Author
മാലതി മാധവൻ
അവിചാരിതമായിട്ടാണ് കേരളനാദം 2019 ന്റെ പ്രകാശന പരിപാടിയിലേക്ക് ഒരു ക്ഷണം ലഭിക്കുന്നത്. ആദ്യമായി ഒരു സാഹിത്യ പരിപാടിയിൽ പങ്കെടുക്കുന്ന കൗതുകമായിരുന്നു എനിക്ക്. പ്രതീക്ഷിച്ചതിലും ഉപരിയായിരുന്നു ആ സന്ധ്യ. ലേഖകർക്കു സ്വയം പരിചയപ്പെടുത്താനും അവരുടെ കാഴ്ചപ്പാടുകൾ പങ്കു വെക്കാനും, കൊച്ചു ലേഖകരെ അനുമോദിക്കാനും ഇത് നല്ലൊരു വേദിയായി. വളരെ ചിട്ടയോടെ, പ്രസംഗങ്ങൾക്കും കലാപരിപാടികൾക്കും ചര്ച്ചക്കും ഇടയിൽ സമയം ഒട്ടും നഷ്ടപ്പെടുത്താതെ ഓരോന്നും സമയകൃത്യതയോടെ ഒട്ടും തന്നെ മുഷിപ്പുണ്ടാക്കാതെ ചടങ്ങ് നടന്നു. MC ക്കും സംഘാടകർക്കും പ്രത്യേക അഭിനന്ദനങ്ങൾ.
ഒരു പതിറ്റാണ്ടു കാലം ഈ ഒരു സാഹിത്യ സൃഷ്ടിക്കു വേണ്ടി പ്രയത്നിച്ച ജേക്കബ് ചേട്ടനും എല്ലാത്തിനും പിന്തുണച്ച അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രത്യേക അഭിനന്ദനങ്ങൾ. പോൾ സക്കറിയയുടെ ആദ്യ ഇംഗ്ലീഷ് നോവലിന്റെ ആസ്ട്രേലിയൻ പ്രകാശനത്തിന് ഇതിലും നല്ലൊരു വേദി ഉണ്ടെന്നു തോന്നുന്നില്ല.
ഓസ്‌ട്രേലിയയിൽ വന്നിട്ട് ശുദ്ധ മലയാളത്തിൽ ഒരു സാഹിത്യ പ്രസിദ്ധീകരണം വായിക്കാൻ കിട്ടുക എന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ് . ഓരോ ലേഖനവും വളരെ വ്യത്യസ്തവും ചിന്തനീയവും.
ബെന്യാമിന്റെ “പുതുക്കൽ: വാക്കും അനുഭവവും” വളരെ കാലിക പ്രസക്തിയുള്ള പ്രത്യേകിച്ച് ലോകജനത ഒരു വിഷമഘട്ടത്തിലൂടെ കടന്നു പോയ്കൊണ്ടിരിക്കുന്ന ഈ കാലത്തു പരിമിത സാഹചര്യത്തിലൂടെ എങ്ങനെ മുന്നേറാം എങ്ങനെ മുന്നിട്ടു നിൽക്കാം എന്ന് സൂചിപ്പിക്കുന്നു. സിമി ഗീതയുടെ ലൂയിജി , സത്യരാജിന്റെ സോളമൻ, ശ്രീകാന്ത് കർത്തായുടെ ശിവപ്രസാദും ഹൃദയത്തിൽ തട്ടി നിൽക്കുന്ന കഥാപാത്രങ്ങളായി. അരുതാത്തതു സംഭവിക്കല്ലേ എന്ന് അറിയാതെ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് വായിച്ചു തീർത്ത ജിതേഷ് പൊയിലൂരിന്റെ സൈബർ ബാല്യം വായനക്കാരന് ആശ്വാസം പകർന്നു അവസാനിപ്പിച്ച ഒരു കഥയായി. ആനന്ദ് ആന്റണിയുടെ സിവിൽ സെർവിസ്സ് ചിന്തകൾ ഓസ്‌ട്രേലിയൻ ഭരണകൂടത്തിന്റെ ഘടനയെ കുറിച്ച് ഒരു സാധാരണക്കാരന് അവബോധമുണ്ടാക്കത്തക്കതാണ്. ഇത്തിരി നർമ്മം ചാലിച്ച ജോണി C മറ്റത്തിന്റെ നൊസ്റ്റാൾജിയ ഫോബിയയും, Dr. എബ്രഹാം തോമസിന്റെ മാത്തുകുട്ടിയും കൂടി ആയപ്പോൾ അസ്സലൊരു സദ്യ കഴിച്ച അനുഭവമായി. എന്നെ വളരെ ആകർഷിച്ച ഷീജ നന്ദകുമാർ വർണ-രൂപ കല്പന ചെയ്ത മുഖചിത്രം ഈ പ്രസിദ്ധീകരണത്തിന്റെ ഉദ്ദേശവും സാരാംശവും എടുത്തു പറയുന്ന ഒന്ന് തന്നെയാണ്.
ഹൃദയസ്പർശിയായ ഒരുപാട് സാഹിത്യ സൃഷ്ടികൾ ഇനിയും അതിലുണ്ട്. ചിലത് എനിക്ക് പൊരുത്തപ്പെടാനാകാത്തവയും. വായനക്കാർക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരു വേദി ഉണ്ടെങ്കിൽ അത് ഇരുകൂട്ടർക്കും വളരെ പ്രയോജനപ്രദമായിരിക്കും.
കാതങ്ങൾക്കിപ്പുറത്തു ഒരു മലയാളി ജനതയുടെ കൂട്ടായ്മയുടെയും സാഹിത്യ പ്രവർത്തനങ്ങളുടെയും ഒരു പ്രതീകമായി കേരളനാദം എന്നും നിലനിൽക്കട്ടെ എന്നാശിക്കുന്നു.
സഹൃദയത്തോടെ,
മാലതി മാധവൻ.
0 Comments