക്കുവാൻ മലയാളികൾക്ക് ഓൺലൈൻ ആയും അല്ലാതെയും ധാരാളം വാതായനങ്ങൾ ലഭ്യമാണ്. കേരളനാദം ഇവയിൽ നിന്ന് വ്യത്യസ്തം ആകണം എങ്കിൽ ഓസ്ട്രേലിയൻ പ്രവാസി മലയാളികളുടെ ജീവിതത്തെയും പ്രവാസി മലയാളികളുടെ ജീവിത സംഘർഷങ്ങളെയും അനുഭവങ്ങളേയും വിഹ്വലതകളേയും സ്വാംശീകരിക്കുന്ന കഥകളും കവിതകളും ലേഖനങ്ങളും കൂടുതലായി വരുംകാലങ്ങളിൽ ഉൾപ്പെടുത്തണം എന്ന അഭിപ്രായമാണ് എനിയ്‌ക്കുള്ളത്. അതിന്റെ പരിധികളും പ്രിയോറിറ്റികളും മാനദണ്ഡങ്ങളും ഏതളവിൽ എഴുത്തുകാർക്ക് മുന്നിൽ അവതരിപ്പിക്കാം …ആവശ്യപ്പെടാം എന്നത് തീർച്ചയായും എഡിറ്റോറിയൽ ബോർഡിൻറെ അധികാരത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതാണ്.
മറ്റൊരു സവിശേഷമായ കാര്യം കേരള നാദം 2019 വിവിധ ആസ്ട്രേലിയ നഗരങ്ങളിൽ നിന്നുള്ള കൂടുതൽ എഴുത്തുകാരുടെ സംഭാവനകൾ കാണുവാൻ ഇടയാകുന്നു എന്നതാണ്. ഈ നല്ല പ്രവണത കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കൂടുതൽ മികച്ച നിലവാരം ഉള്ളത് മാത്രം പ്രസിദ്ധീകരിക്കുന്ന ഒരു സമീപനത്തിന് എഡിറ്റോറിയൽ ബോർഡ് പരിശ്രമിക്കേണ്ടതാണ്.
കേവലം “കുടത്തിലെ വിളക്കായി” ഇരിയ്ക്കേണ്ട ഒന്നല്ല കേരളനാദം. എഴുത്തുകാരെ കണ്ടെത്താൻ “സൃഷ്ടികൾ ക്ഷണിക്കുന്നു” എന്ന് വ്യാപകമായി ആയ അന്വേഷണങ്ങൾ പ്രരംഭ ദശയിൽ തന്നെ തുടങ്ങുന്നത് അഭികാമ്യമായിരിക്കും.
മറ്റൊന്ന് അൽപം സ്റ്റാറ്റിസ്റ്റിക്സ് ആണ്. എഴുത്തുകാരെ കണ്ടെത്തുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് വായനക്കാരിലേയ്ക്ക് അത് എത്തിയ്ക്കുക എന്നതും. (I assume…..)350 കോപ്പി. ഏറിയാൽ 500 വായനക്കാർ ആസ്ത്രേലിയയിൽ മലയാളികളുടെ സാന്നിധ്യം ഏതാണ്ട് ഒരു ലക്ഷത്തിനു മേലെയാണ്. അതുവച്ച് നോക്കുമ്പോൾ കൂടുതൽ മലയാളികളിലേയ്ക്ക് ഈ പ്രസിദ്ധീകരണം എത്തിക്കുന്നതിന് paperback നൊപ്പം softcopy കൂടി പുറത്തിറക്കി പുതിയ കാലത്തെ ചുവടുവയ്പ്പുകൾ കൂടി മനസ്സിലാക്കേണ്ടത് ഒരു അനിവാര്യതയായി എഡിറ്റോറിയൽ ബോർഡ് കാണണം.
അതിൻറെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തി വരുന്ന പത്തുവർഷത്തിനകം ഇന്നത്തെ അഞ്ഞൂറിൽ നിന്ന് ഒരു 10000 വായനക്കാരിലേക്ക് എങ്കിലും ഇതിൻറെ സൗരഭ്യവും സൗന്ദര്യവും എത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിയ്ക്കുന്നു.
പ്രകാശന ചടങ്ങ് വളരെ നന്നായിരുന്നു. സക്കറിയാ സാറിന്റെ സാന്നിധ്യം അതിന്റെ മാറ്റ് കൂട്ടി. എങ്കിലും സാഹിത്യ സംബന്ധിയഒരു സായഹ്നം എന്ന പ്രതീതി ജനിച്ചില്ല എന്ന ആശങ്കകൂടി പങ്കുവച്ച് നിറുത്തുന്നു. നന്ദി. നമസ്കാരം.
0 Comments